Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'അരിക്കൊമ്പനെ രാത്രി കസ്റ്റഡിയിൽ വയ്ക്കാനാവില്ല; ഹൈക്കോടതി ഉത്തരവിനെക്കുറിച്ച് അറിയില്ല': മയക്കുവെടിവച്ച് പിടികൂടിയ കാട്ടാനയെ തുറന്നുവിടുമെന്ന് തമിഴ്‌നാട് വനം മന്ത്രി; ആനയുമായി തിരുനെൽവേലി മണിമുത്തരു വനമേഖലയിലേക്ക്? വാഹനം അംബാസമുദ്രം പിന്നിട്ടു

'അരിക്കൊമ്പനെ രാത്രി കസ്റ്റഡിയിൽ വയ്ക്കാനാവില്ല; ഹൈക്കോടതി ഉത്തരവിനെക്കുറിച്ച് അറിയില്ല': മയക്കുവെടിവച്ച് പിടികൂടിയ കാട്ടാനയെ തുറന്നുവിടുമെന്ന് തമിഴ്‌നാട് വനം മന്ത്രി; ആനയുമായി തിരുനെൽവേലി മണിമുത്തരു വനമേഖലയിലേക്ക്? വാഹനം അംബാസമുദ്രം പിന്നിട്ടു

മറുനാടൻ മലയാളി ബ്യൂറോ

തിരുനെൽവേലി: ജനവാസ കേന്ദ്രത്തിൽ പരിഭ്രാന്തി പരത്തിയതിനെ തുടർന്ന് തേനിയിലെ പൂശാനം പെട്ടിയിൽ നിന്നും മയക്കുവെടിവച്ച് പിടികൂടിയ അരിക്കൊമ്പനെ തുറന്നുവിടുമെന്ന് തമിഴ്‌നാട് വനം മന്ത്രി. അരിക്കൊമ്പനെ തിരുനെൽവേലി ജില്ലയിലെ കളക്കാട് മുണ്ടൻതുറൈ കടുവാസങ്കേതത്തിലെ മണിമുത്തരു വനമേഖലയിൽ തുറന്നുവിടുമെന്നാണ് തമിഴ്‌നാട് വനം വകുപ്പ് മന്ത്രി മതിവേന്തൻ അറിയിച്ചത്.

അരിക്കൊമ്പനെ ഇന്നു തുറന്നുവിടരുതെന്ന് മദ്രാസ് ഹൈക്കോടതി നിർദ്ദേശിച്ചതായി വാർത്തകൾ പുറത്തുവന്നത് ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു. അത്തരമൊരു ഉത്തരവ് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് തമിഴ്‌നാട് വനംവകുപ്പിന്റെ നിലപാട്. ഈ സാഹചര്യത്തിൽ ആനയെ മുൻപ് നിശ്ചയിച്ചതനുസരിച്ച് കളക്കാട് മുണ്ടൻതുറൈ കടുവാസങ്കേതത്തിൽ തുറന്നുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്.

മന്ത്രി പറയുന്നത് പ്രകാരം ഇന്ന് തന്നെ അരിക്കൊമ്പനെ തുറന്ന് വിടാനാണ് സാധ്യത. നേരത്തെ അരിക്കൊമ്പനെ ഇന്ന് വനത്തിൽ തുറന്നുവിടരുതെന്ന് മദ്രാസ് ഹൈക്കോടതി നിർദ്ദേശിച്ചതായി വാർത്തകൾ പുറത്തുവന്നിരുന്നു. എറണാകുളം സ്വദേശിയുടെ ഹർജിയിലാണ് മദ്രാസ് ഹൈക്കോടതി ഇക്കാര്യം നിർദ്ദേശിച്ചതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ മദ്രാസ് ഹൈക്കോടതിയിൽ നിന്ന് നിർദ്ദേശം ഒന്നും ലഭിച്ചിട്ടില്ലെന്നാണ് തമിഴ്‌നാട് വനം മന്ത്രി മതിവേന്തൻ പറയുന്നത്. അതുകൊണ്ടുതന്നെ ആനയെ തുറന്നുവിടുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം എറണാകുളം സ്വദേശി റബേക്ക ജോസഫാണ് ആനയെ കാട്ടിൽ തുറന്ന് വിടുന്നത് തടയണം എന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ഇന്ന് ഹർജി പരിഗണിച്ച കോടതി നാളെയും വാദം കേൾക്കാമെന്ന് വ്യക്തമാക്കിയിരുന്നു. ഹർജി നാളെ പത്തരയ്ക്ക് മധുര ബെഞ്ചാകും പരിഗണിക്കുക. അതുവരെ ആനയെ വനംവകുപ്പ് കസ്റ്റഡിയിൽ സൂക്ഷിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ആനയെ രാത്രി കസ്റ്റഡിയിൽ വയ്ക്കാനാവില്ലെന്നാണ് തമിഴ്‌നാട് സർക്കാരിന്റെ നിലപാട്. ഇതിന് പിന്നാലെയാണ് ആനയെ തുറന്നുവിടുമെന്ന് വ്യക്തമാക്കി മന്ത്രിയും രംഗത്തെത്തിയത്.

'അരിക്കൊമ്പൻ മിഷനും' കോടതി മരവിപ്പിച്ചെന്ന് റിപ്പോർട്ടുണ്ടായിരുന്നു. അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് റബേക്ക ഹർജി നൽകിയത്. അതേസമയം, അരിക്കൊമ്പനെ കൂടുതൽ സമയം ലോറിയിൽ നിർത്താനാകില്ലെന്ന് കേരള വനംമന്ത്രി എ.കെ.ശശീന്ദ്രൻ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ കോടതി കേരളത്തിന്റെ അഭിപ്രായം തേടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

അരിക്കൊമ്പനെ ഇന്ന് പുലർച്ചെ തേനിയിലെ പൂശാനം പെട്ടിയിൽ നിന്നാണ് തമിഴ്‌നാട് വനംവകുപ്പ് പിടികൂടിയത്. ഇടുക്കിയിൽ നിന്ന് മയക്കുവെടിവെച്ച് നാടുകടത്തിയ അരിക്കൊമ്പൻ വീണ്ടും ജനവാസമേഖലയിൽ ഇറങ്ങിയതോടെയാണ് മയക്കുവെടിവെച്ചത്. പൂശാനംപെട്ടിക്ക് സമീപത്തെ കൃഷിത്തോട്ടത്തിൽ ഇറങ്ങിയപ്പോൾ വനംവകുപ്പ് മയക്കുവെടി വയ്ക്കുകയായിരുന്നു. രണ്ട് തവണ മയക്കുവെടിവെച്ചു എന്നാണ് വിവരം. ശേഷം അരിക്കൊമ്പനുമായി യാത്ര തുടങ്ങിയ വാഹനം ഇപ്പോൾ അംബാസമുദ്രമെന്ന സ്ഥലത്ത് കൂടെ മുന്നോട്ട് പോകുകയാണ്.

അരിക്കൊമ്പനെ മാറ്റുന്നത് തിരുനെൽവേലിയിലേക്കാണെന്നാണ് വ്യക്തമാകുന്നത്. തിരുനെൽവേലി കളക്കാട് കടുവാ സങ്കേതത്തിൽ തുറന്നുവിടാനാണ് തമിഴ്‌നാട് വനംവകുപ്പിന്റെ തീരുമാനമെന്നാണ് വിവരം.

അരിക്കൊമ്പനെ തുറന്നുവിടാനായി മണിമുത്തരു വനംചെക്‌പോസ്റ്റുകളുടെ നിയന്ത്രണം തമിഴ്‌നാട് പൊലീസ് ഏറ്റെടുത്തിരുന്നു. കൊമ്പനെ പിടികൂടിയ തേനിയിൽ നിന്ന് 200 കിലോമീറ്റർ അകലെയാണ് മുണ്ടൻതുറൈ. അരിക്കൊമ്പനെ തുറന്നുവിടുന്നത് സംബന്ധിച്ച് തമിഴ്‌നാട് വനംവകുപ്പ് കൃത്യമായ വിവരം നൽകിയിരുന്നില്ല.

തിരുനെൽവേലി പാപനാശം കാരയാർ അണക്കെട്ട് വനമേഖലയിൽ തുറന്നുവിടുമെന്നായിരുന്നു സൂചന. മേഘമലയിലെ വെള്ളിമലയിലേക്ക് കൊണ്ടുപോകുമെന്നും സൂചനകളുണ്ടായിരുന്നു. എന്നാൽ, മേഘമലയിൽ ആനയെ തുറന്നു വിട്ടില്ല. ഇതിനിടെ, അരിക്കൊമ്പനെ കൊണ്ടുപോകുന്ന വാഹനം പിന്തുടർന്ന മാധ്യമങ്ങളെ തമിഴ്‌നാട് പൊലീസ് തടഞ്ഞിരുന്നു.

തമിഴ്‌നാട് വനംവകുപ്പാണ്് രാത്രി 12.30ന് തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്തുവച്ച് മയക്കുവെടി വച്ചത്. പൂശാനംപെട്ടിക്കു സമീപം ആന കാടുവിട്ടിറങ്ങിയിരുന്നു. ഇതോടെയാണ് മയക്കുവെടിവച്ചത്. ശേഷം അരിക്കൊമ്പന്റെ കാലുകൾ ബന്ധിച്ചാണ് എലഫന്റ് ആംബുലൻസിൽ കയറ്റി വനത്തിലേക്ക് പുറപ്പെട്ടത്. ആനയുടെ തുമ്പിക്കൈയിൽ മുറിവേറ്റിട്ടുണ്ട്. അരിക്കൊമ്പൻ ആരോഗ്യവാനാണെന്നും പ്രതിഷേധ സാധ്യത ഉള്ളതിനാൽ എവിടേക്ക് മാറ്റുന്നുവെന്ന് പറയാനാകില്ലെന്നും തമിഴ്‌നാട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പറഞ്ഞു.

ഇടുക്കിയിലെ ചിന്നക്കനാലിനെയും പരിസരപ്രദേശങ്ങളെയും വിറപ്പിച്ച അരിക്കൊമ്പനെ ഏപ്രിൽ 29ന് മയക്കുവെടി നൽകി നിയന്ത്രണത്തിലാക്കിയശേഷം ലോറിയിൽ പെരിയാർ വന്യജീവി സങ്കേതത്തിലെ മേദകാനത്ത് എത്തിച്ചു തുറന്നുവിട്ടിരുന്നു. ഉൾവനത്തിലേക്കു മറഞ്ഞ അരിക്കൊമ്പൻ ദിവസങ്ങൾക്കുള്ളിൽ തമിഴ്‌നാട് വനമേഖലയോടു ചേർന്ന്, ജനവാസമുള്ള മേഘമലയിലെത്തി. പിന്നാലെയാണ് കമ്പത്ത് ജനവാസമേഖലയിലിറങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP