Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഷെറിൻ ഷഹാന പെരിന്തൽമണ്ണ ശിഹാബ് തങ്ങൾ മെമോറിയൽ അക്കാദമിയിൽ പരിശീലനം നടത്തിയത് ഒരു ദിവസം മാത്രം; നജീബ് കാന്തപുരം അവകാശപ്പെടുന്നത് തന്റെ അക്കാദമിയുടെ വിജയമെന്ന വിധത്തിലും; അബ്‌സൊല്യൂട്ട് അക്കാദമിയുടെ കണ്ടെത്തലായ പെൺകുട്ടിയുടെ ഉന്നത വിജയത്തിൽ നജീബ് കാന്തപുരം പങ്കുപറ്റിയെന്ന് വിമർശനം

ഷെറിൻ ഷഹാന പെരിന്തൽമണ്ണ ശിഹാബ് തങ്ങൾ മെമോറിയൽ അക്കാദമിയിൽ പരിശീലനം നടത്തിയത് ഒരു ദിവസം മാത്രം; നജീബ് കാന്തപുരം അവകാശപ്പെടുന്നത് തന്റെ അക്കാദമിയുടെ വിജയമെന്ന വിധത്തിലും; അബ്‌സൊല്യൂട്ട് അക്കാദമിയുടെ കണ്ടെത്തലായ പെൺകുട്ടിയുടെ ഉന്നത വിജയത്തിൽ നജീബ് കാന്തപുരം പങ്കുപറ്റിയെന്ന് വിമർശനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇത്തവണ സിവിൽ സർവീസ് ഫലം വന്നപ്പോൾ മുന്നിലെത്തിയവരിൽ ഏറെയും വനിതകളായിരുന്നു. ഇക്കൂട്ടത്തിൽ ഏറെ ആഘോഷിക്കപ്പെട്ടത് വയനാട് സ്വദേശിനിയായ ഷെറിൻ ഷഹാനയുടെ വിജയമായിരുന്നു. വയനാട് കമ്പളക്കാട് തെനൂട്ടികല്ലിങ്ങൽ വീട്ടിൽ ഷെറിൻ ഷഹാന ദേശീയ തലത്തിൽ 913-ാം റാങ്കുകാരിയായാണ് സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ചത്. ഒരു അപകടത്തെ തുടർന്ന് വീൽചെയറിൽ കഴിയേണ്ടി വന്ന ഷഹാനയുടെ വിജയ വാർത്ത മലയാളം മാധ്യമങ്ങൾ അടക്കം ശ്രദ്ധിക്കുന്നത് പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരം ഫേസ്‌ബുക്ക് പോസ്റ്റു കൊണ്ടായിരുന്നു.

പെരിന്തൽമണ്ണ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവ്വീസ് അക്കാദമിക്ക് ഇത് അഭിമാന നിമിഷമാണെന്നും സിവിൽ സർവീസിലേക്ക് ഇന്റർവ്വ്യൂ കോച്ചിംഗിലൂടെ കടന്നു വന്ന രണ്ട് മിടുക്കർ ഇടം നേടിയെന്നമാണ് നജീബ് ഫേസ്‌ബുക്കിൽ കുറിച്ചത്. കാസർക്കോട് ജില്ലക്കാരി കാജൽ രാജുവിനെയും വയനാട് സ്വദേശി ഷറിൻ ഷഹനായെയും സൂചിപ്പിച്ചായിരുന്നു ഈ പോസ്്റ്റ്. ഇതോടെ ഷെറിൻ ഷഹാന പെരിന്തൽമണ്ണ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവ്വീസ് അക്കാദമിയിലെ അഭിമാന വിദ്യാർത്ഥിനിയെന്ന വിധത്തിൽ മാധ്യമങ്ങളിൽ വാർത്തകളും വന്നു.

അതേസമയം ഇത്തരം വാർത്തകൾ പുറത്തുവരുമ്പോൾ ഈ വിജയത്തിന് പിന്നിൽ ഷെറിൻ ഷഹാനക്കൊപ്പം നിന്നവരെ മറന്നു പോകുകയാണെന്ന ആരോപണവും ശക്തമാണ്. ഷെറിൻ ഷഹാന ഇന്ത്യൻ സിവിൽ സർവ്വീസിലേക്ക് ചുവടുവെക്കുന്നത് അബ്‌സൊല്യൂട്ട് ഐ എ എസ് അക്കാദമി എന്ന സ്ഥാപനത്തിൽ പരിശീലനം നടത്തിയാണ്. ഈ അക്കാദമിയിൽ മാത്രമാണ് ഷെറിൻ പരിശീലനം നടത്തിയതും. അതേസമയം അബ്‌സൊല്യൂട്ട് ഐ എ എസ് അക്കാദമി 'ചിത്ര ശലഭം 'എന്ന പദ്ധതി ആരംഭിച്ച് സൗജന്യമായി പരിശീലിപ്പിച്ചവരുടെ കൂട്ടത്തിലായിരുന്നു ഷെറിൻ. ഇതാണ് വസ്തുത എന്നിരിക്കെ അബ്‌സൊല്യൂട്ടിനെ മാറ്റിനിർത്തി ഷെറിൻ ഷഹാന പെരിന്തൽമണ്ണ ശിഹാബ് തങ്ങൾ മെമോറിയൽ അക്കാദമിയിൽ പരിശീലന നടത്തിയെന്ന വിധത്തിൽ നജീബ് കാന്തപുരം എംഎൽഎ പ്രചരിപ്പിക്കുയാണെന്നാണ് ആരോപണം. തിരുവനന്തപുരത്ത് നടന്ന ഒരു മോക് ഇന്റർവ്യൂ പരിശീലനത്തിൽ പങ്കെടുത്തു എന്നു മാത്രമാണ് പെരിന്തൽമണ്ണ ശിഹാബ് തങ്ങൾ മെമോറിയൽ അക്കാദമിയുമായുള്ള അവരുടെ ബന്ധം.

അബ്‌സൊല്യൂട്ട് ഐ എ എസ് അക്കാദമി ഡയറക്ടർ ഡോ. ജോബിൻ എസ് കൊട്ടാരം ഇതേക്കുറിച്ച് മറുനാടനോട് പ്രതികരിക്കുകയും ചെയ്തു. ഷെറിനെ സൗജന്യമായി അബ്‌സൊല്യൂട്ട് അക്കാദമിയാണ് വഹിച്ചതെന്നും രണ്ട് വർഷമായി ഷെറിൻ തങ്ങളുടെ സ്ഥാപനത്തിൽ പരിശീലനം നടത്തിയെന്നുമാണ് ജോബിൻ എസ് കൊട്ടാരത്തിൽ പറഞ്ഞത്. അങ്ങനെ ഒരു വിദ്യാർത്ഥിയുടെ നേട്ടം നജീബ് എങ്ങനെ അവകാശപ്പെടുമെനനാണ ജോബിന്റെ ചോദ്യം. ഒന്നര വർഷത്തിലുള്ള പ്രോസസിൽ വരുന്ന കാര്യം എങ്ങനെ അടുത്തിടെ തുടങ്ങിയ അക്കാദമി അവകാശപ്പെടുന്നും അദ്ദേഹം ചോദിക്കുന്നു. ഒരു ദിവസത്തെ പരിചയം മാത്രമാണ് പെരിന്തൽമണ്ണ അക്കാദമിയുമായുള്ള ബന്ധം. അക്കാദമിയുടെ കീഴിലെ ചിത്രശലഭം പദ്ധതിയെ കുറിച്ച് പുസ്തകവും എഴുതുന്നുണ്ടെന്നും ജോബിൻ പറഞ്ഞു.

ഒരു ജനപ്രതിനിധി തെറ്റായ കാര്യം പ്രചരിപ്പിക്കുന്നത് എന്തിനാണെന്നും ജോബിൻ ചോദിക്കുന്നു. മുരളി തുമ്മാരുകുടി, ഋഷിരാജ് സിങ്, പ്രശാന്ത് നായർ തുടങ്ങി നിരവധി പേർ ഇതിന് പിന്നിൽ പ്രവർത്തിച്ചത്. എന്തിനാണ് മറ്റുള്ളവരുടെ വിജയത്തിൽ നജീബ് പങ്കുപറ്റുന്നത്. രാഷ്ട്രീയക്കാർ ഇങ്ങനെ തരം താഴരുതെന്നും ജോബിൻ വിമർശിക്കുന്നു. അബ്‌സൊല്യൂട്ട് നേടിയി വിജയത്തിന്റെ ക്രെഡിറ്റ് എടുക്കാൻ ശ്രമിച്ചാൽ എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഷെറിന്റെ വിജയത്തെ കുറിച്ച് ജോബിൻ ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെ:

വീൽ ചെയറിൽ നിന്ന് ഇന്ത്യൻ സിവിൽ സർവ്വീസിലേക്ക്... പ്രിയപ്പെട്ട വിദ്യാർത്ഥിനി Sherin Shahana ഇന്ത്യൻ സിവിൽ സർവ്വീസിലേക്ക്.. രണ്ട് വർഷം മുൻപ് ഭിന്ന ശേഷിക്കാരായ വിദ്യാർത്ഥികളും, നേതൃ രംഗത്തേയ്ക്ക് വരണം എന്ന ആഗ്രഹവുമായാണ് അബ്‌സൊല്യൂട്ട് ഐ എ എസ് അക്കാദമി 'ചിത്ര ശലഭം 'എന്ന പദ്ധതി ആരംഭിച്ചത്... ആദ്യ ബാച്ചിലെ 25 പേരിൽ ഒരാളായാണ് പ്രിയ വിദ്യാർത്ഥിനി ഷെറിൻ വന്നത്.. ഇന്ന് ഷെറിൻ സിവിൽ സെർവിസിലെത്തുമ്പോൾ അത് ഈ വർഷത്തെ ഏറ്റവും ഉജ്വലമായ വിജയമായി മാറുകയാണ്.. അമ്മ മലയാളത്തിനു ഷെറിന്റെ സമ്മാനം.. പ്രതിസന്ധികൾ ഏറെയുണ്ടായിരുന്നുവെങ്കിലും അതിനെ ഒക്കെ അതിജീവിച്ചു പൊളിറ്റിക്കൽ സയൻസിൽ നെറ്റും, ജെ ആർ എഫും ഒക്കെ നേടിയ ഷെറിൻ അബ്‌സൊല്യൂട്ടിലെ ഡിഗ്രി വിദ്യാർത്ഥികളെ ഒഴിവു സമയങ്ങളിൽ പഠിപ്പിക്കുവാനും സമയം കണ്ടെത്തിയിരുന്നു..

ഇംഗ്ലീഷിൽ മികച്ച ജ്ഞാനമുണ്ടായിരുന്നിട്ടും, മലയാള ഭാഷയോടുള്ള സ്‌നേഹം കൊണ്ട് എന്റെ മലയാളം ഓപ്ഷണൽ ക്ലാസ്സിൽ ചേർന്ന്, മുഴുവൻ പരീക്ഷയും മലയാളത്തിൽ എഴുതി, മലയാളത്തിൽ തന്നെ ഇന്റർവ്യൂ നേരിട്ട് ഇന്ത്യൻ സിവിൽ സെർവിസിലെത്തിയ ഷെറിൻ ലോകമെമ്പാടുമുള്ള യുവതയ്ക്ക് പ്രചോദനമാണ്...മുൻ സിവിൽ UPSC മെമ്പർ Roy Paul സാർ, മുൻ ഡി. ജി. പി ഋഷിരാജ് സിങ് സാർ, മുൻ UPSC expert മെമ്പർ M C Dileep Kumar സാർ എന്നിവരുടെ നേതൃത്വത്തിൽ മോക്ക് ഇന്റർവ്യൂ നൽകിയത് ഷെറിന്റെ ആത്മ വിശ്വാസം വർധിപ്പിച്ചു.. എന്നും ഷെറിനെ പ്രോചോദിപ്പിച്ചിരുന്ന, എല്ലാ സഹായങ്ങളും നൽകിയ Murali Thummarakudi സാറിനും ഈ വിജയത്തിൽ പങ്കുണ്ട്.. മോക്ക് ഇന്റർവ്യൂ കഴിഞ്ഞ ഉടനെ ഋഷിരാജ് സിങ് സാർ എന്നോട് പറഞ്ഞത് 'ഈ കുട്ടിക്ക് ഉറപ്പായും സിവിൽ സർവീസ് ലഭിക്കുമെന്നാണ്..

ഷെറിനെ വന്നു കണ്ട് ആത്മ വിശ്വാസം പകർന്ന കളക്ടർ ബ്രോ പ്രശാന്ത്‌സാറിനെയുംഈ അവസരത്തിൽ സ്മരിക്കുന്നു..ഇനിയും, ഒരുപാട് ചിത്ര ശലഭങ്ങൾ നമ്മുടെ ഇടയിൽ നിന്നും വരട്ടെ... നൂറോളം ഭിന്ന ശേഷിക്കാരായ പ്രതിഭകളാണ് ഇപ്പോൾ Absolute IAS Academy യുടെ ചിത്ര ശലഭം ബാച്ചിൽ പഠിക്കുന്നത്.. എല്ലാം ഒരു നിയോഗമാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.. ചിങ്ങവനത്തെ ഒരു കടയിൽ നിന്ന് വാങ്ങിയ വനിത മാഗസിനിൽ ഷെറിനെക്കുറിച്ചുള്ള ഒരു ഫീച്ചർ കണ്ടാണ് ഞാൻ ഷെറിനെ ചിത്ര ശലഭം പദ്ധതിയിലേക്ക് ക്ഷണിച്ചത്..ഇന്ത്യയിലെ എല്ലാവരുടെയും, പ്രത്യേകിച്ച് 2.68 കോടി ഭിന്ന ശേഷിക്കാരുടെയും ശബ്ദമായി മാറാൻ, ഒരു നല്ല സിവിൽ സർവീസ് ഓഫീസറായി മാറാൻ ഷെറിനു കഴിയട്ടെ..ഈ വിവരം പറയാൻ ഷെറിൻ എന്നെ ഇപ്പോൾ വിളിച്ചത് ആശുപത്രിയിൽ നിന്നാണ്.. ഒരു അപകടത്തിൽ പെട്ട് കയ്യിൽ ഒരു പൊട്ടലുമായി ആശുപത്രിയിലാണ് ഷെറിൻ.. ഇന്നലെ വിളിച്ചപ്പോഴും ഷെറിനോട് പറഞ്ഞത് എല്ലാ ദുഃഖത്തിന്റെയും അവസാനം ദൈവം സന്തോഷം തരുമെന്നാണ്.. പരമ കാരുണ്യവാനായ ദൈവത്തിനു നന്ദി...ഷെറിൻ സമ്മാനിച്ച ഈ മുണ്ടും, ഷർട്ടും എനിക്ക് ലഭിച്ച ഏറ്റവും വില പിടിപ്പുള്ള സമ്മാനമായാണ് എനിക്ക് അനുഭവപ്പെടുന്നത്.. പ്രാർത്ഥനയോടെ ഡോ. ജോബിൻ എസ് കൊട്ടാരം, ഡയറക്ടർ, അബ്‌സൊല്യൂട്ട് ഐ എ എസ് അക്കാദമി.

 ഷെറിൻ ഷഹാനയുടെ കഥയിങ്ങനെ:

ഷെറിൻ ഷഹാനയെ വീൽചെയറിലാക്കിയത് ആറ് വർഷം മുമ്പ് സംഭവിച്ച അപ്രതീക്ഷിത് അപകടമായിരുന്നു. എന്നാൽ, അപ്രതീക്ഷിത ദുരന്തത്തിൽ പരിതപിച്ച് ഷെറിൻ വെറുതേ ഇരുന്നില്ല. അശ്രദ്ധമായൊരു ചുവടുവെപ്പിൽ വീടിന്റെ ടെറസിൽ നിന്ന് ഷെറിൻ വീഴുകയായിരുന്നു. പി.ജി പരീക്ഷ കഴിഞ്ഞ് അവധിക്കാലത്തെ ആദ്യ ദിവസം ടെറസിൽ വിരിച്ചിട്ട വസ്ത്രം എടുക്കാൻ പോയതായിരുന്നു ഷെറിൻ. മഴ പെയ്ത് കുതിർന്നു കിടന്നതുകൊണ്ട് വസ്ത്രം വലിച്ചെടുക്കുന്നതിനിടെ വഴുതി മുന്നോട്ട് ആഞ്ഞു. സൺഷെയ്ഡിൽ ചെന്നിടിച്ച് ഷെറിൻ താഴേക്ക് വീണു. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റു, രണ്ട് വാരിയെല്ലുകൾ പൊട്ടി.

നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ഷെറിന് അധികകാലം ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്നു പോലും ഡോക്ടർമാർ അഭിപ്രായപ്പെട്ടു. എന്നാൽ, സംഭവിച്ചത് മറ്റൊന്നായിരുന്നു. ഷെറിൻ അതിജീവിച്ചു. അവിടെ നിന്നുള്ള തുടർ പോരാട്ടമാണ് ഷെറിൻ ഷഹാനയെ നെറ്റ് പരീക്ഷാ വിജയവും ഇപ്പോൾ സിവിൽ സർവീസും നേടുന്നതിലേക്ക് എത്തിച്ചത്.

പരേതനായ ഉസ്മാന്റെയും ആമിനയുടെയും മക്കളിൽ ഇളയവളായ ഷെറിന് ഉമ്മയാണ് ഏറ്റവും വലിയ പിന്തുണ. കോഴിക്കോട് നിന്നുള്ള യാത്രയ്ക്കിടെ താമരശ്ശേരിയിൽ വെച്ച് ഷെറിൻ മറ്റൊരു അപകടത്തിൽപ്പെട്ടു. ഈ അപകടത്തിൽ കാലിന് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണിപ്പോൾ. അവിടെവച്ചാണ് സിവിൽ സർവീസ് നേട്ടം ഷെറിൻ അറിയുന്നത്.

ആദ്യ അപകടത്തിൽ രണ്ട് വർഷത്തോളം പൂർണ്ണമായും കിടക്കയിൽത്തന്നെയായിരുന്നു ഷെറിന്റെ ജീവിതം. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റതുകൊണ്ട് പരസഹായമില്ലാതെ എഴുന്നേൽക്കാനും അധികനേരം ഇരിക്കാനും കഴിയുമായിരുന്നില്ല. പി.ജി.ഫലം കാത്തിരിക്കുമ്പോഴായിരുന്നു ഈ അപകടം. ഡിഗ്രിയും പിജിയും പൊളിറ്റിക്കൽ സയൻസിലായിരുന്നു. പുറത്ത് പോയി പഠിക്കാനുള്ള സാഹചര്യമില്ലാത്തതുകൊണ്ടും വീട്ടിൽ പോയി വരാനുള്ള സൗകര്യാർഥവുമാണ് പൊളിറ്റികൽ സയൻസ് തിരഞ്ഞെടുത്തത്.

ഐക്യരാഷ്ട്ര സഭാ ദുരന്ത ലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടിയെ കണ്ടതാണ് ജീവിതത്തിൽ വഴിത്തിരിവായത്. ജോലി ചെയ്യാൻ സാധിക്കുമെന്ന് ബോധ്യപ്പെടുത്താനായി ഡേറ്റാ കലക്ഷൻ, പൊളിറ്റിക്കൽ അനലൈസ് തുടങ്ങിയ ജോലികൾ തുമ്മാരുടി ഷെറിനെ ഏൽപിച്ചിരുന്നു. എന്തും ചെയ്യാൻ തനിക്കും കഴിയുമെന്നുള്ള ആത്മവിശ്വാസം ഇത് ഷെറിന് നൽകി. പിന്നീട് അയൽപക്കത്തെ കുട്ടികൾക്ക് ട്യൂഷൻ എടുക്കാൻ തുടങ്ങി. ഇതിനിടെ നാഷണണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) പരീക്ഷയും ഷെറിൻ പാസായി. തുടർന്നുള്ള ഉപരിപഠനത്തിലും മുരളി തുമ്മാരുകുടിയുടെ പിന്തുണച്ചു.

കാലിക്കറ്റ് സർവകലാശാലയിൽ നിന്നും പിഎച്ച്ഡിയും ചെയ്യുന്നുണ്ട്. 2017-ൽ ഷെറിന് അപകടം പറ്റുന്നതിന്റെ രണ്ട് വർഷം മുമ്പാണ് പിതാവ് ഉസ്മാൻ ഈ ലോകത്തോട് വിടപറയുന്നത്. കോളേജിലിരിക്കുമ്പോഴാണ് ഷെറിന് മരണ വിവരം അറിയുന്നത്. ഷെറിനും കുടുംബത്തിനും അത് വലിയ ആഘാതമാണ് ഉണ്ടാക്കിയത്. സാമ്പത്തകമായി വലിയ പ്രയാസം ഷെറിനും ഉമ്മയും സഹോദരിമാരും അനുഭവിച്ചു. അതിനെ എല്ലാം അതിജീവിക്കാനും സാധിച്ചു. കണിയാമ്പറ്റ സർക്കാർ സ്‌കൂളിലായിരുന്നു ഷെറിന്റെ പ്രാഥമിക പഠനം. ബത്തേരി സെന്റ് മേരിസ് കോളേജിലാണ് ബിരുദവും ബിരുദാനന്തര പഠനവും പൂർത്തായാക്കിയത്. അബ്‌സൊല്യൂട്ട് അക്കാദമിയിലായിരുന്നു പരിശീലനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP