Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിവാഹ ക്ഷണക്കത്ത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു; 'ലൗ ജിഹാദ്' ആരോപണം ഉയർത്തി ഒരു വിഭാഗം; ഇരട്ടത്താപ്പ് തെളിയിക്കുന്നതെന്ന് ഹിന്ദു സംഘടനകൾ; കോലം കത്തിച്ചും പ്രതിഷേധം; മുസ്ലിം യുവാവുമായുള്ള മകളുടെ വിവാഹം വേണ്ടെന്നുവച്ച് ബിജെപി നേതാവ്

വിവാഹ ക്ഷണക്കത്ത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു; 'ലൗ ജിഹാദ്' ആരോപണം ഉയർത്തി ഒരു വിഭാഗം; ഇരട്ടത്താപ്പ് തെളിയിക്കുന്നതെന്ന് ഹിന്ദു സംഘടനകൾ; കോലം കത്തിച്ചും പ്രതിഷേധം;  മുസ്ലിം യുവാവുമായുള്ള മകളുടെ വിവാഹം വേണ്ടെന്നുവച്ച് ബിജെപി നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

ഡെറാഡൂൺ: മകളുടെ വിവാഹ ക്ഷണക്കത്ത് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും വിവാദവും എതിർപ്പും ഉയരുകയും ചെയ്തതോടെ മുസ്ലിം യുവാവുമായുള്ള മകളുടെ വിവാഹം വേണ്ടെന്നുവച്ച് ബിജെപി നേതാവ്. ഉത്തരാഖണ്ഡിലെ പൗരി മുനിസിപ്പൽ ചെയർമാനും ബിജെപി നേതാവുമായ യശ്പാൽ ബെനം ആണ് മെയ് 28-ന് നടക്കാനിരുന്ന വിവാഹം റദ്ദാക്കിയതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു.

വിശ്വഹിന്ദു പരിഷത് (വിഎച്ച്പി), ഭൈരവ് സേന, ബജ്‌റങ്ദൾ തുടങ്ങിയ ഹിന്ദു സംഘടനകളിൽനിന്നടക്കം എതിർപ്പ് ശക്തമായതോടെയാണ് മുസ്‌ലിം യുവാവുമായുള്ള മകളുടെ വിവാഹം റദ്ദാക്കിയത്. ഈ മാസം 28ന് വിവാഹം നടത്താനായിരുന്നു തീരുമാനം. കുടുംബകാര്യമാണെന്ന് പറഞ്ഞ് ആദ്യം പ്രതിരോധിച്ച നേതാവ്, എതിർപ്പ് ശക്തമായതോടെയാണ് മകളുടെ വിവാഹം വേണ്ടെന്നുവച്ചത്.

ലഖ്നൗ സർവകലാശാലയിൽ പഠിക്കേ സൗഹൃദത്തിലായ മുസ്ലിം യുവാവുമായാണ് യുവതിയുടെ വിവാഹം തീരുമാനിച്ചിരുന്നത്. പൗരിയിലെ റിസോർട്ടിൽ വച്ച് മെയ്‌ 28നാണ് വിവാഹം നടത്താൻ തീരുമാനിച്ചത്. പൗരി മുനിസിപ്പൽ കോർപ്പറേഷന്റെ ചെയർമാൻ കൂടിയായ യശ്പാൽ, നേരത്തേ കോൺഗ്രസിന്റെ സജീവപ്രവർത്തകനായിരുന്നു. ഇരുപാർട്ടികളിലെയും നേതാക്കളെ വിവാഹത്തിനു ക്ഷണിച്ചിരുന്നു.

മകളെ മുസ്‌ലിം യുവാവിനു വിവാഹം കഴിച്ചു നൽകാനുള്ള മുൻ എംഎൽഎ കൂടിയായ യശ്പാലിന്റെ നീക്കം, അദ്ദേഹത്തിന്റെ ഇരട്ടത്താപ്പാണ് തെളിയിക്കുന്നതെന്നായിരുന്നു ഹിന്ദു സംഘടനകൾ ഉയർത്തിയ വിമർശനം. ഇതിനിടെ 'ലൗ ജിഹാദ്' ആരോപണം ഉയർത്തിയും ഒരു വിഭാഗം രംഗത്തെത്തി. അടുത്തിടെ പുറത്തിറങ്ങി വൻ വിവാദമായ 'ദ് കേരള സ്റ്റോറി' എന്ന സിനിമയുമായും താരതമ്യങ്ങൾ വ്യാപകമായതോടെയാണ്, യശ്പാൽ വിവാഹക്കാര്യത്തിൽ പുനർവിചിന്തനം നടത്തിയത്.

മകളുടെ സന്തോഷം മാത്രം പരിഗണിച്ചാണ് ഈ വിവാഹത്തിനു സമ്മതം മൂളിയതെന്ന് യശ്പാൽ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇപ്പോഴത്തെ സാഹചര്യത്തിൽ പൊതുജനത്തിന്റെ അഭിപ്രായം കൂടി മാനിച്ചേ തീരൂ. അതിനാൽ മെയ്‌ 28ന് നടത്താൻ നിശ്ചയിച്ചിരുന്ന വിവാഹം റദ്ദാക്കിയെന്നും യശ്പാൽ പറഞ്ഞു.

വരന്റെയും വധുവിന്റെയും കുടുംബങ്ങൾ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണ് എതിർപ്പുയർന്നതോടെ വേണ്ടെന്നുവെച്ചത്. തത്കാലം വിവാഹം നടത്തേണ്ടെന്ന് തീരുമാനിച്ചതായി ബിജെപി നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. പൊതുപ്രവർത്തകനായ തന്റെ മകളുടെ വിവാഹം പൊലീസ് പൊലീസ് സുരക്ഷയോടെ നടത്താൻ ആഗ്രഹിക്കുന്നില്ലെന്നും ജനവികാരം മാനിച്ച് വിവാഹം വേണ്ടെന്നുവെക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ മകളും ഒരു മുസ്ലിം യുവാവും തമ്മിലുള്ള വിവാഹം നടത്താനാണ് നിശ്ചയിച്ചിരുന്നത്. രണ്ടുപേരുടെയും സന്തോഷകരമായ ഭാവിജീവിതം മുന്നിൽക്കണ്ടാണ് തീരുമാനമെടുത്തത്. വിവാഹം നടത്താൻ രണ്ട് കുടുംബങ്ങളും ധാരണയിലെത്തിയിരുന്നു. വിവാഹത്തിന് ക്ഷണിക്കുന്നതിനായി ക്ഷണപത്രം അച്ചടിച്ച് വിവതരണം ചെയ്തിരുന്നു. അതിനിടെയാണ് ചില സംഭവങ്ങളുണ്ടായത്.

ക്ഷണക്കത്ത് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും എതിർപ്പുകൾ ഉയരുകയും ചെയ്തു. ഇതോടെ വിവാഹ ചടങ്ങ് നത്കാലം നടത്തേണ്ടതില്ലെന്ന് രണ്ട് കുടുംബങ്ങളും ചേർന്ന് തീരുമാനിക്കുകയായിരുന്നു, ബിജെപി നേതാവ് വ്യക്തമാക്കി.

യശ്പാലിന്റെ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഹിന്ദു വിഭാഗങ്ങളിൽനിന്ന് ഉയർന്നത്. വിവാഹത്തിനെതിരെ പരസ്യമായി പ്രതിഷേധിച്ച ഹിന്ദു സംഘടനകൾ, യശ്പാലിന്റെ കോലവും കത്തിച്ചു. സമൂഹമാധ്യമങ്ങളിലും യശ്പാലിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയർന്നത്.

യശ്പാലിന്റെ മകൾ മുസ്ലിം യുവാവിനെ വിവാഹം കഴിക്കുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നാണ് പൗരി ക്ഷേത്ര കമ്മറ്റിയുടെ പ്രതികരണം. 'ഹിന്ദു കുടുംബങ്ങളിലെ പെൺകുട്ടികളെ ഇതരമതസ്ഥരായ യുവാക്കൾ വിവാഹം കഴിക്കുന്നത് പ്രൊപ്പഗാൻഡയുടെ ഭാഗമാണ്. ഇന്ത്യയിൽ മതപരിവർത്തനവുമായി ബന്ധപ്പെട്ട നിയമങ്ങളിൽ മാറ്റങ്ങൾ വരുന്നുണ്ട്. എന്നിട്ടും ബിജെപിയുടെ സ്വന്തം നേതാക്കൾ തന്നെ തങ്ങളുടെ പെൺമക്കളെ മുസ്ലിം യുവാക്കൾക്ക് വിവാഹം കഴിച്ചുകൊടുക്കുകയാണ്.' കമ്മറ്റിയംഗങ്ങളിലൊരാൾ പറഞ്ഞു. ഹിന്ദുക്കളെ സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ട പാർട്ടിയാണ് ബിജെപിയെന്നും, ഇത്തരം നേതാക്കളെ പാർട്ടി പുറന്തള്ളണമെന്നും കമ്മറ്റിയംഗങ്ങൾ ആവശ്യപ്പെടുന്നു.

അതേസമയം, ഹിന്ദുത്വ പാർട്ടികളിൽ നിന്നും വലിയ വിമർശനമാണ് യശ്പാലും കുടുംബവും നേരിടുന്നത്. സംഭവത്തിൽ പ്രതിഷേധിച്ചുകൊണ്ട് യശ്പാലിന്റെ കോലവും കത്തിച്ചിരുന്നു. 'പരമ്പരാഗതമായ ആചാരങ്ങൾ ഇപ്പോഴും പിന്തുടരുന്നവരാണ് ഞങ്ങൾ. അതിനർത്ഥം, സംസ്‌കാരത്തിനെതിരായ യാതൊന്നും ഞങ്ങൾ സ്വീകരിക്കില്ല എന്നുതന്നെയാണ്. ഇത്തരം വിവാഹങ്ങൾ അംഗീകരിക്കാനാകില്ല.' ബിജെപി പ്രവർത്തകനും ഗോസേവ ആയോഗിലെ അംഗവുമായ ധരംവീർ ഗുസൈൻ പറഞ്ഞതായി ടെലഗ്രാഫ് ഓൺലൈൻ റിപ്പോർട്ട് ചെയ്തു. വിവാഹത്തെ പൂർണമായി എതിർക്കുന്നതായി വിശ്വഹിന്ദു പരിഷത്ത്, ഭൈരവ സേന, ബജ്രംഗ്ദൾ എന്നിവരും അറിയിച്ചിട്ടുണ്ട്.

''ദ് കേരള സ്റ്റോറി പോലെയുള്ള സിനിമകൾക്ക് നികുതിയിളവു വരെ നൽകിയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ പ്രോത്സാഹനം നൽകുന്നത്. ഇതിനിടെയാണ് ബിജെപി നേതാവ് തന്റെ മകളെ മുസ്‌ലിം യുവാവിനു വിവാഹം ചെയ്തു നൽകുന്നത്. ഇത് ആ നേതാവിന്റെ ഇരട്ടത്താപ്പാണ് വെളിവാക്കുന്നത്. ഈ നീക്കം ബിജെപി പ്രവർത്തകരുടെ മനോവീര്യം തകർക്കുമെന്ന് തീർച്ച' ഒരാൾ ഫേസ്‌ബുക്കിൽ കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP