Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സാലറി അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാറില്ല; ശമ്പള അക്കൗണ്ടിലുള്ള 25 ലക്ഷം പറയുന്നതും അഴിമതിക്കഥ; താലൂക്ക് അദാലത്ത് സ്ഥലത്തും കൈക്കൂലി വാങ്ങാനുള്ള മാനസിക കരുത്ത്; പൊടിയും മാറാലയും പിടിച്ച കവറുകളിലുണ്ടായിരുന്നത് ലക്ഷങ്ങൾ; 17 കിലോ നാണയങ്ങളും കൈക്കൂലി വീരനെന്നതിന് തെളിവ്; സുരേഷ് കുമാറിന് പിന്നിൽ ആര്? വിജിലൻസിനെ ഞെട്ടിച്ച് പാലക്കയത്തെ അഴിമതി

സാലറി അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാറില്ല; ശമ്പള അക്കൗണ്ടിലുള്ള 25 ലക്ഷം പറയുന്നതും അഴിമതിക്കഥ; താലൂക്ക് അദാലത്ത് സ്ഥലത്തും കൈക്കൂലി വാങ്ങാനുള്ള മാനസിക കരുത്ത്; പൊടിയും മാറാലയും പിടിച്ച കവറുകളിലുണ്ടായിരുന്നത് ലക്ഷങ്ങൾ; 17 കിലോ നാണയങ്ങളും കൈക്കൂലി വീരനെന്നതിന് തെളിവ്; സുരേഷ് കുമാറിന് പിന്നിൽ ആര്? വിജിലൻസിനെ ഞെട്ടിച്ച് പാലക്കയത്തെ അഴിമതി

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്; 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി. സുരേഷ് കുമാറിന്റെ ഒറ്റമുറി താമസസ്ഥലത്ത് എത്തിയ വിജിലൻസ് സംഘം കണ്ടെത്തിയത് കോടികളുടെ ആസ്തി. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് വിജിലൻസ് പറയുന്നത്. പണത്തിന്റെ ഉറവിടം സംബന്ധിച്ചും അന്വേഷണം ആവശ്യമാണെന്ന് അറിയിച്ചു. കണ്ടെടുത്തതെല്ലാം കൈക്കൂലി പണമാണെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. എന്നാൽ ആരുടെയെങ്കിലും ബെനാമിയാണോ സുരേഷ് എന്നും പരിശോധിക്കും.

തിരുവനന്തപുരം സ്വദേശിയാണ് സുരേഷ് കുമാർ. 17 വർഷത്തോളമായി പാലക്കാട് മണ്ണാർകാട് കേന്ദ്രീകരിച്ചുള്ള വിവിധ വില്ലേജ് ഓഫിസുകളിൽ ജോലി ചെയ്തുവരികയായിരുന്നു. കേരളത്തിൽ തന്നെ ഒരു റവന്യൂ ഉദ്യോഗസ്ഥന്റെ പക്കൽനിന്നും പിടികൂടുന്ന വലിയ സംഖ്യയാണ് സുരേഷ് കുമാറിൽ നിന്നും പിടിച്ചെടുത്തത്. പാലക്കാട്ടെ ചെറിയ മുറിയുടെ പലയിടങ്ങളിലായി കാർഡ് ബോർഡ് പെട്ടികളിലും പ്ലാസ്റ്റിക് കവറുകളിലും നിറയെ നോട്ടുകെട്ടുകൾ സൂക്ഷിച്ചുവച്ചിരിക്കുന്നു. ഇവ എണ്ണി തിട്ടപ്പെടുത്താൻ തന്നെ ഉദ്യോഗസ്ഥർ മണിക്കൂറുകളെടുത്തു.

പല കവറുകളും പൊടിയും മാറാലയും പിടിച്ചാണ് ഇരുന്നിരുന്നതെന്നാണ് റിപ്പോർട്ട്. അത്രത്തോളം പഴക്കം നോട്ടുകൾക്ക് ഉണ്ട്. ആദ്യം ചോദ്യം ചെയ്തപ്പോൾ ആറു ലക്ഷം രൂപ കൈവശം ഉണ്ടെന്നാണു സുരേഷ് കുമാർ പറഞ്ഞത്. എന്നാൽ കോടികളാണ് കണ്ടെത്തിയത്. പണവും സ്ഥിര നിക്ഷേപ രേഖകളും പാസ്ബുക്കുകളും ഉൾപ്പെടെ 1.05 കോടി രൂപ കണ്ടെടുത്തു. മണ്ണാർക്കാട് പച്ചക്കറി മാർക്കറ്റിന്റെ എതിർവശത്തുള്ള കെട്ടിടത്തിലെ ഒറ്റമുറിയിൽ നടത്തിയ റെയ്ഡിലാണ് 35 ലക്ഷം രൂപ പണമായും 45 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും 17 കിലോ നാണയങ്ങളും കിട്ടി. ബാങ്ക് അക്കൗണ്ടിൽ 25 ലക്ഷം രൂപയും കണ്ടെടുത്തു. സുരേഷ് കുമാർ സാലറി അക്കൗണ്ടിൽ നിന്ന് പണം വിൻവലിക്കാറില്ലായിരുന്നുവെന്നാണ് വിജിലൻസ് അറിയിക്കുന്നത്. നിലവിൽ ഇയാളുടെ സാലറി അക്കൗണ്ടിൽ ബാക്കിയുള്ളത് 25 ലക്ഷം രൂപയാണ്.

വസ്തുവിന്റെ ലൊക്കേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതിന് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പിടിയിലായത്. പാലക്കാട് പാലക്കയം വില്ലേജ് ഫീൽഡ് അസിസ്റ്റന്റാണ് വി. സുരേഷ് കുമാർ. പാലക്കയം വില്ലേജ് പരിധിയിൽ 45 ഏക്കർ സ്ഥലമുള്ള മഞ്ചേരി സ്വദേശി ലൊക്കേഷൻ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിരുന്നു. വില്ലേജ് ഓഫിസിൽ അന്വേഷിച്ചപ്പോൾ ഫയൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സുരേഷ് കുമാറിന്റെ കൈവശമാണെന്നറിഞ്ഞു. സുരേഷ് കുമാറിന്റെ ഫോണിൽ വിളിച്ചപ്പോൾ 2500 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. കൈക്കൂലിയുമായി മണ്ണാർക്കാട് താലൂക്ക് തല റവന്യൂ അദാലത്ത് നടക്കുന്ന എം.ഇ.എസ് കോളജിൽ എത്താനാണ് ആവശ്യപ്പെട്ടത്.

തുടർന്ന് പരാതിക്കാരൻ ഈ വിവരം പാലക്കാട് വിജിലൻസിനെ അറിയിക്കുകയായിരുന്നു. മണ്ണാർക്കാട് കോളജിനു മുൻവശം പാർക്ക് ചെയ്തിരുന്ന സുരേഷ് ബാബുവിന്റെ കാറിൽ വച്ച് 2500 രൂപ കൈക്കൂലി വാങ്ങവേ വിജിലൻസ് സംഘം പ്രതിയെ കൈയോടെ പിടികൂടുകയായിരുന്നു. ഇതേ വസ്തു എൽ.എ പട്ടയത്തിൽ പെട്ടതല്ലായെന്ന സർട്ടിഫിക്കറ്റിനായി പരാതിക്കാരന്റെ പക്കൽ നിന്ന് ആറ് മാസം മുമ്പ് 10,000 രൂപയും കൈവശാവകാശ സർട്ടിഫിക്കറ്റിനായി അഞ്ച്മാസം മുമ്പ് 9000 രൂപയും സുരേഷ് കുമാർ കൈക്കൂലിയായി വാങ്ങിയിരുന്നു. തുടർന്നാണ് ലൊക്കേഷൻ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചപ്പോഴും കൈക്കൂലി ആവശ്യപ്പെട്ടത്.

മണ്ണാർക്കാട് നഗരമധ്യത്തിലെ ഷോപ്പിങ് കോംപ്ലക്സിലെ വാടകമുറിയിൽ ചൊവ്വാഴ്ച വൈകീട്ട് ആറോടെയാണ് വിജിലൻസ് സംഘം പരിശോധന നടത്തിയത്. അറസ്റ്റിലായ സുരേഷ്‌കുമാറിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് താമസ സ്ഥലത്തുനിന്ന് അനധികൃതസമ്പാദ്യം എന്ന് സംശയിക്കുന്ന പണവും മറ്റു രേഖകളും കണ്ടെത്തിയത്. ഇയാളുടെ തിരുവനന്തപുരത്തെ വീട്ടിലും റെയ്ഡ് നടത്തുന്നതായി വിജിലൻസ് അധികൃതർ അറിയിച്ചു. പൊലീസ് ഇൻസ്പെക്ടർമാരായ ഫിലിപ്പ്, ഫറോഖ്, എസ്‌ഐമാരായ സുരേന്ദ്രൻ, മനോജ്, പൊലീസ് ഉദ്യോഗസ്ഥരായ മനോജ്, സതീഷ്, സനേഷ്, സന്തോഷ്, ബാലകൃഷ്ണൻ, മനോജ്, ഉവൈസ്, മണ്ണാർക്കാട് സിഐ ബോബിൻ മാത്യു എന്നിവരും സംഘത്തിലുണ്ടായിരുന്നു.

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്‌സാപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ മനോജ് എബ്രഹാം അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP