Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നാട്ടുകാരെ വിരട്ടിയോടിച്ചു; അഞ്ച് വാഹനങ്ങൾ തകർത്തു; ഓട്ടോയും മറിച്ചിട്ടു; തുരത്താൻ എത്തിയവരെയെല്ലാം തിരിച്ചോടിച്ച് അരിക്കൊമ്പൻ; കുങ്കിയാനകളെ കമ്പത്ത് എത്തിക്കാൻ തമിഴ്‌നാട്; ടൗണിൽ പരാക്രമം തുടർന്നാൽ മയക്കു വെടി; ആനപരിപാലന കേന്ദ്രത്തിലേക്ക് 'അരിക്കൊമ്പനെ' മാറ്റാൻ ആലോചന; കമ്പത്തെ ചിന്നക്കനാലിലെ പഴയ കൊമ്പൻ വിറപ്പിക്കുമ്പോൾ

നാട്ടുകാരെ വിരട്ടിയോടിച്ചു; അഞ്ച് വാഹനങ്ങൾ തകർത്തു; ഓട്ടോയും മറിച്ചിട്ടു; തുരത്താൻ എത്തിയവരെയെല്ലാം തിരിച്ചോടിച്ച് അരിക്കൊമ്പൻ; കുങ്കിയാനകളെ കമ്പത്ത് എത്തിക്കാൻ തമിഴ്‌നാട്; ടൗണിൽ പരാക്രമം തുടർന്നാൽ മയക്കു വെടി; ആനപരിപാലന കേന്ദ്രത്തിലേക്ക് 'അരിക്കൊമ്പനെ' മാറ്റാൻ ആലോചന; കമ്പത്തെ ചിന്നക്കനാലിലെ പഴയ കൊമ്പൻ വിറപ്പിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: ചിന്നക്കനാലിൽനിന്ന് പെരിയാർ കടുവാ സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്പൻ കമ്പം ടൗണിൽ എത്തി പരാക്രമം കാട്ടുന്നു. അഞ്ച് വാഹനങ്ങൾ അരിക്കൊമ്പൻ തകർത്തു. ആനയെക്കണ്ട് ഭയന്നോടിയ ഒരാൾക്ക് വീണ് പരിക്കേറ്റു. ആന വരുന്നതുകണ്ട് വാഹനത്തിൽനിന്ന് ഓടിയ ആൾക്കാണ് വീണു പരിക്കേറ്റത്. ആനയെ തുരത്താനുള്ള ശ്രമത്തിനിടെ പലർക്കും പരിക്കേറ്റിട്ടുണ്ട്. അതേസമയം കുങ്കികളെ ഇറക്കാൻ തമിഴ്‌നാട് വനംവകുപ്പ് തീരുമാനിച്ചു. ഇതിനായി തമിഴ്‌നാടിന്റെ പല ഭാഗങ്ങളിൽനിന്നായി കുങ്കിയാനകളെ കമ്പത്തേക്ക് എത്തിക്കാനുള്ള നടപടികളാരംഭിച്ചു. അരിക്കൊമ്പനെ തമിഴ്‌നാട് വനം വകുപ്പ് മയക്കു വെടിവയ്ക്കും. ഇതിന് ശേഷം ആനപരിപാലന കേന്ദ്രത്തിലേക്ക് മാറ്റും. ജനങ്ങൾക്ക് ഭീതിയായി അരിക്കൊമ്പൻ മാറിയ സാഹചര്യത്തിലാണ് ഇത്.

അരിക്കൊമ്പൻ ലോവർ ക്യാംപിൽ നിന്ന് കമ്പം ടൗണിലെത്തി. നാട്ടുകാരെ വിരട്ടിയോടിച്ചു, ഒരാൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്. നടരാജ കല്യാണമണ്ഡപത്തിന് പുറകിൽ വരെ ആന എത്തി. ആന കമ്പം ടൗണിലിറങ്ങിയ ദൃശ്യങ്ങൾ വൈറലാകുകയാണ്. കമ്പം ടൗണിൽ ആന ഓട്ടോറിക്ഷകൾ തകർത്തു. അരിക്കൊമ്പൻ കമ്പംമേട്ട് ഭാഗത്തേക്ക് നീങ്ങുകയാണ്. റോഡിന് സമാന്തരമായി തെങ്ങുംതോപ്പിലൂടെയാണ് ആനയുടെ നീക്കം. കേരളാ അതിർത്തി കഴിഞ്ഞാൽ തമിഴ്‌നാട് മയക്കുവെടിവയ്ക്കില്ല. എന്നാൽ കമ്പത്ത് തുടർന്നാൽ മയക്കു വെടി ഉറപ്പാണ്. തേനി എസ് പി സ്ഥലത്തെത്തിയിട്ടുണ്ട്. അരിക്കൊമ്പന് തുമ്പിക്കൈയിൽ മുറിവും ഉണ്ട്.

കഴിഞ്ഞ ദിവസം വനമേഖലയിലായിരുന്ന അരിക്കൊമ്പൻ ഇന്ന് കാർഷിക മേഖലയും കടന്നാണ് കമ്പം ടൗണിലെത്തിയത്. ഇതോടെ തമിഴ്‌നാട് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കി. ദേശീയപാത മുറിച്ചുകടന്നാണ് അരിക്കൊമ്പൻ കാർഷിക മേഖലയിലെത്തിയത്. ഇനി ഒരു ദേശീയപാത കൂടി മുറിച്ചുകടന്നാൽ ചിന്നക്കനാലിന് വളരെ അടുത്തെത്തും. എന്നാൽ കമ്പം ടൗണിൽ പ്രശ്‌നങ്ങളുണ്ടാക്കുന്നതിനാൽ മയക്കു വെടിവയ്ക്കാനാണ് നീക്കം. അരിതേടിയാണ് ജനവാസ കേന്ദ്രങ്ങളിൽ അരിക്കൊമ്പൻ എത്തുന്നത്. കമ്പം ടൗണിലെ ആളുകൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിലൂടെയാണ് അരിക്കൊമ്പൻ നീങ്ങുന്നത്.

ആനയെ നഗരപ്രദേശത്തുനിന്ന് മാറ്റാനുള്ള ശ്രമങ്ങൾ തമിഴ്‌നാട് വനംവകുപ്പ് ഊർജിതമാക്കി. ആളുകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രിയിൽ നടത്തിയ നീണ്ട സഞ്ചാരം വഴിയാണ് അരിക്കൊമ്പൻ ജനവാസ മേഖലയിലെത്തിയത്. അരിക്കൊമ്പൻ ഭീതി പടർത്തിയാണ് ജനവാസ മേഖലയിലൂടെ നടക്കുന്നത്. ഇതോടെ ചിന്നക്കനാലിലെ അരികൊമ്പൻ ദൗത്യത്തിന്റെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. കൂസലില്ലാതെയാണ് ടാറിട്ട റോഡിലൂടെ ആളുകളിൽ ഭീതി പടർത്തി അരിക്കൊമ്പൻ അതിവേഗതയിൽ നടന്നു നീങ്ങിയത്. വലിയ പ്രതിസന്ധിയിലാണ് കമ്പം മേഖല.

അരി തേടി അരിക്കൊമ്പൻ എന്തും ചെയ്യും. ഇതാണ് ജനങ്ങളുടെ ഭീതിക്ക് കാരണം. അരിക്കൊമ്പൻ തന്റെ പഴയ തട്ടകത്തിലേക്ക് തന്നെ തിരിച്ചെത്താനും സാധ്യതയുണ്ട്. ആനയുടെ നിലവിലെ സഞ്ചാര പാത ചിന്നക്കനാൽ ലക്ഷ്യമാക്കിയാണെന്നാണ് ലഭിക്കുന്ന സൂചന. നിലവിൽ തമിഴ്‌നാട് വനമേഖലയിലുള്ള അരിക്കൊമ്പൻ കേരളത്തിന്റെ അതിർത്തി പ്രദേശമായ കുമളി പിന്നിട്ടാണ് കമ്പത്ത് എത്തുന്നത്. പുളി മര തോട്ടത്തിലാണ് ആനയുള്ളത്. ആനയെ കാട്ടിലേക്ക് കയറ്റാൻ ശ്രമം നടക്കുകയാണ്. വെരി ഹൈ ഫ്രീക്വൻസി ആന്റിനകൾ ഉപയോഗിച്ചാണ് ആനയെ നിരീക്ഷിക്കുന്നത്.

ലോവർ ക്യാമ്പിൽ നിന്നും വനാതിർത്തിയിലൂടെ കമ്പത്ത് എത്തിയെന്നാണ് നിഗമനം. ഇന്നലെ രാത്രി തമിഴ്‌നാട്ടിലെ ലോവർ ക്യാമ്പിനും ഗൂഡല്ലൂരിനും ഇടയിലുള്ള വനമേഖലയിലാണ് ആനയുണ്ടായിരുന്നത്. ഇന്ന് രാവിലെ ആനയുടെ സിഗ്നൽ നഷ്ടമായതോടെ വനം വകുപ്പ് നടത്തിയ തിരച്ചിലിലാണ് ആന കമ്പത്ത് ജനവാസ മേഖലയിൽ എത്തിയെന്ന് വ്യക്തമായത്. കമ്പത്ത് നിന്ന് ബോഡിമേട്ടിലേക്ക് പോയാൽ ആനയ്ക്ക് ചിന്നക്കനാലിലേക്ക് പോകാനാവും. കേരളത്തിലേയും തമിഴ്‌നാട്ടിലേയും സംസ്ഥാനങ്ങളിലെയും വനംവകുപ്പ് ഉദ്യോഗസ്ഥർ ആനയുടെ സഞ്ചാരപഥം നിരീക്ഷിക്കുന്നുണ്ട്.

ആന ലോവർ ക്യാംപിലെത്തിയതിന്റെ ദൃശ്യം നേരത്തെ ലഭ്യമായിരുന്നു. ലോവർ ക്യാമ്പിൽ നിന്ന് ചിന്നക്കനാലിലേക്ക് 80 കിലോമീറ്റർ ആണ് ഉള്ളത്. ഇതിൽ 40 കിലോമീറ്റർ പരിധി അരിക്കൊമ്പൻ ചിന്നക്കനാലിൽ ഉണ്ടായിരുന്നപ്പോൾ സഞ്ചരിക്കുന്ന വനമേഖലയാണ്. അതുകൊണ്ട് തന്നെ അതിന്റെ പരിചിത മേഖലയാണ് ഈ 40 കിലോമീറ്റർ. തമിഴ്‌നാട്ടിലെ തേനി ഡിവിഷന് കീഴിലുള്ള രണ്ട് റിസർവ് ഫോറസ്റ്റുകളാണ് ബാക്കി 40 കിലോമീറ്റർ. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ആനയ്ക്ക് ചിന്നക്കനാലിലേക്ക് നടന്നെത്താവുന്ന ദൂരത്തിലാണ് ലോവർ ക്യാംപ്. ഇതിനിടെയാണ് കമ്പത്ത് ആനയെത്തുന്നത്.

രണ്ട് ദേശീയ പാതകളും ഒരു അന്തർ സംസ്ഥാന പാതയും മുറിച്ചുകടക്കേണ്ടതുണ്ട് ചിന്നക്കനാലിലേക്കെത്താൻ. എന്നാൽ ഒരു ദേശീയ പാത ഇതിനോടകം ആന മുറിച്ചുകടന്നുവെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. കൊല്ല-ഡിണ്ടിഗൽ ദേശീയ പാതയാണ് അരിക്കൊമ്പൻ മുറിച്ചുകടന്നത്. അരിക്കൊമ്പനെ പെരിയാർ കടുവ സങ്കേതത്തിൽ കഴിഞ്ഞ മാസം 30നാണ് കൊണ്ടുവിട്ടത്. ഇതിന് ശേഷമുള്ള ആനയുടെ സഞ്ചാര പാത നിരീക്ഷിക്കുമ്പോൾ ചിന്നക്കനാൽ ലക്ഷ്യമാക്കിയാണ് നടത്തമെന്നാണ് ജിപിഎസ് സിഗ്നലുകളിൽ നിന്ന് ലഭിക്കുന്ന സൂചനകൾ. ഇത് ആശങ്കയാണ്. ഏതായാലും ജനവാസ മേഖലയാണ് അരിക്കൊമ്പന്റെ ലക്ഷ്യം. അതാണ് കമ്പം ടൗണിലെ സാന്നിധ്യം തെളിയിക്കുന്നത്.

നേരത്തെ റോസപ്പൂക്കണ്ടം മേഖലയിലാണ് അരിക്കൊമ്പൻ നിലയുറപ്പിച്ചത്. ജനവാസ മേഖലയായ അവിടെ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ ആകാശത്തേക്ക് വെടിവച്ചാണ് തുരത്തിയത്. എന്നാൽ ഉൾക്കാട്ടിലേക്ക് പോകാതെ കുമളി-തമിഴ്‌നാട് അതിർത്തിയിലൂടെ ലോവർ ക്യാമ്പിലേക്ക് എത്തുകയായിരുന്നു. അവിടെ നിന്നും കമ്പത്തും. രണ്ട് സംഘങ്ങളും വിഎച്ച്എഫ് ആന്റിനയുടെ സഹായത്തോടെയാണ് ആനയെ നിരീക്ഷിക്കുന്നത്. മേഘമലയിൽ തമിഴ്‌നാട് വനംവകുപ്പ് ഉപയോഗിച്ചിരുന്ന ആന്റിനയാണ് ഇവിടേക്ക് എത്തിച്ചിരിക്കുന്നത്. ജിപിഎസ് കോളറിൽ നിന്നുള്ള സിഗ്നലുകൾ തേക്കടിയിലും നിരീക്ഷിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP