Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കാലിയായ ഖജനാവുമായിരിക്കുന്ന ഒരാളുടെ കൂടെയിരിക്കാൻ ആരെങ്കിലും 82 ലക്ഷം കൊടുക്കുമോ? പണം പിരിക്കുന്നത് സ്പോൺസർഷിപ്പ് ആയാണ്; പ്രവാസികൾ മനസ്സറിഞ്ഞ് സഹകരിക്കുന്നതിൽ എന്തിനാണ് അസൂയ; പ്രവാസികളെ പ്രതിപക്ഷം അവഹേളിക്കുന്നു; ലോക കേരളസഭാ വിവാദത്തിൽ എ കെ ബാലന്റെ മറുപടി

കാലിയായ ഖജനാവുമായിരിക്കുന്ന ഒരാളുടെ കൂടെയിരിക്കാൻ ആരെങ്കിലും 82 ലക്ഷം കൊടുക്കുമോ? പണം പിരിക്കുന്നത് സ്പോൺസർഷിപ്പ് ആയാണ്; പ്രവാസികൾ മനസ്സറിഞ്ഞ് സഹകരിക്കുന്നതിൽ എന്തിനാണ് അസൂയ; പ്രവാസികളെ പ്രതിപക്ഷം അവഹേളിക്കുന്നു; ലോക കേരളസഭാ വിവാദത്തിൽ എ കെ ബാലന്റെ മറുപടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ന്യൂയോർക്കിൽ ലോക കേരള സഭ മേഖലാ സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ കൂടെയിരിക്കാൻ 82 ലക്ഷം പിരിക്കുന്നുവെന്ന വാർത്തയിൽ പ്രതികരണവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ. പണം പിരിക്കുന്നത് സ്പോൺസർഷിപ്പ് ആയാണെന്നും പ്രവാസികൾ മനസ്സറിഞ്ഞ് സഹകരിക്കുന്നതിൽ എന്തിനാണ് അസൂയയെന്നും ബാലൻ ചോദിച്ചു.

''ഒരു പുതിയ മാതൃക കേരള സർക്കാർ സൃഷ്ടിച്ചു. അതിന്റെ ഭാഗമായി പ്രവാസികൾക്ക് വലിയ ആശ്വാസമാണ് ഇപ്പോഴുള്ളത്. നിരവധി പദ്ധതികൾ ആവിഷ്‌കരിച്ചു. പ്രവാസി പോർട്ടൽ അത്തരത്തിൽ ഒന്നാണ്. പ്രവാസികളുടെ സ്വത്തും വീടും അന്യമാകുന്ന സ്ഥിതിയുണ്ടായിരുന്നു. ആരും നോക്കില്ല. ഇപ്പോൾ അങ്ങനെയൊന്നു സംഭവിച്ചു കഴിഞ്ഞാൽ, പോർട്ടലിൽ രജിസ്റ്റർ ചെയ്താൽ കേരള സർക്കാർ ഇടപെടും. ഇന്നേവരെ ആർക്കെങ്കിലും തോന്നിയതാണോ അത്. എന്നിട്ട് ഇപ്പോൾ പറയുന്നു, 82 ലക്ഷം രൂപ കൊടുത്താൽ മുഖ്യമന്ത്രിയുടെ കൂടെയിരിക്കാമെന്ന്. ഇതുപോലുള്ള ശുദ്ധ അസംബന്ധം ആരെങ്കിലും പറയുമോ?'- ബാലൻ ചോദിച്ചു.

''കേരളത്തിന്റെ ധനകാര്യ മന്ത്രി ഉണ്ടല്ലോ, ഖജനാവിലേക്ക് ഒന്നും കേന്ദ്ര സർക്കാർ തന്നിട്ടില്ല. ആ കാലിയായ ഖജനാവിന്റെ ഒരാൾ അവിടെ പോയി ഇരുന്നുകഴിഞ്ഞാൽ, അദ്ദേഹത്തിന്റെ കൂടെയിരിക്കാൻ ആരെങ്കിലും 82 ലക്ഷം രൂപ ചെലവാക്കുമോ?. ഇത് ഒരു അസുഖമാണ്, പെട്ടെന്നൊന്നും മാറുന്നതല്ലെന്നും ബാലൻ പറഞ്ഞു. പ്രവാസികളെ പ്രതിപക്ഷം അവഹേളിക്കുകയാണ്. നേരത്തെ പറഞ്ഞത് അവർക്ക് ആഡംബര ഹോട്ടലിൽ താസമിക്കാൻ നികുതിപ്പണം എന്തിന് ചെലവാക്കുന്നുവെന്നാണ്.

കഴിഞ്ഞ വർഷം യുകെയിൽ നടന്ന മേഖലാ സമ്മേളനത്തിനും പ്രാദേശിക സംഘാടക സമിതിയുണ്ടാക്കി ഫണ്ട് പിരിച്ചിരുന്നു. ഒക്ടോബറിൽ നടന്ന സമ്മേളനത്തിന്റെ വരവുചെലവ് കണക്ക് 7 മാസമായിട്ടും വെളിപ്പെടുത്തിയിട്ടില്ല. ഇതിന് പിന്നാലെയാണ് അമേരിക്കയിലം സ്റ്റാർ മോഡൽ പിരിവ്. ഇത് മറുനാടൻ ദിവസങ്ങൾക്ക് മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം മറ്റ് മാധ്യമങ്ങളും ഇതോടെ വിവാദം കത്തി പടരുകയാണ്.

സമാനതകളില്ലാത്ത പിരിവാണ് നടക്കുന്നത്. ന്യൂയോർക്കിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന ലോകകേരളസഭ മേഖലാ സമ്മേളനത്തിന് ഒരു ലക്ഷം ഡോളറിന്റെ ഗോൾഡ് സ്പോൺസർഷിപ് മാത്രമല്ല, രണ്ടരലക്ഷം ഡോളറിന്റെ ഡയമണ്ട് സ്പോൺസർഷിപ്പും ഏകദേശം 2.06 കോടി ഇന്ത്യൻ രൂപ! അമേരിക്കൻ മലയാളിയായ ബാബു സ്റ്റീഫൻ മേഖലാ സമ്മേളനത്തിന്റെ ഡയമണ്ട് സ്പോൺസറായി 2.5 ലക്ഷം ഡോളറിന്റെ ചെക്ക് സംഘാടക സമിതിക്കു കൈമാറിയതിന്റെ വാർത്തയും ചിത്രവും സഭയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പങ്കുവച്ചിട്ടുണ്ട്. എന്തിനാണ് ഇത്രയും തുകയെന്ന് മനസ്സിലാകുന്നില്ല. സഖാക്കളായ പ്രവസികൾക്ക് ഫണ്ടുണ്ടാക്കാനുള്ള സുവർണ്ണാവസരമാണ് ഇപ്പോൾ ഇതിലൂടെ കൈവരുന്നത്.

ഇടതു സർക്കാർ നടത്തിയ മിക്കവാറും എല്ലാ ലോക കേരള സഭയും വിവാദത്തിലായിരുന്നു. മോൻസൺ മാവുങ്കൽ തട്ടിപ്പിന് പിന്നിലും ചർച്ചയായി. സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങളും ഉയർന്നു. അതിന് അപ്പുറത്തേക്കാണ് വിദേശത്ത് നടക്കുന്ന ഫണ്ട് പിരിവ്. യുകെയിൽ ഇടതു സഹയാത്രികനായ സിനിമാ ബന്ധമുള്ള കള്ളപ്പണം വെളുപ്പിക്കുന്ന വ്യക്തിയാണ് മുന്നിൽ നിന്ന് എല്ലാം നടത്തിയത്. ഇവിടുത്തെ പ്രാദേശിക സംഘാടക സമിതിയും കണക്ക് നൽകിയില്ലെന്നത് പുതിയ ചർച്ചയായി മാറുന്നു. വിദേശത്തെ പിരിവായതു കൊണ്ട് നാട്ടിൽ വിജിലൻസ് കേസും വരില്ല.

സംസ്ഥാന ഖജനാവിൽനിന്നു പണം ചെലവിടാതിരിക്കാനാണു പ്രാദേശികമായി സംഘാടക സമിതി സ്പോൺസർഷിപ്പിലൂടെ സമ്മേളനം നടത്തുന്നതെന്നാണു സർക്കാരിന്റെ വാദം. എന്നാൽ ഖജനാവിൽ നിന്നും ആവശ്യത്തിന് പണം ചെലവാകുന്നുണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ.എൻ.ഷംസീർ, മന്ത്രി കെ.എൻ.ബാലഗോപാൽ, മുഖ്യമന്ത്രിയെ അനുഗമിക്കുന്ന ഉദ്യോഗസ്ഥർ എന്നിവരുടെ യാത്രച്ചെലവ് വഹിക്കുന്നതു സർക്കാരാണ്. മുഖ്യമന്ത്രിയുടെ ഭാര്യയും യാത്രാ സംഘത്തിലുണ്ട്. ഇവരുടെ ചെലവ് സ്വകാര്യമായാണ് നൽകുന്നത്.

മുഖ്യമന്ത്രിയും സംഘവും 3 ദിവസമാണ് യുഎസിൽ തങ്ങുന്നതെങ്കിലും ഏകോപനം നിർവഹിക്കാൻ നേരത്തേ പോകുന്ന ഉദ്യോഗസ്ഥർ കൂടുതൽ ദിവസം അവിടെയുണ്ടാകും. ലോകകേരള സഭ സെക്രട്ടേറിയറ്റ് ഡയറക്ടർ കെ.വാസുകി ചെലവിടുന്നതു 10 ദിവസം. സഭാ പ്ലാൻ ഫണ്ടിൽ നിന്നാണു ചെലവ്. നോർക്ക വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ, സിഇഒ ഹരികൃഷ്ണൻ നമ്പൂതിരി, ജനറൽ മാനേജർ അജിതുകൊളശ്ശേരി എന്നിവർ 9 ദിവസം യുഎസിലുണ്ടാകും. യാത്രച്ചെലവും താമസച്ചെലവും വഹിക്കുന്നതു നോർക്ക റൂട്ട്സ് ഫണ്ടിൽനിന്ന്. ഇതിനൊന്നും സംഘാടകർ ചെലവ് നൽകേണ്ടതില്ല.

പരിപാടി സംഘടിപ്പിക്കുന്നതു ന്യൂയോർക്കിലെ സംഘാടകസമിതിയാണെന്നും അതിനായാണ് അവർ സ്പോൺസർഷിപ് സ്വീകരിക്കുന്നതെന്നും പറയുമ്പോഴാണ് സർക്കാരിന്റെ ഭാഗമായ 4 ഉദ്യോഗസ്ഥർ ഒരാഴ്ച മുൻപേ യുഎസിലെത്തുന്നത്. മുഖ്യമന്ത്രി അടക്കമുള്ളവരുടെ ചെലവും സർക്കാർ വഹിക്കുന്നുണ്ട്. യുഎസിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ലോകകേരള സഭ മേഖലാ സമ്മേളനത്തിനായി സംഘാടകസമിതിയുടെ പേരിൽ വൻതുക പിരിച്ചെടുക്കുന്നത് വിവാദത്തിലായിട്ടും സർക്കാർ അതിന് അനുമതി നിഷേധിക്കുന്നില്ലെന്നതാണ് വസ്തുത. യാത്രയ്ക്ക് കേന്ദ്ര സർക്കാരിന്റെ അനുമതി കിട്ടിയതോടെ പിരിവും കൂടി. പിരിക്കുന്ന തുക ആരെടുക്കുമെന്നതും അജ്ഞാതമാണ്. ഏതായാലും ഇതുവരെ കേട്ടുകേൾവിയില്ലാത്ത തരത്തിലാണ് പിരിവ്.

താരനിശ സംഘടിപ്പിക്കുന്ന മാതൃകയിൽ ഗോൾഡ്, സിൽവർ, ബ്രോൺസ് പാസുകൾ നൽകിയാണു സ്പോൺസർഷിപ് സ്വീകരിക്കുന്നത്. ഗോൾഡിന് ഒരു ലക്ഷം ഡോളർ (ഏകദേശം 82 ലക്ഷം രൂപ), സിൽവറിന് 50,000 ഡോളർ (ഏകദേശം 41 ലക്ഷം രൂപ), ബ്രോൺസിന് 25,000 ഡോളർ (ഏകദേശം 20.5 ലക്ഷം രൂപ) എന്നിങ്ങനെയാണു നൽകേണ്ട തുക. ലോക കേരള സഭ സർക്കാരിന് കൂടി പങ്കാളിത്തമുള്ള ഔദ്യോഗിക സ്വഭാവമുള്ള പരിപാടിയാണ്. ഇതിന് ഇത്തരത്തിൽ പണം പിരിക്കുന്നത് ശരിയാണോ എന്ന ചോദ്യം സജീവമാണ്.

ഗോൾഡ് ഒരുലക്ഷം ഡോളറിന്റെ പാസാണ്. സ്റ്റേജിൽ ഇരിപ്പിടം, വിഐപികൾക്കൊപ്പം ഡിന്നർ, 2 സ്വീറ്റ് മുറി, ഹോട്ടലിലും പുറത്തും പേര് പ്രദർശിപ്പിക്കും, രജിസ്റ്റ്രേഷൻ ഡെസ്‌കിൽ ബാനർ. സമ്മേളന സുവനീറിൽ 2 പേജ് പരസ്യം, ആഡംബര കാർ സൗകര്യം എന്നിവയുണ്ടാകും. സിൽവർ പാക്കേജിന് ഈടാക്കുന്നത് 50,000 ഡോളറാണ്. സ്റ്റേജിൽ ഇരിപ്പിടം, വിഐപികൾക്കൊപ്പം ഡിന്നർ, ഒരു സ്വീറ്റ് മുറി, ഹോട്ടലിലും പുറത്തും പേര് പ്രദർശനം, ബാനർ, സുവനീറിൽ ഒരു പേജ് പരസ്യം എന്നിവ കിട്ടും. ബ്രോൺസിന് 25,000 ഡോളർ. വിഐപികൾക്കൊപ്പം ഡിന്നർ, സ്റ്റേജിൽ ഇരിപ്പിടം എന്നിവയൊഴിച്ചുള്ള സിൽവർ സൗകര്യങ്ങൾ ഉണ്ടാകും. ഫലത്തിൽ മുഖ്യമന്ത്രിയെ വിറ്റ് കാശാക്കുകയാണ് സംഘാടകർ.

മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കെ.എൻ.ബാലഗോപാൽ, സ്പീക്കർ എ.എൻ.ഷംസീർ, നോർക്ക വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ എന്നിവരുടെയും സമ്മേളനം നടക്കുന്ന ന്യൂയോർക്കിലെ ആഡംബര ഹോട്ടലിന്റെയും ചിത്രം സഹിതമുള്ള താരിഫ് കാർഡ് അമേരിക്കൻ മലയാളികളുടെ ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ട്. ഇതോടെയാണ് പിരിവ് പുറം ലോകം നൽകുന്നത്. വലിയ സ്പോൺസർഷിപ് നൽകുന്നവർക്കു സമ്മേളന വേദിയിൽ അംഗീകാരവും കേരളത്തിൽനിന്നുള്ള വിഐപികൾക്കൊപ്പമുള്ള ഡിന്നറും അടക്കം വാഗ്ദാനങ്ങളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP