Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'രാഷ്ട്രീയ രക്തസാക്ഷികൾ കണ്ടവനോട് അനാവശ്യത്തിന് കലഹിക്കാൻ പോയി മരിച്ചവർ; ചിലർ പ്രകടനത്തിനിടെ പൊലീസ് ഓടിച്ചപ്പോൾ പാലത്തിൽ നിന്നു തെന്നിവീണു മരിച്ചവർ; രാഷ്ട്രീയ രക്തസാക്ഷികളെ പോലെയല്ല അപ്പോസ്തലന്മാർ'; വിവാദ പരാമർശവുമായി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി

'രാഷ്ട്രീയ രക്തസാക്ഷികൾ കണ്ടവനോട് അനാവശ്യത്തിന് കലഹിക്കാൻ പോയി മരിച്ചവർ; ചിലർ പ്രകടനത്തിനിടെ പൊലീസ് ഓടിച്ചപ്പോൾ പാലത്തിൽ നിന്നു തെന്നിവീണു മരിച്ചവർ; രാഷ്ട്രീയ രക്തസാക്ഷികളെ പോലെയല്ല അപ്പോസ്തലന്മാർ'; വിവാദ പരാമർശവുമായി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: രാഷ്ട്രീയ രക്തസാക്ഷികൾ അനാവശ്യമായി കലഹിക്കാൻ പോയി മരിച്ചവരാണെന്ന പരാമർശവുമായി തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. പ്രകടനത്തിനിടെ പൊലീസ് ഓടിച്ചപ്പോൾ പാലത്തിൽനിന്ന് തെന്നിവീണ് മരിച്ച രക്തസാക്ഷികൾ ഉണ്ടാവാമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ രക്തസാക്ഷികളെപ്പോലെയല്ല അപ്പോസ്തലന്മാരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചെറുപുഴയിൽ കെ.സി.വൈ.എം., ചെറുപുഴ, തോമാപുരം ഫൊറോനകളുടെ നേതൃത്വത്തിൽ നടന്ന യുവജനദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യേശുവിന്റെ ശിഷ്യന്മാരായ 12 അപ്പോസ്തലന്മാരെക്കുറിച്ച് പരാമർശിക്കവെയായിരുന്നു രക്തസാക്ഷികളെക്കുറിച്ചുള്ള പാംപ്ലാനിയുടെ പ്രസ്താവന. അപരന്റെ നന്മയ്ക്ക് വേണ്ടി ജീവിതം സമർപ്പിച്ച വ്യക്തികളാണ് അപ്പോസ്തലന്മാർ എന്ന് പറഞ്ഞ ആർച്ച് ബിഷപ്പ്, 12 അപ്പോസ്തലന്മാരും രക്തസാക്ഷികളായി മരിച്ചവരാണ് എന്ന് കൂട്ടിച്ചേർത്തു. തുടർന്ന് രാഷ്ട്രീയക്കാരിലെ രക്തസാക്ഷികളെപ്പോലെയല്ല അപ്പോസ്തലന്മാരിലെ രക്തസാക്ഷികൾ എന്നു പറഞ്ഞ ശേഷമായിരുന്നു രക്തസാക്ഷികളെ അപ്പോസ്തലന്മാരുമായി താരതമ്യപ്പെടുത്തിയുള്ള പരാമർശം.

'രാഷ്ട്രീയത്തിലെ രക്തസാക്ഷികളെന്നാൽ, കണ്ടവനോട് അനാവശ്യമായി കലഹിക്കാൻ പോയി അതിന്റെ പേരിൽ വെടിയേറ്റ് മരിച്ചവരുണ്ടാകാം. പ്രകടനത്തിനിടയ്ക്ക് പൊലീസ് ഓടിച്ചപ്പോൾ പാലത്തിൽ നിന്ന് തെന്നിവീണ് മരിച്ച രക്തസാക്ഷികൾ ഉണ്ടാകാം. പക്ഷേ, 12 അപ്പസ്തോലന്മാരുടെ രക്തസാക്ഷിത്വം അവർ നന്മയ്ക്കും സത്യത്തിനും ശ്രേയസിനും ലോകത്തിന്റെ സുസ്ഥിരമായ ഭാവിക്കും ജീവിതത്തിന്റെ മൂല്യങ്ങൾക്കും നിലപാട് സ്വീകരിച്ചതിനാൽ ജീവൻ കൊടുക്കേണ്ടി വന്നവരാണ് എന്ന സത്യം ഓർക്കണം', മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.

''അപ്പോസ്തലന്മാർ സത്യത്തിനും നന്മയ്ക്കും വേണ്ടി ജീവൻ ബലിയർപ്പിച്ചവരാണ്. ഈ പന്ത്രണ്ട് അപ്പോസ്തലന്മാരും രക്തസാക്ഷികളായി മരിച്ചവരാണ്. രാഷ്ട്രീയക്കാരുടെ രക്തസാക്ഷികളെപ്പോലെയല്ല, അപ്പോസ്തലന്മാരുടെ രക്തസാക്ഷിത്വം. കണ്ടവനോട് അനാവശ്യമായി കലഹിക്കാൻ പോയി വെടിയേറ്റു മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികൾ. ചിലർ പ്രകടനത്തിനിടെ പൊലീസ് ഓടിച്ചപ്പോൾ പാലത്തിൽ നിന്നു തെന്നിവീണു മരിച്ചവരാണ്' മാർ പാംപ്ലാനി പറഞ്ഞു.

ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ പേരെടുത്തു പറയാതെയാണ് മാർ പാംപ്ലാനി രക്തസാക്ഷികളുമായി ബന്ധപ്പെട്ട വിവാദ പരാമർശം നടത്തിയത്. പ്രസംഗത്തിനിടെ അപ്പോസ്തലന്മാരുമായി ബന്ധപ്പെട്ട ഭാഗത്ത് സാന്ദർഭികമായിട്ടായിരുന്നു മാർ പാംപ്ലാനിയുടെ പരാമർശങ്ങൾ. റബർ വിലയുമായി ബന്ധപ്പെട്ട് മുൻപ് നടത്തിയ പരാമർശം വിവാദമായതിനു പിന്നാലെയാണ് രാഷ്ട്രീയ രക്തസാക്ഷികളുമായി ബന്ധപ്പെട്ട് തലശേരി ആർച്ച് ബിഷപ്പിൽനിന്ന് പരാമർശം ഉണ്ടായത്.

യുവജനങ്ങൾക്ക് കേരളത്തിൽ ജീവിക്കാനുള്ള സാഹചര്യമില്ലാതായി. അതിനാലാണ് യുവതി, യുവാക്കൾ വിദേശരാജ്യങ്ങളിലേക്ക് പോകുന്നതെന്നും മാർ ജോസഫ് പാംപ്ലാനി ചൂണ്ടിക്കാട്ടി

ശനിയാഴ്ച വൈകീട്ടായിരുന്നു ചെറുപുഴയിൽ കെ.സി.വൈ.എം. യുവജനദിനാഘോഷം. യോഗത്തിൽ കെ.സി.വൈ.എം. തലശ്ശേരി അതിരൂപത പ്രസിഡന്റ് ചിഞ്ചു വട്ടപ്പാറ അധ്യക്ഷനായി. രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. മുഖ്യാതിഥിയായിരുന്നു. റബ്ബർ കിലോയ്ക്ക് 300 രൂപ ഉറപ്പാക്കിയാൽ കേന്ദ്രം ഭരിക്കുന്ന പാർട്ടിക്ക് സംസ്ഥാനത്ത് എംപിമാരില്ലെന്ന വിഷമം മാറ്റിത്തരുമെന്ന മാർ ജോസഫ് പാംപ്ലാനിയുടെ പരാമർശം നേരത്തേ വിവാദമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP