Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മഴ രസംകൊല്ലിയായിട്ടും ആവേശം കൊടുമുടി കയറിയപ്പോൾ ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സിന് അഞ്ചാം ഐപിഎൽ കിരീടം; ഹാർദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസിനെ ഫൈനലിൽ കീഴടക്കിയത് അഞ്ചുവിക്കറ്റിന്; അവസാന പന്ത് ജഡേജ ബൗണ്ടറി കടത്തിയതോടെ ധോണിയുടെ ശേഖരത്തിൽ ഒരുട്രോഫി കൂടി; ഓൾ റൗണ്ട് മികവിൽ തിളങ്ങിയെങ്കിലും നിലവിലെ ചാമ്പ്യന്മാർക്ക് അടിതെറ്റി; പുതിയ ചാമ്പ്യന്മാർക്കുള്ള 20 കോടി വാരി ചെന്നൈ

മഴ രസംകൊല്ലിയായിട്ടും ആവേശം കൊടുമുടി കയറിയപ്പോൾ ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സിന് അഞ്ചാം ഐപിഎൽ കിരീടം; ഹാർദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസിനെ ഫൈനലിൽ കീഴടക്കിയത് അഞ്ചുവിക്കറ്റിന്; അവസാന പന്ത് ജഡേജ ബൗണ്ടറി കടത്തിയതോടെ ധോണിയുടെ ശേഖരത്തിൽ ഒരുട്രോഫി കൂടി; ഓൾ റൗണ്ട് മികവിൽ തിളങ്ങിയെങ്കിലും നിലവിലെ ചാമ്പ്യന്മാർക്ക് അടിതെറ്റി; പുതിയ ചാമ്പ്യന്മാർക്കുള്ള 20 കോടി വാരി ചെന്നൈ

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: മഴ ഇടയ്ക്ക് രസംകൊല്ലി ആയെങ്കിലും ആരാധകരെ ആനന്ദത്തിലാറാടിച്ച് ചെന്നൈ സൂപ്പർ കിങ്‌സ് 16 ാമത് ഐപിഎല്ലിൽ ചാമ്പ്യന്മാരായി.അഞ്ചാം കിരീടം എന്ന ചെന്നൈയുടെ മോഹം സഫലമായി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ, ഗുജറാത്ത് ടൈറ്റൻസിനെ ധോണിയുടെ ടീം അഞ്ചുവിക്കറ്റിന് കീഴടക്കി.

ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ആദ്യ ട്വന്റ് 20 ലോകകപ്പ് വിജയത്തിലേക്ക് നയിച്ച എം എസ് ധോണിയുടെ ശേഖരത്തിൽ ഒരു ട്രോഫി കൂടി എത്തി. ഐപിഎൽ ഫൈനലിലെ ഏറ്റവും ഉയർന്ന സ്‌കോർ നേടിയ ഇന്ത്യൻ ടി 20 ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ നയിച്ച ഗുജറാത്ത് ടൈറ്റൻസിന് ചാമ്പ്യൻ പട്ടം നിലനിർത്താനായില്ല കഴിഞ്ഞ വർഷം ടൂർണമെന്റിൽ കളിച്ചുതുടങ്ങിയ ടീം ആദ്യ സീസണിൽ തന്നെ ചാമ്പ്യന്മാരായി. ഇത്തവണയും സ്ഥിരതയ്യാർന്ന പ്രകടനമായിരുന്നു. അഞ്ചുദിവസം മുമ്പ് ചെന്നൈ തോൽപ്പിച്ചുവിട്ട ഗുജറാത്ത്‌, മുംബൈയെ രണ്ടാം ക്വാളിഫയറിൽ ആധികാരികമായി തകർത്താണ് ഫൈനലിൽ എത്തിയത്. എന്നാൽ, ഗുജറാത്തിന്റെ ഓൾ റൗണ്ട് മികവിനും ചെന്നൈയുടെ ഫിനിഷിങ് പാടവത്തെ മറികടക്കാനായില്ല.

ഗുജറാത്തിനെതിരെ,ചെന്നൈ 215 റൺസ് ലക്ഷ്യം നേടിയെടുക്കാൻ ക്രീസിൽ ഇറങ്ങിയ പാടേ മഴ പെയ്യുകയായിരുന്നു. നാലുറൺസ് മാത്രമായിരുന്നു സ്‌കോര് ബോർഡിൽ. ഇതോടെ ദീർഘനേരം കളിമുടങ്ങി. പുലർച്ചെ 12.10 നാണ് വീണ്ടും കളിയാരംഭിച്ചത്. ഡക്വർത്ത് ലൂയിസ് നിയമപ്രകാരം 15 ഓവറായി കളി ചുരുക്കി. സിഎസ് കെയുടെ ടാർജറ്റ് 171 റൺസായി പുതുക്കി നിശ്ചയിച്ചു. ഞായറാഴ്ച കളി മുടങ്ങിയതോടെയാണ് റിസർവ് ദിനമായ തിങ്കളാഴ്ചത്തേക്ക് കളി നീണ്ടത്. ചെന്നൈയുടെ റിതുരാജ് ഗെയ്ക് വാദ് നാലുറൺസും, ദേവൺ കോൺവേ റണ്ണെടുക്കാതെയും ക്രീസിൽ നിൽക്കുമ്പോഴാണ് ഇന്നുമഴ വന്നത്. മഴയ്ക്ക്‌ശേഷം കളി പുനരാംരംഭിച്ചപ്പോൾ, ഇരുവരും തകർത്തടിച്ചു. ആക്രമിച്ചുകളിക്കുക എന്ന നയമാണ് സിഎസ്‌കെ പുറത്തെടുത്തത്.

മുഹമ്മദ് ഷമിയുടെ ആദ്യ ഓവറിൽ ഗെയ്ക്ക്വാദും, ദേവണും ചേർന്ന് 10 റൺസെടുത്തു. ഇതിൽ ഗെയ്ക്ക്വാദിന്റെ രണ്ടു ഫോറും ഉൾപ്പെടുന്നു. എന്നാൽ, ആവേശം അധികനേരം നീണ്ടുനിന്നില്ല. 26 റൺസെടുത്ത ഗെയ്ക് വാദ് നൂർ മുഹമ്മദിന് മുന്നിൽ വീണു. ഷോട്ടിന്റെ ടൈമിങ് തെറ്റിയതോടെ, പന്ത് റാഷിദ് ഖാന്റെ കൈകളിലേത്തി. അർദ്ധസെഞ്ച്വറിക്കടുത്ത് ദേവൺ
 കോൺവേയും നൂർ മുഹമ്മദിന്റെ മുന്നിൽ വീണു. ബൗണ്ടറിക്കായി ശ്രമിച്ച കോൺവേ മോഹിത് ശർമയുടെ കൈകളിൽ ഒതുങ്ങി.

ഗെയ്ക്കാവാദും ദേവണും പുറത്തായിട്ടും, സിഎസ്‌കെയ്ക്ക് ഉപേക്ഷിക്കാൻ ആക്രമണം
സാധ്യമായിരുന്നില്ല. ശിവം ദുബെയും അജിൻക്യ റഹാനെയും ചേർന്ന് 9.1 ഓവറിൽ സിഎസ്‌കെയെ 100 ലെത്തിച്ചു. എന്നാൽ, 27 റൺസെടുത്ത റഹാനെയെ മോഹിത് ശർമ മടക്കി അയച്ചതോടെ ഗുജറാത്തിന് വീണ്ടും പ്രതീക്ഷയായെങ്കിലും, പകരം എത്തിയ അമ്പാട്ടി റായിഡുവും കൂറ്റൻ അടികളിലേക്ക് നീങ്ങി. റായിഡു മടങ്ങി ധോണി വന്നപ്പോൾ 13 പന്തിൽ 22 റൺസായിരുന്നു വേണ്ടിയിരുന്നത്. ആവശ്യമുള്ള റൺറേറ്റ് 10.5 ഉം. എന്നാൽ, മോഹിത് ശർമ ധോണിയെ ഡക്ക് ഔട്ടാക്കിയതോടെ സിഎസ്‌കെയുടെ പ്രതീക്ഷകൾ മങ്ങി.

ശിവം ദുബെയും രവീന്ദ്ര ജഡേജയും ചേർന്നാണ് ആവേശകരമായ അന്ത്യത്തിൽ ചെന്നൈയെ ജയത്തിലേക്ക് നയിച്ചത്. 15ാം ഓവറിലെ അവസാന രണ്ടുപന്തിൽ ജയിക്കാൻ 10 റൺസ് വേണമായിരുന്നു. ഒരു സിക്‌സ് ജഡേജയുടെ ബാറ്റിൽ നിന്ന് മൂളി പറന്നു. അവസാന പന്തിൽ ജയിക്കാൻ നാലു റൺസ് വേണമായിരുന്നു. ആകാംക്ഷയുടെ മുൾമുനയിൽ, ജഡേജ ബൗണ്ടറി കടത്തിയാണ് ചെന്നൈയെ വിജയത്തിലെത്തിച്ചത്.

നേരത്തെ സായി സുദർശനും വൃദ്ധിമാൻ സാഹ നിറഞ്ഞാടിയപ്പോൾ ചെന്നൈ സൂപ്പർ കിങ്‌സിന് ഗുജറാത്ത് ടൈറ്റൻസ് ലക്ഷ്യം കുറിച്ച് കൊടുത്തത് 215. നാലുവിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് 214 റൺസെടുത്തു. ഐപിഎൽ ഫൈനലിലെ ഒടുടീമിന്റെ ഉയർന്ന സ്‌കോർ. സായി സുദർശൻ വെറും 47 പന്തിൽ 96 റൺസെടുത്തു. 23 കാരനായ ചെന്നൈ പയ്യൻസിന്റെ ഇന്നിങ്‌സിൽ എട്ടുഫോറും ആറും സിക്‌സും. ഡെത്ത് ഓഫറുകളിലാണ് സായ് ബാറ്റ് ആഞ്ഞുവീശിയത്.

നേരത്തെ വൃദ്ധിമാൻ സാഹ 39 പന്തിൽ 54 റൺസെടുത്തു. ഇന്നുപക്ഷേ ഓപ്പണിങ് പങ്കാളിയായ ശുഭ്മാൻ ഗില്ലിന് 39 റൺസിൽ പവലിയനിലേക്ക് മടങ്ങേണ്ടി വന്നു. റിസർവ് ദിനത്തിൽ, ഞായറാഴ്ചത്തെ പോലെ മഴ രസം കൊല്ലിയായില്ല. നേരിയ ചാറ്റൽ മഴ മാത്രം. മഴ വരുമെന്ന് പേടിച്ച് ധോണി ഫീൽഡിങ് തിരഞ്ഞെടുത്തു. ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും വൃദ്ധിമാൻ സാഹയും തുടക്കം മോശമാക്കിയില്ല. ഇരുവരെയും ക്യാച്ചെടുത്ത് പുറത്താക്കാനുള്ള അവസരം ദീപക് ചാഹർ പാഴാക്കിയതോടെ, ഗില്ലും സാഹയും കളം തകർത്തു. ആദ്യ വിക്കറ്റിൽ 77 റൺസാണ് ഗില്ലും സാഹയും ചേർന്ന് അടിച്ചെടുത്തത്. രവീന്ദ്ര ജഡേജയെ ഇറക്കിയാണ് ധോണി ഈ കൂട്ടുകെട്ട് പൊളിച്ചത്. ജഡേജയുടെ പന്തിൽ ഗില്ലിനെ ധോനി സ്റ്റംപ് ചെയ്ത് പുറത്താക്കിതോടെയാണ് സായ് സുദർശൻ ക്രീസിലെത്തിയത്. സുദർശനെ കാഴ്ചക്കാരനാക്കി സാഹ അടിച്ചുതകർത്തു. ഇരുവരും ചേർന്ന് 11.1 ഓവറിൽ ടീം സ്‌കോർ 100 കടത്തി. 12.3 ഓവറിൽ സാഹ അർധസെഞ്ചുറി നേടി. 50 റൺസ് മറികടക്കാൻ താരത്തിന് 36 പന്തുകൾ മാത്രമാണ് വേണ്ടിവന്നത്. പിന്നീട് സുദർശന്റെ ഊഴമായിരുന്നു.

39 പന്തിൽ നിന്ന് അഞ്ച് ഫോറിന്റെയും ഒരു സിക്സിന്റെയും സഹായത്തോടെ 54 റൺസെടുത്താണ് സാഹ ക്രീസ് വിട്ടത്. ചെന്നൈയ്ക്ക് വേണ്ടി മതീഷ് പതിരണ രണ്ട് വിക്കറ്റെടുത്തപ്പോൾ ദീപക് ചാഹറും ജഡേജയും ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി. തുഷാർ ദേശ്പാണ്ഡെ നാലോവറിൽ 56 റൺസാണ് വിട്ടുകൊടുത്തത്.

ചെന്നൈ സൂപ്പർ കിങ്‌സും ഗുജറാത്ത് ടൈറ്റൻസും പ്ലേ ഓഫിൽ കളിച്ച അതേ ടീമിനെ നിലനിർത്തി. സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈയെ അഞ്ച് വിക്കറ്റിന് തോൽപിച്ച് ജൈത്രയാത്ര തുടങ്ങിയ ഹാർദ്ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസ് പ്ലേ ഓഫിലെത്തിയത് പോയന്റ് പട്ടികയിൽ ഒന്നാമന്മാരായാണ്. എന്നാൽ ചെപ്പോക്കിൽ നടന്ന ആദ്യ ക്വാളിഫയറിൽ ധോണിയും സംഘവും ഹാർദിക്കിന്റെ ഗുജറാത്തിനെ 15 റൺസിന് വീഴ്‌ത്തി ഫൈനലുറപ്പിക്കുന്ന ആദ്യ ടീമായി.

ഇക്കുറി ഐ.പി.എൽ. പ്രാഥമിക റൗണ്ട് മത്സരം കഴിഞ്ഞപ്പോൾ ഗുജറാത്ത് ഒന്നാമതും ചെന്നൈ രണ്ടാമതുമായിരുന്നു. ഒന്നാം ക്വാളിഫയറിൽ ചെന്നൈ ഗ്രൗണ്ടിൽ ഗുജറാത്തിനെ തകർത്ത് ചെന്നൈ ഫൈനലിലെത്തിയപ്പോൾ, വെള്ളിയാഴ്ച രണ്ടാം ക്വാളിഫയറിൽ മുംബൈയെ ആധികാരികമായി തോൽപ്പിച്ചാണ് ഗുജറാത്ത് ഫൈനലിലെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP