Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എസ്ഡിപിഐ പ്രവർത്തകന്റെ ഫാക്ടറിക്ക് സിപിഎം പിന്തുണ നൽകുന്നത് എന്തിനാണ്? ഒരു 'കീടം' മരിച്ചു എന്നായിരുന്നു പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞത്; നീതി ലഭിക്കില്ലെന്ന് വന്നപ്പോഴാണ് 'മരണമാണ് സമരം' എന്നു റസാഖ് തീരുമാനിച്ചത്; റസാഖ് പയമ്പ്രോട്ടിന്റെ മരണത്തിൽ സിപിഎം പ്രാദേശിക നേതൃത്വത്തിനെതിരെ മുൻ ബ്രാഞ്ച് സെക്രട്ടറി

എസ്ഡിപിഐ പ്രവർത്തകന്റെ ഫാക്ടറിക്ക് സിപിഎം പിന്തുണ നൽകുന്നത് എന്തിനാണ്? ഒരു 'കീടം' മരിച്ചു എന്നായിരുന്നു പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞത്; നീതി ലഭിക്കില്ലെന്ന് വന്നപ്പോഴാണ് 'മരണമാണ് സമരം' എന്നു റസാഖ് തീരുമാനിച്ചത്; റസാഖ് പയമ്പ്രോട്ടിന്റെ മരണത്തിൽ സിപിഎം പ്രാദേശിക നേതൃത്വത്തിനെതിരെ മുൻ ബ്രാഞ്ച് സെക്രട്ടറി

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: ഇടതു സഹയാത്രികനുമായ റസാഖ് പയമ്പ്രോട്ടിന്റെ മരണത്തിൽ സിപിഎം പ്രാദേശിക നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ബന്ധുവും സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയുമായ ജമാലുദ്ദീൻ പയമ്പ്രോട്ട്. സിപിഎം പ്രാദേശിക നേതൃത്വം അൽപം സ്‌നേഹം കാണിച്ചിരുന്നെങ്കിൽ റസാഖ് മരിക്കില്ലായിരുന്നുവെന്ന് ജമാലുദ്ദീൻ പയമ്പ്രോട്ട് പറഞ്ഞു.

ബൂർഷ്വ വർഗത്തിൽ നിന്ന് നീതി ലഭിക്കില്ലെന്ന് വന്നപ്പോഴാണ് 'മരണമാണ് സമരം' എന്നു റസാഖ് തീരുമാനിച്ചതെന്നും ജമാലുദ്ദീൻ പറഞ്ഞു. എസ്ഡിപിഐ പ്രവർത്തകന്റെ ഫാക്ടറിക്ക് സിപിഎം പിന്തുണ നൽകുന്നത് എന്തിനാണന്നും ജമാലുദ്ദീൻ ചോദിക്കുന്നു. ''സിപിഎമ്മിന് പഞ്ചായത്ത് ഭരണം കിട്ടിയപ്പോൾ സന്തോഷിച്ചയാളാണ് റസാഖ്. എന്നാൽ ഒരു 'കീടം' മരിച്ചുവെന്നായിരുന്നു റസാഖിന്റെ മരണം അറിഞ്ഞുള്ള പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രതികരണം. പാർട്ടിയെ ഞാൻ തള്ളിപ്പറയില്ല. എന്നാൽ പ്രാദേശിക നേതൃത്വം പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു'' ജമാലുദ്ദീൻ പറഞ്ഞു.

സാംസ്‌കാരിക പ്രവർത്തകനും ഇടതു സഹയാത്രികനുമായ റസാഖ് പയമ്പ്രോട്ടിന്റെ മരണത്തിലേക്കു നയിച്ച കാര്യങ്ങളിൽ സിപിഎം പ്രാദേശിക നേതാക്കളുടെ ഇടപെടൽ ഉൾപ്പെടെ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ടു ഭാര്യ ഷീജ കൊണ്ടോട്ടി പൊലീസിൽ പരാതി നൽകിയിരുന്നു. റസാഖ് പയമ്പ്രോട്ട് പുളിക്കൽ ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ ആത്മഹത്യചെയ്തതിൽ സിപിഎം. നേതാക്കൾക്കും പഞ്ചായത്ത് പ്രസിഡന്റിനുമുള്ള പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ഭാര്യ ഷീജ പൊലീസിൽ പരാതി നൽകിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലെത്തിയാണ് പരാതി കൈമാറിയത്.

വ്യക്തിഹത്യ നടത്തിയാണ് റസാഖിനെ ആത്മഹത്യയിലേക്കെത്തിച്ചത്. ഇതിന് ഉത്തരവാദികളായവരെ നിയമത്തിനു മുൻപിലെത്തിക്കണം. റസാഖിന്റെ ആത്മഹത്യയിലേക്കു നയിച്ച സാഹചര്യങ്ങളെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്നും പരാതിയിൽ പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് റസാഖ് പയമ്പ്രോട്ടിനെ പുളിക്കൽ ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. കൊട്ടപ്പുറം പാണ്ടിയാട്ടുപുറത്ത് ജനവാസകേന്ദ്രത്തിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ സ്ഥാപനത്തിനെതിരേ വിവിധ കേന്ദ്രങ്ങളിൽ നൽകിയ പരാതികളും രേഖകളും ബാഗിലാക്കി കഴുത്തിലണിഞ്ഞാണ് ആത്മഹത്യചെയ്തത്. റസാഖിന്റെ ആത്മഹത്യക്കുറിപ്പിൽ പരാമർശിച്ച കാര്യങ്ങളിൽ സമഗ്രാന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൂടിയാണ് ഭാര്യ ഷീജ പൊലീസിനെ സമീപിച്ചത്.

പാണ്ടിയാട്ടുപുറത്തെ വിവാദ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണകേന്ദ്രത്തിനെതിരേ റസാഖും കുടുംബവും പരാതി നൽകിയിരുന്നു. റസാഖിന്റെ സഹോദരൻ ബഷീർ ശ്വാസകോശസംബന്ധമായ അസുഖം (ഐ.എൽ.ഡി.) ബാധിച്ച് കഴിഞ്ഞ മാർച്ചിൽ മരിക്കാനിടയായത് വായുമലിനീകരണം മൂലമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഗ്രാമപ്പഞ്ചായത്ത് ഓഫീസിലും മറ്റും നൽകിയ പരാതിയിൽ അനുകൂല നടപടിയുണ്ടായില്ല. പ്രശ്നത്തിൽ സിപിഎം. നേതാക്കളും നീതിപൂർവമായ നിലപാടെടുക്കുന്നില്ലെന്ന് റസാഖിന് ആക്ഷേപമുണ്ടായിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ അദ്ദേഹം നേതാക്കൾക്കെതിരേ പലതവണ രംഗത്തെത്തിയിരുന്നു.

റസാഖിന്റെ മരണത്തെ തുടർന്ന് പുളിക്കൽ പാണ്ടിയാട്ടുപുറത്തു പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ കേന്ദ്രത്തിനും ഇരുമ്പ് കസേര നിർമ്മാണ യൂനിറ്റിനുമെതിരെ ജനകീയ പ്രതിഷേധം ശക്തമാണ്. വീണ്ടും പ്രവർത്തനമാരംഭിക്കാനുള്ള വ്യവസായ കേന്ദ്രങ്ങളുടെ ശ്രമം നാട്ടുകാർ തിങ്കളാഴ്ച തടഞ്ഞു. കരിപ്പൂർ പൊലീസ് സ്ഥലത്തെത്തി സംഘർഷാവസ്ഥ ഒഴിവാക്കി. കേന്ദ്രത്തിന്റെ പ്രവർത്തനം പൊലീസ് ഇടപെട്ട് താൽക്കാലികമായി നിർത്തിവെപ്പിച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP