Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

'2018'- സിനിമയിൽ പ്രളയത്തെ നേരിട്ട സർക്കാരിന്റെ ഇച്ഛാശക്തിയും നേതൃമികവും പ്രധാനസ്ഥാനത്ത് നിർത്തി കഥ മെനയാമായിരുന്നു'വെന്ന് സുസ്‌മേഷ് ചന്ത്രോത്ത്; 'സാറിന് എല്ലാവിധ സ്വാതന്ത്ര്യവുമുണ്ടല്ലോ, തീർച്ചയായും ചെയ്യണമെന്ന്' നിർമ്മാതാവ് വേണു കുന്നപ്പിള്ളി

'2018'- സിനിമയിൽ പ്രളയത്തെ നേരിട്ട സർക്കാരിന്റെ ഇച്ഛാശക്തിയും നേതൃമികവും പ്രധാനസ്ഥാനത്ത് നിർത്തി കഥ മെനയാമായിരുന്നു'വെന്ന് സുസ്‌മേഷ് ചന്ത്രോത്ത്; 'സാറിന് എല്ലാവിധ സ്വാതന്ത്ര്യവുമുണ്ടല്ലോ, തീർച്ചയായും ചെയ്യണമെന്ന്' നിർമ്മാതാവ് വേണു കുന്നപ്പിള്ളി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: 2018ലെ പ്രളയം പശ്ചാത്തലമായി ഒരുക്കിയ '2018' സിനിമ രാഷ്ട്രീയമായും സർഗാത്മകമായും ദയനീയമായി പരാജയപ്പെട്ട സൃഷ്ടിയാണെന്ന എഴുത്തുകാരൻ സുസ്‌മേഷ് ചന്ത്രോത്തിന്റെ വിമർശനത്തിന് മറുപടിയുമായി നിർമ്മാതാവ് വേണു കുന്നപ്പിള്ളി. 'സാറിന് എല്ലാവിധ സ്വാതന്ത്ര്യവുമുണ്ടല്ലോ, അങ്ങിനെയൊരു സിനിമ ചെയ്യാൻ... തീർച്ചയായും ചെയ്യണം...എല്ലാവിധ ഭാവുകങ്ങളും' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരു സിനിമ വരുമ്പോൾ അതിൽ വസ്തുതകളെ മുക്കിക്കളയുന്നത് നല്ലതല്ല. അഥവാ അത് അരാഷ്ട്രീയമാണ്. അതുമല്ലെങ്കിൽ വ്യക്തമായ പക്ഷം പിടിക്കലാണ് എന്ന വിമർശനമാണ് സുസ്‌മേഷ് ചന്ത്രോത്ത് ഉയർത്തിയത്.

സിനിമയുടെ തിരക്കഥയിലും അന്ന് പ്രളയത്തെ നേരിട്ട സംസ്ഥാന സർക്കാരിന്റെ ഇച്ഛാശക്തിയെയും നേതൃമികവിനെയും പ്രധാനസ്ഥാനത്ത് നിർത്തി കഥ മെനയാമായിരുന്നു എന്ന് സുസ്‌മേഷ് ചന്ത്രോത്ത് തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ അഭിപ്രായപ്പെട്ടിരുന്നു.

2018ലെ പ്രളയം പശ്ചാത്തലമായി ഒരുക്കിയ സിനിമ മലയാളത്തിലെ ഏറ്റവും വേഗത്തിൽ 100 കോടി കളക്ഷൻ നേടിയ സിനിമ കൂടിയാണ്. നീണ്ട നാളുകൾക്ക് ശേഷം കേരളത്തിലെ തിയേറ്ററുകളിലേക്ക് കാണികളെ മടക്കി കൊണ്ടുവരാൻ സംവിധായകൻ ജൂഡ് ആന്റണിക്ക് സാധിച്ചിട്ടുണ്ട്.

സുസ്‌മേഷ് ചന്ത്രോത്തിന്റെ ഫേസ്‌ബുക്ക് കുറിപ്പ്

മലയാളസിനിമയുടെ സാമ്പത്തികപരിമിതികൾക്കുള്ളിൽ നിന്നുള്ള സാങ്കേതികമികവിന്റെ വിജയവും മികച്ച വാണിജ്യവിജയവും 2018 സിനിമയെ ചർച്ചയാക്കിയിരിക്കുകയാണല്ലോ. പക്ഷേ പടം കണ്ടുകഴിഞ്ഞപ്പോൾ ഇതൊന്നും മനസ്സിനെ സ്പർശിച്ചില്ലെന്നതാണ് സത്യം. ഏതാണ്ട് നൂറുവർഷത്തിനുള്ളിൽ കേരളം കണ്ട മറ്റൊരു പ്രളയത്തെ പ്രമേയമാക്കുമ്പോൾ അതൊരു ഭാവനാസൃഷ്ടിയായിട്ടല്ല പുനർനിർമ്മിക്കേണ്ടതെന്ന് ആർക്കുമറിയാം. എന്നാൽ രണ്ടോ രണ്ടരയോ മണിക്കൂറിൽ വരുന്ന സിനിമയിൽ നടന്ന കാര്യങ്ങളെ മുഴുവൻ ആവിഷ്‌കരിക്കാൻ സാധിക്കുകയുമില്ല. അതിന്റെ ആവശ്യവുമില്ല. കിണറ്റുവെള്ളത്തിൽ മായം കലർന്നോ എന്നറിയുന്നത് കിണർ വെള്ളം മുഴുവനുമെടുക്കാതെ ഒരു തുള്ളി വെള്ളമെടുത്ത് പരിശോധിച്ചിട്ടാണല്ലോ.

അതുപോലെ 2018 എന്ന സിനിമയുടെ തിരക്കഥയിലും അന്ന് പ്രളയത്തെ നേരിട്ട സംസ്ഥാനസർക്കാരിന്റെ ഇച്ഛാശക്തിയെയും നേതൃമികവിനെയും പ്രധാനസ്ഥാനത്ത് നിർത്തി കഥ മെനയാമായിരുന്നു. സർക്കാർ എന്നത് ഏതെങ്കിലും കക്ഷിയോ ഒന്നിലധികം കക്ഷികളോ ചേർന്നതാണെങ്കിലും തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ഒരു സർക്കാർ പ്രവർത്തിക്കുന്നത് കക്ഷിരാഷ്ട്രീയത്തിനുള്ളിൽ നിന്നിട്ടല്ല. കോൺഗ്രസ് ഭരിച്ചാലും സി. പി. ഐ എം ഭരിച്ചാലും ലീഗ് ഭരിച്ചാലും ഗവൺമെന്റ് എപ്പോഴും അങ്ങനെതന്നെയായിരിക്കും. ആയിരിക്കണം. എന്നാൽ ജനാധിപത്യപ്രക്രിയയിൽ കക്ഷിരാഷ്ട്രീയത്തിന് പ്രാധാന്യമുള്ളതിനാൽ ഏതുകക്ഷിയുടെ ഗവൺമെന്റാണോ ഭരിക്കുന്നത് ആ കക്ഷിയുടെ രാഷ്ട്രീയമര്യാദകളും പെരുമാറ്റശീലങ്ങളും താൽപര്യങ്ങളും സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ഉണ്ടായിരിക്കുകയും ചെയ്യും. ഉണ്ടാവുകയും വേണം.

വസ്തുതകൾ അവതരിപ്പിക്കുന്നിടത്ത് മാറ്റിനിർത്താൻ അയോഗ്യതയുള്ള ഒന്നല്ല അക്കാര്യം.2018 ലെ പ്രളയകാലത്ത് ഇടതുപക്ഷസർക്കാർ രാജ്യത്തിന് മാതൃകയാക്കാവുന്ന പ്രവർത്തനമാണ് നടത്തിയതെന്ന കാര്യത്തിൽ രാഷ്ട്രീയ എതിരാളികൾക്കുപോലും എതിരഭിപ്രായമില്ല. അപ്പോൾ യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരു സിനിമ വരുമ്പോൾ അതിൽ വസ്തുതകളെ മുക്കിക്കളയുന്നത് നല്ലതല്ല. അഥവാ അത് അരാഷ്ട്രീയമാണ്. അതുമല്ലെങ്കിൽ വ്യക്തമായ പക്ഷം പിടിക്കലാണ്. സിനിമയിൽ ഒരു രാഷ്ട്രീയകക്ഷിയെയും പരാമർശിച്ചിട്ടില്ലല്ലോ എന്നും പിന്നെങ്ങനെയാണ് പക്ഷം പിടിത്തമാകുന്നതെന്നും ചോദിച്ചേക്കാം.
അവിടെയാണ് കള്ളത്തരം മുണ്ടുമടക്കിയുടുത്ത് നടക്കുന്നത് നാം കാണുന്നത്. ഒരു രാഷ്ട്രീയപ്പാർട്ടിയെയും പരാമാർശിക്കാതെ കല ഉണ്ടാക്കുക അല്ലെങ്കിൽ ജീവിതമുണ്ടാക്കുക എന്നത് നിക്ഷ്പക്ഷവാദമോ സമദൂരവാദമോ ഒന്നുമല്ല. ശുദ്ധവിവരക്കേടാണ്. അല്ലെങ്കിൽ കണ്ണടച്ചിരുട്ടാക്കലാണ്. മുഖ്യമന്ത്രി പിണറായി വിജയനെയോ എൽ. ഡി. എഫിനെയോ പ്രകീർത്തിക്കുന്ന സിനിമയുണ്ടാക്കേണ്ട. പക്ഷേ അവരുൾപ്പെട്ട ഗവൺമെന്റും ഗവൺമെന്റിന്റെ സംവിധാനങ്ങളും അതിലെ അംഗങ്ങളും യോജിച്ചുപ്രവർത്തിച്ചവിധമെന്തെന്ന് സിനിമയിൽ കാണിച്ചാൽ മതിയായിരുന്നു.

പത്തോ പന്ത്രണ്ടോ സെക്കന്റ് വരുന്ന ഇരുപതോ മുപ്പതോ ഷോട്ടുകൾക്കുള്ളിൽ വന്നുപോകുന്ന മൂന്നോ നാലോ സീൻ മതി അക്കാര്യം സിനിമയിൽ പറയാൻ. ഏറിവന്നാൽ പത്തുമിനിട്ട് വേണ്ടിവന്നേക്കും. അതറിയാത്തവരല്ല സിനിമയുടെ അണിയറക്കാർ. മനപ്പൂർവ്വം വേണ്ടെന്നുവച്ചതുതന്നെയാണ്. അവിടെയാണ് കാണിയുടെ നിരാശ സംഭവിക്കുന്നത്.
പല ഡിവിഷനുകളായി തിരിച്ച ഏതാനും കുടുംബങ്ങളുടെ മെലോഡ്രാമ കാണിച്ചാൽ യാഥാർത്ഥ്യം തേഞ്ഞുമാഞ്ഞുപോകില്ല. അതാരു ചെയ്താലും. അതുകൊണ്ട് 2018 സിനിമ രാഷ്ട്രീയമായും സർഗ്ഗാത്മകമായും ദയനീയമായി പരാജയപ്പെട്ട സൃഷ്ടിയാകുന്നു. മറിച്ചാകുമായിരുന്നു ഈ സിനിമ. എങ്കിലത് കലയുടെ സത്യസാക്ഷാത്കാരവുമാകുമായിരുന്നു.
സുസ്മേഷ് ചന്ത്രോത്ത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP