Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പൂശാനം പെട്ടിയിൽ നിന്നും മയക്കുവെടി വെച്ച അരിക്കൊമ്പനെ കൊണ്ടുപോകുന്നത് തിരുനൽവേലിയിലേക്ക്; കാറയാർ ഡാമിന് സമീപം തുറന്നു വിട്ടേക്കും; കൂടുതൽ വിവരങ്ങൾ പുറത്തുവിടാതെ തമിഴ്‌നാട് വനംവകുപ്പ്; ആനയുടെ തുമ്പിക്കൈയിൽ പരിക്കേറ്റ നിലയിൽ; ആനിമൽ ആംബുലൻസിൽ കയറ്റി യാത്ര തുടങ്ങിയതോടെ ആന ക്ഷീണിതൻ

പൂശാനം പെട്ടിയിൽ നിന്നും മയക്കുവെടി വെച്ച അരിക്കൊമ്പനെ കൊണ്ടുപോകുന്നത് തിരുനൽവേലിയിലേക്ക്; കാറയാർ ഡാമിന് സമീപം തുറന്നു വിട്ടേക്കും; കൂടുതൽ വിവരങ്ങൾ പുറത്തുവിടാതെ തമിഴ്‌നാട് വനംവകുപ്പ്; ആനയുടെ തുമ്പിക്കൈയിൽ പരിക്കേറ്റ നിലയിൽ; ആനിമൽ ആംബുലൻസിൽ കയറ്റി യാത്ര തുടങ്ങിയതോടെ ആന ക്ഷീണിതൻ

മറുനാടൻ ഡെസ്‌ക്‌

കമ്പം: തമിഴ്‌നാട് തേനി ജില്ലയിലെ പൂശാനം പെട്ടിക്ക് സമീപത്ത് വെച്ച് പുലർച്ചെ തമിഴ്‌നാട് വനം വകുപ്പ് മയക്കുവെടി വെച്ച അരിക്കൊമ്പനെ കൊണ്ടുപോകുന്നത് തിരുനൽവേലിയിലേക്ക്. കാറയാർ ഡാമിന് സമീപം ആനയെ തുറന്നു വിട്ടേക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. എന്നാൽ, മയക്കുവെടി വെച്ച അരിക്കൊമ്പനെ എവിടെയാണ് തുറന്നുവിടുന്നതെന്ന അധികൃതർ പൂർണമായും വ്യക്തമാക്കിയിട്ടില്ല.

ആരോഗ്യപരിശോധനയ്ക്ക് ശേഷം അരിക്കൊമ്പനെ ആനിമൽ ആംബുലൻസിൽ കയറ്റി യാത്ര തുടങ്ങി. ക്ഷീണിതനായ ആനക്ക് ബൂസ്റ്റർ ഡോസ് നൽകിയിട്ടുണ്ട്. രണ്ടുഡോസ് മയക്കുവെടിയാണ് അരിക്കൊമ്പന് നൽകിയത്. ഡോക്ടർമാരടങ്ങുന്ന സംഘവും ആനക്കൊപ്പമുണ്ട്. അരിക്കൊമ്പന്റെ തുമ്പിക്കൈയിലും പരിക്കേറ്റിട്ടുണ്ട്. തമിഴ്‌നാട്ടിൽ ജനവാസമേഖലയിലിറങ്ങിയ അരിക്കൊമ്പനെ വീണ്ടും തിങ്കളാഴ്ച പുലർച്ചയോടെയായിരുന്നു മയക്കുവെടി വെച്ചത്. തേനി ജില്ലയിലെ പൂശാനം പെട്ടിക്ക് സമീപത്ത് വെച്ച് പുലർച്ചെ തമിഴ്‌നാട് വനം വകുപ്പ് ആണ് ആനയെ മയക്കുവെടി വെച്ചത്.

മൂന്ന് കുംകിയാനകളുടെ സഹായത്തോടെയാണ് ആനയെ വാഹനത്തിലേക്ക് കയറ്റിയത്. വളരെ രഹസ്യമായാണ് തമിഴ്‌നാടിന്റെ അരിക്കൊമ്പൻ മിഷൻ പൂർത്തിയാക്കിയത്. നേരത്തെ അരിക്കൊമ്പന് ചക്കയും അരിയും ശർക്കരയുമെല്ലാം തമിഴ്‌നാട് വനം വകുപ്പ് കാട്ടിനുള്ളിൽ എത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആന ജനവാസമേഖലയിൽ ഇറങ്ങിയത്. കഴിഞ്ഞ കുറഞ്ഞ് ദിവസമായി ഷൺമുഖ നദീതീരത്തെ വനമേഖലയിലായിരുന്നു അരിക്കൊമ്പൻ ഉണ്ടായിരുന്നത്. ഇന്ന് പുലർച്ചയോടെയാണ് ആന ജനവാസമേഖലയിൽ ഇറങ്ങിയത്. അരിക്കൊമ്പൻ ജനവാസമേഖലയിലിറങ്ങുന്നത് കുറച്ച് ദിവസമാണ് തമിഴ്‌നാട് സർക്കാർ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

ജനവാസ മേഖലയിലേക്ക് ഇറങ്ങാൻ സാധ്യതയുള്ളതിനാൽ കമ്പം പുതുപ്പെട്ടി,കെകെ പെട്ടി ഗൂഡല്ലൂർ തുടങ്ങിയ മുൻസിപ്പാലിറ്റിയിൽ നേരത്തെ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. കമ്പത്ത് അരിക്കൊമ്പൻ വലിയ നാശനഷ്ടമാണ് സൃഷ്ടിച്ചത്. ആന തട്ടിയിട്ട ബൈക്ക് യാത്രക്കാരൻ മരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അരിക്കൊമ്പൻ ജനവാസമേഖലയിൽ ഇറങ്ങിയാലുടൻ മയക്കുവെടി വെക്കാൻ തമിഴ്‌നാട് വനംവകുപ്പ് തീരുമാനിച്ചത്. ഇതിനെ തുടർന്ന് അരിക്കൊമ്പനെ ഉദ്യോഗസ്ഥർ നിരീക്ഷിച്ചുവരികയായിരുന്നു.

കമ്പത്ത് അരിക്കൊമ്പന്റെ പരാക്രമത്തിൽ ഒരാൾ മരിച്ച സാഹചര്യവും ഉണ്ടായിരുന്നു. ആനയെക്കണ്ട് വാഹനം വെട്ടിക്കുന്നതിനിടെ വീണ് പരിക്കേറ്റു. എന്നിട്ടും പ്രാണരക്ഷാർഥം ഓടിമാറി. ഇയാളുടെ ബൈക്ക് കൊമ്പൻ ചവിട്ടിത്തകർത്തു. ഈ യുവാവാണ് പിന്നീട് മരിച്ചത്. ഇടവഴിയിലൂടെ വേഗത്തിൽ ഓടിയ അരിക്കൊമ്പൻ തടസ്സമായി നിന്ന ഓട്ടോറിക്ഷ കൊമ്പിൽ തൂക്കി അഴുക്കുചാലിന് സമീപത്തേക്ക് എറിഞ്ഞു. ശേഷം സമീപത്തെ മുനിസിപ്പാലിറ്റി സ്‌കൂളിലെത്തിയ ആന സ്‌കൂളിലെ ജലസംഭരണി തകർത്തു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വാഹനത്തിനും ഇതിനിടെ കേടുപാടുകൾ വരുത്തിയിരുന്നു.

അതിനിടെ അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യമായ ചികിത്സ നൽകണമെന്നും ആവശ്യപ്പെട്ട് ട്വന്റി-20 ചീഫ് കോഓർഡിനേറ്റർ സാബു എം. ജേക്കബ് ഹൈക്കോടതിയെ സമീപിച്ചതും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യമായി ചികിത്സ നൽകണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. അരിക്കൊമ്പൻ ഇപ്പോഴുള്ളത് തമിഴ്‌നാട് വനപ്രദേശത്താണ്. അതുകൊണ്ട് തന്നെ തമിഴ്‌നാട് സർക്കാരിന്റെ മേൽനോട്ടത്തിലാണ് അരിക്കൊമ്പനെ പിടികൂടുന്നതെങ്കിൽ ആനയെ കേരളത്തിന് കൈമാറണമെന്നും കേരളത്തിലെ മറ്റൊരു ഉൾവനത്തിലേക്ക് അരിക്കൊമ്പനെ മാറ്റണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഹർജി ഹൈക്കോടതി തള്ളുകയാണ് ഉണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP