Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാമ്പു കയറിയ പൊത്ത് തുണികൊണ്ട് മൂടി കാത്തിരുന്ന നാട്ടുകാർ; അർദ്ധരാത്രിയായപ്പോൾ പാമ്പുകളുടെ തോഴനെത്തി; മണ്ണുമാറ്റിയപ്പോൾ അറിഞ്ഞത് കരുതലിന്റെ ആവശ്യം; ഒറ്റയ്ക്ക് പുറത്തെടുത്തത് 23 മൂർഖൻ കുഞ്ഞുങ്ങളെ; പിന്നെ തള്ളപ്പാമ്പിനേയും പിടിച്ചു; കടുത്തുരുത്തിയിലേത് 'അത്ഭുത ഓപ്പറേഷൻ'; പാലക്കരയിൽ വാവ സുരേഷ് ആശങ്ക അകറ്റുമ്പോൾ

പാമ്പു കയറിയ പൊത്ത് തുണികൊണ്ട് മൂടി കാത്തിരുന്ന നാട്ടുകാർ; അർദ്ധരാത്രിയായപ്പോൾ പാമ്പുകളുടെ തോഴനെത്തി; മണ്ണുമാറ്റിയപ്പോൾ അറിഞ്ഞത് കരുതലിന്റെ ആവശ്യം; ഒറ്റയ്ക്ക് പുറത്തെടുത്തത് 23 മൂർഖൻ കുഞ്ഞുങ്ങളെ; പിന്നെ തള്ളപ്പാമ്പിനേയും പിടിച്ചു; കടുത്തുരുത്തിയിലേത് 'അത്ഭുത ഓപ്പറേഷൻ'; പാലക്കരയിൽ വാവ സുരേഷ് ആശങ്ക അകറ്റുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കടുത്തുരുത്തി: വാവ സുരേഷിനെ തള്ളി പറയുന്നവർക്കും അംഗീകരിക്കേണ്ടി വരും വാവ സുരേഷിന് തുല്യം വാവ സുരേഷ് മാത്രം. കടുത്തുരുത്തിയിലെ ഓപ്പറേഷനിൽ സമാധാനം എത്തുന്നത് ഒരു ഗ്രാമത്തിനാണ്. ഇവിടെ പുരയിടത്തിൽ കൃഷിക്കാർക്കും നാട്ടുകാർക്കും ഭീഷണിയായി മാറിയ മൂർഖനെയും 23 മൂർഖൻ കുഞ്ഞുങ്ങളെയും വാവ സുരേഷ് പിടികൂടി. കടുത്തുരുത്തി പഞ്ചായത്ത് ആറാം വാർഡ് മാവടി ഭാഗത്ത് തെക്കേടത്ത് പുരയിടത്തിൽ നിന്നാണ് 24 മൂർഖൻ പാമ്പുകളെ പിടികൂടിയത്. ആദ്യമായാണ് വാവ സുരേഷ് ഒന്നിച്ച് 24 മൂർഖൻ പാമ്പുകളെ പിടികൂടുന്നത്.

നാട്ടിലെ അതിഥികളെന്നാണ് പാമ്പുകളെ സുരേഷ് വിശേഷിപ്പിക്കുന്നത്. പലതവണ പാമ്പുകടിയേറ്റിട്ടും ആ സ്‌നേഹം മാറുന്നില്ല. അതിന് തെളിവാണ് കടുത്തുരുത്തിയിലെ ഓപ്പറേഷൻ. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമാണ് പുരയിടത്തിൽ വലിയ മൂർഖൻ പാമ്പിനെ കൃഷിക്കാരും പരിസരവാസികളും കണ്ടത്. തുടർന്നു വാവ സുരേഷിനെ വിവരമറിയിച്ചു. പാമ്പ് കയറിയ പൊത്ത് സുരേഷിന്റെ നിർദേശപ്രകാരം തുണികൊണ്ടു സുരക്ഷിതമായി അടച്ചു. രാത്രി പന്ത്രണ്ടരയോടെ തിരുവനന്തപുരത്ത് നിന്നും സുരേഷെത്തി. നാട്ടുകാരുടെ സഹായത്തോടെ മണ്ണുമാറ്റി. പാമ്പിന്റെ മുട്ടകൾ കണ്ടതോടെ സുരേഷ് കരുതലെടുത്തു. നാട്ടുകാരെ മാറ്റി സുരേഷ് ഒറ്റയ്ക്ക് പാമ്പിന്റെ മാളം മാന്തി. പിന്നെ സംഭവിച്ചതെല്ലാം അത്ഭുതം.

മൂർഖൻ കുഞ്ഞുങ്ങളെ ഒന്നൊന്നായി പുറത്തെടുക്കുകയായിരുന്നു വാവ സുരേഷ്. അവസാനമാണു തള്ളമൂർഖനെ പിടികൂടിയത്. പുലർച്ചെ മൂന്നോടെയാണ് 'ഓപ്പറേഷൻ' സമാപിച്ചത്. പിടികൂടിയ പാമ്പുകളെ വനത്തിൽ തുറന്നുവിട്ടു. കടുത്തുരുത്തി പാലക്കരയിൽ വാഴത്തോട്ടത്തിലായിരുന്നു ഈ ഓപ്പറേഷൻ. സ്വകാര്യ വ്യക്തിയുടെ വാഴത്തോട്ടത്തിൽ നിന്നുമാണ് പാമ്പുകളെ പിടികൂടിയത്. അർധരാത്രിയോടെയാണ് പാമ്പിനെ കണ്ടെത്തിയത്. സമീപത്ത് നിരവധി വീടുകളുള്ള സ്ഥലമാണ്. തുടർന്ന് വാവ സുരേഷിനെ ബന്ധപ്പെടുകയായിരുന്നു. വാവ എത്തി ആ ഗ്രാമത്തിന്റെ ആശങ്ക മാറ്റി. വാവ സുരേഷിനെ പാമ്പു പിടിത്തത്തിൽ നിന്നും ഒഴിവാക്കാൻ വ്യാപക ഇടപെടലുണ്ട്. എന്നാൽ ഇത് അനാവശ്യമാണെന്ന് തെളിയിക്കുന്നതാണ് വാവയുടെ കടുത്തുരുത്തി ഓപ്പറേഷൻ.

കുറച്ചു ദിവസം മുമ്പ് ശ്രീകാര്യം ചെല്ലമങ്കലത്തിന് അടുത്തുള്ള ഒരു പറമ്പിൽ നിന്നും അത്യപൂർവ്വം ഇനം പാമ്പിനേയും വാവ പിടിച്ചിരുന്നു. ചെറിയ ഒരു വീട് പണി നടക്കുകയാണ്. പണിക്കാർ ആണ് പാമ്പിനെ ആദ്യം കണ്ടത്. സ്ഥലത്ത് എത്തിയ വാവ സുരേഷ് പാമ്പിനെ കണ്ട സ്ഥലത്തെ ഓലയും,മറ്റ് സാധനങ്ങളും മാറ്റി. അപ്പോഴാണ് മണ്ണിനടിയിൽ കുറച്ച് ഭാഗം കണ്ടത്, വാവ സുരേഷിന്റെ മുഖത്ത് സന്തോഷം. മണ്ണിനടിയിൽ താമസിക്കുന്ന, അപൂർവമായി കാണുന്ന മണ്ണൂലി പാമ്പ്. അതിനേയും ഒരു കുഴപ്പവുമില്ലാതെ പിടികൂടി. അതിന് ശേഷമാണ് കടുത്തുരുത്തിയിലെ വമ്പൻ ഓപ്പറേഷൻ.

ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ പ്രദർശിപ്പിച്ച് ക്ലാസെടുത്തതിന് വാവ സുരേഷിനെതിരേ വനംവകുപ്പ് കേസെടുത്തത് അടക്കം ഗൂഢാലോചനയാണെന്ന വാദം ചർച്ചയായിരുന്നു. നവംബർ 28-ന് കോഴിക്കോട് മെഡിക്കൽ കോളേജ് നഴ്‌സിങ് വിഭാഗത്തിൽ തുടർവിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ക്ലാസിലാണ് പ്രസംഗ പീഠത്തിൽപാമ്പിനെവെച്ച് വാവ സുരേഷ് സംസാരിച്ചത്. 'എക്സ്പീരിയൻസ് വിത്ത് സ്നേക്ക്' എന്ന വിഷയത്തിലായിരുന്നു ക്ലാസ്. നിയമവിരുദ്ധമായും അശാസ്ത്രീയമായും പാമ്പുകളെ പ്രദർശിപ്പിച്ചെന്ന പരാതിയിൽ വനം വകുപ്പ് സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.

തുടർന്നാണ് വന്യജീവി സംരക്ഷണ നിയമം സെക്ഷൻ 2, 9 എന്നിവ പ്രകാരം താമരശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കേസ് രജിസ്റ്റർ ചെയ്തത്. പാമ്പ് കടിയേറ്റ് അതീവഗുരുതരനിലയിൽനിന്ന് രക്ഷപ്പെട്ട് വന്നശേഷം അശാസ്ത്രീയ മാർഗങ്ങളിലൂടെ പാമ്പിനെ പിടിക്കില്ലെന്ന് വാവ സുരേഷ് ഉറപ്പുനൽകിയിരുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. സമാനമായി പല കേസുകളും വാവയ്‌ക്കെതിരെ എടുക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP