Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സർവ്വേ പൂർത്തിയാകാത്ത പ്രദേശത്തുള്ളവർക്ക് എന്തിനും ഏതിനും വില്ലേജിലെ സർട്ടിഫിക്കറ്റ് അനിവാര്യം; പുളിയും തേനും മുട്ടയും ഷർട്ടും മുണ്ടും പണവും എല്ലാം വാങ്ങിയ സുരേഷ് കുമാർ പാലക്കയത്തെ എല്ലാ വീട്ടിനും സൂപരിചിതൻ; കൂലിപ്പണിക്കാരുടെ പണം പിടിച്ചു വാങ്ങിയ പാപി; ഇത് കൈക്കൂലിയുടെ 'കേരളാ സ്റ്റോറി'

സർവ്വേ പൂർത്തിയാകാത്ത പ്രദേശത്തുള്ളവർക്ക് എന്തിനും ഏതിനും വില്ലേജിലെ സർട്ടിഫിക്കറ്റ് അനിവാര്യം; പുളിയും തേനും മുട്ടയും ഷർട്ടും മുണ്ടും പണവും എല്ലാം വാങ്ങിയ സുരേഷ് കുമാർ പാലക്കയത്തെ എല്ലാ വീട്ടിനും സൂപരിചിതൻ; കൂലിപ്പണിക്കാരുടെ പണം പിടിച്ചു വാങ്ങിയ പാപി; ഇത് കൈക്കൂലിയുടെ 'കേരളാ സ്റ്റോറി'

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: പാലക്കയം വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റ് സുരേഷ് കുമാർ തഴച്ചു വളർന്നത് സാധാരണക്കാരുടെ നിസഹായവസ്ഥ മുതലെടുത്തെന്ന് വ്യക്തം. വില്ലേജ് പരിധിയിലുള്ളത് സർവ്വെ പൂർത്തിയാക്കാത്ത പ്രദേശങ്ങളായതിനാൽ പ്രദേശവാസികൾക്ക് നിസാര കാര്യങ്ങൾക്ക് പോലും വില്ലേജ് ഓഫീസിനെ ആശ്രയിക്കാതെ വഴിയില്ല. ഇത് മുതലെടുത്ത് സുരേഷ് കുമാർ പലരിൽ നിന്നായി കൈപറ്റിയത് ലക്ഷക്കണക്കിന് രൂപയാണ്. പ്രദേശത്ത് സുരേഷ് കുമാറിന് കൈക്കൂലി കൊടുക്കാത്തത് വിരലിൽ എണ്ണാവുന്നവർ മാത്രമാണ്.

പാലക്കയം വില്ലേജിലെ വില്ലേജ് ഓഫീസർക്കും പങ്കു കൊടുക്കണമെന്ന് പറഞ്ഞാണ് വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാർ പലരിൽ നിന്ന് പണം വാങ്ങിയതെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ പാലക്കയം വില്ലേജ് ഓഫീസിലെ കൂടുതൽ ഉദ്യോഗസ്ഥരിലേക്കും വിജിലൻസ് അന്വേഷണം നീളും. എന്നാൽ താൻ സുരേഷ് കുമാറിൽ നിന്നും പണമൊന്നും വാങ്ങിയിട്ടില്ലെന്നാണ് വില്ലേജ് ഓഫീസർ പറയുന്നത്. നിരവധി പരാതികളാണ് ഇതുമായി ബന്ധപ്പെട്ടുയരുന്നത്.

കൂലിപ്പണി എടുത്തുണ്ടാക്കിയ പണം സുരേഷ് കുമാറിന് കൈക്കൂലിയായി നൽകുകയായിരുന്നു. സുരേഷിന് വിവിധ ആവശ്യങ്ങൾക്കായി കൈക്കൂലി കൊടുക്കാത്തവർ പാലക്കയത്തെ ഒരു വീട്ടിൽ പോലും ഉണ്ടാകില്ല. തച്ചമ്പാറ, തെങ്കര, കരിമ്പ, കാഞ്ഞിരപ്പാറ എന്നീ പഞ്ചായത്തുകളിലെ മലയോര മേഖല ഉൾപ്പെടുന്നതാണ് പാലക്കയം വില്ലേജ് ഓഫീസ്. അട്ടപ്പാടിയുടെ പ്രവേശന കവാടമായ ആന മൂളി മുതൽ മുണ്ടൂർ വരെ വ്യാപിച്ചു കിടക്കുന്നതാണ് ഈ മേഖല. കൂലിപ്പണിക്കാരും ടാപ്പിങ് തൊഴിലാളികളും കൃഷിക്കാരും അടങ്ങുന്ന പ്രദേശവാസികൾ ഒരു ദിവസത്തെ പണി മാറ്റിവച്ചാകും വില്ലേജ് ഓഫീസിൽ ഓരോ ആവശ്യങ്ങൾക്കായി എത്തുക.

കടം വാങ്ങിയാണെങ്കിലും കൈക്കൂലി നൽകും. പ്രദേശമാകെ സർവെ ചെയ്യാതെ കിടക്കുന്നതിനാൽ ഓരോരോ ചെറിയ ചെറിയ കാര്യങ്ങൾക്ക് പോലും വില്ലേജ് ഓഫീസ് കയറിയിറങ്ങാതെ പറ്റില്ല. സ്വന്തം പറമ്പിലെ ഒരു മരം വെട്ടാൻ പോലും വില്ലേജ് ഓഫീസിൽ നിന്ന് 'പൊസഷൻ സർട്ടിഫിക്കറ്റ് വേണം. എങ്കിലേ വനം വകുപ്പിന്റെ അനുമതി കിട്ടൂ. ബാങ്ക് വായ്പ കിട്ടാനും സർട്ടിഫിക്കറ്റുകൾ വെവ്വേറെ വേണം. കാര്യങ്ങൾ അടിയന്തിരമായി നടത്തേണ്ടതുകൊണ്ട് പരാതി നൽകാൻ ആരും ഇതുവരെ മെനക്കെട്ടില്ല. അതിനാൽ സുരേഷ് കുമാർ തഴച്ചു വളർന്നു.

സുരേഷ് കുമാർ കൈക്കൂലിക്കാരനാണെന്ന് അറിയില്ലാരുന്നുവെന്നാണ് പാലക്കയം വില്ലേജ് ഓഫീസർ പറയുന്നത്. പരാതികളെ തുടർന്ന് ഒരു മാസത്തോളം കാലമാണ് സുരേഷിനെ വിജിലൻസ് നിരീക്ഷിച്ചത്. അതീവ ജാഗ്രതയോടെ കൈക്കൂലി വാങ്ങുന്ന സുരേഷ് പണത്തിന്റെ കാര്യം ഫോണിലൂടെ ആവശ്യപ്പെടില്ലായിരുന്നു. നേരിട്ട് സംസാരിച്ച് മാത്രമാണ് കൈക്കൂലി പണമിടപാടുകൾ ഇയാൾ നടത്തിയിരുന്നത്. അതുകൊണ്ട് തെളിവുമില്ല.

3 വർഷം മുമ്പാണ് പാലക്കയം വില്ലേജ് ഓഫീസിൽ തിരുവനന്തപുരം സ്വദേശിയായ സുരേഷ് കുമാർ എത്തുന്നത്. വിവിധ സർട്ടിഫിക്കറ്റുകൾക്കായി പലരിൽ നിന്നും 500 മുതൽ 10,000 രൂപ വരെയാണ് കൈപറ്റിയത്. ഇതിനെതിരെ നേരത്തെ വില്ലേജ് ഓഫീസിനു മുന്നിൽ നാട്ടുകാർ പ്രതിഷേധ സമരം നടത്തിയിരുന്നു. അതിനിടെ മണ്ണാർക്കാട് തഹസീൽദാറുടെ നേതൃത്വത്തിൽ പാലക്കയം വിലേജ് ഓഫീസിൽ പരിശോധന നടത്തി.

മണ്ണാർക്കാട് ലോഡ്ജ് മുറിയിൽ പണത്തിനു പുറമെ കവർ പൊട്ടിക്കാത്ത 10 പുതിയ ഷർട്ടുകൾ, മുണ്ടുകൾ,കുടംപുളി ചാക്കിലാക്കിയത്, 10 ലിറ്റർ തേൻ,പടക്കങ്ങൾ ,കെട്ടു കണക്കിന് പേനകൾ എന്നിവയാണ് കണ്ടെത്തിയത്. കൈക്കൂലിയായി പൈസ മാത്രമല്ല എന്തു കിട്ടിയാലും സുരേഷ് കുമാർ കൈപ്പറ്റിയിരുന്നുവെന്നാണ് വിജിലൻസിന്റെ നിഗമനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP