Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

വടകരയിൽ ചാനൽ പരിപാടി കഴിഞ്ഞുള്ള യാത്ര മരണയാത്രയായി; വാഹനം ഓടിച്ചിരുന്നത് ഉല്ലാസ് അരൂർ; അപകടസമയം മുൻ സീറ്റിൽ കൊല്ലം സുധി; പരിക്കേറ്റ ബിനു അടിമാലിയെയും മഹേഷിനെയും എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി; സുധിയുടെ വിയോഗ വാർത്ത അറിഞ്ഞ ഞെട്ടലിൽ സിനിമ - മിമിക്രി പ്രവർത്തകർ

വടകരയിൽ ചാനൽ പരിപാടി കഴിഞ്ഞുള്ള യാത്ര മരണയാത്രയായി; വാഹനം ഓടിച്ചിരുന്നത് ഉല്ലാസ് അരൂർ; അപകടസമയം മുൻ സീറ്റിൽ കൊല്ലം സുധി; പരിക്കേറ്റ ബിനു അടിമാലിയെയും മഹേഷിനെയും എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി; സുധിയുടെ വിയോഗ വാർത്ത അറിഞ്ഞ ഞെട്ടലിൽ സിനിമ - മിമിക്രി പ്രവർത്തകർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സിനിമാ -മിമിക്രി മേഖലയിൽ സജീവ കലാകാരനായ കൊല്ലം സുധിയുടെ മരണം എല്ലാവരെയും ഞെട്ടിച്ചിട്ടുണ്ട്. തൃശൂർ കയ്പമംഗലത്ത് വച്ച് നാലരയോടെ ഉണ്ടായ അപകടമാണ് സുധിയുടെ ജീവനെടുത്തത്. വടകരയിൽ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു അപകടം ഉണ്ടായത്. അപകട സമയത്ത് മുന്നിലെ സീറ്റിലാണ് കൊല്ലം സുധി ഇരുന്നത്. ഉല്ലാസ് അരൂരാണ് വാഹനം ഓടിച്ചിരുന്നത്. അപകടത്തിൽ പരിക്കേറ്റ ബിനു അടിമാലി, മഹേഷ് എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

വടകരയിൽ ട്വന്റിഫോർ ന്യൂസ് ചാനലിന്റെ കണക്ട് സമാപന ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേയായിരുന്നു താരത്തിന്റെ വാഹനം അപകടത്തിൽപ്പെട്ടത്. അപകടം നടന്നയുടൻ തന്നെ സ്ഥലത്തെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. കാറിൽ ഇടിച്ച പിക്കപ്പ് വാഹനത്തിലെ ആൾക്കാരും രക്ഷാപ്രവർത്തനത്തിന് മുന്നിലുണ്ടായിരുന്നു. ശിഹാബ് തങ്ങൾ ആംബുലൻസ്, എസ്വൈഎസ്, സാന്ത്വനം, ആക്ടസ് ആംബുലൻസ് പ്രവർത്തരുടെ നേതൃത്വണത്തിലാണ് പരിക്കേറ്റവരെ കാറിൽ നിന്ന് പുറത്തെത്തിച്ച് ആശുപത്രിയിലെത്തിച്ചത്.

സിനിമകളിലും ടിവി ഷോകളിലുമായി മലയാളികളെ ഏറെ ചിരിപ്പിച്ച നടനാണ് കൊല്ലം സുധി. ജഗദീഷിനെ അനുകരിച്ച് ഏറെ കയ്യടി നേടിയിട്ടുള്ള താരം കൂടിയായിരുന്നു അദ്ദേഹം. പല വേദികളിലും ബിനു അടിമാലി, ഉല്ലാസ് എന്നിവർക്കൊപ്പം സുധി പരിപാടികൾ അവതരിപ്പിച്ചിരുന്നു. ഇവർ ഒന്നിച്ച് സ്റ്റേജിൽ എത്തുമ്പോൾ തന്നെ കാണികളിൽ ആവേശം നിറയുമായിരുന്നു. അക്കൂട്ടത്തിലെ ഒരു ചിരി മാഞ്ഞതിന്റെ ഞെട്ടലിലാണ് കലാകേരളം.

മിമിക്രിയിലൂടെ ബിഗ് സ്‌ക്രീനിൽ എത്തിയ ആളാണ് കൊല്ലം സുധി. 2015 ൽ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തിയത്. കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രത്തിലെ സുധിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നും വാട്‌സപ്പ് സ്റ്റാറ്റസുകളിലും മറ്റും ചിത്രത്തിലെ നടന്റെ സംഭാഷണം ഇടംപിടിക്കാറുണ്ട്. കുട്ടനാടൻ മാർപാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആൻ ഇന്റർനാഷ്ണൽ ലോക്കൽ സ്റ്റോറി, കേശു ഈ വീടിന്റെ നാഥൻ, എസ്‌കേപ്പ്, സ്വർഗത്തിലെ കട്ടുറുമ്പ് എന്നിവയാണ് സുധി അഭിനയിച്ച മറ്റ് സിനിമകൾ.

അതേസമയം സുധി കൊല്ലപ്പെട്ട വാഹനാപകടം നടന്നയിടം സ്ഥിരം അപകടകേന്ദ്രമെന്നാണ് നാട്ടുകാർ പറയുന്നത്. ഒരാഴ്ച മുൻപ് ഇതേസ്ഥലത്ത് നടന്ന മറ്റൊരപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. നിർത്തിയിട്ട ലോറിയുടെ പിന്നിൽ ടാങ്കർ ലോറിയിടിച്ച് ടാങ്കർ ലോറി ഓടിച്ചിരുന്ന ഡ്രൈവർ മരണമടയുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP