Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ആദ്യരാത്രി മണിയറ ഒരുക്കിയപ്പോൾ തന്റെ മുറിയിലെ ലാലേട്ടന്റെ പടം കീറിക്കളഞ്ഞതിൽ പരിഭവിച്ച നവവരൻ; മോഹൻലാലിനെ ആണോ എന്നെയാണോ കൂടുതലിഷ്ടം എന്നുചോദിച്ചാൽ മൗനം പാലിക്കുന്ന ഭർത്താവ്; അസാധാരണ മോഹൻലാൽ ഫാനിന്റെ കഥ പറയുന്ന 'ദ ഫനാട്ടിക്ക്' വീഡിയോ വൈറലാകുന്നു

ആദ്യരാത്രി മണിയറ ഒരുക്കിയപ്പോൾ തന്റെ മുറിയിലെ ലാലേട്ടന്റെ പടം കീറിക്കളഞ്ഞതിൽ പരിഭവിച്ച നവവരൻ;  മോഹൻലാലിനെ ആണോ എന്നെയാണോ കൂടുതലിഷ്ടം എന്നുചോദിച്ചാൽ മൗനം പാലിക്കുന്ന ഭർത്താവ്; അസാധാരണ മോഹൻലാൽ ഫാനിന്റെ കഥ  പറയുന്ന 'ദ ഫനാട്ടിക്ക്' വീഡിയോ വൈറലാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: മലയാളം മാറ്റി നിർത്തിയാൽ സിനിമ താരങ്ങളോടുള്ള ആരാധന അത്ര പുതുമയുള്ള കാര്യമല്ല. ഈ ആരാധന മൂത്ത് രാഷ്ട്രീയത്തിൽ വരെ അത് പ്രതിഫലിച്ചത് നാം കണ്ടിട്ടുണ്ട്. എന്നാൽ കേരളത്തിലേക്ക് വന്നാൽ അതല്ല സ്ഥിതി. ഭ്രാന്തമായ ആരാധന ഉണ്ടെങ്കിലും അത് പ്രകടിപ്പിക്കുന്ന രീതിയും മനസിൽ കൊണ്ടു നടക്കുന്നതുമൊക്കെ തീർത്തും വ്യത്യസ്തമായാണ്.

മലയാളത്തിൽ ഇത്തരം ആരാധകർ ഏറ്റവും കൂടുതൽ ഉള്ളത് മോഹൻ ലാലിനും മമ്മൂട്ടിക്കും തന്നെയാണ്. ഇങ്ങനെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ ഉൾപ്പടെ ചർച്ച വിഷയമാകുകയാണ് മോഹൻ ലാലിന്റെ ആരാധകനായ കൊടുങ്ങല്ലൂർ സ്വദേശി സഫീർ അഹമ്മദ്. മലയാളത്തിലെ വ്യത്യസ്തരായ താര ആരാധകരെ പരിചയപ്പെടുത്തുന്ന ഭാവന സ്റ്റുഡിയോസിന്റെ ഏറ്റവും പുതിയ സീരീസായ ദ ഫനാട്ടിക്കിലൂടെയാണ് സഫീർ അഹമ്മദിനെക്കുറിച്ചും അദ്ദേഹത്തിന്റെ ലാൽ ആരാധനയെക്കുറിച്ചും പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്.

ആരാധന എന്നതിനപ്പുറം നിർവചിക്കേണ്ടിയിരിക്കുന്നു ഇദ്ദേഹത്തിന് മോഹൻലാലുമായുള്ള ആത്മബന്ധത്തെ. പറഞ്ഞു പഴകിയതാണെങ്കിലും സഫീറിന്റെ കാര്യത്തിൽ അതൊട്ടും അതിശയോക്തിയാവില്ല - ഊണിലും ഉറക്കത്തിലും എന്തിന് ജീവശ്വാസത്തിൽ വരെ മോഹൻലാലിനെ കൊണ്ട് നടക്കുന്ന മനുഷ്യൻ. തന്റെ ജീവിതത്തിലെ ഒരോ കാലഘട്ടത്തെയും സഫീർ അടയാളപ്പെടുത്തുന്നതും ലാലേട്ടൻ സിനിമകളെ ചേർത്തിണക്കിയാണ്. ഈ വ്യത്യസ്തമായ ആരാധനയെക്കുറിച്ചുള്ള സഫീറിന്റെ തുറന്ന് പറച്ചിലും ആരാധന എന്നതിനപ്പുറം നിർവചിക്കേണ്ട ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അനുഭവ സാക്ഷ്യവുമാണ് ഈ വീഡിയോ.

മോഹൻലാൽ സിനിമകളെക്കുറിച്ച് എന്തും ഏത് ഉറക്കത്തിൽ വിളിച്ച് ചോദിച്ചാലും സഫീർ സംസാരിക്കും. ഇത്തരത്തിൽ സ്റ്റേജ് ഷോകൾ അവതരിപ്പിച്ചും ഇദ്ദേഹം ഇതിനോടകം സുപരിചിതനാണ്. വ്യത്യസ്തമായ ഈ ആരാധനയെ കൂടുതൽ പ്രേക്ഷകരിലേക്ക് തുറന്ന് വിടുകയാണ് 'ദ ഫനാട്ടിക്ക്'. കുട്ടിക്കാലത്ത് അമിതാബ് ബച്ചനെ ആരാധിച്ചിരുന്ന പയ്യൻ മോഹൻലാൽ വന്നതോടെ അടിമുടി ലാൽ ഫാനായ ഓർമ്മകളാണ് ഉമ്മ സുഹറയ്ക്ക് പങ്കു വെക്കാനുള്ളത്. പഠിപ്പിൽ മോശമല്ലാത്തതിനാൽ തന്നെ സഫീറിന്റെ ഇഷ്ടങ്ങൾക്ക് ബാപ്പയും എതിരല്ലായിരുന്നുവെന്നും ഉമ്മ പറയുന്നു.

മണിയറ ഒരുക്കിയപ്പോൾ താൻ റൂമിൽ ഒട്ടിച്ചു വച്ച ലാലേട്ടന്റെ പല കാലത്തെ ഫോട്ടൊ മുഴുവൻ കീറിക്കളഞ്ഞ ബാപ്പേയോടുള്ള നീരസം ആദ്യ രാത്രിയിൽ പങ്കു വെച്ച ഭർത്താവിനെയാണ് ഭാര്യ അമ്പിളിക്ക് സഫീറിന്റെ ലാൽ ഭ്രമത്തെക്കുറിച്ച് പറയുമ്പോൾ ആദ്യം മനസിലേക്കെത്തുന്നത്. മോഹൻലാൽ സിനിമകളുടെ ഓഡിയോ കാസറ്റുകളുടെ കവർ ശേഖരം വീട് വൃത്തിയാക്കുമ്പോൾ ആക്രിക്ക് കൊടുത്തതിന് കേട്ട വഴക്കും ഇന്നും ഭാര്യക്ക് ഓർമ്മയുണ്ട്.

പ്രവാസ ലോകത്ത് നിന്നും അവധിക്കെത്തുമ്പോൾ കുടുംബത്തെയും കൂട്ടിയുള്ള വിനോദ യാത്രയിൽ ഊട്ടിയും അവിടത്തെ കാഴ്‌ച്ചകളും സ്ഥിരം സാന്നിദ്ധ്യമായതും ഈ ആരാധനയുടെ മറ്റൊരു ഉദാഹരണമായി ഭാര്യ സാക്ഷ്യപ്പെടുത്തുന്നു. കോളേജിലും സ്‌കൂളിലും തങ്ങളെ ഉത്തരം മുട്ടിച്ച കൂട്ടുകാരനാണ് സുഹൃത്തുക്കളുടെ ഓർമ്മയിൽ.

ഏറെ വ്യത്യസ്തമായ ഈ ആരാധനയ്ക്ക് സഫീറിന് ലഭിച്ച ഇരട്ടി മധുരമാണ് തന്റെ മൂത്ത മകൻ ഹാരിസ് അസർ എന്ന ഉണ്ണിക്കുട്ടന്റെ ജന്മദിനവും മെയ് 21 ന് തന്നെ ആയത്. ഹാസിഖ് അസർ ആണ് രണ്ടാമത്തെ മകൻ. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഒരുക്കിയ ദ ഫനാട്ടിക്ക് എന്ന സീരീസിന്റെ ആദ്യ ഭാഗം സംവിധായകനും നടനുമായ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ എന്നിവരുടെ പേജിലൂടെയാണ് പുറത്ത് വിട്ടത്

.https://youtu.be/0gbJXtHRfO8

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP