Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കടമ്മനിട്ട: കാവ്യജീവിതം

കടമ്മനിട്ട: കാവ്യജീവിതം

ഷാജി ജേക്കബ്‌

'ആര്യഭാവനയോ അധിനിവേശ ഭാവനയോ അല്ല ആദിമ ദ്രാവിഡ ഭാവനയാണ് കടമ്മനിട്ടക്കവിതയെ വൈദ്യുതീകരിച്ചത്' - ബാലചന്ദ്രൻ ചുള്ളിക്കാട്

ചങ്ങമ്പുഴക്കു ശേഷം മലയാളകവിതയെ ജനകീയവൽക്കരിച്ച ഏക കവി. ആധുനികതാവാദ മലയാള ഭാവനയെ രാഷ്ട്രീയവൽക്കരിച്ചവരിൽ പ്രഥമഗണനീയൻ. ചൊൽക്കവിതയെന്നോ കവിത ചൊല്ലൽ എന്നോ വിളിക്കാവുന്ന കലാരൂപത്തെ അസാധാരണമാംവിധം സൗന്ദര്യാത്മകവും ഭാവാത്മകവും സാമൂഹികവുമാക്കുക വഴി തന്റെ തലമുറയിലെന്നല്ല അതിനു മുൻപും പിൻപും വേറൊരാൾക്കും കിട്ടാത്ത ജനപ്രീതി കൈവന്ന കാവ്യാലാപകൻ. മലയാളത്തിൽ, സാംസ്‌കാരിക ഭൂമിശാസ്ത്രത്തെ കാവ്യഭാവനാഭൂപടമായി വിന്യസിച്ചവരിൽ മുൻപൻ. വാക്കും ശബ്ദവും; ഭക്തിയും കാമവും; ആത്മീയതയും ഭൗതികതയും; മിത്തും ചരിത്രവും; ഗ്രാമവും നഗരവും; കലയും പ്രത്യയശാസ്ത്രവും വിസ്മയകരമാംവിധം സമന്വയിപ്പിച്ച പ്രതിഭ. മോഡേണിസത്തിന്റെ ദന്തഗോപുര ഭാവുകത്വത്തെയും ബൗദ്ധിക കാവ്യമണ്ഡലത്തെയും 'ജൈവകവിത'യെന്ന് നിസ്സംശയം വിളിക്കാവുന്ന ഒരു രൂപം കൊണ്ട് വഴിതിരിച്ചുവിട്ട കലാകാരൻ. 1965 മുതൽ ഒന്നാന്തരം കവിതകളെഴുതിയിട്ടും കേരളത്തിലങ്ങോളമിങ്ങോളം കവിയരങ്ങുകളിൽ ഇരമ്പുന്ന താരപദവി കൈവരിച്ചിട്ടും 1980 വരെ പുസ്തകപ്രസാധകരോ മുൻനിര പ്രസിദ്ധീകരണങ്ങളോ തേടിവരാത്ത എഴുത്തുകാരൻ. കവിതക്കു കിട്ടേണ്ട എല്ലാ പുരസ്‌കാരങ്ങൾക്കും അർഹതയുണ്ടായിട്ടും കേരള സാഹിത്യ അക്കാദമി അവാർഡൊഴികെ കാര്യമായ ഒരു പുരസ്‌കാരവും ലഭിക്കാത്ത മനുഷ്യൻ.... കടമ്മനിട്ട രാമകൃഷ്ണന്റെ ലോകജീവിതവും കാവ്യജീവിതവും കടന്നുപോയ വഴികൾ അവിശ്വസനീയമാംവിധം വിപര്യയങ്ങൾ നിറഞ്ഞതായിരുന്നു.

            കെ.എസ്. രവികുമാർ എഴുതിയ 'കടമ്മനിട്ട: കവിതയുടെ കനലാട്ടം' എന്ന സാഹിതീയ  ജീവചരിത്രം (Literary Biography) ആ ജീവിതവിപര്യയങ്ങളുടെ ഒന്നാന്തരം ഒരു ഭാവകഥാഖ്യാനമാകുന്നു.

           

കടമ്മനിട്ട രാമകൃഷ്ണന്റെ ഏഴുപതിറ്റാണ്ടിലധികം നീണ്ട ജീവിതത്തിന്റെ രണ്ടാം പകുതി ഏറ്റവുമടുത്തുനിന്നു നോക്കിക്കാണുകയും വ്യക്തിജീവിതമെന്നപോലെ ഭാവനാജീവിതവും കുടുംബജീവിതമെന്നപോലെ സാമൂഹ്യജീവിതവും സൂക്ഷ്മദൃക്കായി വിവരിക്കുകയും ചെയ്യുന്ന ഈ ജീവചരിത്രഗ്രന്ഥം വായിക്കൂ. ഒരു വ്യക്തിയുടെ ഭാവജീവിതം എങ്ങനെയാണ് ഒരു കാവ്യപ്രസ്ഥാനത്തിന്റെ തനതുധാരകളിലൊന്നിന്റെ രസപ്രവർത്തനചരിതമായി മാറുന്നതെന്ന് മനസ്സിലാക്കാം.

നിസ്സംശയം പറയാം, മലയാളത്തിലെഴുതപ്പെട്ട ഏറ്റവും മികച്ച സാഹിതീയ ജീവചരിത്രമാണ് 'കടമ്മനിട്ട: കവിതയുടെ കനലാട്ടം'. പി.കെ പരമേശ്വരൻനായർ എഴുതിയ 'സി.വി. രാമൻപിള്ള', കെ. സുരേന്ദ്രൻ എഴുതിയ 'കുമാരനാശാൻ' എന്നിങ്ങനെ രണ്ടെണ്ണമേയുള്ളു ഭാഷയിലെ സാഹിതീയ ജീവചരിത്രശാഖയിൽ ഭേദപ്പെട്ട രചനകൾ. അവിശ്വസനീയമാംവിധം ശുഷ്‌ക്കമായ ഈ രചനാഗണത്തിലേക്കാണ് രവികുമാർ കടമ്മനിട്ടയുടെ ജീവിതകഥയുമായി കടന്നുവരുന്നത്. 'കടമ്മനിട്ടയിലെ കവി', 'കിരാതവൃത്തങ്ങളുടെ കവി', 'കടമ്മനിട്ടക്കവിത' എന്നീ മൂന്നു പഠനകൃതികൾ കടമ്മനിട്ടയെക്കുറിച്ചു പ്രസിദ്ധീകരിച്ചിട്ടുണ്ട് രവികുമാർ. 'കടമ്മനിട്ടക്കാലം' എന്ന പേരിൽ, കടമ്മനിട്ട രാമകൃഷ്ണനെ കേന്ദ്രത്തിൽ പ്രതിഷ്ഠിച്ച് മലയാളത്തിലെ ആധുനികതാവാദ ഭാവുകത്വത്തെക്കുറിച്ചു നടത്തുന്ന ചർച്ചയാണ് മറ്റൊരു ഗ്രന്ഥം. (സാഹിതീയ ജീവചരിത്രശാഖയെക്കാൾ സമ്പന്നമാണ് മലയാളത്തിൽ സാഹിതീയ ആത്മകഥാശാഖ. ചെറുകാട്, പി. കുഞ്ഞിരാമൻനായർ, വൈലോപ്പിള്ളി, വി.ടി. ഭട്ടതിരിപ്പാട്, തിക്കോടിയൻ, എൻ.എൻ. പിള്ള, ശ്രീകുമാരൻ തമ്പി, മാധവിക്കുട്ടി.... എന്നിങ്ങനെ കുറെയധികം പേർ മികച്ച ആത്മകഥകളെഴുതിയിട്ടുണ്ട്.)

            നാല് പ്രത്യക്ഷ ധർമ്മങ്ങൾ മുന്നോട്ടുവയ്ക്കുന്ന അതീവ ഹൃദ്യമായ ഒരു ജീവചരിത്രരചനയാകുന്നു, 'കടമ്മനിട്ട: കവിതയുടെ കനലാട്ടം'.

ഒന്ന്: മലയാളത്തിലെ ആധുനികതാവാദ(Modernism)ത്തിന്റെ സൗന്ദര്യശാസ്ത്ര ചർച്ച.

രണ്ട്: മലയാള കവിതയിലെ ആധുനികതാവാദത്തിന്റെ സാംസ്‌കാരികചരിത്രം.

മൂന്ന്: കടമ്മനിട്ടയുടെ വ്യക്തിജീവിതത്തിന്റെ ആദ്യന്തവിവരണം.

നാല്: കടമ്മനിട്ടയുടെ കാവ്യഭാവുകത്വത്തിന്റെ സൂക്ഷ്മവിശകലനം.

അതുവഴി ജീവചരിത്രം, സാഹിത്യചരിത്രം, കവിതാപഠനം, സാഹിത്യവിമർശനം, ആധുനികതാവാദത്തിന്റെ രാഷ്ട്രീയ-സൗന്ദര്യവാദ ചർച്ച തുടങ്ങിയ ഗണങ്ങളുടെ മിശ്രഭാവുകത്വം പങ്കുപറ്റുന്ന കൃതിയായി മാറുന്നു രവികുമാറിന്റേത്. ആധുനികതാവാദ മലയാളഭാവനയുടെ ബാഹ്യാന്തരലോകങ്ങളെക്കുറിച്ചുള്ള തികഞ്ഞ ധാരണ, കടമ്മനിട്ടയുമായുണ്ടായിരുന്ന ആഴമേറിയ വ്യക്തിബന്ധം, ജീവചരിത്രരചനയുടെ രീതിപദ്ധതികൾ സ്വാംശീകരിക്കുന്നതിലെ സമഗ്രത-ഇവ മൂന്നും ചേർന്ന് ഈ പുസ്തകത്തിനു നിർമ്മിച്ചു കൊടുക്കുന്ന സാംസ്‌കാരിക മൂല്യം ചെറുതല്ല. അസാധാരണമായ വായനാക്ഷമതയുണ്ട് രവികുമാറിന്റെ എഴുത്തിന്. നാടകീയത നിറഞ്ഞ ഒരു ജീവചരിത്രനോവൽപോലെ ഭാവസുന്ദരമായ ആഖ്യാനം. കടമ്മനിട്ട കടന്നുപോയ ആത്മസംഘർഷങ്ങളും അപരസംഘർഷങ്ങളും സൂക്ഷ്മമായി സൂചിപ്പിച്ചു പോകുന്ന ശൈലി. കുടുംബം, ബന്ധുമിത്രാദികൾ, അയൽക്കാർ, നാട്, തൊഴിൽ തുടങ്ങിയ ഘടകങ്ങൾ ചേർന്നു പൂരിപ്പിക്കുന്ന വ്യക്തിജീവിതമായാലും യാത്രകൾ, ദേശങ്ങൾ, ബൗദ്ധികബന്ധങ്ങൾ, സംവാദങ്ങൾ, മദ്യപാനസദസ്സുകൾ, കാവ്യരചന, വിവർത്തനം, ചൊല്ലരങ്ങുകൾ, നാടകം, ചലച്ചിത്രപ്രവർത്തനം, രാഷ്ട്രീയമേഖല തുടങ്ങിയവയിലൂടെ പ്രകടമാകുന്ന സാമൂഹ്യജീവിതമായാലും കടമ്മനിട്ടയുടെ ആയുസ്സിന്റെ ഒരൊറ്റ ഏടും രവികുമാർ വിട്ടുകളയുന്നില്ല. ജീവിതത്തിലും കവിതയിലും കടമ്മനിട്ടക്കൊപ്പം മിണ്ടിയും പറഞ്ഞും യാത്രചെയ്യുന്ന ആനന്ദനിർഭരമായ ഒരനുഭവമാണ് ഈ പുസ്തകത്തിന്റെ വായന നൽകുന്നത്. മുക്കാൽ നൂറ്റാണ്ട് നീണ്ട വ്യക്തിജീവിതവും കാൽനൂറ്റാണ്ട് സജീവമായിരുന്ന കാവ്യരചനാജീവിതവും അസാമാന്യമാംവിധം സംലയിപ്പിച്ചെഴുതിയ ഈ ഗ്രന്ഥം മികച്ച സാഹിതീയ ജീവചരിത്രമായി മാറുന്നത് കവിതയും ജീവിതവും രണ്ടല്ലാതെ അനുഭവിച്ച ഒരു മനുഷ്യന്റെ ഭാവലോകഭൂപടമായി അതു ഭാവനചെയ്യപ്പെടുന്നതുകൊണ്ടാണ്. (ചങ്ങമ്പുഴയിലും കുഞ്ഞിരാമൻനായരിലും നിന്ന് കടമ്മനിട്ടയിലൂടെ ചുള്ളിക്കാടിലേക്കു നീളുന്ന ഒരു ഭാവധാര നമുക്കവിടെ കാണാം.)

            കടമ്മനിട്ട രാമകൃഷ്ണന്റെ ജീവിതത്തിലെ അഞ്ച് ഘട്ടങ്ങളിൽനിന്നു കണ്ടെടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഇരുപതിലധികം സന്ദർഭങ്ങളെ അറുപത്തിനാലധ്യായങ്ങളിൽ, കാലാനുക്രമം, സസൂക്ഷ്മം, സവിസ്തരം വിവരിച്ചുപോകുന്ന നാനൂറിലധികം പുറങ്ങൾ. സ്ഥലവും കാലവും; വ്യക്തിയും കലയും; നാടും വീടും; ഭാവനയും രാഷ്ട്രീയവും; ജീവിതവും കവിതയും രണ്ടായി പിരിഞ്ഞുനിൽക്കാത്ത അനുഭൂതിലോകങ്ങളുടെ അപാവരണം. ഓരോ അധ്യായവും ഓരോ കഥപോലെ വായിച്ചുപോകാം. കടമ്മനിട്ടയുടെ വ്യക്തി-ഭാവനാജീവിതങ്ങളെ ഒരു കാലത്തിന്റെയും ഭാവുകത്വത്തിന്റെയും അച്ചുതണ്ടായി പ്രതിഷ്ഠിക്കുന്നതിലെ ചരിത്രനിഷ്ഠവും ലാവണ്യബദ്ധവുമായ കാവ്യനീതിയാണ് ഈ പുസ്തകത്തിന്റെ ഭാവമൂല്യം.

           

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ കടമ്മനിട്ടഗ്രാമത്തിന്റെ സൂക്ഷ്മലോകങ്ങൾ പശ്ചാത്തലമായി വിവരിച്ചുകൊണ്ടാണ് രാമകൃഷ്ണന്റെ ജനനത്തിനു മുൻപുതന്നെ ദരിദ്രവും ശിഥിലവുമായിരുന്ന രണ്ടു കുടുംബങ്ങളുടെ കഥ രവികുമാർ എഴുതുന്നത്. വീടിന്റെയെന്നതുപോലെ നാടിന്റെയും നടുവിൽ നിന്നാണ് രവികുമാർ കടമ്മനിട്ടയെ കണ്ടെടുക്കുന്നത്. പടയണിയുടെയും പട്ടിണിയുടെയും മത്സരിച്ചുള്ള കാവുതുള്ളലുകളായിരുന്നു രാമകൃഷ്ണൻ ചെറുപ്പം മുതലേ കണ്ടുശീലിച്ചിരുന്നത്. 1935 മുതൽ 1950 വരെ തന്റെ ഗ്രാമത്തിലായിരുന്നു രാമകൃഷ്ണന്റെ ജീവിതം. പതിനഞ്ചാം വയസ്സിൽ കോളേജ് പഠനത്തിനായി കോട്ടയത്തെത്തി, പ്രശസ്ത അഭിഭാഷകനും എൻ.എസ്.എസ്.  പ്രസിഡന്റും ആർഎസ്എസ്. നേതാവുമായിരുന്ന എൻ. ഗോവിന്ദമേനോന്റെ വീട്ടിൽ താമസിക്കാൻ അവസരം കിട്ടിയതുകൊണ്ടുമാത്രം സാധ്യമായ കലാലയ വിദ്യാഭ്യാസം. അക്കാലത്താണ് കമ്യൂണിസ്റ്റ് പാർട്ടിയോടും വർഗരാഷ്ട്രീയത്തോടും ആഭിമുഖ്യമുണ്ടാകുന്നത്. ചങ്ങനാശ്ശേരിയിൽ ബി.എ.ക്കു പഠിക്കാനെത്തുമ്പോഴേക്കും ആ ആഭിമുഖ്യം വർധിച്ചിരുന്നു. 1957ലെ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥികൾക്കുവേണ്ടി പ്രവർത്തിച്ചു. തുടർന്ന് 1958ൽ തൊഴിൽ തേടി കൽക്കത്തയിലേക്കു പുറപ്പെട്ടു. ഗോവിന്ദമേനോന്റെ മകൻ അവിടെയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സഹായത്തിൽ ഖാദിപ്രതിഷ്ഠാനിൽ ട്രെയിനിയായി നിയമനം കിട്ടി. 1959ൽ പോസ്റ്റൽ അക്കൗണ്ട്‌സ് ആൻഡ് ഓഡിറ്റ് വകുപ്പിൽ ജോലി കിട്ടി മദിരാശിയിലെത്തിയതോടെ രാമകൃഷ്ണന്റെ ജീവിതത്തിലെ ഒന്നാം ഘട്ടം പൂർത്തിയാകുന്നു (ആദ്യപതിനെട്ടധ്യായങ്ങൾ).

           

തുടർന്ന് 1967 വരെ എട്ടുവർഷം മദിരാശിയിലെ ജീവിതം. 1963ലായിരുന്നു ശാന്തമ്മയുമായുള്ള വിവാഹം. മദിരാശിയിൽ എം. ഗോവിന്ദനുമായുണ്ടായ ബന്ധമാണ് മലയാള ആധുനികതാവാദത്തിലെ മറ്റേതൊരു മൗലിക പ്രതിഭയെയും പോലെ കടമ്മനിട്ടയെയും വഴിതിരിച്ചുവിട്ടത്. രാമകൃഷ്ണന്റെ കാവ്യഭാവന വ്യവസ്ഥപ്പെട്ടു. ആദ്യ കവിത 'സമീക്ഷ'യിൽ പ്രസിദ്ധീകൃതമായി. എം. ഗംഗാധരനുമായും ഇക്കാലത്ത് രാമകൃഷ്ണന് അടുപ്പമുണ്ടാകുന്നുണ്ട്. ഒരുപതിറ്റാണ്ടിനു ശേഷം പുറത്തുവന്ന കടമ്മനിട്ടയുടെ കന്നിസമാഹാരത്തിന് അവതാരികയെഴുതിയതും ഗംഗാധരനായിരുന്നല്ലോ. മദിരാശിയിലെ സാഹിത്യസദസ്സുകളും സമീക്ഷയിലെയും അന്വേഷണം മാസികയിലെയും എഴുത്തും 'താറും കുറ്റിച്ചൂലും' പോലുള്ള കവിതകളുമൊക്കെച്ചേർന്ന്, അയ്യപ്പപ്പണിക്കർക്കു ശേഷം മലയാള കവിതയിലുണ്ടായ പുതിയ സ്വരമായി രാമകൃഷ്ണനെ സ്ഥാനപ്പെടുത്താൻ ഗോവിന്ദനെയും ഗംഗാധരനെയും പ്രേരിപ്പിച്ചു. 1967ൽ, തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം കിട്ടിയെത്തുമ്പോഴേക്കും നന്നേ ചുരുക്കം രചനകളിലൂടെത്തന്നെ കാവ്യവൃത്തങ്ങളിൽ കടമ്മനിട്ട രാമകൃഷ്ണൻ എന്ന പേര് കല്ലുറപ്പ് നേടിക്കഴിഞ്ഞിരുന്നു.

            1967ൽ തിരുവനന്തപുരത്താരംഭിക്കുന്ന ഔദ്യോഗിക ജീവിതം പുതിയ സൗഹൃദങ്ങളുടെയും ബന്ധങ്ങളുടെയും കാവ്യഭാവുകത്വത്തിന്റെയും കൂടി തുടക്കമായി. ഒരുപതിറ്റാണ്ടു നീണ്ട ഈ മൂന്നാം ഘട്ടത്തിലാണ് കടമ്മനിട്ട കേരളീയ പൊതുസമൂഹത്തിൽ തന്റെ ചൊൽക്കവിതകളിലൂടെ മറ്റാർക്കും കഴിയാത്ത ജനപ്രീതിയും പ്രസിദ്ധിയും നേടിയെടുത്തത് (അത് ഇരമ്പിയാർത്തത് നാലാം ഘട്ടത്തിലാണെങ്കിലും). കടമ്മനിട്ട, കാട്ടാളൻ, കിരാതവൃത്തം, കോഴി, പുഴുങ്ങിയ മുട്ടകൾ, ചാക്കാല, പുരുഷസൂക്തം, പൂവുതേടിപ്പോയ അഞ്ചു കുട്ടികൾ, ശാന്ത തുടങ്ങിയ കവിതകൾ ഈ ഘട്ടത്തിലാണെഴുതിയത്.

തിരുവനന്തപുരത്തെത്തിയ രാമകൃഷ്ണൻ ആദ്യമെഴുതിയ കവിതയാണ് 'കടമ്മനിട്ട'. ഈ കവിയുടെ ഭാവസ്വത്വത്തിന്റെ ഏറ്റവും ഉജ്ജ്വലമായ മാതൃകയായി ഇന്നും ചൂണ്ടിക്കാണിക്കാൻ കഴിയുന്ന രചന. തന്റെ കവിതകളിലെ ഗ്രാമചേതനയെപ്പറ്റി കടമ്മനിട്ടക്കു തികഞ്ഞ ബോധ്യങ്ങളാണുണ്ടായിരുന്നത്. രവികുമാർ എഴുതുന്നു:

''കടമ്മനിട്ട എന്ന ഗ്രാമത്തിന്റെ വന്യപ്രകൃതിയും ആ പ്രദേശത്തിന്റെ ഗോത്രസംസ്‌കാരവും എല്ലാം ചേർന്ന സവിശേഷമായ സ്വത്വം കടമ്മനിട്ട രാമകൃഷ്ണന്റെ കവിതകളിൽ തെളിഞ്ഞുവന്നു. മദിരാശിയിൽ വച്ച് 1965 ൽ എഴുതിയ 'ഒരു പാട്ട്' എന്ന കവിത മുതൽ ആ അംശം രാമകൃഷ്ണന്റെ രചനാലോകത്ത് പ്രകടമായിക്കഴിഞ്ഞിരുന്നു. ആ സവിശേഷതകൾ കൂടുതൽ തെളിഞ്ഞു നിൽക്കുന്ന മികച്ച രചനകൾ പുറത്തുവരുന്നത്. 1967 ൽ സ്ഥലംമാറ്റം കിട്ടി തിരുവനന്തപുരത്തു വന്നതിൽ പിന്നെയാണ്. ആ കാലത്ത് എഴുതിയ കവിതകളിൽ പ്രധാനം 'കടമ്മനിട്ട', 'കാട്ടാളൻ', 'കിരാതവൃത്തം', 'കോഴി' എന്നിവയാണ്. അവയെല്ലാം തന്നെ 1970 ന് മുൻപ് പ്രസിദ്ധീകരിച്ചു. കടമ്മനിട്ട രാമകൃഷ്ണൻ എന്ന കവിക്ക് മലയാളകവിതാരംഗത്ത് വ്യക്തിത്വം സ്ഥാപിക്കാൻ വഴിയൊരുക്കിയത് ഈ കവിതകളാണ്. അവ ആധുനിക ഭാവുകത്വം പുലർത്തുകയും ഗ്രാമീണജീവിതത്തിന്റെ അന്തർവീര്യം പ്രകടമാക്കുന്ന ഗോത്രസ്വത്വത്തെ ആവിഷ്‌കരിക്കുകയും ചെയ്തു. ആ കവിതകൾ എഴുതാൻ ഊർജം ലഭിച്ചത് ജനിച്ചുവളർന്ന നാടിന്റെ സവിശേഷമായ സാംസ്‌കാരികസത്തയിൽ നിന്നാണ് 'പടയണിപ്പാട്ടുകളുടെ താളം കുഞ്ഞുന്നാൾ മുതൽ കേൾക്കുകയും അതിന്റെ ചലനങ്ങൾ നാഡിമിടിപ്പുകളെ സ്വാധീനിക്കുകയും അതിന്റെ നിറവിശേഷങ്ങൾ കൗതുകങ്ങളെ ഉണർത്തുകയും ചെയ്തു. അതുപോലെത്തന്നെ അത് തുള്ളിയിരുന്ന ആൾക്കാരുടെ ദയനീയഭാവങ്ങൾ പ്രത്യേകമായ ഒരു അനുകമ്പയോ സഹാനുഭൂതിയോ ഉണർത്തുന്ന രീതിയിൽ വളർന്നുവന്നു. ഞാൻ പടയണി തുള്ളിയിട്ടില്ലെങ്കിലും അവരിലൊരാളായിത്തീരുകയും ചെയ്തു. ക്രമേണ കവിത എഴുതാൻ തുടങ്ങിയപ്പോഴും ഈ ബോധമെന്നെ ഗാഢമായി പിന്തുടർന്നു. കുറേ കഴിഞ്ഞപ്പോൾ എനിക്കു ബോധ്യമായി, ഒരു മനുഷ്യന്റെ അല്ലെങ്കിൽ ഒരു സമൂഹത്തിന്റെ ഗോത്രത്തിന്റെ യഥാർഥമായ സംസ്‌കാരത്തിന്റെ ഉറവ അതിന്റെ നാടോടി സംസ്‌കാരത്തിൽത്തന്നെയാണ് അലിഞ്ഞുകിടക്കുന്നതെന്ന്. കേരളീയനെ സംബന്ധിച്ചിടത്തോളം കേരളീയത, എന്നെ സംബന്ധിച്ചിടത്തോളം കടമ്മനിട്ടത്തം-അതൊക്കെ അവശ്യം ഉണ്ടായിരിക്കേണ്ടതാണ്. എനിക്ക് വിശ്വകവി എന്ന് അറിയുന്നതിനെക്കാൾ ഇഷ്ടം ഒരു കേരളീയകവി എന്നറിയുന്നതാണ്'.

കേരളത്തിലെത്തിയതിനു ശേഷം രാമകൃഷ്ണൻ ആദ്യമെഴുതിയ കവിതയാണ് 'കടമ്മനിട്ട'. അതെഴുതിയ സാഹചര്യത്തെക്കുറിച്ച് ഓർക്കുന്നു: 'ഒൻപതു വർഷത്തിനുശേഷം കവിയായി മാറിയതിനു ശേഷം ആദ്യമായി ഞാൻ എന്റെ നാടിന്റെ മുഖം (ആത്മാവും) അടുത്തു കാണുകയായിരുന്നു. തിരുവനന്തപുരത്തുനിന്നും വാരാന്ത്യങ്ങളിൽ ഗ്രാമത്തിലേക്ക് വന്നണയുന്നത് മിക്കവാറും രാത്രിയിൽ. വാരാരംഭത്തിൽ ഗ്രാമത്തിൽനിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടുന്നത് പുലർവേളകളിൽ. നിരന്തരമായ വരത്തുപോക്കുകൾ. ഫെബ്രുവരി ആദ്യം മകരക്കൊയ്ത്ത് കഴിഞ്ഞ് ഒഴിയാറായ പാടം. മഞ്ഞുപുതച്ച് നിലാവ് ചുരത്തിയ നേർത്ത വെട്ടം. തിരുവനന്തപുരത്തുനിന്ന് വന്നിറങ്ങി നാട്ടുവഴിയിലൂടെ വീട്ടിലേക്കുള്ള നടത്തം. വഴിയിലൂർന്നു കിടക്കുന്ന വൈക്കോൽ തുരുമ്പുകളിൽനിന്നും മഞ്ഞിന്റെ നനവു പറ്റി പതുക്കെ പതുക്കെ അറിയാറാകുന്ന മണം. കൊയ്ത്തു കഴിഞ്ഞ പാടത്ത് ഉഴവിളക്കി വിതച്ച എള്ളു നുള്ളിയുണരുന്ന കാഴ്ച. പാടത്തിൽ നിന്നും തുടങ്ങി ഉയർന്നു പോകുന്ന കുന്നിൻ ചെരിവുകൾ. അല്ലെങ്കിൽ ഉയരത്തിൽനിന്നും പാടത്തേക്ക് നിരങ്ങിയിറങ്ങുന്ന കുന്നിൻ ചെരിവുകൾ. ഞാൻ കുഞ്ഞുന്നാളിൽ എന്നും കുളിക്കാറുള്ള മുല്ലശ്ശേരിക്കുളം. എല്ലാം എണ്ണം തെറ്റിയ ഓർമകൾ പോലെ തെളിഞ്ഞുവരുന്നു. കവിത ഒരു തുടക്കമായി, തിങ്ങലായി, വിങ്ങലായി സർവാംഗങ്ങളിലും നിറഞ്ഞു കവിഞ്ഞു. വീട്ടിലെത്തി ഉടുപ്പുപോലും മാറാതെ ഒരു തുണ്ടു കടലാസിൽ തുടങ്ങിവച്ചു.

                        നെല്ലിൻതണ്ടു മണക്കും വഴികൾ

                        എള്ളിൻനാമ്പു കുരുക്കും വയലുകൾ,

                        എണ്ണംതെറ്റിയ ഓർമകൾ വീണ്ടും

                        കുന്നിൻചെരിവിൽ, മാവിൻകൊമ്പിൽ

                        ഉണ്ണികളായി ഉറങ്ങിയെണീക്കെ....

            ഇത്രയും പെട്ടെന്നായിരുന്നു. പിന്നെ പതുക്കെ എല്ലാം ഇളകി വരുന്നു. ഭൂതകാലം, ബാല്യം, കൗമാരം, കറങ്ങിമറിയുന്ന ഋതുക്കൾ, അനുഭവിച്ച നൊമ്പരങ്ങൾ, ആഹ്ലാദങ്ങൾ, ആദ്യപ്രേമങ്ങൾ, പടയണിയുടെ പൂക്കാലം, ദൈന്യത, വിയർപ്പ്, ചൂട്, വീറ്, ജീവിതത്തിന്റെ സങ്കീർണതകൾ, ചെറ്റത്തരങ്ങൾ എല്ലാം എല്ലാം ഇറങ്ങിവരുന്നു. ഞാൻ നടന്നു പോകുന്നു. ഇതെല്ലാം ചേർന്ന് കവിതയാകുന്നു. കവിത ഭാവിയിലേക്ക് എത്തിനോക്കുന്നു. നടന്നുപോകുന്ന വഴിയിൽ അല്പസമയമൊന്നിരുന്ന് കണ്ണു തുടയ്ക്കാൻ എനിക്ക് അവസരം ലഭിക്കുന്നില്ല. ഞാൻ കടമ്മനിട്ടയിലൂടെ, കേരളത്തിലൂടെ ഭാരതത്തിലൂടെ, ലോകത്തിലൂടെ, കടമ്മനിട്ടയിലെത്തുന്നു'.''

           

തൊഴിൽ സംബന്ധമായി ഇടയ്ക്ക് ഒരു വർഷം ഡൽഹിയിലേക്ക് പോകേണ്ടിവന്നുവെങ്കിലും വീണ്ടും തിരിച്ച് തിരുവനന്തപുരത്തുതന്നെയെത്തി. സ്വതന്ത്രകാവ്യങ്ങളുടെ രചനക്കൊപ്പം കവിതാവിവർത്തനത്തിലും രാമകൃഷ്ണൻ ഇടപെട്ടത് ഇക്കാലത്താണ്. കവിതയിൽ ഗോവിന്ദൻ എന്നപോലെ വിവർത്തനത്തിൽ അയ്യപ്പപ്പണിക്കരായിരുന്നു രാമകൃഷ്ണനു വഴികാട്ടി. ഒക്ടോവിയോ പാസിന്റെ 'സൂര്യശില' (Sunstone) വിവർത്തനം ഏറെ ശ്രദ്ധേയമായി. 'കുമാരനാശാന്റെ 'ശ്രീബുദ്ധചരിത'ത്തിന്റെ ഉയരത്തിലെത്തിയ വിവർത്തമാണ് കടമ്മനിട്ടയുടെ സൂര്യശില'- ബാലചന്ദ്രൻ ചുള്ളിക്കാട് പറയും. സാമുവൽ ബെക്കറ്റിന്റെ 'ഗോദോയെ കാത്ത്' എന്ന നാടകവും വിക്ടർയൂഗോ, സെസാർ വയാഹോ, ലോർക്ക, റോബർട്ട് ഫ്രോസ്റ്റ് തുടങ്ങിയവരുടെ കവിതകളും കടമ്മനിട്ട വിവർത്തനം ചെയ്തു.

           

കാവ്യാലാപനവേദികളിൽ കടമ്മനിട്ട സൃഷ്ടിച്ച ഇടിമുഴക്കം തെക്കും വടക്കുമുള്ള കേരളീയ ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഒരുപോലെ പ്രതിധ്വനിച്ച നാളുകൾ. പണിക്കർക്കു പുറമെ സി.എൻ. ശ്രീകണ്ഠൻനായർ, സച്ചിദാനന്ദൻ, ആർ. നന്ദകുമാർ, അരവിന്ദൻ, ഒ.എൻ.വി, പഴവിള രമേശൻ, കാവാലം, കെ.ജി.എസ്, ബി. രാജീവൻ, മുരളി, നരേന്ദ്രപ്രസാദ്, നെടുമുടി വേണു, ജോൺ ഏബ്രഹാം തുടങ്ങിയവരുമായുള്ള ചങ്ങാത്തം രൂപംകൊണ്ട കാലം. ഡൽഹിവാസക്കാലത്താണ് വിജയൻ, കാക്കനാടന്മാർ, മുകുന്ദൻ, ആനന്ദ്, അനന്തമൂർത്തി, സി.ആർ. പരമേശ്വരൻ തുടങ്ങിയവരുമായുള്ള അടുപ്പം ശക്തമാകുന്നത്. ഗോവിന്ദൻ, ഗംഗാധരൻ എന്നിവർ കഴിഞ്ഞാൽ പിന്നെ പണിക്കരും വിജയനും സച്ചിദാനന്ദനുമാണ് കടമ്മനിട്ടയുമായി ഏറെ ആത്മബന്ധമുണ്ടാക്കിയവർ. 1976ൽ കേരള കവിതാഗ്രന്ഥവരിയിൽ ആദ്യപുസ്തകമായി എം. ഗംഗാധരന്റെ അവതാരികയോടെ കടമ്മനിട്ടക്കവിതകളുടെ കന്നിസമാഹാരം പുറത്തുവന്നു. 'കവിത' എന്ന പേരിൽ. വായിക്കൂ:

           

''കേരളകവിതാഗ്രന്ഥവരിയിലെ ആദ്യപുസ്തകം കടമ്മനിട്ട രാമകൃഷ്ണന്റെ കവിത 1976 ൽ പുറത്തുവന്നു. തുടർന്ന് 1980 വരെയുള്ള വർഷങ്ങളിൽ ഗ്രന്ഥവരിയിൽ പത്തു കവികളുടെ സമാഹാരങ്ങൾ പുറത്തിറങ്ങി. കടമ്മനിട്ട രാമകൃഷ്ണന്റെ കവിത എന്ന സമാഹാരത്തിന് അവതാരിക എഴുതിയത് എം. ഗംഗാധരനാണ്. കടമ്മനിട്ട രാമകൃഷ്ണന്റെ കാവ്യജീവിതത്തിന്റെ തുടക്കവും വികാസവും അടുത്തുനിന്നറിയാൻ കഴിഞ്ഞിരുന്ന സഹപ്രവർത്തകനും സുഹൃത്തുമായിരുന്നു ഗംഗാധരൻ. കലയിലെയും സാഹിത്യത്തിലെയും നവീന ചലനങ്ങളോട് ആഭിമുഖ്യം പുലർത്തിയിരുന്ന എം.ഗംഗാധരൻ കേരളകവിത ത്രൈമാസികത്തിന്റെ നടത്തിപ്പിൽ സജീവമായിരുന്നു.

            കാനായി കുഞ്ഞിരാമന്റെ അമ്മ എന്ന ശില്പത്തിന്റെ ഛായാ ചിത്രമായിരുന്നു കടമ്മനിട്ട രാമകൃഷ്ണന്റെ കാവ്യസമാഹാരത്തിന്റെ മുഖച്ചിത്രം. എറണാകുളത്ത് സി.എൻ. ശ്രീകണ്ഠൻ നായർ നടത്തിയിരുന്ന ശ്രീമുദ്രാലയത്തിലായിരുന്നു അച്ചടി. 'കടമ്മനിട്ട', 'കോഴി', 'കാട്ടാളൻ', 'കിരാതവൃത്തം', 'അവസാനചിത്രം', 'പുഴുങ്ങിയ മുട്ടകൾ, 'ഭാഗ്യശാലികൾ', 'ചാക്കാലം, മത്തങ്ങ', 'ആ പശുക്കുട്ടിയുടെ മരണം', 'ശാന്ത', 'കണ്ണൂർക്കോട്ട്' എന്നീ കവിതകളാണ് സമാഹാരത്തിൽ ഉൾപ്പെടുത്തിയത്. പുരുഷസൂക്തം കൂടി ചേർക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിലും പുസ്തകത്തിന്റെ പേജുകളുടെ കാര്യത്തിൽ പരിമിതിയുണ്ടായിരുന്നതുകൊണ്ട് ദൈർഘ്യം കൂടിയ ആ കവിത മാറ്റിവയ്‌ക്കേണ്ടി വന്നു.

           

കവിത എന്ന സമാഹാരം പുറത്തിറങ്ങുമ്പോൾ കടമ്മനിട്ട രാമകൃഷ്ണന്റെ കാവ്യജീവിതത്തിന് ഒരു പതിറ്റാണ്ടിന്റെ ചരിത്രവും വളർച്ചയും മാത്രമാണുണ്ടായിരുന്നത്. മലയാളകവിതയിലെ ആധുനികതാപ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തിൽ രാമകൃഷ്ണന്റെ അതുവരെയുള്ള കാവ്യജീവിതവികാസത്തിന്റെ സൂക്ഷ്മവും വ്യക്തവുമായ രേഖാചിത്രം അവതാരികാകാരൻ വരച്ചിട്ടു: ''വൻ നഗരമായ മദിരാശിയിലെ ജീവിതത്തിനിടയിലാണ് രാമകൃഷ്ണന്റെ കവിത സ്വന്തം കാലുകൾ കണ്ടെത്തിയത്, സ്വന്തം താളം ചവിട്ടാൻ തുടങ്ങിയത്. മദിരാശിയിലൂടെ തന്റെ കടമ്മനിട്ടയിലേക്ക് രാമകൃഷ്ണൻ സഞ്ചരിക്കുകയായിരുന്നു. ഇക്കാലത്ത് മദിരാശിയിൽ വച്ച് എം.ഗോവിന്ദനുമായി അടുത്ത് പരിചയിക്കാനും, കുറച്ചുകാലത്തേക്ക് നിത്യമെന്നോണം ഇടപഴകാനും കഴിഞ്ഞത് രാമകൃഷ്ണന്റെ ജീവിതത്തെയും കവിതയെയും സാരമായി ബാധിക്കുകയുണ്ടായി. അദ്ദേഹവുമായുണ്ടായ സമ്പർക്കം കാല്പനികാവേശത്തിൽ വേണ്ടത്ര ശബ്ദാർത്ഥനിഷ്ഠയില്ലാതെ കവിത കൊരുക്കാൻ ശീലിച്ചിരുന്നതിൽ നിന്നും പൂർണമായി രക്ഷപ്പെടാൻ രാമകൃഷ്ണനെ സഹായിച്ചിട്ടുണ്ട്. വാസ്തവത്തിൽ രാമകൃഷ്ണനെ സംബന്ധിച്ചിടത്തോളം അതൊരു തകർച്ചയുടെയും വളർച്ചയുടെയും കാലമായിരുന്നു. ക്രമത്തിൽ സ്വന്തമായ അനുഭവങ്ങൾക്കും അനുഭൂതികൾക്കും തന്റേതായ താളം കൊട്ടി പ്രകാശനം നൽകി ഈ വിഷമഘട്ടം രാമകൃഷ്ണൻ താണ്ടുകയുണ്ടായി. ഈ വിധത്തിൽ തീക്ഷ്ണതയ്യാർജിച്ച രാമകൃഷ്ണന്റെ ആദ്യത്തെ കൃതികൾ ഒരുതരം പരുക്കൻ പട്ടണപ്പാട്ടുകളായിരുന്നു. ഇതിൽ 'താറും കുറ്റിച്ചൂലും' എന്ന കൃതി ഏറെ ശ്രദ്ധിക്കപ്പെട്ടു. വാസ്തവത്തിൽ തന്നോടുതന്നെയുള്ള അലറലുകളായിരുന്നു കവിയുടെ അന്നത്തെ ഈ പരുഷഗാനങ്ങളിൽ ഉണ്ടായിരുന്നത്. തന്റെ പഴയ മുഗ്ധ, ലോല, തരള, മാദക കല്പനകൾക്കു മേൽത്തന്നെ അദ്ദേഹം നൃത്തം ചവിട്ടി അലറിനിൽക്കുന്നു. എല്ലാത്തരം കാപട്യങ്ങളോടും നാട്യങ്ങളോടും കൃത്രിമത്വങ്ങളോടും പോരിന്നു തുള്ളുന്ന അന്നത്തെ അത്തരം വരികൾ യഥാർഥ കാല്പനികത്വത്തിന്റെ തന്നെ മറ്റൊരു വശത്തെയാണ് പ്രകടിപ്പിച്ചത്. കാല്പനികയമുനയുടെ കാളിന്ദീരൂപമായിരുന്നു അത്.' കവിതയുടെ രംഗത്ത് കടമ്മനിട്ട രാമകൃഷ്ണന്റെ സ്ഥാനം എവിടെയെന്ന് അടയാളപ്പെടുത്താനുള്ള ശ്രമവും അവതാരികയിൽ കാണാം''.

           

അടിയന്തരാവസ്ഥക്കുശേഷം, 1977ൽ 'കുറത്തി' എഴുതുന്നതോടെ കടമ്മനിട്ടയുടെ കാവ്യജീവിതം അതിന്റെ അടുത്ത ഘട്ടത്തിലേക്കു കടക്കുന്നു. കവിയരങ്ങുകളുടെ എണ്ണവും സദസ്സുകളുടെ വലുപ്പവും വർധിച്ചു. ചുള്ളിക്കാടിനെപ്പോലുള്ള കവികൾ കടമ്മനിട്ടക്കൊപ്പം കേരളത്തിലുടനീളം കവിത ചൊല്ലി ഒരു തലമുറയെ ആവേശഭരിതരാക്കിയ വർഷങ്ങൾ. അനുനാസിക കവികൾ അട്ടപ്പുറത്തായി. 1992ൽ സർവീസിൽനിന്നു പിരിയുന്നതുവരെയുള്ള ഈ ഒന്നരപതിറ്റാണ്ടിലാണ് കടമ്മനിട്ടയുടെ പ്രസിദ്ധിയും ജനകീയതയും പാരമ്യത്തിലെത്തുന്നതും ആധുനികതാവാദ കവിതയുടെ മലയാള അച്ചുതണ്ടായി കടമ്മനിട്ട മാറിത്തീരുന്നതും. ദേവീസ്തവം, പൂച്ചയാണിന്നെന്റെ ദുഃഖം, കണ്ണൂർക്കോട്ട, പറയൂ പരാതി നീ കൃഷ്‌ണേ, കുഞ്ഞേ മുലപ്പാൽ കുടിക്കരുത്, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു തുടങ്ങിയ കവിതകളുടെ രചനാകാലമിതാണ്. 1980ൽ കടമ്മനിട്ടയുടെ കവിതകൾ എന്ന പുസ്തകം പ്രസിദ്ധീകൃതമായി. അക്കാലത്ത് അടൂർ ഗോപാലകൃഷ്ണൻ, പാരീസ് വിശ്വനാഥൻ, പഴവിള രമേശൻ, കലാസംവിധായകൻ ശിവൻ എന്നിവർക്കൊപ്പം അതിസാഹസികമായി കവി നടത്തിയ ഭാരതയാത്രയും 1984ലെ അമേരിക്കൻ യാത്രയും രവികുമാർ വിശദമായവതരിപ്പിക്കുന്നു.

സാമൂഹ്യജീവിതവും കാവ്യജീവിതവുമെന്നപോലെതന്നെ വ്യക്തിജീവിതവും കുടുംബജീവിതവും ഒരേസമയംതന്നെ സംഘർഷഭരിതമെങ്കിലും സന്തുലിതമാക്കാൻ കടമ്മനിട്ടക്കു കഴിഞ്ഞതിന്റെ സൂക്ഷ്മവിവരണങ്ങൾ രവികുമാർ നൽകുന്നു. വൈകാരികമായ ചെറിയ ചെറിയ ഭൂകമ്പങ്ങളും കൊടുങ്കാറ്റുകളും ഏതു കുടുംബത്തെയുമെന്നപോലെ ആ കുടുംബത്തെയും ആട്ടിയുലച്ചപ്പോഴും സാമ്പത്തികവും വൈകാരികവുമായ ബന്ധങ്ങൾ ഭദ്രമായും ദൃഢമായും നിലനിർത്താൻ കടമ്മനിട്ട ശ്രദ്ധാലുവായിരുന്നു. അച്ഛനമ്മമാരും ഭാര്യയും മക്കളും എല്ലാക്കാലത്തും കവിയുടെ സ്‌നേഹവും വാത്സല്യവും അനുഭവിച്ചിരുന്നു. അച്ഛനമ്മമാരുടെ മരണം കടമ്മനിട്ടയെ അടിപടലം പിടിച്ചുലച്ച സന്ദർഭങ്ങളെക്കുറിച്ച് രവികുമാർ സാർദ്രസാന്ദ്രമായി എഴുതുന്നു. മദ്യവും സൗഹൃദങ്ങളും യാത്രകളും  കടമ്മനിട്ടയുടെ ജീവിതത്തിൽ സൃഷ്ടിച്ച അലോസരങ്ങളും അരാജകത്വങ്ങളും കുടുംബബന്ധങ്ങളെ കടപുഴക്കിയില്ല. വൾഗർ മാർക്‌സിസ്റ്റുകളുടെ തീട്ടൂരപ്പുലയാട്ടുകൾ അദ്ദേഹത്തിന്റെ ഭാവബന്ധങ്ങളെയും സ്പർശിച്ചില്ല.

            2008ൽ മരിക്കുന്നതുവരെ, ഒന്നര പതിറ്റാണ്ടു നീണ്ടുനിന്ന മറ്റൊരു ഘട്ടം കടമ്മനിട്ടയുടെ ജീവിതത്തിലാരംഭിക്കുന്നത് 1992ലാണ്. സിപിഎമ്മിന്റെ സാംസ്‌കാരിക സംഘടനയായ പുകസയുടെ ചരിത്രത്തിൽ കുപ്രസിദ്ധമായ പെരുമ്പാവൂർ സമ്മേളനത്തെത്തുടർന്ന് സംഘടനയുടെ വൈസ് പ്രസിഡന്റായി കടമ്മനിട്ട. എം.എൻ. വിജയനായിരുന്നു പ്രസിഡന്റ്. 94ൽ സിപിഎമ്മിന്റെതന്നെ നിയന്ത്രണത്തിലുള്ള കേരള ഗ്രന്ഥശാലാസംഘത്തിന്റെ അധ്യക്ഷനുമായി, കവി. ഐക്യകേരളത്തിലെ ആദ്യ പൊതുതെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടിക്കുവേണ്ടി രാപ്പകൽ പ്രവർത്തിച്ച് തൊഴിൽ തേടി നാടുവിട്ട കടമ്മനിട്ട നാലുപതിറ്റാണ്ടുകൾക്കുശേഷം, 96ൽ ആറന്മുള നിയമസഭാ മണ്ഡലത്തിൽ എംപി. രാഘവനെ തോല്പിച്ച് എംഎൽഎ.യായി. എംഎൽഎ.യായതോടെ അദ്ദേഹം തന്റെ കവിതക്കും രാഷ്ട്രീയത്തിനുമിടയിൽ അനുഭവിച്ച സംഘർഷങ്ങളും നേരിട്ട വിമർശനങ്ങളും ചെറുതായിരുന്നില്ല. കാട്ടാളനും കുറത്തിയും എഴുതിയും ചൊല്ലിയും പതിനായിരങ്ങളെ വികാരം കൊള്ളിച്ച കവി ആദിവാസിഭൂമിബില്ലിനെ അനുകൂലിച്ച് നിലപാടെടുത്ത്, പാർട്ടിക്കു മേലെ കവിതയും പറക്കില്ല എന്നു തെളിയിച്ചു! 2001ലെ തെരഞ്ഞെടുപ്പിൽ കോന്നി മണ്ഡലത്തിൽ മത്സരിച്ച കടമ്മനിട്ട തോറ്റു. 2002ൽ പുകസയുടെ അധ്യക്ഷനായി. ഹൃദയശസ്ത്രക്രിയയ്ക്കു വിധേയനായ കവിക്ക് രക്താർബുദവും ബാധിച്ചതോടെ 2008 മാർച്ച് 31ന് മരണം.

           

കടമ്മനിട്ടയിൽ കവി ജനിച്ച വീടിനു പിന്നിൽ ഒരുങ്ങിയ ചിതാഭൂമിയിൽ പിന്നീട് സ്മാരകമണ്ഡപമുയർന്നു. അവിടെ ശിലാഫലകത്തിൽ കടമ്മനിട്ട രാമകൃഷ്ണന്റെ കവിതയിൽ നിന്നുള്ള ഈ വരികൾ ആലേഖനം ചെയ്തിരിക്കുന്നു:

                        ''ഞാനിവിടെയാണ്,

                        ഈ വെറുംമർത്ത്യന്റെ വൃത്തഭംഗങ്ങളിൽ,

                        ഇക്കൊടുംനോവിൻ കരാളസംഗങ്ങളിൽ,

                        തീക്ഷ്ണമാം ചൂടിൽ വിയർക്കുമപ്പത്തിന്റെ-

                        യോർമയിൽ എച്ചിൽക്കുഴികളിലേങ്ങുന്ന

                        മാനവശപ്തമുഖങ്ങളിൽ....''

            മലയാള കവിതയിൽ ഒരു കാലഘട്ടത്തിന്റെ ഏറ്റവും വിഖ്യാതമായ സ്വരവും താളവും അർഥവും മുഴക്കവും കടമ്മനിട്ടയുടേതായിരുന്നു. ബാലചന്ദ്രൻ ചുള്ളിക്കാട് നിരീക്ഷിക്കുന്നതുപോലെ,

            ''അദ്ദേഹം പാശ്ചാത്യ കാവ്യരൂപങ്ങളും പാശ്ചാത്യ കാവ്യസിദ്ധാന്തങ്ങളും പാശ്ചാത്യദർശനങ്ങളും ഇറക്കുമതി ചെയ്തില്ല. കടമ്മനിട്ട രാമകൃഷ്ണൻ മലയാളത്തിലെ ആധുനിക കവിയെ ജനകീയവൽക്കരിക്കുകയും അതിനു സാമൂഹികവും വിപ്ലവകരവുമായ ഉള്ളടക്കം നൽകുകയും ചെയ്തു. മറ്റ് ആധുനിക കവികൾ മലയാള കാവ്യപാരമ്പര്യത്തെ തിരസ്‌കരിച്ച് പാശ്ചാത്യ കാവ്യസംസ്‌കാരത്തെ സ്വീകരിച്ചപ്പോൾ കടമ്മനിട്ട രാമകൃഷ്ണൻ മലയാള കാവ്യപാരമ്പര്യത്തിൽ ഉറച്ചു നിൽക്കുകയും അതിന്റെ തുടർച്ചയാവുകയും പുതിയൊരു പാരമ്പര്യം സൃഷ്ടിക്കുകയും ചെയ്തു. മലയാള കാവ്യസംസ്‌കാരത്തിൽനിന്നും കേരളീയ സാമൂഹിക ജീവിതത്തിൽ നിന്നും സ്വാഭാവികമായും നൈസർഗികമായും ഉരുത്തിരിഞ്ഞ ഒരു പ്രാദേശിക ആധുനികതകൊണ്ട് കടമ്മനിട്ട രാമകൃഷ്ണൻ മലയാളഭാഷയെ സമ്പന്നമാക്കി. മലയാള കാവ്യപാരമ്പര്യത്തിന്റെ സംസ്‌കൃതവൽകൃതമായ ക്ലാസിക് ധാരയിലല്ല, ഗാനാത്മകമായ ഗ്രാമീണ കാവ്യസംസ്‌കാരത്തിലാണ് കടമ്മനിട്ടക്കവിത വേരുകളാഴ്‌ത്തിയത്. ആര്യഭാവനയോ അധിനിവേശഭാവനയോ അല്ല ആദിമദ്രാവിഡഭാവനയാണ് കടമ്മനിട്ടക്കവിതയെ വൈദ്യുതീകരിച്ചത്''.

           

കടമ്മനിട്ടയുടെ വ്യക്തിജീവിതവും സാംസ്‌കാരിക ജീവിതവും ആദ്യന്തം പിന്തുടർന്നെഴുതപ്പെട്ടിരിക്കുന്ന രവികുമാറിന്റെ ഈ പുസ്തകത്തിന്റെ അടിസ്ഥാനസമീപനങ്ങളെക്കുറിച്ച് തുടക്കത്തിൽ സൂചിപ്പിച്ചു. സാഹിതീയ ജീവചരിത്രത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സ്വഭാവങ്ങളിലൊന്ന് സൂക്ഷ്മമായ സാഹിത്യവിമർശനമാണ്. കടമ്മനിട്ടയുടെ പ്രധാനപ്പെട്ട മുഴുവൻ കവിതകളെക്കുറിച്ചുമുള്ള മികച്ച നിരൂപണം ഈ ഗ്രന്ഥത്തിൽ രവികുമാർ അവതരിപ്പിക്കുന്നുണ്ട്. 'ആത്മഗീതയും ചരിത്രഗാഥയും' എന്ന പേരിൽ ശാന്തയെക്കുറിച്ചെഴുതിയ അധ്യായത്തിൽ നിന്നൊരു ഭാഗം നോക്കൂ:

           

''ആഖ്യതാവായ പുരുഷന്റെ ഏകഭാഷണരൂപത്തിലുള്ള കവിതയാണ് 'ശാന്ത'. നഗരത്തിലെ ഓഫിസിൽ ജോലി ചെയ്യുന്ന സാധാരണക്കാരനാണയാൾ. വേനൽക്കാലത്തെ വരണ്ട സന്ധ്യയിൽ ഭാര്യയും മക്കളുമടങ്ങുന്ന കുടുംബം താമസിക്കുന്ന ഗ്രാമത്തിലേക്ക് അയാൾ തന്റെ നല്ലപാതിയായ ശാന്തയെ തേടി വരികയാണ്. അവിടെ കൊച്ചു കുഞ്ഞുങ്ങളോടൊപ്പം അവൾ അയാളുടെ വരവും കാത്ത് കഴിയുന്നുണ്ട്. ഗ്രാമത്തിലെ വീട്ടിലേക്കു ചെല്ലുമ്പോൾ അവൾ തന്നെ സ്വീകരിക്കുന്നതിനെക്കുറിച്ച് അയാൾ വിഭാവനം ചെയ്യുന്നു. പ്രിയപ്പെട്ടവളെക്കുറിച്ചുള്ള പ്രകാശചാരുതയ്യാർന്ന ഒരു സങ്കൽപചിത്രമാണത്. ശാന്തയെ സംബോധന ചെയ്തുകൊണ്ടാണ് കവിതയുടെ തുടക്കം.                        

ശാന്തേ,

                        കുളികഴിഞ്ഞീറൻ പകർന്നു

                        വാർകൂന്തൽ കോതിവകഞ്ഞ് പുറകോട്ടു വാരിയിട്ടാ-

                        വളക്കയ്യുകൾ മെല്ലെയിളക്കി

                        ഉദാസീനഭാവത്തിലാക്കണ്ണിണയെഴുതി

                        ഇളകുമച്ചില്ലികൾ വീണ്ടും കറുപ്പിച്ച്

                        നെറ്റിയിലഞ്ജനം ചാർത്തി, വിടരുന്ന

                        പുഞ്ചിരിനാളം കൊളുത്തി വരികെന്നരികത്തിരുന്ന്

                        സന്ധ്യാലക്ഷ്മീകീർത്തനം പോലെ ലളിതസുഭഗമാ-

                        യെന്തെങ്കിലും നല്ല നാലഞ്ചു വാക്കുകളോതി നിറയുക.

എന്നാണ് ശാന്തയോടുള്ള അയാളുടെ അർഥന. കാല്പനികസുഭഗമായ ആ സങ്കല്പചിത്രവും ധ്യാനിച്ചുകൊണ്ട് ജീവിതത്തിന്റെ വറുതികളിൽ നിന്ന് ആശ്വാസം തേടി അയാൾ ഗ്രാമത്തിൽ അവളുടെ അടുത്തെത്തി. അപ്പോൾ കാണുന്നത്, താൻ ഭാവനയിൽ കണ്ടതിൽനിന്നും പാടേ വിപരീതമായ കാഴ്ചയാണ്. നീറിപ്പുകയുന്ന പച്ചവിറകുകൾ കത്തിക്കാൻ അടുപ്പിന്നരികിൽ മുട്ടുകുത്തിക്കിടന്നൂതിയൂതി അവളുടെ കൺപോളകൾ വീർത്തിരിക്കുന്നു. പുക കുരുങ്ങിക്കലങ്ങിയ കണ്ണുകളിൽ ചുടുനീർ നിറയുന്നു. പാറിപ്പറക്കുന്ന മുടിനാരുകളിൽ ചാരത്തിന്റെ ചെതുമ്പലുകളും കൈപ്പടം കൊണ്ടു മൂക്കു തുടച്ചപ്പോൾ പുരണ്ട കരിയുടെ പാടും കുനിഞ്ഞ തോളിനു താഴെ പുറത്ത് ചെളിയും വിയർപ്പും കുടിക്കുഴഞ്ഞതിനിടയിൽ മുന്നിഞ്ച് നീളത്തിലുള്ള പോറലുകളും കക്ഷങ്ങൾക്കിടയിൽ വിയർപ്പിന്റെ കറപുരണ്ട കറുത്ത ബ്ലൗസിന്റെ കീറലുകളും കാണുന്നു. അങ്ങനെ കവിത ജീവിതത്തിന്റെ യാഥാർഥ്യങ്ങളിലേക്കും അതുണർത്തുന്ന വൈരുധ്യങ്ങളിലേക്കും കടക്കുന്നു. സങ്കല്പം ഒന്ന്. യാഥാർഥ്യം പാടേ വിരുദ്ധമായ മറ്റൊന്ന്.

           

മടുപ്പിന്റെ തടവറയിൽ നിന്നും വാക്കുകളുടെയും നോട്ടത്തിന്റെയും വസൂരിയിൽ നിന്നും കണ്ണാടികളുടെ വ്യാമോഹങ്ങളിൽനിന്നും നാഴികമണിയുടെ ഭീഷണിയിൽ നിന്നും തസ്തികകളുടെ തരംതിരിവിൽ നിന്നും അക്ഷരങ്ങളുടെയും അക്കത്തിന്റെയും ബലാൽസംഗത്തിൽ നിന്നും ഒരു നിമിഷം മോഷ്ടിച്ചെടുത്താണ് മോചനം കാംക്ഷിച്ച് അയാൾ അവളുടെ അടുത്തത്തിയിരിക്കുന്നത്. അവിടെ കാണുന്നതുകൊടുംവരൾച്ച എല്ലാ ആർദ്രതയും വരട്ടിക്കളഞ്ഞ മനുഷ്യരുടെയും പ്രകൃതിയുടെയും മുഖങ്ങളാണ്. കുടിക്കാനോ കുളിക്കാനോ വെള്ളമില്ലാതെ വാടിത്തളർന്നു പോയ കുട്ടികൾ. വറ്റിപ്പോയ കുളവും കിണറുകളും കൈത്തോടുകളും. നിലച്ച നീരുറവയ്ക്കരുകിൽ പാളയും പാത്രങ്ങളുമായി തിങ്ങിക്കൂടിയിരിക്കുന്ന ആളുകൾ. അവരോരുത്തരും തനിക്ക് വെള്ളം കിട്ടാത്തതിന് കാരണം മറ്റുള്ളവരാണ് എന്നു കരുതി അന്യോന്യം പുലഭ്യം പറയുന്നു.           

വരൾച്ചയുടെ ഈ ക്രൂരമൗനത്തിലേക്കാണ് പ്രകൃതിയുടെ താക്കീതുകൾപോലും വകവയ്ക്കാതെ അയാൾ ശാന്തയെ തേടിയെത്തുന്നത്. ആ പ്രതികൂലാവസ്ഥയെ നേരിടാൻ ആണും പെണ്ണും ജീവിതത്തിന്റെ ജൈവകർമങ്ങളിൽ ഒന്നിച്ചുചേർന്ന് ഉരുകി ജ്വലിച്ചുയർന്ന് മേഘനാദമായി, വർഷമായി വീണ്ടും മണ്ണിലേക്കൂർന്നിറങ്ങി ഉർവരത സൃഷ്ടിക്കാൻ അയാൾ അവളോട് അർഥിക്കുന്നു. ആ അർഥന കാല്പനികവും താളാത്മകവുമായ വരികളായി വാർന്നുവീണിരിക്കുന്നു. എന്നിട്ടും അന്തരീക്ഷം ഭീകരമൗനത്തിലാണ്. ആ അവസ്ഥയെ നിശിതഗദ്യത്തിൽ അവതരിപ്പിക്കുന്നു.

            അറ്റുപോയ തലയ്ക്കു നേരേ ഇഴയുന്ന ജഡം പോലെ

            അസ്തമിക്കുന്ന സന്ധ്യ,

            ദുസ്സഹമായ വേദനകൊണ്ട് ചിറികോട്ടി നിൽക്കുന്ന ദിക്കുകൾ

            ഒന്നിന്റെ നേരേ നോക്കാനുമെനിക്കു വയ്യ.

            മലയാളകവിതയിൽ കണ്ട ഏറ്റവും തീക്ഷ്ണമായ ഇമേജുകളിൽ ഒന്നാണ് 'അറ്റുപോയ തലയ്ക്കു നേരേ ഇഴയുന്ന ജഡംപോലെ അസ്തമിക്കുന്ന സന്ധ്യ'. എഴുതിയ കാലത്തിന്റെ ഉദ്വേഗങ്ങളെ ആവിഷ്‌കരിക്കുന്ന ഇത്തരത്തിലുള്ള ഒട്ടേറെ വാങ്മയചിത്രങ്ങൾ 'ശാന്ത'യിലുണ്ട്. 

തീവ്രമായ ആ ദുസ്സഹാവസ്ഥയിൽ അയാൾ വീണ്ടും അവളുമൊത്ത് ഉള്ളറിഞ്ഞനുഭവിച്ച ഭൂതകാലജീവിതത്തിന്റെ മാധുര്യവും സ്വച്ഛതയും ലയവും ഓർത്തുപോകുകയാണ്. ആഹ്ലാദസ്മൃതികളുടെ വനലഹരിയിലേക്ക് മനസ്സുകൊണ്ട് തിരിച്ചുപോകുന്ന അയാൾ ആ അനുഭവങ്ങൾ ശാന്തയെയും ഓർമിപ്പിക്കുന്നു. പക്ഷേ, അതുകൊണ്ടൊന്നും അവളുടെ നിർവികാരതയെ ഭേദിക്കാനായില്ല. ഗ്രാമത്തിലേക്കു കടന്നുവന്ന വഴിയിൽ കണ്ട് ഇരുണ്ട ദൃശ്യങ്ങളും മനസ്സിലാക്കിയ ക്രൂരമായ സത്യങ്ങളും അയാളുടെ ഉള്ളിൽ ഉയർന്നുവന്നു. എല്ലാറ്റിന്റെ മേലും നിർവികാരത കറുത്തതുണിപോലെ പൊതിഞ്ഞിരിക്കുന്നു. അവളും ആ നിർവികാരതയുടെ പുതപ്പിനുള്ളിലാണ്. വാസ്തവത്തിൽ ഈ കവിത എഴുതപ്പെട്ട കാലത്തിന്റെ സാമൂഹിക-രാഷ്ട്രീയാവസ്ഥ സൃഷ്ടിച്ച നിർവികാരതയാണത്.

            കരിമ്പനച്ചുവട്ടിൽ കാൽചങ്ങലയിൽ ബന്ധിതരായി കിടക്കുകയാണ് അവർ. ഗ്രാമത്തെ ഗ്രസിച്ചിരിക്കുന്ന ഭീതിദമായ നിർവികാരതയുടെ പിടിയിൽനിന്ന് മോചനം നേടാനായി ഒരു നെടുവീർപ്പെങ്കിലുമയച്ച് മൗനത്തിന്റെ കാൽച്ചങ്ങല പൊട്ടിക്കാൻ അയാൾ അവളെ നിർബന്ധിക്കുന്നു. എന്നും ഒന്നും ഒരുപോലെയായിരിക്കുകയില്ല എന്തെങ്കിലും എപ്പോഴെങ്കിലും സംഭവിച്ചേക്കും എന്ന്, പ്രത്യാശ ഉണർത്തിക്കൊണ്ട് നിർവികാരതയുടെ പുറന്തോടു പൊട്ടിക്കാൻ അവളോട് പറയുന്നു. മൗനത്തിന്റെ നിശ്ചലാവസ്ഥയെ വാക്കിന്റെ ഊർജംകൊണ്ട് നേരിടാനാണ് അയാളുടെ അർഥന. അതുകൊണ്ട് നമുക്ക് അന്യോന്യം ഉരിയാടുകയെങ്കിലും ചെയ്യാം എന്നയാൾ പറയുന്നു. അയാളുടെ വാക്കുകളിലെ ആത്മാർഥത അവളുടെ ഉള്ളിൽ എവിടെയോ സ്പർശിച്ചു. ആ അർഥന ഫലിച്ചു. അവളുടെ നെടുനിശ്വാസത്തിന്റെ നനവുള്ള ചൂട് അയാളുടെ മുഖത്തു തട്ടി. അവളുടെ നെറ്റിത്തടത്തിൽ വിയർപ്പു തുള്ളികൾ പൊടിഞ്ഞു. അവളുടെ നെഞ്ചിടിപ്പ് അയാൾക്ക് കേൾക്കാറായി.

            ആ ബിന്ദുവിൽ വച്ച് അതേവരെ ഏകഭാഷണമായി പുരോഗമിച്ച കവിത ചടുലമായ സംഘഗാനത്തിന്റെ ബഹുസ്വരത കൈവരിച്ച് ഉണർത്തുപാട്ടാകുന്നു. ശാന്തയുടെ ഉള്ളിൽ മുളപൊട്ടുന്ന ഉണർവിന്റെ ചലനം സമൂഹചേതനയുടെ ഉണർച്ചയായി മാറുകയാണ്. അടിച്ചമർത്തലിന്റെ പാതാളത്തിൽനിന്ന് കീഴാളശക്തി ഉണരുകയായി, ഉയരുകയായി. പാതാളപ്പടവുകൾ കയറിവരുന്ന പറയപ്പട ആ വർഗചേതനയുടെ മുന്നേറ്റത്തെയാണ് കുറിക്കുന്നത്. അതിന്റെ സൂചന നൽകി കവിത അവസാനിക്കുന്നു.

           

ഔപചാരികമായി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനു മുൻപു തന്നെ ഏതാണ്ട് അതിനു സമാനമായ അവസ്ഥ ഇന്ത്യയുടെ രാഷ്ട്രീയ രംഗത്ത് അക്കാലത്ത് നിലനിന്നിരുന്നു. ഭരണകൂടത്തിന്റെ ഏകാധിപത്യപരവും ജനവിരുദ്ധവുമായ നയങ്ങൾക്കെതിരെ ശക്തമായ സമരങ്ങൾ നടന്നു. കേരളത്തിൽ ആ നാളുകൾ പുറമേ ശാന്തമായിരുന്നുവെങ്കിലും ഭരണകൂടഭീകരതയുടെ പലതരം ജനവിരുദ്ധപ്രവർത്തനങ്ങൾ നടന്നിരുന്നു. മുഖ്യധാരാമാധ്യമങ്ങളിലൂടെ അതറിയാൻ സാധാ രണ ജനങ്ങൾക്ക് കഴിഞ്ഞിരുന്നില്ല. കേരളത്തിലങ്ങോളമിങ്ങോളം നഗരങ്ങളിലും ഗ്രാമങ്ങളിലും സഞ്ചരിക്കുകയും പലതരം വേദികളിലും സഹൃദയക്കൂട്ടായ്മകളിലും കവിതചൊല്ലുകയും എല്ലാത്തരം ജനങ്ങളുമായും ഇടപഴകുകയും രാഷ്ട്രീയജാഗ്രതയുള്ള യുവാക്കളുമായി സംവദിക്കുകയും ചെയ്തിരുന്ന രാമകൃഷ്ണന് അത്തരം കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. ഭരണകൂടഭീകരതയെ എതിർത്തിരുന്ന യുവാക്കളുടെ രാഷ്ട്രീയനിലപാടുകളോട് മാനസികമായി അനുഭാവവുമുണ്ടായിരുന്നു. മനുഷ്യസ്വാതന്ത്ര്യത്തെ അടിച്ചമർത്തിയ അടിയന്തരാവസ്ഥ എന്ന രാഷ്ട്രീയാനുഭവത്തെക്കുറിച്ച് മലയാളത്തിലുണ്ടായ ഏറ്റവും മികച്ച കവിതയാണ് കടമ്മനിട്ട രാമകൃഷ്ണന്റെ 'ശാന്ത'.''

           

വിപുലമായ രേഖകളുടെയും വിശദാംശങ്ങളുടെയും വ്യക്തിസ്മൃതികളുടെയും സംഭാഷണങ്ങളുടെയും നാലുപതിറ്റാണ്ടുകാലത്തെ അനുയാത്രയുടെയും പിൻബലത്തിൽ കടമ്മനിട്ട രാമകൃഷ്ണന്റെ നാനാജീവിതസന്ധികളെ ദേശാന്തരങ്ങളിൽ, കാലാന്തരങ്ങൾ സാകൂതം പിന്തുടർന്നും അവ രേഖപ്പെടുത്തിയ ചരിത്ര-സാമൂഹ്യ ബലതന്ത്രങ്ങളെ സയുക്തികം സമീപിച്ചും ഒരു സവിശേഷ കാവ്യഘട്ടത്തിലും ഭാവുകത്വത്തിലും കടമ്മനിട്ട പതിച്ച കയ്യൊപ്പ് സൂക്ഷ്മസുന്ദരമായി പകർത്തിയും രചിക്കപ്പെട്ടതാണ് ഈ ജീവചരിത്രം.

പുസ്തകത്തിൽനിന്ന്

''കടമ്മനിട്ട രാമകൃഷ്ണന്റെ കവിതചൊല്ലൽ സമാനതകളില്ലാത്ത ഒരു കാവ്യകലാപ്രകടനമായിരുന്നു. അതൊരിക്കൽ കേട്ടവരാരും മറക്കുകയില്ല. ആസ്വാദകരിലേക്കു കവിതയുടെ ശാബ്ദികതലത്തിലുള്ള പ്രാഥമികാനുഭവം പകരാൻ ചൊല്ലലിനു കഴിയുന്നു. എഴുതിയ കവിത ആസ്വാദകരെ ചൊല്ലിക്കേൾപ്പിക്കുന്നത് രാമകൃഷ്ണന് ആത്മാവിഷ്‌കാരത്തിന്റെ ഒരു വഴിയായിരുന്നു. 'കവിത എഴുതിക്കഴിഞ്ഞാൽ എനിക്ക് അത് ആരെയെങ്കിലും ഒന്നു ചൊല്ലിക്കേൾപ്പിക്കണം. കവിതയെഴുത്ത് വേദനയുള്ള ഒരു പ്രക്രിയയാണ്. ആ വേദനയെ അതിജീവിക്കാൻ കഴിയുന്നത് ആരെയെങ്കിലും അതു ചൊല്ലിക്കേൾപ്പിക്കാൻ കഴിയുമ്പോഴാണ്. മിക്കവാറും കവിതാതാൽപര്യമുള്ള ഏതെങ്കിലും അടുത്ത സുഹൃത്തിനെയായിരിക്കും അങ്ങനെ ചൊല്ലിക്കേൾപ്പിക്കുന്നത്. അവരുടെ ഒരു റിയാക്ഷൻ വേണം. അങ്ങനെയൊന്നു വായിച്ചു കേൾപ്പിച്ചില്ലെങ്കിൽ കവിത എഴുതി പൂർത്തിയായതായി എനിക്കു തോന്നുകയില്ല. മദിരാശിയിൽ വച്ച് ചെറിയ സുഹൃദ്‌സംഗമങ്ങളിൽ കവിത ചൊല്ലിയിരുന്നു. കവിത കേൾക്കാൻ താൽപര്യമുള്ളവരുണ്ടെങ്കിൽ ചൊല്ലിക്കേൾപ്പിക്കാൻ എനിക്കൊരു മടിയുമില്ല. കവിത ആസ്വാദകനു വേണ്ടിയാണ്. അങ്ങനെ കവിതാതൽപരർ ആവശ്യപ്പെട്ടാണ് വലിയ കവിയരങ്ങുകൾ വരുന്നത്. പിന്നീട് അരവിന്ദനാണ് എന്നാലിത്തിരി പ്രകാശക്രമീകരണവും വേഷവിധാനവുമൊക്കെയിരിക്കട്ടെ എന്നു പറഞ്ഞ് 'ചൊൽക്കാഴ്ച' സംവിധാനം ചെയ്തത്. അതു കൂടുതൽ ആകർഷകവും അനുഭവക്ഷമതയുള്ളതുമായിത്തോന്നി. ആദ്യകാലത്ത് ചിലപ്പോൾ ഞാൻ കവിത ചൊല്ലുന്ന കൂട്ടത്തിൽ നെടുമുടി വേണു മൃദംഗമോ ഇടയ്ക്കയോ ഘടമോ ഒക്കെ നേർത്തരീതിയിൽ വായിച്ചിട്ടുണ്ട്. ഞെരളത്ത് രാമപ്പൊതുവാളും ഞാൻ കവിത ചൊല്ലിയപ്പോൾ ഇടയ്ക്ക വായിച്ചിട്ടുണ്ട്. ഒരിക്കൽ പന്തളം കോളജിൽ വച്ച് എന്റെ സുഹൃത്തും അച്ഛന്റെ പടയണിശിഷ്യനുമായ കടമ്മനിട്ട വാസുദേവൻ പിള്ള കവിത ചൊല്ലുന്നതിന് അകമ്പടിയായി തപ്പുവായിച്ചു. അത് ഒരു നല്ല കോമ്പിനേഷനായിത്തോന്നി. അതു പല കുറി ആവർത്തിച്ചിട്ടുണ്ട്'.

           

കടമ്മനിട്ട രാമകൃഷ്ണന്റെ കവിതയുടെ മാത്രമല്ല, കവിത ചൊല്ലലിന്റെയും വേരുകൾ കിടക്കുന്നത് പടയണിയിലാണ്. ഉറക്കെ പാടുകയും ആഞ്ഞുകൊട്ടുകയും ഉറഞ്ഞുതുള്ളുകയും ചെയ്യുന്ന കലയാണ് പടയണി. അധ്വാനത്തിന്റെ സംസ്‌കാരമാണ് അതിൽ തെളിഞ്ഞു കാണുന്നത്. കടമ്മനിട്ട കവിത ചൊല്ലുന്നതും അങ്ങനെ തന്നെ. ശരീരമനങ്ങാതെ മൃദുസ്വരങ്ങൾകൊണ്ടുള്ള ഒരാവിഷ്‌കാരമല്ല അത്. മനസ്സിന്റെയും ശരീരത്തിന്റെയും മുഴുവൻ ഊർജവും സമാഹരിച്ചു നടത്തുന്ന ഒരു ആത്മപ്രകാശനമാണ്. അതുകൊണ്ടുതന്നെ കേൾവിക്കാരിൽ അതിശക്തമായ പ്രതികരണങ്ങളുണർത്താൻ കടമ്മനിട്ട രാമകൃഷ്ണന്റെ കവിതചൊല്ലലിനു കഴിഞ്ഞു.

 കടമ്മനിട്ട പറയുന്നു: 'കവിതയുടെ പ്രധാനപ്പെട്ട ഒരു സംവേദന സാധ്യതയാണു ചൊല്ലിക്കേൾക്കുന്നത്. പഴയകാലത്ത് കവിത എന്ന സാഹിത്യരൂപം നിലനിന്നതുതന്നെ ചൊല്ലിപ്പകർന്നാണ്. ചൊല്ലുന്ന കവിത വൃത്തബദ്ധമോ വൃത്തമുക്തമോ എന്നത് പ്രധാനമല്ല. ചൊല്ലുന്നതിന്റെ ആകർഷണീയതയും കവിതയുടെ മേന്മയും തമ്മിൽ ബന്ധമില്ല. രണ്ടും രണ്ടുതന്നെയാണ്. നന്നായി ചൊല്ലിയതുകൊണ്ട് മോശപ്പെട്ട കവിത നല്ലതാവുകയില്ല. കവിത എഴുതുന്നതിനുള്ള സിദ്ധിയിൽനിന്നു ഭിന്നമാണ് നന്നായി കവിത ചൊല്ലുവാനുള്ള കഴിവ്. ആ സാധ്യതയെ ഒഴിവാക്കേണ്ട ഒരു കാര്യവുമില്ല. കവിത ചൊല്ലിക്കേൾക്കുമ്പോൾ ആസ്വാദനം പൂർത്തിയാകുന്നില്ല. ആസ്വാദനത്തിന്റെ ആരംഭം മാത്രമാണത്. കവിത ചൊല്ലിക്കേൾക്കുമ്പോൾ ആസ്വാദനത്തിന്റെ പ്രാഥമികതലം തൃപ്തമാകുന്നു. അവിടെനിന്ന് ആസ്വാദകർ അവരവരുടേതായ നിലയിൽ പിന്നീടുള്ള തലങ്ങളിലേക്കു കടക്കും. അതിനുള്ള വഴിതുറക്കുകയാണ് ചൊല്ലൽ. പിന്നെ, ചൊല്ലാനുള്ള കവിതയും ചൊല്ലാനല്ലാത്ത കവിതയും എന്ന് കവിത രണ്ടില്ല. നല്ല കവിതയും ചീത്ത കവിതയും മാത്രമേയുള്ളൂ. നന്നായി ചൊല്ലിയാൽ മോശപ്പെട്ട കവിതയുടെ ഗുണം കൂടും എന്നു കരുതേണ്ട. കവിത നല്ലതാണെങ്കിൽ നിലനിൽക്കും. കവിതയുടെ ശബ്ദതലത്തിന്റെ പ്രാധാന്യത്തെ കണ്ടില്ലെന്നു നടിക്കുന്നതും അർഥമില്ലാത്തതാണ്. വാക്ക് ശബ്ദത്തിൽനിന്നാണ് ഉൽപന്നമായിരിക്കുന്നത്. ചിത്രരൂപത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ജഡമായ അക്ഷരത്തിൽനിന്ന് അത് അർഥവും ഭാവവുമുള്ളതായി വികസിക്കുന്നത് ശബ്ദമായി മാറുമ്പോഴാണ്'.'' 

കടമ്മനിട്ട: കവിതയുടെ കനലാട്ടം
കെ.എസ്. രവികുമാർ
മനോരമ ബുക്‌സ്
2023
590 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP