Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരള ബ്ലാസ്റ്റേഴ്സിന്റെ സെലക്ഷൻ ട്രയൽ തടഞ്ഞ് സ്റ്റേഡിയം പൂട്ടിയിട്ട സംഭവം; കുട്ടികളോട് മാപ്പ് പറഞ്ഞ് പി വി ശ്രീനിജിൻ; ജില്ല സ്പോർട്സ് കൗൺസിലിന്റെ നടപടി തള്ളി യു. ഷറഫലി; വിഷയം ഒതുക്കി തീർക്കാൻ സർക്കാർ നീക്കം; പ്രതികരിക്കാനില്ലെന്ന് ബ്ലാസ്റ്റേഴ്സ് പ്രതിനിധികൾ

കേരള ബ്ലാസ്റ്റേഴ്സിന്റെ സെലക്ഷൻ ട്രയൽ തടഞ്ഞ് സ്റ്റേഡിയം പൂട്ടിയിട്ട സംഭവം; കുട്ടികളോട് മാപ്പ് പറഞ്ഞ് പി വി ശ്രീനിജിൻ; ജില്ല സ്പോർട്സ് കൗൺസിലിന്റെ നടപടി തള്ളി യു. ഷറഫലി; വിഷയം ഒതുക്കി തീർക്കാൻ സർക്കാർ നീക്കം; പ്രതികരിക്കാനില്ലെന്ന് ബ്ലാസ്റ്റേഴ്സ് പ്രതിനിധികൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് അണ്ടർ 17 സെലക്ഷൻ ട്രയലിനെത്തിയ കുട്ടികളെ പ്രവേശിപ്പിക്കാതെ പനമ്പിള്ളി നഗറിലെ സ്പോർട്സ് അക്കാദമി സ്റ്റേഡിയം പൂട്ടിയിട്ട സംഭവത്തിൽ മാപ്പ് പറഞ്ഞ് പി വി ശ്രീനിജിൻ എംഎൽഎ. വിവരം അറിഞ്ഞപ്പോൾ തന്നെ ഗേറ്റ് തുറന്ന് നൽകാൻ ആവശ്യപ്പെട്ടു. ട്രയൽസ് നടക്കുന്ന വിവരം ജില്ലാ സ്പോർട്സ് കൗൺസിലിനെ അറിയിച്ചിരുന്നെങ്കിൽ ഗേറ്റ് പൂട്ടിയിടില്ലായിരുന്നുവെന്നും ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കൂടിയായ പി വി ശ്രീനിജിൻ മാധ്യമങ്ങളോട് പറഞ്ഞു.

എംഎൽഎ വന്ന് ഗേറ്റ് പൂട്ടിയതല്ല. ഗേറ്റ് പൂട്ടി കിടന്നതാണ്. അനുമതി ഉണ്ടേൽ തുറന്ന് കൊടുക്കാറാണ് പതിവെന്നും എംഎൽഎ പ്രതികരിച്ചു. ബ്ലാസ്റ്റേഴ്‌സ് പേടിപ്പിച്ചാണ് കരാർ മാറ്റി എഴുതിച്ചതെന്ന് പറഞ്ഞ സ്പോർട്സ് കൗൺസിൽ മുൻ അധ്യക്ഷ മേഴ്‌സി കുട്ടനെതിരെ വക്കീൽ നോട്ടീസ് അയക്കുമെന്നും അദ്ദേഹം അറിയിച്ചു. കുട്ടികളുടെ 60 ലക്ഷം രൂപ എടുത്തുകൊണ്ട് പോയ ആളാണ് മേഴ്സി കുട്ടനെന്നും ശ്രീനിജിൻ ആരോപിച്ചു.

പനമ്പിള്ളി നഗറിലെ സ്പോർട്സ് അക്കാദമി ഗ്രൗണ്ടിലായിരുന്നു നാടകീയ സംഭവങ്ങൾ. കേരള ബ്ലാസ്റ്റേഴ്‌സിന്റെ അണ്ടർ 17 ടീമിലേക്കുള്ള സെലക്ഷൻ ട്രയൽസ് സ്‌കൂൾ ഗ്രൗണ്ടിൽ തിങ്കളാഴ്ച രാവിലെയാണ് തീരുമാനിച്ചിരുന്നത്. രാവിലെ എത്തിയ കുട്ടികളും രക്ഷിതാക്കളും ഗേറ്റ് അടച്ചിട്ടിരിക്കുന്നതുകണ്ട് നടത്തിയ അന്വേഷണത്തിൽ, ജില്ല സ്പോർട്സ് കൗൺസിലിന് വാടക നൽകാത്തതിനാൽ പ്രസിഡന്റ് കൂടിയായ എംഎ‍ൽഎയുടെ നിർദേശപ്രകാരം ഗേറ്റ് പൂട്ടിയെന്ന മറുപടിയാണ് ലഭിച്ചത്.

ട്രയൽസിൽ പങ്കെടുക്കാനെത്തിയ നൂറോളം കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരു മണിക്കൂറോളമാണ് ഗേറ്റിനുപുറത്ത് കാത്തിരിക്കേണ്ടിവന്നത്. സംഭവം വിവാദമായതോടെ കായിക വകുപ്പിന്റെ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹ്‌മാൻ ഇടപെട്ടാണ് ഗേറ്റ് തുറന്നുനൽകിയത്.

ഗേറ്റ് പൂട്ടിയിട്ട് സെലക്ഷൻ ട്രയലിനെത്തിയ വിദ്യാർത്ഥികളെ റോഡരികിൽ ഇരുത്തിയ സംഭവത്തിൽ എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിൽ അധ്യക്ഷൻ പി വി ശ്രീനിജിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. ഇന്നലെ ശ്രീനിജിനെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാന സ്പോർട്സ് കൗൺസിൽ അധ്യക്ഷൻ യു ഷറഫലി രംഗത്ത് വന്നെങ്കിലും ഇനി പ്രത്യക്ഷ പോര് വേണ്ടെന്നാണ് തീരുമാനം. ഗേറ്റ് തുറന്ന് കൊടുത്ത് സെലക്ഷൻ ട്രയൽ നടന്നതോടെ പ്രത്യക്ഷ ഏറ്റുമുട്ടലിലേക്ക് ഇനി കടക്കരുതെന്നാണ് കായിക വകുപ്പിന്റെ നിർദ്ദേശം.

ഇതിനിടെ ശ്രീനിജിനെതിരെ സംസ്ഥാന സ്പോർട്സ് കൗൺസിൽ മുൻ അദ്ധ്യക്ഷ മേഴ്‌സി കുട്ടൻ രംഗത്ത് വന്നു. എതിർപ്പുകൾ മറികടന്ന് ചട്ടം ലംഘിച്ചാണ് ശ്രീനിജിൻ ബ്ലാസ്റ്റേഴ്‌സിനെ പേടിപ്പിച്ച് കരാർ മാറ്റി എഴുതിച്ചതെന്ന് ആരോപിച്ച് മേഴ്‌സി കുട്ടൻ രംഗത്ത് വന്നു. പനമ്പിള്ളി നഗർ സ്റ്റേഡിയത്തിൽ ജില്ലാ കൗൺസിലിന് അവകാശം ഉണ്ടെന്ന എംഎൽഎയുടെ വാദം തെറ്റാണ്. ശ്രീനിജിൻ എറണാകുളം ജില്ല കൗൺസിൽ അധ്യക്ഷനായ ശേഷം കായികരംഗത്ത് ജില്ലയെ പിന്നോട്ട് അടിച്ചുവെന്നും ആക്ഷേപം.

കായിക വകുപ്പ് മന്ത്രിയുടെ ഇടപെടലിലാണ് ഇന്നലെ ഗേറ്റ് തുറന്ന് കൊടുത്ത് കുട്ടികളെ അകത്ത് പ്രവേശിപ്പിച്ചത്. സിപിഎം എംഎൽഎയായ പി വി ശ്രീനിജിനോട് വിശദീകരണം ആരാഞ്ഞെങ്കിലും കടുത്ത നടപടിയിലേക്ക് സർക്കാർ കടക്കുന്നില്ലെന്നാണ് വിവരം. സിപിഎം എറണാകുളം ജില്ല കമ്മിറ്റിയുടെയും പിന്തുണ ശ്രീനിജിന് ഉള്ളതിനാൽ പ്രശ്‌നം ഇനി കൂടുതൽ വഷളാക്കേണ്ടതില്ലെന്നുമാണ് തീരുമാനം.

എന്നാൽ ഉന്നയിച്ച കാര്യങ്ങളിൽ നിന്ന് ഇരുകൂട്ടരും പിന്നോട്ട് പോകുന്നില്ല. ജില്ലാ കൗൺസിലിന് തന്നെയാണ് സ്റ്റേഡിയത്തിൽ അവകാശമെന്നും കുടിശിക വരുത്തിയ ഘട്ടത്തിലാണ് ഗേറ്റ് പൂട്ടിയതെന്നും ആവർത്തിക്കുകയാണ് ശ്രീനിജിൻ.

അതേസമയം, വാടക കൃത്യമായി നൽകിയിട്ടുണ്ടെന്ന വിശദീകരണവുമായി കേരള ബ്ലാസ്റ്റേഴ്‌സ് അധികൃതർ രംഗത്തുവന്നിരുന്നു. സംസ്ഥാന സ്പോർട്സ് കൗൺസിലുമായാണ് തങ്ങളുടെ കരാറെന്നും വാടക കൃത്യമായി നൽകിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. ജില്ല സ്പോർട്സ് കൗൺസിലിന്റെ നടപടി തള്ളി സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലിയും രംഗത്തുവന്നിരുന്നു. വാടക കുടിശ്ശികയില്ലെന്നും ഗ്രൗണ്ട് പൂട്ടിയതിന്റെ കാരണം അറിയില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതോടെ ജില്ല സ്പോർട്സ് കൗൺസിൽ അധികൃതരും പ്രതിരോധത്തിലായി. ഇതിനിടെയാണ് മന്ത്രി വി. അബ്ദുറഹ്‌മാൻ ഇടപെട്ട് ഗേറ്റ് തുറന്നുനൽകാൻ നിർദേശിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP