Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സംസ്‌കൃത കോളേജിൽ മൂന്ന് കൊല്ലം പഠിച്ചിട്ടും ജയിക്കാത്ത സഖാവ്; 22 വയസ്സ് മറികടന്നും ചെയർമാനാകാൻ മോഹമുദിച്ചപ്പോൾ കാട്ടാക്കടയിലെ ഫിസിക്‌സിൽ ചേർത്തത് ഗോഡ് ഫാദർ; 24 വയസ്സുള്ള വിശാഖിന് 19 വയസ്സ് എന്ന് എഫ് ഐ ആറിൽ എഴുതിച്ചതും നേതാവിന്റെ ബുദ്ധി; കാട്ടക്കടയിൽ എല്ലാം പ്രിൻസിപ്പളിൽ തീരുമോ? പുറത്തു വരുന്നത് അട്ടിമറി സൂചനകൾ

സംസ്‌കൃത കോളേജിൽ മൂന്ന് കൊല്ലം പഠിച്ചിട്ടും ജയിക്കാത്ത സഖാവ്; 22 വയസ്സ് മറികടന്നും ചെയർമാനാകാൻ മോഹമുദിച്ചപ്പോൾ കാട്ടാക്കടയിലെ ഫിസിക്‌സിൽ ചേർത്തത് ഗോഡ് ഫാദർ; 24 വയസ്സുള്ള വിശാഖിന് 19 വയസ്സ് എന്ന് എഫ് ഐ ആറിൽ എഴുതിച്ചതും നേതാവിന്റെ ബുദ്ധി; കാട്ടക്കടയിൽ എല്ലാം പ്രിൻസിപ്പളിൽ തീരുമോ? പുറത്തു വരുന്നത് അട്ടിമറി സൂചനകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ട സംഭവത്തിൽ എസ്എഫ്ഐ നേതാവ് എ.വിശാഖിനെ പൊലീസ് രക്ഷിക്കാൻ ശ്രമിക്കുന്നതായി സംശയം. ആൾമാറാട്ടത്തിൽ കാട്ടാക്കട പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ വിശാഖിന്റെ വയസ് പൊലീസ് കുറച്ചാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 24 വയസ്സുള്ള വിശാഖിന് 19 വയസ്സ് എന്നാണ് എഫ്ഐആറിൽ പൊലീസ് കാണിച്ചിരിക്കുന്നത്. അതിനിടെ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയി കടുത്ത നിലപാടിലാണ്. വിശാഖിനെതിരെ കടുത്ത നടപടികളിലേക്ക് എസ് എഫ് ഐ കടന്നത് ഈ സാഹചര്യത്തിലാണ്.

തിരുവനന്തപുരത്തെ സംസ്‌കൃത കോളേജിൽ മൂന്നുവർഷത്തെ പഠനം കഴിഞ്ഞ് കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ ചേർന്ന വിശാഖിന് 24 വയസ്സുണ്ട്. സംസ്‌കൃത കോളേജിൽ പഠിച്ച് കോഴ്‌സ് പൂർത്തിയാക്കിയില്ല. അതായത് ജയിക്കാനായില്ല. അതിന് ശേഷമാണ് കാട്ടക്കട ക്രിസ്ത്യൻ കോളേജിൽ ഫിസിക്‌സിന് ചേർന്നത്. എങ്ങനെയാണ് സംസ്‌കൃത കോളേജിലെ കോഴ്‌സ് ജയിക്കാത്ത വിശാഖ് കാട്ടാക്കട ക്രിസ്ത്യൻ കോളേജില്ഡ ഏറെ ഡിമാൻഡുള്ള കോഴ്‌സിന് ചേർന്നതെന്നതും ചർച്ചയാകുന്നുണ്ട്. യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറാകുകയെന്ന ലക്ഷ്യമായിരുന്നു ഇതിന് പിന്നിൽ. ഇതിനുള്ള ഗൂഢാലോചനയിൽ സിപിഎം ഉന്നതരും ഭാഗമായിട്ടുണ്ട്. ഇത് കണ്ടെത്താനാണ് സിപിഎം ജില്ലാ നേതൃത്വം അന്വേഷണ കമ്മീഷനെ നിയോഗിച്ചിരിക്കുന്നത്.

ഇതിനിടെയിലും കാട്ടാക്കട പൊലീസ് അട്ടിമറികൾ നടത്തുന്നു. മത്സരിക്കാനുള്ള പ്രായപരിധി കഴിഞ്ഞ വിശാഖ് ആൾമാറാട്ടം നടത്തിയത് ആസൂത്രിതമാണെന്ന ആരോപണങ്ങൾക്കിടെയാണ് പൊലീസ് വയസ്സ് കുറച്ച് കാണിച്ചിരിക്കുന്നത്. സുപ്രീം കോടതി അംഗീകരിച്ച ലിങ്ദോ കമ്മിഷൻ വ്യവസ്ഥയനുസരിച്ച് 22 വയസ്സ് കഴിഞ്ഞവർക്ക് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. കോളേജിൽനിന്നു സർവകലാശാലാ യൂണിയൻ കൗൺസിലറായി മത്സരിച്ച് ജയിച്ച വിദ്യാർത്ഥിനി രാജി നൽകിയതിനെ തുടർന്നാണ് വിശാഖിന്റെ പേര് പകരം എഴുതിച്ചേർത്ത് സർവകലാശാലയ്ക്കയച്ചത്. എന്നാൽ സിപിഎമ്മിലെ വിഭാഗീയതകൾ ഈ വിഷയം പുറംലോകത്ത് എത്തിച്ചു.

സർവ്വകലാശാലയ്ക്ക് നൽകിയ കുറിപ്പിനൊപ്പം വിശാഖിന്റെ പ്രായം തെളിയിക്കാനുള്ള രേഖകൾ ഇല്ലായിരുന്നു. ഇത് ഉണ്ടെന്ന് ഉറപ്പാക്കേണ്ടതും പ്രായം ഉറപ്പിക്കേണ്ടതും രജിസ്ട്രാറുടെ ചുമതലയാണ്. ഇതും നടന്നിട്ടില്ല. ഇതെല്ലാം ഉന്നതതല ഗൂഢാലോചനയ്ക്ക് തെളിവായി പറയുന്നു. ഇതേ രജിസ്ട്രാറാണ് പരാതിക്കാരൻ. പ്രായപരിധി മൂലം മത്സരിക്കാൻ കഴിയാതിരുന്ന വിശാഖിനെ പിൻവാതിലിലൂടെ യൂണിയൻ ഭാരവാഹിയാക്കാനുള്ള നീക്കമാണ് ആൾമാറാട്ടത്തിലൂടെ നടന്നിരിക്കുന്നതെന്നാണ് ആരോപണം.

ആൾമാറാട്ടത്തിലെ പ്രധാന ആക്ഷേപമായി ചൂണ്ടിക്കാട്ടുന്ന ഈ ഗൂഢാലോചനയിലേക്കുള്ള അന്വേഷണത്തെ വഴി തിരിച്ച് വിടാനാണ് പൊലീസ് എഫ്ഐആറിൽ വയസ്സ് കുറച്ച് കാണിച്ചിരിക്കുന്നതെന്ന് സംശയിക്കേണ്ടിവരും. ഇതിന് പിന്നിലും കാട്ടക്കടയിലെ രാഷ്ട്രീയ ഉന്നതനാണെന്ന വാദം ശക്തമാണ്. കാട്ടാക്കട ക്രിസ്ത്യൻ കോളേജ് തെരഞ്ഞെടുപ്പിലെ പട്ടിക തിരുത്തിയ മുൻ പ്രിൻസിപ്പൽ ഡോ. ജി ജെ ഷൈജുവിനെയും വിദ്യാർത്ഥി എ വിശാഖിനെയും മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. അസി. പ്രൊഫസർ ഡോ. എൻ കെ നിഷാദിനെ പ്രിൻസിപ്പലായി നിയമിച്ചതായി മാനേജ്‌മെന്റ് സർവകലാശാല രജിസ്ട്രാറെ അറിയിച്ചു.

ക്രമക്കേട് കാട്ടിയതിന് കുറ്റക്കാർക്കെതിരെ സസ്‌പെൻഷനടക്കം നടപടി സ്വീകരിച്ച് സർവകലാശാലയെ അറിയിക്കാൻ മാനേജ്‌മെന്റിനോട് സിൻഡിക്കറ്റ് നിർദേശിച്ചിരുന്നു. കോൺഗ്രസ് അദ്ധ്യാപക സംഘടനാ ഭാരവാഹികൂടിയായ ഡോ. ജി ജെ ഷൈജുവിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് കാട്ടാക്കട പൊലീസ് അറിയിച്ചു. തെരഞ്ഞെടുപ്പ് രേഖകൾ കോളേജിൽനിന്ന് ശേഖരിച്ചശേഷം പൊലീസ് രജിസ്ട്രാറുടെ മൊഴിയെടുക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും തുടർനടപടി. കോളേജിലെ കംപ്യൂട്ടർ ഉൾപ്പെടെ രേഖകളും പൊലീസ് പരിശോധിക്കും.

സർവകലാശാല നൽകിയ പരാതിയിൽ ഷൈജുവിനെ ഒന്നാം പ്രതിയും വിശാഖിനെ രണ്ടാം പ്രതിയുമാക്കിയാണ് കേസ് എടുത്തത്. ആൾമാറാട്ടം, വിശ്വാസവഞ്ചന, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ഷൈജുവിനെ പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന് നീക്കി സർവകലാശാല നേരത്തേ ഉത്തരവിറക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP