Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നെഹ്റുവിനു മൗണ്ട ബാറ്റൺ പ്രഭു ചെങ്കോൽ നൽകിയതിനു തെളിവില്ല; പക്ഷേ ചെങ്കോലിനെ എല്ലാവരും സ്വീകരിക്കണം; പാവനമായ പരമാധികാരത്തിന്റെയും ധർമ സംസ്ഥാപനത്തിന്റെയും തുടർച്ചയുടെ പ്രതീകമായി ചെങ്കോലിനെ കാണുന്ന കേന്ദ്ര സർക്കാർ നിലപാട് ശരിയെന്നും തരൂർ; കോൺഗ്രസിനെ ഞെട്ടിച്ച് ട്വീറ്റ്; തരൂരിനെതിരെ നടപടി വന്നേക്കും

നെഹ്റുവിനു മൗണ്ട ബാറ്റൺ പ്രഭു ചെങ്കോൽ നൽകിയതിനു തെളിവില്ല; പക്ഷേ ചെങ്കോലിനെ എല്ലാവരും സ്വീകരിക്കണം; പാവനമായ പരമാധികാരത്തിന്റെയും ധർമ സംസ്ഥാപനത്തിന്റെയും തുടർച്ചയുടെ പ്രതീകമായി ചെങ്കോലിനെ കാണുന്ന കേന്ദ്ര സർക്കാർ നിലപാട് ശരിയെന്നും തരൂർ; കോൺഗ്രസിനെ ഞെട്ടിച്ച് ട്വീറ്റ്; തരൂരിനെതിരെ നടപടി വന്നേക്കും

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഭൂതകാലത്തുനിന്നുള്ള പ്രതീകം എന്ന നിലയിൽ, പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിച്ച ചെങ്കോലിനെ എല്ലാവരും സ്വീകരിക്കണമെന്ന് ശശി തരൂർ എംപിയുടെ പരസ്യ പ്രസ്താവനയിൽ കോൺഗ്രസ് അതൃപ്തിയിൽ. കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക നിലപാടിൽനിന്നു വിഭിന്നമാണ് പാർട്ടി അധ്യക്ഷ സ്ഥാനത്തേക്കു മത്സരിച്ചു പരാജയപ്പെട്ട നേതാവിന്റെ ഈ അഭിപ്രായപ്രകടനം. ഈ സാഹചര്യത്തിൽ കോൺഗ്രസ് എടുക്കുന്ന നിലപാട് നിർണ്ണായകമാകും. പാർട്ടി നിലപാടിന് വിരുദ്ധമായി സംസാരിച്ച തരൂരിനെ കോൺഗ്രസ് താക്കീത് ചെയ്‌തേയ്ക്കും.

ചെങ്കോലിന്റെ കാര്യത്തിൽ സർക്കാരും പ്രതിപക്ഷവും ഉയർത്തുന്ന വാദങ്ങളിൽ കഴമ്പുണ്ടെന്ന നിഷ്പക്ഷ നിലപാട് സ്വീകരിക്കാൻ ശ്രമിച്ച്, അനുകൂല നിലപാടിലേക്കു വഴുതുകയാണ് തരൂർ. അതേസമയം ഈ ചെങ്കോൽ മൗണ്ട് ബാറ്റൺ പ്രഭു ജവഹർലാൽ നെഹ്റുവിനെ അധികാര കൈമാറ്റത്തിന്റെ പ്രതീകമായി കൈമാറ്റം ചെയ്യുകയായിരുന്നു എന്നതിന് രേഖപ്പെടുത്തിയ തെളിവൊന്നുമില്ലെന്ന് തരൂരും സമ്മതിക്കുന്നു. ഗവർണർ ജനറലായിരുന്ന രാജഗോപാലാചാരിയുടെ നിർബന്ധപ്രകാരം തമിഴ്‌നാട്ടിൽ നിന്നുള്ള ശൈവ സന്ന്യാസിമാരാണ് നെഹ്റുവിനു ചെങ്കോൽ കൈമാറുന്നത്.

അതേസമയം, പാവനമായ പരമാധികാരത്തിന്റെയും ധർമ സംസ്ഥാപനത്തിന്റെയും തുടർച്ചയുടെ പ്രതീകം എന്ന നിലയിൽ ചെങ്കോലിനെ കാണുന്ന സർക്കാർ നിലപാട് ശരിയാണെന്നും തരൂർ ട്വിറ്ററിൽ കുറിച്ചു. ദൈവികമായ പിന്തുടർച്ചയായല്ല, ജനങ്ങളുടെ പേരിലാണ് ഭരണഘടന സ്വീകരിക്കപ്പെട്ടതെന്നും, പരമാധികാരം ജനങ്ങളിലാണ് നിക്ഷിപ്തമായിരിക്കുന്നതെന്നും അത് പാർലമെന്റിലാണ് പ്രതിനിധീകരിക്കപ്പെടുന്നതെന്നും രാജകീയ വിശേഷാധികാരം കൽപ്പിക്കുന്നതു ശരിയല്ലെന്നുമുള്ള പ്രതിപക്ഷ വാദവും യുക്തിസഹമാണെന്നും തരൂർ പറയുന്നുണ്ട്. അതിനുശേഷമാണ് ഭൂതകാലത്തിന്റെ പ്രതീകമെന്ന നിലയിൽ ചെങ്കോലിനെ സ്വീകരിക്കണമെന്ന ആഹ്വാനമെന്നും തരൂർ പറയുന്നു.

സ്വതന്ത്ര ഇന്ത്യയിലെ ചെങ്കോലിന്റെ ചരിത്രം ഇങ്ങനെ:

''അധികാര കൈമാറ്റത്തിന്റെ സമയം വന്നപ്പോൾ, വൈസ്രോയി ആയിരുന്ന മൗണ്ട് ബാറ്റൺ പ്രഭു മുൻ പ്രധാനമന്ത്രി നെഹ്‌റുവിനോട് ഇന്ത്യൻ പാരമ്പര്യമനുസരിച്ച് രാജ്യത്തിന് അധികാരം കൈമാറുന്നതിന്റെ പ്രതീകം എന്തായിരിക്കണം എന്ന് ചോദിച്ചു. സ്വാതന്ത്ര്യ സമര സേനാനിയും ചരിത്ര പണ്ഡിതനുമായ സി രാജഗോപാലാചാരിയുമായി നെഹ്‌റു ഈ വിഷയം ചർച്ച ചെയ്തു. തീവ്രമായ ചരിത്ര ഗവേഷണത്തിന് ശേഷം അദ്ദേഹം (രാജഗോപാലാചാരി) പറഞ്ഞു, ഇന്ത്യൻ പാരമ്പര്യമനുസരിച്ച്, 'ചെങ്കോൽ ' ചരിത്രപരമായ കൈമാറ്റത്തിന്റെ പ്രതീകമായി അടയാളപ്പെടുത്തിയിരിക്കുന്നു,

''ഇതിന്റെ അടിസ്ഥാനത്തിൽ, തമിഴ്‌നാട്ടിൽ നിന്ന് പ്രത്യേകം കൊണ്ടുവന്ന ചെങ്കോൽ അധീനത്തിൽ നിന്ന് നെഹ്‌റു സ്വീകരിച്ചു. അങ്ങനെ അധികാരം ഇന്ത്യൻ കൈകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. രാജേന്ദ്രപ്രസാദിന്റെയും മറ്റു പലരുടെയും സാന്നിധ്യത്തിൽ നെഹ്‌റു 'സെങ്കോൾ' സ്വീകരിച്ചു. ''അമിത് ഷാ പത്രസമ്മേളനത്തിൽ പറഞ്ഞതാണിത്.

ഈ ആവശ്യത്തിനായി സി രാജഗോപാലാചാരി തമിഴ്‌നാട്ടിലെ തഞ്ചൂർ ജില്ലയിലെ തിരുവാവടുതുറൈ അധീനത്തിലെ ധാർമിക മഠത്തെ സമീപിച്ചിരുന്നു. അധീനത്തിന്റെ സന്യാസി ശ്രേഷ്ഠൻ ഉടൻ തന്നെ 'ചെങ്കോൽ തയ്യാറാക്കാൻ ചുമതലപ്പെടുത്തി.

1947 ഓഗസ്റ്റ് 14-ന് അധികാര കൈമാറ്റം നടക്കുമ്പോൾ, 1947 ഓഗസ്റ്റ് 14-ന് തമിഴ്‌നാട്ടിൽ നിന്ന് മൂന്ന് പേരെ പ്രത്യേകം വിമാനത്തിൽ എത്തിച്ചിരുന്നു - അധീനത്തിലെ ഉപ മഹാപുരോഹിതൻ, നാദസ്വരം വാദകൻ രാജരത്തിനം പിള്ള, ഓടുവർ (ഗായകൻ) -പിന്നെ ചെങ്കോലും.

പൂജാരിമാർ ചടങ്ങുകൾ നടത്തി. അവർ മൗണ്ട് ബാറ്റൺ പ്രഭുവിന് ചെങ്കോൽ നൽകി തിരികെ വാങ്ങി. ചെങ്കോൽ വിശുദ്ധഗംഗാജലം ഉപയോഗിച്ച് ശുദ്ധീകരിച്ചു. തുടർന്ന് പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ വീട്ടിലേക്ക് ഘോഷയാത്രയായി കൊണ്ടുപോയി അദ്ദേഹത്തിന് കൈമാറി.

ഇക്കാലമത്രയും ഈ ചെങ്കോൽ അലഹാബാദിലെ മ്യൂസിയത്തിൽ ആയിരുന്നു സൂക്ഷിച്ചിരുന്നത്. ജവാഹർ ലാൽ നെഹ്രുവിനു ലഭിച്ച വാക്കിങ് സ്റ്റിക്ക് എന്നാണ് അതിന്മേൽ അടയാളപ്പെടുത്തിയിരുന്നത്. ചരിത്രത്തിന്റെ ഓരോ ഘട്ടത്തിലും ഈ ചെങ്കോലും അത് പ്രതീകമാക്കി വെച്ച അധികാര കൈമാറ്റവും തമസ്‌കരിക്കപ്പെട്ടു. നരേന്ദ്ര മോദി സർക്കാരാകട്ടെ മ്യൂസിയത്തിൽ നിന്നും ഈ ചെങ്കോൽ വീണ്ടെടുത്ത് പാർലിമെന്റിൽ ലോക്‌സഭാ സ്പീക്കറുടെ കസേരയ്ക്ക് സമീപം സ്ഥാപിക്കുന്നു.

ചെങ്കോലും ചോള പാരമ്പര്യവും....

'നീതി' എന്നർത്ഥമുള്ള 'സെമ്മൈ' എന്ന തമിഴ് വാക്കിൽ നിന്നാണ് ചെങ്കോൽ എന്ന വാക്ക് ഉരുത്തിരിഞ്ഞത്. നൂറ്റാണ്ടുകളായി ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നായിരുന്ന ചോള രാജ്യത്തിൽ അധികാരകൈമാറ്റത്തിന് നില നിന്നിരുന്ന ഒരു ആചാരമാണിത്. ചരിത്രപരമായ പാരമ്പര്യമനുസരിച്ച്, സിംഹാസനസ്ഥനാകുന്ന സമയത്ത്, രാജാവിന്റെ പരമ്പരാഗത ഗുരു ചെങ്കോൽ ആചാരപരമായി പുതിയ ഭരണാധികാരിക്ക് കൈമാറും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP