Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പ്രവാസ കാലത്തെ സുഹൃത്തിന്റെ മകൾ, അതുവഴി പരിചയം; ഷിബിലിയെ സിദ്ദീഖിന് പരിചയപ്പെടുത്തിയത് ഫർഹാന; സുഹൃത്തിന്റെ മകളുടെ ആവശ്യം തള്ളാതെ യുവാവിന് ജോലിയും നൽകി; ക്ഷണം സ്വീകരിച്ച് ഹോട്ടലിൽ പോയ സിദ്ദിഖ് അറിഞ്ഞില്ല നടന്നു കയറിയത് മരണത്തിലേക്കെന്ന്

പ്രവാസ കാലത്തെ സുഹൃത്തിന്റെ മകൾ, അതുവഴി പരിചയം; ഷിബിലിയെ സിദ്ദീഖിന് പരിചയപ്പെടുത്തിയത് ഫർഹാന; സുഹൃത്തിന്റെ മകളുടെ ആവശ്യം തള്ളാതെ യുവാവിന് ജോലിയും നൽകി; ക്ഷണം സ്വീകരിച്ച് ഹോട്ടലിൽ പോയ സിദ്ദിഖ് അറിഞ്ഞില്ല നടന്നു കയറിയത് മരണത്തിലേക്കെന്ന്

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: തിരൂർ സ്വദേശിയായ ഹോട്ടലുടമ സിദ്ദിഖിന്റെ (58) കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൽ പുറത്തേക്ക്. സിദ്ദിഖും കേസിലെ പ്രതിയായ ഫർഹാനയും (19) തമ്മിൽ മുൻപരിചയമുണ്ടായിരുന്നു എന്നണ് ലഭിക്കുന്നത്. ഗൾഫിലായിരുന്ന സമയത്ത് സിദ്ദിഖും ഫർഹാനയുടെ അച്ഛനും തമ്മിൽ സൗഹൃദമുണ്ടായിരുന്നു. ഇതുവഴിയാണ് ഫർഹാനയുമായി പരിചയപ്പെട്ടത്. തുടർന്ന് ഇരുവരും തമ്മിൽ സൗഹൃദത്തിലായി.

ഫർഹാന ആവശ്യപ്പെട്ടതുപ്രകാരമാണ് ഷിബിലിക്ക് ഹോട്ടലിൽ ജോലി നൽകിയത്. സിദ്ദിഖിന്റെ എ ടി എം നമ്പരും യു പി ഐ പാസ്വേഡുമൊക്കെ പ്രതികൾ കൈക്കലാക്കിയിരുന്നു. ഹോട്ടലും ബേക്കറിയുമടങ്ങുന്നതാണ് സിദ്ദിഖിന്റെ സ്ഥാപനം. അഞ്ചു കൊല്ലം മുമ്പാണ് സൗദിയിലെ ജോലി ഉപേക്ഷിച്ച് സിദ്ദിഖ് നാട്ടിലെത്തിയത്. സപ്ലേയും ജ്യൂസ് അടിക്കലുമൊക്കെയായിരുന്നു ഷിബിലിന്റെ ജോലി.

സിദ്ദീഖിനെ ഫർഹാനയാണ് മുഹമ്മദ് ഷിബിലിക്ക് പരിചയപ്പെടുത്തിക്കൊടുത്തതെന്ന് സ്ഥിരീകരിച്ച് ഫർഹാനയുടെ മാതാവ് ഫാത്തിമയും രംഗത്തുവന്നു. ഷിബിലിക്ക് എന്തെങ്കിലും ജോലി കിട്ടട്ടെ എന്നു കരുതിയാണ് ഫർഹാന സഹായിച്ചതെന്ന് മാതാവ് അവകാശപ്പെട്ടു. റെയിൽവേ സ്റ്റേഷനിൽവച്ച് കണ്ട പരിചയമാണ് സിദ്ദീഖുമായി മകൾക്കുണ്ടായിരുന്നതെന്നും ഫാത്തിമ വിശദീകരിച്ചു. ഈ മാസം 18ന് ഷിബിലി ഫോണിൽ വിളിച്ചതനുസരിച്ചാണ് ഫർഹാന കോഴിക്കോട്ടേയ്ക്കു പോയത്. കൊലപാതകം സംബന്ധിച്ച് തങ്ങൾക്ക് യാതൊരു വിവരവുമില്ലെന്നും ഫാത്തിമ വ്യക്തമാക്കി.

''സിദ്ദീഖിനെ ഇവിടെയിരുന്ന് ഫർഹാന വിളിച്ചിരുന്നു. അത് ഞാൻ കേട്ടതാണ്. അവനോട് ഇങ്ങോട്ടു വരാൻ പറയാൻ സിദ്ദീഖ് ഫർഹാനയോടു പറഞ്ഞു. അവൾ പറഞ്ഞുകൊടുത്തത് അനുസരിച്ചാണ് ഷിബിലി കോഴിക്കോട്ട് എത്തുന്നത്. പിന്നീട് സിദ്ദീഖിനെ വിളിച്ച് ഷിബിലി അവിടെ എത്തിയില്ലേയെന്നും ചോദിച്ചിരുന്നു' ഫാത്തിമ പറഞ്ഞു. അതേസമയം, ഹണിട്രാപ്പിന്റെ ഭാഗമായാണ് ഫർഹാനയും സംഘവും സിദ്ദീഖിനെ എരഞ്ഞിപ്പാലത്തെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തിയതെന്ന് പൊലീസ് ഇന്ന് വെളിപ്പെടുത്തിയിരുന്നു. സിദ്ദീഖിന്റെ നഗ്‌നചിത്രം പകർത്താൻ ശ്രമിച്ചപ്പോഴുണ്ടായ സംഘർഷമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പൊലീസ് ഭാഷ്യം.

ഹണി ട്രാപ്പിൽ പെടുത്തി പണം തട്ടുക തന്നെയായിരുന്നു പ്രതികളുടെ ലക്ഷ്യം. ഷിബിലിയാണ് സിദ്ദിഖിനെ ഹോട്ടൽ മുറിയിലേക്കു വിളിച്ചു വരുത്തിയത്. ഷിബിലിയെ സിദ്ദിഖിന്റെ ഹോട്ടലിൽനിന്നു ഷിബിലിയെ പിരിച്ചുവിട്ടിരുന്നു എന്നതിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല. 19ന് രാത്രിയാണ് മൃതദേഹം ചുരത്തിൽനിന്നു വലിച്ചെറിഞ്ഞത്. അത് ആഷിക്കിന്റെ ആശയമാണ്. അയാൾക്ക് ആ സ്ഥലം നന്നായി അറിയാം. സിദ്ദിഖിന്റെ കാറിൽ മൂന്നു പേരും ചേർന്നാണ് മൃതദേഹം അടങ്ങിയ ബാഗ് കൊണ്ടുപോയത്. അതിനു ശേഷം കാർ ചെറുതുരുത്തിയിൽ ഉപേക്ഷിച്ചു. ഫർഹാനയെ വീട്ടിൽ കൊണ്ടുവിടുകയും ചെയ്തു.

24ന് വെളുപ്പിനാണ് ഷിബിലിയും ഫർഹാനയും ട്രെയിൻ കയറി ചെന്നൈയ്ക്കു പോയത്. അവിടുന്ന് അസമിലേക്കു കടക്കാനായിരുന്നു പദ്ധതി. അവിടേക്കുള്ള ട്രെയിനിൽ കയറുന്നതിനു മുമ്പു പിടിയിലായി. സിദ്ദിഖിന്റെ മൃതദേഹം ട്രോളി ബാഗിൽ കയറുന്നില്ലെന്നു കണ്ടപ്പോളാണ് കഷണങ്ങളാക്കാൻ പ്രതികൾ തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇതിനായി നഗരത്തിലെ കടയിൽനിന്നു കട്ടർ വാങ്ങുകയായിരുന്നെന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസ് പറഞ്ഞു.

ഹോട്ടലിൽ ജോലി ചെയ്യുന്ന സമയത്തു തന്നെ സിദ്ദിഖിന്റെ എടിഎം പിൻ ഷിബിലി മനസ്സിലാക്കിയിരുന്നുവെന്നാണ് കരുതുന്നതെന്ന് പൊലീസ്. അതുകൊണ്ടാണ് എടിഎം ഉപയോഗിച്ച് പണം പിൻവലിക്കാൻ കഴിഞ്ഞതെന്നും പൊലീസ് പറഞ്ഞു. സിദ്ദിഖ് അറിഞ്ഞുകൊണ്ടാണ് ഹോട്ടലിൽ മുറിയെടുത്തത്. എന്നാൽ ഹണി ട്രാപ്പിനെക്കുറിച്ച് അദ്ദേഹത്തിന് അറിയില്ലായിരുന്നു. ഫർഹാനയെ സിദ്ദിഖിന് നേരത്തെ അറിയാം. ഫർഹാനയുടെ പിതാവും സിദ്ദിഖുമായി പരിചയമുണ്ട്. ഫർഹാന ഫോണിൽ ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഷിബിലിക്കു ഹോട്ടലിൽ ജോലി കൊടുത്തത്. ഫർഹാനയും സിദ്ദിഖും തമ്മിൽ മുമ്പ് സാമ്പത്തിക ഇടപാടുണ്ടായിരുന്നതിന്റെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

കൊലപാതകം നടത്തിയ ദിവസം മാനാഞ്ചിറയിലെ കടയിൽനിന്ന് ഒരു ട്രോളി ബാഗാണ് ആദ്യം വാങ്ങിയത്. അതിൽ മൃതദേഹം കയറുന്നില്ലെന്നു കണ്ടപ്പോൾ അടുത്ത ദിവസം പോയി കട്ടർ വാങ്ങിച്ചു. ഒപ്പം ഒരു ട്രോളി ബാഗ് കൂടി വാങ്ങി. കൊലപാതകം നടത്തിയ മുറിയുടെ ബാത്ത് റൂമിൽ വച്ചാണ് മൃതദേഹം കഷണങ്ങളാക്കിയത്. അതു രണ്ടു ട്രോളി ബാഗിൽ നിറച്ച് അട്ടപ്പാടി ചുരത്തിൽ ഉപേക്ഷിക്കുകയായിരുന്നു. കൊലയ്ക്കുപയോഗിച്ച ആയുധങ്ങളും രക്തം തുടച്ച വസ്ത്രങ്ങളുമെല്ലാം മറ്റൊരിടത്ത് ഇട്ടു. ഇത് എവിടെയൊക്കെയന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ പറഞ്ഞിട്ടുണ്ട്. ഇവരെ ഇവിടെ എത്തിച്ച് തെളിവെടുപ്പു നടത്തുമെന്ന് പൊലീസ് പറഞ്ഞു.

സിദ്ദീഖും ഫർഹാനയും തമ്മിൽ മാസങ്ങളായി പരിചയമുണ്ടെന്ന സൂചനകളുണ്ട്. ഹോട്ടലിലേക്കു വിളിച്ചു വരുത്തി നഗ്‌നനാക്കി ഫോട്ടോയെടുക്കാനുള്ള ശ്രമത്തെ സിദ്ദിഖ് എതിർത്തപ്പോൾ പ്രതികൾ കൊലപ്പെടുത്തുകയായിരുന്നെന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ഫർഹാനയും ഷിബിലും ആഷിഖും ചേർന്നാണ് ഹണി ട്രാപ്പിനു പദ്ധതിയിട്ടത്. ഹോട്ടലിലേക്കു വിളിച്ചു വരുത്തി സിദ്ദിഖിന്റെ നഗ്‌നഫോട്ടോ എടുക്കുകയായിരുന്നു പദ്ധതി. ഫോട്ടോ എടുക്കുന്നതിനെ സിദ്ദിഖ് എതിർത്തപ്പോൾ കയ്യിൽ കരുതിയിരുന്ന ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു.

ഫർഹാനയാണ് ബാഗിൽ ചുറ്റിക കരുതിയിരുന്നത്. സിദ്ദിഖ് എതിർപ്പു പ്രകടിപ്പിച്ചാൽ നേരിടാനായിരുന്നു ഇത്. ഇതുകൊണ്ട് ഷിബിലി അടിക്കുകയായിരുന്നു. ആഷിക്ക് സിദ്ദിഖിന്റെ വാരിയെല്ലുകൾ ചവിട്ടിയൊടിച്ചു. മൂന്നു പേരും കൂടി സിദ്ദിഖിനെ ആക്രമിക്കുകയായിരുന്നു. ഷിബിലി കയ്യിൽ കത്തി കരുതിയിരുന്നെന്നും പൊലീസ് മേധാവി പറഞ്ഞു. ചെന്നൈയിൽ വച്ചു പിടികൂടിയ ഷിബിലിയെയും ഫർഹാനെയെയും തിരൂരിൽ എത്തിച്ചു വിശദമായ ചോദ്യം ചെയ്യലിലാണ് വിവരങ്ങൾ ലഭിച്ചത്. പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സിദ്ദിഖിന്റെ മരണകാരണം നെഞ്ചിലേറ്റ പരിക്കുമൂലമാണെന്നാണ് പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ട്. വാരിയെല്ല് പൊട്ടിയ നിലയിലാണ്. തലയ്ക്ക് അടിയേറ്റതിന്റെ പാടുകളും ശരീരരത്തിലാകെ മൽപ്പിടുത്തത്തിന്റെ അടയാളങ്ങളുമുണ്ട്. മൃതദേഹം മുറിച്ചത് ഇലക്ട്രിക് കട്ടർ കൊണ്ടാണെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP