Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'പുതിയ പാർലമെന്റ് മന്ദിരം ഞങ്ങളുടെ പ്രതീക്ഷയുടെ പുതിയ ഭവനം'; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് പ്രമുഖർ; വീഡിയോ പങ്കുവെച്ച് ഷാരൂഖ്; സന്തോഷം പ്രകടിപ്പിച്ച് ഇളയരാജയും രജനികാന്തും; ജനാധിപത്യ ശക്തിയുടെയും പുരോഗതിയുടെയും പ്രതീകമെന്ന് മോദിയുടെ പ്രതികരണം

'പുതിയ പാർലമെന്റ് മന്ദിരം ഞങ്ങളുടെ പ്രതീക്ഷയുടെ പുതിയ ഭവനം'; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് പ്രമുഖർ; വീഡിയോ പങ്കുവെച്ച് ഷാരൂഖ്; സന്തോഷം പ്രകടിപ്പിച്ച് ഇളയരാജയും രജനികാന്തും; ജനാധിപത്യ ശക്തിയുടെയും പുരോഗതിയുടെയും പ്രതീകമെന്ന് മോദിയുടെ പ്രതികരണം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് പ്രമുഖർ. നടന്മാരായ ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ, രജനീകാന്ത്, സംഗീതജ്ഞൻ ഇളയരാജ, യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ളവർ അഭിനന്ദനങ്ങളുമായെത്തി.

പ്രധാനമന്ത്രി നേരത്തെ ട്വിറ്ററിൽ പങ്കിട്ട പുതിയ പാർലമെന്റ് മന്ദിരത്തിന്റെ വിഡിേയായിൽ, വോയ്സ്ഓവർ ചേർത്താണ് ഷാറുഖ് ഖാനും അക്ഷയ് കുമാറും അഭിനന്ദിച്ചത്. ചെങ്കോൽ സ്ഥാപിക്കുന്നതിൽ രജനികാന്തും നന്ദി അറിയിച്ചു. മൂവരുടെയും അഭിനന്ദന ട്വീറ്റിനോട് പ്രതികരിച്ച പ്രധാനമന്ത്രി, പുതിയ മന്ദിരം 'ജനാധിപത്യ ശക്തിയുടെയും പുരോഗതിയുടെയും പ്രതീകമാണ്' എന്ന് കൂട്ടിച്ചേർത്തു.

ഇന്ത്യൻ ജനതയെയും അതിന്റെ ഭരണഘടനയെയും വൈവിധ്യത്തെയും ഉയർത്തിപ്പിടിക്കുന്ന ഗംഭീരമായ ഗേഹമെന്ന് ഷാരൂഖ് ട്വീറ്റ് ചെയ്തു. പുതിയ ഇന്ത്യക്ക് പുതിയ പാർലമെന്റെന്നും അദ്ദേഹം കുറിച്ചു.

''പുതിയ പാർലമെന്റ് മന്ദിരം. ഞങ്ങളുടെ പ്രതീക്ഷയുടെ പുതിയ ഭവനമാണ്. ഈ പുതിയ വീട് വളരെ വലുതായിരിക്കട്ടെ, അതിൽ എല്ലാ ഗ്രാമങ്ങളിലും നഗരങ്ങളിലും രാജ്യത്തിന്റെ എല്ലാ കോണുകളിലും ഉള്ള എല്ലാവർക്കും ഇടമുണ്ട്. പുതിയ വീട് എല്ലാ ജാതിയിലും മതത്തിലും പെട്ട ആളുകളെയും ആശ്ലേഷിക്കട്ടെ. ജനാധിപത്യത്തിന്റെ ആത്മാവ് അതിന്റെ പുതിയ ഭവനത്തിൽ ദൃഢമായി നിലകൊള്ളട്ടെ'' ഷാറുഖ് ഖാൻ ട്വീറ്റ് ചെയ്തു.

'ഇന്ത്യയുടെ വളർച്ചയുടെ ചരിത്രത്തിന്റെ പ്രതീകം' എന്നാണ് അക്ഷയ് കുമാർ വിശേഷിപ്പിച്ചത്. ഓരോ ഇന്ത്യക്കാരനും രാജ്യത്തിന്റെ പുരോഗതിയിൽ അഭിമാനിക്കുന്നതിനാൽ തനിക്ക് സന്തോഷം അടക്കാനാകില്ലെന്നും അദ്ദേഹം വിഡിയോയിൽ പറഞ്ഞു. ഡൽഹിയിലെ ബാല്യകാലം അനുസ്മരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു:

''ഞാൻ മാതാപിതാക്കളോടൊപ്പം ഇന്ത്യാ ഗേറ്റ് സന്ദർശിക്കുമ്പോൾ, ചുറ്റുമുള്ള മിക്ക കെട്ടിടങ്ങളും ബ്രിട്ടിഷുകാർ നിർമ്മിച്ചതാണ്. എന്നാൽ ഇതൊരു പുതിയ ഇന്ത്യയാണ്. എന്റെ ഹൃദയം അഭിമാനത്താൽ നിറഞ്ഞിരിക്കുന്നു. പാർലമെന്റ് ജനാധിപത്യത്തിന്റെ ക്ഷേത്രവും പുതിയ ഇന്ത്യയുടെ പ്രതീകവുമാണ്. ഇന്ന് അഭിമാനത്തിന്റെ നിമിഷം''.

''തമിഴ് ശക്തിയുടെ പരമ്പരാഗത ചിഹ്നമായ ചെങ്കോൽ പുതിയ പാർലമെന്റ് മന്ദിരത്തിൽ തിളങ്ങുമെന്നും പ്രധാനമന്ത്രിയോട് ആത്മാർഥമായ നന്ദി''യെന്നും രജനികാന്ത് തമിഴിൽ ട്വീറ്റ് ചെയ്തു. ട്വീറ്റിനോട് തമിഴിൽ പ്രതികരിച്ച പ്രധാനമന്ത്രി, തമിഴ്‌നാടിന്റെ മഹത്തായ സംസ്‌കാരത്തിൽ രാജ്യം മുഴുവൻ അഭിമാനിക്കുന്നുവെന്നും വ്യക്തമാക്കി.

ഒരിന്ത്യൻ പൗരനെന്ന നിലയിലും, പാർലമെന്റേറിയൻ എന്ന നിലയിൽ പ്രത്യേകിച്ചും, പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനത്തിലുള്ള സന്തോഷം പ്രകടിപ്പിച്ച് ഇളയരാജയും രംഗത്തെത്തി. മോദിയെ അഭിനന്ദിച്ച അദ്ദേഹം, ചെറിയ കാലയളവിനുള്ളിൽ സർക്കാരും ജനങ്ങളും ചേർന്ന് ഈ പദ്ധതി പൂർത്തീകരിച്ചതിലുള്ള സന്തോഷവും പ്രകടിപ്പിച്ചു. ചെങ്കോൽ വഴി പാർലമെന്റിൽ തമിഴ് പാരമ്പര്യം ഉയർത്തിപ്പിടിച്ച നരേന്ദ്ര മോദിക്ക് നന്ദിയറിയിച്ചാണ് രജനീകാന്ത് ട്വീറ്റ് ചെയ്തത്.

അതിനിടെ സ്വതന്ത്ര ഇന്ത്യയിൽ പണിതീർത്ത പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. 2020 ഡിസംബർ 10-ന് പ്രധാനമന്ത്രി തന്നെയാണ് മന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്. മന്ദിരം രാഷ്ട്രപതി ഉദ്ഘാടനംചെയ്യാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് ഉൾപ്പെടെ പ്രധാന 21 പ്രതിപക്ഷപാർട്ടികൾ ചടങ്ങ് ബഹിഷ്‌കരിച്ചു. എൻ.ഡി.എ. സഖ്യകക്ഷികളടക്കം 25 പാർട്ടികൾ ചടങ്ങിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP