Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊലീസ് എത്തി ഗേറ്റ് തുറക്കാൻ ആവശ്യപ്പെട്ടപ്പോൾ എംഎൽഎ അകത്ത് ഉണ്ടെന്നും ഗേറ്റ് തുറന്ന് നൽകരുതെന്ന് പറഞ്ഞെന്നുമായിരുന്നു സെക്യൂരിറ്റിയുടെ മറുപടി! കേരളാ സ്പോർട്സ് കൗൺസിലിന്റെ കത്തും ശ്രീനിജന്റെ വാദം പൊളിച്ചു; ബ്ലാസ്റ്റേഴ്‌സ് വിവാദത്തിൽ സിപിഎമ്മിനും പ്രതിഷേധം; ശ്രീനിജനെ താക്കീത് ചെയ്‌തേയ്ക്കും

പൊലീസ് എത്തി ഗേറ്റ് തുറക്കാൻ ആവശ്യപ്പെട്ടപ്പോൾ എംഎൽഎ അകത്ത് ഉണ്ടെന്നും ഗേറ്റ് തുറന്ന് നൽകരുതെന്ന് പറഞ്ഞെന്നുമായിരുന്നു സെക്യൂരിറ്റിയുടെ മറുപടി! കേരളാ സ്പോർട്സ് കൗൺസിലിന്റെ കത്തും ശ്രീനിജന്റെ വാദം പൊളിച്ചു; ബ്ലാസ്റ്റേഴ്‌സ് വിവാദത്തിൽ സിപിഎമ്മിനും പ്രതിഷേധം; ശ്രീനിജനെ താക്കീത് ചെയ്‌തേയ്ക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പി.വി. ശ്രീനിജിനെ സിപിഎം താക്കീത് ചെയ്‌തേയ്ക്കും. ബ്ലാസ്റ്റേഴ്‌സ് വിവാദത്തിൽ സിപിഎമ്മിന് തലവേദനയാവുകയാണ് എംഎൽഎ. ഫുട്ബോൾ ഗ്രൗണ്ട് വിവാദത്തിൽ ശ്രീനിജിനെ പരസ്യമായി പിന്തുണയ്ക്കാനാവാത്ത അവസ്ഥയിലാണ് പാർട്ടി. പൊതു വികാരം എംഎ‍ൽഎ.ക്കെതിരായതോടെ കരുതലോടെ നീങ്ങാനാണ് സിപിഎം തീരുമാനം. എറണാകുളം ജില്ലയിൽ കോൺഗ്രസ് ശക്തമായ പ്രവർത്തനത്തിലാണ്. അതുകൊണ്ടു തന്നെ അനാവശ്യ വിവാദങ്ങൾ ജില്ലയിൽ ഇടതുപക്ഷ സാധ്യതകളെ ബാധിക്കുമെന്നാണ് സിപിഎം വിലയിരുത്തൽ.

കേരള ബ്ലാസ്റ്റേഴ്സ് ടീം സെലക്ഷൻ ട്രയലിനെത്തിയ കുട്ടികളെ ഗ്രൗണ്ടിന്റെ ഗേറ്റ് പൂട്ടി മണിക്കൂറുകളോളം പുറത്തുനിർത്തിയ സംഭവത്തിൽ മാപ്പുപറഞ്ഞ് ശ്രീനിജൻ രംഗത്തു വന്നിരുന്നു. ബ്ലാസ്റ്റേഴ്സ് ഒരു മുൻകൂർ അനുമതിയും തേടിയിട്ടില്ലെന്നും കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടായതിൽ ക്ഷമ ചോദിക്കുന്നുവെന്നും എംഎ‍ൽഎ. പറഞ്ഞു. സംഭവത്തിൽ ബ്ലാസ്റ്റേഴ്സ് ടീം നിയമനടപടി സ്വീകരിക്കാനൊരുങ്ങവേയാണ് എംഎ‍ൽഎ. മാപ്പുപറഞ്ഞത്. ഇതിന് പിന്നിൽ സിപിഎം നിർദ്ദേശവുമുണ്ടായിരുന്നു. സംസ്ഥാന സ്പോർട്സ് കൗൺസിലിനെതിരേ രൂക്ഷവിമർശനമാണ് ശ്രീനിജൻ ഉന്നയിച്ചത്. ബ്ലാസ്റ്റേഴ്സും സംസ്ഥാന സ്പോർട്സ് കൗൺസിലും ചേർന്ന് നടത്തിയ ഗൂഢാലോചനയാണ് കഴിഞ്ഞ ദിവസം നടന്നതെന്നും ഇരുവരും ചേർന്ന് മനഃപൂർവം ചെയ്തതാണെന്നും എംഎ‍ൽഎ. ആരോപിക്കുന്നു.

എന്നാൽ സ്‌പോർട് കൗൺസിലിനെ നയിക്കുന്നത് സിപിഎം ബന്ധമുള്ളവരാണ്. ശ്രീനിജന്റെ പ്രസ്താവന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലിയേയും വേദനിപ്പിച്ചിട്ടുണ്ട്. ഇക്കാര്യം സിപിഎമ്മിനേയും ഷറഫലി അറിയിച്ചിട്ടുണ്ട്. സംസ്ഥാന സ്‌പോർട്സ് കൗൺസിലുമായി നിലനിൽക്കുന്ന തർക്കങ്ങൾ പറഞ്ഞു തീർക്കണമെന്നും കൂടുതൽ വഷളാക്കരുതെന്നും ശ്രീനിജന് സിപിഎം നിർദ്ദേശം നൽകും. കായിക മന്ത്രി അബ്ദുറഹ്‌മാനും ഇതേ നിലപാടിലാണ്. ബ്ലാസ്റ്റേഴ്‌സിന്റെ സെലക്ഷൻ അലങ്കോലപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണത്തെ ഗൗരവത്തോടെ സിപിഎം കാണും. അപ്പോഴും ശ്രീനിജനോട് വിശദീകരണം തേടും.

ഫ്ടുബോൾ ഗ്രൗണ്ടിന്റെ ഗേറ്റ് പൂട്ടിയതും അതുമൂലം കുട്ടികൾക്കും രക്ഷിതാക്കൾക്കുമുണ്ടായ ദുരിതവും വാർത്താ പ്രാധാന്യം നേടിയതോടെ പാർട്ടിക്ക് എംഎ‍ൽഎ.യെ പരസ്യമായി പിന്തുണയ്ക്കാൻ കഴിയാതായി. സ്‌പോർട്സ് കൗൺസിലിൽ ശ്രീനിജിനെതിരേ നിലനിന്നിരുന്ന വികാരവും ചർച്ചയായി. നിലവിലെ പ്രസിഡന്റും മുൻ പ്രസിഡന്റുമെല്ലാം ഒരുപോലെ എംഎ‍ൽഎ.ക്കെതിരേ പ്രസ്താവന ഇറക്കിയതും പാർട്ടിയെ കുഴക്കുന്നുണ്ട്. നിലവിലെ പ്രസിഡന്റ് യു ഷറഫലി സിപിഎമ്മുമായി ഏറെ അടുപ്പമുള്ള വ്യക്തിയാണ്.

ഇതിനൊപ്പം വിഷയത്തിൽ സിപിഎം. ഇടപെടൽ ആവശ്യപ്പെട്ട് ഘടക കക്ഷികളും രംഗത്തുണ്ട്. സിപിഎം. വിഷയം ഗൗരവത്തോടെ കാണണമെന്ന ആവശ്യം സിപിഐ. മുന്നോട്ടുവെച്ചിട്ടുണ്ട്. ട്വന്റി 20-യുമായി ശ്രീനിജിൻ ഉണ്ടാക്കിയ വിവാദങ്ങൾ പാർട്ടിയെ നേരത്തേ പ്രതിസന്ധിയിലാക്കിയിരുന്നു. അന്ന് പ്രാദേശികമായി സിപിഎമ്മിന് അനുകൂലമായിരുന്നു ശ്രീനിജന്റെ നീക്കം. എന്നാൽ ഇപ്പോഴത്തേത് അങ്ങനെ അല്ല. മന്ത്രിതല ഇടപെടൽ നടത്തി സ്‌പോർട്സ് കൗൺസിലിലെ പ്രശ്‌നം രമ്യതയിലെത്തിക്കാനുള്ള നീക്കവും തുടങ്ങിയിട്ടുണ്ട്

തിങ്കളാഴ്ച രാവിലെ ഏഴ് മണിക്കാണ് എറണാകുളം പനമ്പിള്ളി നഗറിലുള്ള സ്പോർട്സ് അക്കാദമിയിൽ കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ടീമിന്റെ അണ്ടർ-17 സെലക്ഷൻ ട്രയൽസ് നടത്താൻ പദ്ധതിയിട്ടിരുന്നത്. പനമ്പിള്ളി നഗർ ഗവ.എച്ച്.എസ്.സിന്റെ വളപ്പിലാണ് അക്കാദമിയുടെ ഗ്രൗണ്ട്. എന്നാൽ സ്പോർട്സ് കൗൺസിലിനു ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ ഒക്ടോബർ മുതലുള്ള വാടക നൽകാനുണ്ടെന്ന് ആരോപിച്ച് ഗൗണ്ടിന്റെ ഗേറ്റ് എംഎ‍ൽഎ. ഇടപെട്ട് പൂട്ടുകയായിരുന്നു. തുടർന്ന് പ്രതിഷേധമുയരുകയും വകുപ്പ് മന്ത്രി ഇടപെട്ടതിനെത്തുടർന്ന് നാല് മണിക്കൂറുകൾക്കുശേഷം ഗേറ്റ് തുറന്നുകൊടുക്കുകയുമായിരുന്നു.

'ജില്ലാ സ്പോർട്സ് കൗൺസിൽ കരമടച്ച് കൈവശം വെച്ചിരിക്കുന്ന വസ്തുവാണ്. ഗ്രൗണ്ട്, സംസ്ഥാന സ്പോർട്സ് കൗൺസിൽ പിടിച്ചെടുക്കാനുള്ള ശ്രമമായിരുന്നു ഇപ്പോഴുണ്ടായത്. ജില്ലാ സ്പോർട്സ് കൗൺസിൽ തനിയെ ആർജിച്ചെടുത്ത ഗ്രൗണ്ടാണ്. അതിന്റെ ഉത്തരവാദിത്വം ജില്ലയ്ക്കാണ്. കുട്ടികളുടെ പരിശീലനം സംബന്ധിച്ച് ഒരറിവും ജില്ലാ സ്പോർട്സ് കൗൺസിലിന് ലഭിച്ചില്ല. സെലക്ഷൻ ട്രയിൽ നടത്തുന്നതിനായി ബ്ലാസ്റ്റേഴ്സ് ഒരു മുൻകൂർ അനുമതിയും തേടിയിട്ടില്ലായിരുന്നു',-ഇതാണ് ശ്രീനിജന്റെ വാദം.

2023 ഫെബ്രുവരിയിലാണ് കരാർ നിലനിൽക്കില്ല എന്ന ബ്ലാസ്റ്റേഴ്സിന്റെ അറിയിപ്പ് ലഭിക്കുന്നത്. ഇതിന് പിന്നാലെ സംസ്ഥാന സ്പോർട്സ് കൗൺസിലുമായി നേരിട്ട് കരാറുണ്ടാക്കാൻ ബ്ലാസ്റ്റേഴ്സിന് കത്ത് നൽകുകയായിരുന്നു. എന്നാൽ, സംസ്ഥാന സ്പോർട്സ് കൗൺസിൽ ഒരു തരത്തിലുള്ള കത്തും ജില്ലയ്ക്ക് കൈമാറിയില്ല. കേരള പ്രീമിയർ ലീഗ് മത്സരം നടത്താൻ ജില്ലാ സ്പോർട്സ് കൗൺസിൽ അനുമതി നൽകിയിരുന്നു. എന്നാൽ, അതിനെ സംസ്ഥാന സ്പോർട്സ് കൗൺസിൽ എതിർക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, താൻ പ്രസിഡന്റായിരുന്നപ്പോൾ ശ്രീനിജൻ കേരള ബ്ലാസ്റ്റേഴ്സുമായി കരാർ ഒപ്പിട്ടത് സംസ്ഥാന കൗൺസിൽ എതിർപ്പ് മറികടന്നാണെന്നും ബ്ലാസ്റ്റേഴ്സിനെ പേടിപ്പിച്ചാണ് കരാറിൽ ഒപ്പിടീച്ചതെന്നും സംസ്ഥാന സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് മേഴ്‌സിക്കുട്ടൻ ആരോപിച്ചിരുന്നു. മേഴ്സിക്കുട്ടന്റെ ആരോപണത്തെ നിയമപരമായി നേരിടുമെന്നും പി.വി. ശ്രീനിജൻ പറഞ്ഞു

ഈ വിവാദത്തിൽ ശ്രീനിജൻ എംഎൽഎയുടെ വാദങ്ങൾ പൊളിഞ്ഞിരുന്നു. പനമ്പിള്ളി നഗറിലെ സ്‌കൂൾ ഗേറ്റ് പൂട്ടിയിട്ടത് എംഎൽഎയുടെ അറിവോടെയെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ട്വന്റിഫോറിന് ലഭിച്ചു. പൊലീസ് ഗേറ്റ് തുറക്കാൻ ആവശ്യപ്പെട്ടപ്പോൾ എംഎൽഎ അകത്ത് ഉണ്ടെന്നായിരുന്നു സെക്യൂരിറ്റിയുടെ മറുപടി. ഇതിനിടെ എംഎൽഎൽയെ വെട്ടിലാക്കി സ്‌പോർട്സ് കൗൺസിലിന്റെ കത്തും പുറത്തുവന്നു.ഗേറ്റ് പൂട്ടിയത് തന്റെ അറിവോടെ അല്ലെന്നായിരുന്നു എംഎൽഎ യുടെ വാദം. എന്നാൽ പൊലീസ് എത്തി ഗേറ്റ് തുറക്കാൻ ആവശ്യപ്പെട്ടപ്പോൾ എംഎൽഎ അകത്ത് ഉണ്ടെന്നും ഗേറ്റ് തുറന്ന് നൽകരുതെന്ന് പറഞ്ഞെന്നുമായിരുന്നു സെക്യൂരിറ്റിയുടെ മറുപടി.

ദൃശ്യങ്ങൾ പുറത്ത് വന്നതോടെ എംഎൽഎ യുടെ അറിവോടെ യാണ് ഗേറ്റ് പൂട്ടിയതെന്ന് വ്യക്തമായി. എംഎൽഎ യെ കൂടുതൽ പ്രതിരോധത്തിലാക്കി സ്‌പോർട്സ് കൗൺസിലിന്റെ കത്തും പുറത്തുവന്നു. കേരള ബ്ലാസ്റ്റേഴ്‌സിനെ ഗ്രൗണ്ടിൽ പ്രവേശിക്കുന്നത് തടഞ്ഞാൽ കരാർ ലംഘനമാണെന്ന് സംസ്ഥാന സ്പോർട്സ് കൗൺസിൽ ജില്ല സ്പോർട്സ് കൗൺസിലിന് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ഗ്രൗണ്ടിന്റെ പൂർണ അധികാരം ബ്ലാസ്റ്റേഴ്‌സിനാണെന്നും കത്തിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP