Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊട്ടിയൂർ വൈശാഖ മഹോത്സവം : ഭണ്ഡാരങ്ങളും അമ്മാറക്കൽ കുടയും എഴുന്നള്ളിച്ചു; ഇന്ന് മുതൽ സ്ത്രീകൾക്കും പ്രവേശനാനുമതി

കൊട്ടിയൂർ വൈശാഖ മഹോത്സവം : ഭണ്ഡാരങ്ങളും അമ്മാറക്കൽ കുടയും എഴുന്നള്ളിച്ചു; ഇന്ന് മുതൽ സ്ത്രീകൾക്കും പ്രവേശനാനുമതി

സ്വന്തം ലേഖകൻ

കൊട്ടിയൂർ : കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി അക്കരെ കൊട്ടിയൂരിലേക്ക് കുടയെഴുന്നള്ളത്തും ഭണ്ഡാരം എഴുന്നള്ളത്തും നടന്നു. അക്കരെ ക്ഷേത്രത്തിലെ അമ്മാറക്കൽ തറയിലും മുത്തപ്പൻ ദേവസ്ഥാനത്തും സ്ഥാപിക്കാനുള്ള വലിയകുടകളാണ് സ്ഥാനികനായ പെരും കണിയാൻ മുഴക്കുന്ന് സ്വദേശി കരിയിൽ ബാബു, സതീഷ് മണത്തണ എന്നിവർ ചേർന്ന് കാൽനടയായി കൊട്ടിയൂരിലെത്തിച്ചത്. നീരെഴുന്നള്ളത്ത് നാളിൽ ആണ് കുട നിർമ്മാണം ആരംഭിച്ചത്. വെള്ളിയാഴ്ച കാലത്ത് പൂജകഴിഞ്ഞശേഷം രണ്ടു കുടകളും കൊട്ടിയൂരിലെത്തിച്ചു. ഊരാളന്മാർക്കും അടിയന്തിരക്കാർക്കും ഉപയോഗിക്കുന്നതിനുള്ള കുടകളും ഇതോടൊപ്പം നിർമ്മിച്ചു. 14 തലക്കുടയും 16 കാൽക്കുടയുമാണ് നിർമ്മിച്ചത്. ഇവയും വെള്ളിയാഴ്ച മണത്തണയിലെത്തിച്ചു. ഇവ ഭണ്ഡാരമെഴുന്നള്ളത്തിനൊപ്പം അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലേക്കെത്തിച്ചു.

മണത്തണ കരിമ്പന ഗോപുരത്തിൽ നിന്നാണ് രാത്രി ഭണ്ഡാരവുമേന്തി കുടിപതികൾ യാത്ര തുടങ്ങിയത്. അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലെ പൂജകൾക്കും മറ്റും ഉപയോഗിക്കുന്ന സ്വർണത്തിലും വെള്ളിയിലും തീർത്ത പാത്രങ്ങളാണ് ഭണ്ഡാരങ്ങൾ. ഭഗവതി കരിമ്പന ഗോപുര വാതിക്കൽ എത്തി ശംഖധ്വനി മുഴക്കി താക്കോൽ കൊടുത്ത് അനുവാദം നൽകിയതിനുശേഷം വാളശ കാരണവരും അടിയന്തിര യോഗവും മണാളനും ചേർന്ന് ഗോപുരവും നിലവറയും തുറന്ന് ഭണ്ഡാരങ്ങളും ചെപ്പ് ക്ടാരങ്ങളും പുറത്തെടുത്ത് അടിയന്തിര യോഗ സാന്നിധ്യത്തിൽ കണക്കപ്പിള്ളയെ ഏൽപ്പിച്ചു. കണക്കപ്പിള്ള ഭണ്ഡാരങ്ങൾ കുടിപതികളെ ഏൽപ്പിച്ചു. വാളശന്മാരും പുറകെ അടിയന്തിര യോഗക്കാരും ഭണ്ഡാരത്തെ അനുഗമിച്ചു. അർധരാത്രിയോടെയാണ് ഭണ്ഡാരമെഴുന്നള്ളത്ത് അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ എത്തിയത് .

പതിനൊന്ന് മാസത്തെ ഇടവേളയ്ക്കുശേഷം ഇക്കരെ കൊട്ടിയൂരിൽ വാണരുളുന്ന ഉമാമഹേശ്വരന്മാരും ഭണ്ഡാരങ്ങൾക്കൊപ്പം അക്കരെ സന്നിധാനത്തേക്ക് എഴുന്നള്ളി. ഭക്തഗണങ്ങളെന്ന സങ്കൽപ്പത്തിൽ വാദ്യവൃന്ദങ്ങളോടൊപ്പം എഴുന്നള്ളിയ ദേവീദേവന്മാർ ബാവലിയിൽ നീരാടി അക്കരെയിലേക്ക് കടക്കുമ്പോൾ പാണിവാദ്യവുമായി ഓച്ചർമാർ അകമ്പടി സേവിച്ചു. മുന്നിൽ സമുദായി പിന്നിൽ വിവിധ അകമ്പടിക്കാർ പിറകിൽ ദേവീദേവൻ എന്നിങ്ങനെ കിഴക്കെ നടവഴി മുഖമണ്ഡപത്തിൽ എത്തി മണിത്തറയിൽ ഉപവിഷ്ടരായി. മുതിരേതി വാളും മണത്തണ ചാപ്പാരം ദേവീമാരുടെ വാളുകളും ഭണ്ഡാരഅറയിൽ സാന്നിധ്യമരുളി. ഇതോടെ സമുദായി കുത്ത് വിളക്കിൽ നിന്ന് കയ്യാലകളിലേക്ക് ദീപം പകർന്നു. ആദ്യ ചടങ്ങായ സഹസ്രകുംഭാഭിഷേകം, നവകം, തിരുവത്താഴപൂജ, ശ്രീഭൂതബലി ചടങ്ങുകൾ നടന്നു. തുടർന്ന് 36 കുടം അഭിഷേകം നടന്നു. ഉത്സവകാലത്തെ ആദ്യ ആരാധനയായ തിരുവോണം ആരാധന ജൂൺ 8 ന് വ്യാഴാഴ്ച നടക്കും. ഭണ്ഡാരം എഴുന്നള്ളത്ത് അക്കരെ പ്രവേശിച്ചതോടെ സ്ത്രീകൾക്കും അക്കരെ ക്ഷേത്രത്തിൽ പ്രവേശനാനുമതിയായി.

ഭൂതത്തെ പറഞ്ഞയക്കൽ ചടങ്ങ് നടത്തി

കൊട്ടിയൂർ വൈശാഖ മഹോത്സവവുമായി ബന്ധപ്പെട്ട് തിരുനെല്ലി മഹാവിഷ്ണുക്ഷേത്രത്തിൽനിന്ന് കൊട്ടിയൂരിലേക്ക് ഭൂതത്തെ പറഞ്ഞയക്കൽ ചടങ്ങ് നടത്തി. മുൻപ് കൊട്ടിയൂർ മഹോത്സവത്തിനായി തിരുനെല്ലിയിൽ നിന്നും ഭൂതഗണങ്ങൾ അരിയെത്തിച്ചിരുന്നെന്നാണ് വിശ്വാസം. അങ്ങിനെ അരിയുമായി പറഞ്ഞയച്ച ഭൂതഗണങ്ങളിൽ ഒന്ന് ഭാരം കാരണം അരി ഉപേക്ഷെച്ചെന്നും പൊറുക്കപ്പെടാത്ത ഈ തെറ്റിന് തിരുനെല്ലിപ്പെരുമാൾ ആ ഭൂതത്തെ ശപിച്ച് ശിലയാക്കുകയും ചെയ്തു. പകരം മറ്റൊരു ഭൂതത്തെ ഇതിനായി നിയോഗിച്ചു. ഈ ഐതിഹ്യത്തെ ആസ്പദമാക്കി തിരുനെല്ലിയിൽ നടക്കുന്ന ചടങ്ങാണ് ഭൂതത്തെ പറഞ്ഞയക്കൽ. തിരുനെല്ലിയിൽ നടന്ന ചടങ്ങുകൾക്ക് ഇ.എൻ. കൃഷ്ണൻ നമ്പൂതിരി കാർമ്മികത്വം വഹിച്ചു. ഉത്സവ സമാപന ദിവസം അക്കരെ കൊട്ടിയൂരിൽ ഭൂതത്തെ തിരിച്ചയക്കൽ ചടങ്ങും നടക്കാറുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP