Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡൽഹിയിൽ അധികാരത്തർക്കം മുറുകുന്നു; ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനുള്ള കേന്ദ്ര ഓർഡിനൻസിനെ നിയമ വഴിയിൽ നേരിടാൻ ആം ആദ്മി പാർട്ടി; ഒാർഡിനൻസ് രാജ്യസഭയിൽ പാസാക്കാൻ അനുവദിക്കരുത്; ഓർഡിനൻസിലൂടെ കേന്ദ്രസർക്കാർ സുപ്രിംകോടതിയെ അവഹേളിക്കുകയാണെന്ന് അരവിന്ദ് കെജ്രിവാൾ

ഡൽഹിയിൽ അധികാരത്തർക്കം മുറുകുന്നു; ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനുള്ള കേന്ദ്ര ഓർഡിനൻസിനെ നിയമ വഴിയിൽ നേരിടാൻ ആം ആദ്മി പാർട്ടി; ഒാർഡിനൻസ് രാജ്യസഭയിൽ പാസാക്കാൻ അനുവദിക്കരുത്; ഓർഡിനൻസിലൂടെ കേന്ദ്രസർക്കാർ സുപ്രിംകോടതിയെ അവഹേളിക്കുകയാണെന്ന് അരവിന്ദ് കെജ്രിവാൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഡൽഹിയിലെ ആം ആദ്മി സർക്കാറിനെ നിയന്ത്രിക്കാൻ വളഞ്ഞ വഴി തേടുകയാണ് കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി ഡൽഹിയിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നതിനായി ഓർഡിനൻസ് മാർഗമാണ് കേന്ദ്രം തേടുന്നത്. കേന്ദ്ര ഓർഡിനൻസിനെ നിയമത്തിന്റെ വഴിയിലൂടെ നേരിടുന്നതിനൊപ്പം രാഷ്ട്രീയമായ പോരാട്ട വഴിയും തുറക്കുകയാണ് ആം ആദ്മി പാർട്ടി. ഓർഡിനൻസ് രാജ്യസഭയിൽ പാസാക്കാൻ അനുവദിക്കരുത് എന്നാണ് ആം ആദ്മിയുടെ ആവശ്യം. ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനുള്ള അധികാരം ഡൽഹി സർക്കാരിന് നൽകിയ കോടതിവിധി മറികടക്കാൻ സഹായിക്കുന്നതാണ് ഓർഡിനൻസ്.

ഓർഡിനൻസിലൂടെ കേന്ദ്രസർക്കാർ സുപ്രിംകോടതിയെ അവഹേളിക്കുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. പൊലീസ്, റവന്യു ഒഴികെ ബാക്കി വകുപ്പുകളിലെ അധികാരവും സിവിൽ സർവീസ് ഉദ്യോഗസ്ഥരെ നിയയിക്കാനും നിയന്ത്രിക്കാനുമുള്ള അധികാരവും തെരെഞ്ഞെടുക്കപ്പെട്ട സർക്കാരിനാണെന്ന് ഒരു സന്ദേഹത്തിനും ഇടയില്ലാതെ സുപ്രിംകോടതി വ്യക്തമാക്കിയതാണ്. അഞ്ചംഗ ഭരണഘടനാബെഞ്ചിന്റെ വിധി അപ്രസക്തമാക്കുന്ന രീതിയിലാണ് നിയമനത്തെ സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കാൻ ലെഫ്റ്റനന്റ് ഗവർണർക്ക് ഓർഡിനൻസിലൂടെ കേന്ദ്രം അധികാരം നൽകിയിരിക്കുന്നത്.

അടുത്ത പാർലമെന്റ് സമ്മേളനത്തിൽ ബില്ലായി അവതരിപ്പിച്ചു പാസാക്കിയില്ലെങ്കിൽ ഓർഡിനൻസ് അസാധുവാകും. ലോക്സഭയിൽ ബില്ല് പാസാക്കാൻ ബിജെപിക്ക് ഭൂരിപക്ഷം ഉണ്ടെങ്കിലും രാജ്യസഭയിൽ ഏതെങ്കിലും പ്രതിപക്ഷ കക്ഷികളുടെ സഹായം കൂടി വേണം. രാജ്യസഭയിൽ ബില്ലിനെ എതിർക്കണമെന്നാണ് കെജ്രിവാളിന്റെ ആവശ്യം.

മെയ് 11ന് വന്ന സുപ്രിംകോടതി വിധിയെ മറികടക്കാനുള്ള ഓർഡിനൻസ് കൊണ്ടുവന്നത് 19ന് കോടതി വേനലവധിക്ക് പിരിഞ്ഞ് മണിക്കൂറുകൾക്ക് ശേഷമായിരുന്നു. തുറന്ന കോടതിയിൽ വാദം കേൾക്കണം എന്നാവശ്യപ്പെട്ടു കേന്ദ്രം പുനഃപരിശോധന ഹരജി സമർപ്പിക്കുകയും ചെയ്തു. ജൂലൈ ആദ്യവാരം കഴിയാതെ ഭരണഘടനാ ബെഞ്ച് ചേരാൻ കഴിയില്ല. നിലവിൽ അവധിക്കാല ബെഞ്ച് മാത്രമാണ് സുപ്രിംകോടതിയിൽ പ്രവർത്തിക്കുന്നത്.

സുപ്രധാന തസ്തികകകളിൽ ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലംമാറ്റം തുടങ്ങിയ വിഷയങ്ങളിൽ തീരുമാനമെടുക്കാൻ ഡൽഹി സർക്കാരിന് സുപ്രീംകോടതി നൽകിയ അധികാരങ്ങൾ ഓർഡിനൻസിലൂടെ കേന്ദ്രസർക്കാർ ഇല്ലാതാക്കിയിട്ടുണ്ട്. ഓർഡിനൻസ് രാഷ്ട്രപതി അംഗീകരിച്ച് വെള്ളിയാഴ്‌ച്ച രാത്രി വൈകി അസാധാരണ ഗസറ്റ് വിജ്ഞാപനവും പുറപ്പെടുവിച്ചു.

ഉദ്യോഗസ്ഥരുടെ നിയമനം,സ്ഥലംമാറ്റം തുടങ്ങിയ വിഷയങ്ങളിൽ ശുപാർശ നൽകാൻ 'നാഷണൽ ക്യാപിറ്റൽ സിവിൽ സർവ്വീസസ് അഥോറിറ്റി' രൂപീകരിക്കുമെന്ന് വെള്ളിയാഴ്‌ച്ച പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. ഡൽഹി മുഖ്യമന്ത്രി തലവനായ അഥോറിറ്റിയിൽ ഡൽഹി ചീഫ്സെക്രട്ടറിയും പ്രിൻസിപ്പൽ ഹോം സെക്രട്ടറിയും മറ്റംഗങ്ങൾ. അഥോറിറ്റി ശുപാർശകളിൽ അന്തിമതീരുമാനമെടുക്കേണ്ടത് ലെഫ്റ്റനന്റ് ഗവർണറാണെന്നും വിജ്ഞാപനം വ്യവസ്ഥ ചെയ്യുന്നു.

ഉദ്യോഗസ്ഥരുടെ നിയന്ത്രണം ഉൾപ്പടെയുള്ള വിഷയങ്ങളിൽ അധികാരം ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണെന്ന് ഈ മാസം 11നാണ് സുപ്രീംകോടതി ഭരണഘടനാബെഞ്ച് വിധിച്ചത്. ലെഫ്.ഗവർണർ സർക്കാരിന്റെ ഉപദേശ, നിർദേശങ്ങൾ പ്രകാരം പ്രവർത്തിക്കണമെന്നും വിധിയിൽ ഭരണഘടനാബെഞ്ച് നിർദേശിച്ചിരുന്നു. പരമോന്നതകോടതിയുടെ വിധി വന്ന് ഒരാഴ്‌ച്ച മാത്രം പിന്നിട്ട അവസരത്തിലാണ് മോദി സർക്കാർ ഓർഡിനൻസിലൂടെ അത് അസാധുവാക്കിയത്. സുപ്രീംകോടതി വിധി ഓർഡിനൻസിലൂടെ അസാധുവാക്കിയ കേന്ദ്രസർക്കാർ നടപടിക്ക് എതിരെ രാഷ്ട്രീയ, നിയമ മേഖലകളിൽ നിന്നും കടുത്ത വിമർശനങ്ങൾ ഉയർന്നു.

ഇതേതുടർന്ന്, വിധി പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ഓർഡിനൻസിന് എതിരെ ഉടൻ കോടതിയെ സമീപിക്കുമെന്ന് ആംആദ്മിയും അറിയിച്ചു. ഇതോടെ, ഡൽഹിയിൽ സർക്കാരും ലെഫ്.ഗവർണറും തമ്മിലുള്ള അധികാരത്തർക്കം വീണ്ടും സുപ്രീംകോടതിയുടെ കളത്തിലെത്തും.

രാജ്യതാൽപര്യം കണക്കിലെടുത്താണ് ഓർഡിൻസ് പുറപ്പെടുവിക്കുന്നതെന്ന പരിഹാസ്യമായ അവകാശവാദമാണ് കേന്ദ്രസർക്കാർ ഉന്നയിക്കുന്നത്. ഡൽഹിയുമായി ബന്ധപ്പെട്ട് എന്ത് തീരുമാനങ്ങൾ എടുത്താലും അത് ഡൽഹിയെ മാത്രമല്ല രാജ്യത്തെ മുഴുവൻ ബാധിക്കും. പാർലമെന്റ്, സുപ്രീംകോടതി, മന്ത്രാലയങ്ങൾ, നയതന്ത്രകാര്യാലയങ്ങൾ തുടങ്ങിയ സ്ഥാപനങ്ങൾ സ്ഥിതി ബാധിക്കുന്ന ഒന്നും അനുവദിക്കാൻ കഴിയില്ല. ഈ ചെയ്യുന്ന സ്ഥലം കൂടിയാണ് ഡൽഹി. രാജ്യത്തിന്റെ പ്രതിച്ഛായ, വിശ്വാസ്യത, അന്തസ്സ് തുടങ്ങിയകാര്യങ്ങളെ സാഹചര്യത്തിലാണ്, ഓർഡിനൻസ് പുറപ്പെടുവിക്കുന്നതെന്നും കേന്ദ്രസർക്കാർ അവകാശപ്പെട്ടു.

ക്രമസമാധാനം,പൊലീസ്, ഭൂമി ഒഴിച്ചുള്ള മേഖലകളിൽ നിയമനിർമ്മാണ, ഭരണനിർവഹണ അധികാരങ്ങൾ ആംആദ്മി സർക്കാരിനാണെന്ന നിർണായക വിധിയാണ് ഈ മാസം 11ന് സുപ്രീംകോടതി പുറപ്പെടുവിച്ചത്. കേന്ദ്രസർക്കാരിന്റെ ആജ്ഞാനുവർത്തിയായ ലെഫ്റ്റനന്റ് ഗവർണറുടെ അധികാരങ്ങൾ വെട്ടിച്ചുരുക്കുന്നതായിരുന്നു ചീഫ്ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ വിധി. ഐഎഎസ് ഉദ്യോഗസ്ഥരുടെ നിയന്ത്രണം ഉൾപ്പടെയുള്ള വിഷയങ്ങളിൽ ആംആദ്മി സർക്കാരിനാണ് അധികാരമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ജനാധിപത്യം നിലനിൽക്കണമെങ്കിൽ സർക്കാർ നയങ്ങൾ നടപ്പാക്കുന്ന ഉദ്യോഗസ്ഥരുടെ നിയന്ത്രണം ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിന് തന്നെ ആയിരിക്കണമെന്ന സുപ്രധാന നിരീക്ഷണവും കോടതി നടത്തി.

എന്താണ് ഓർഡിനൻസ്?

ദി ഗവൺമെന്റ് ഓഫ് നാഷണൽ ക്യാപിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി (ജിഎൻസിഡിഡി) ആക്റ്റ് ഭേദഗതി ചെയ്താണ് 'നാഷണൽ ക്യാപിറ്റൽ സിവിൽ സർവ്വീസസ് അഥോറിറ്റി' രൂപീകരിക്കുന്നത്. സുപ്രീംകോടതി ഭരണഘടനാബെഞ്ചിന്റെ വിധിയിലൂടെ ലെഫ്. ഗവർണർ വി കെ സക്സേനയ്ക്ക് നഷ്ടപ്പെട്ട അധികാരങ്ങൾ മുഴുവൻ അദ്ദേഹത്തിന് തിരിച്ചുനൽകുന്നതാണ് ഈ നടപടി. ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലംമാറ്റം, വകുപ്പുതല അന്വേഷണം തുടങ്ങിയ കാര്യങ്ങളിൽ സിവിൽ സർവ്വീസസ് അഥോറിറ്റിക്ക് ശുപാർശകൾ കൈമാറാം. പക്ഷേ, അന്തിമതീരുമാനം ലെഫ.ഗവർണറുടേതാകും. അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് ലെഫ്. ഗവർണർക്ക് ആവശ്യമായ എല്ലാ രേഖകളും വിളിച്ചുവരുത്താം. ശുപാർശയോട് വിയോജിപ്പുണ്ടെങ്കിൽ അക്കാര്യം രേഖപ്പെടുത്തി ലെഫ്.ഗവർണർക്ക് ഫയൽ മടക്കാം. ഏതെങ്കിലും രീതിയിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുക്കുകയാണെങ്കിൽ അന്തിമതീരുമാനം ലെഫ്. ഗവർണറുടേതാകും.

സുപ്രീംകോടതി തന്നെ എതിരെ നിന്നാലും തങ്ങൾ വിചാരിക്കുന്നതേ ഈ രാജ്യത്ത് നടക്കുള്ളുവെന്ന് സ്ഥാപിക്കുകയാണ് മോദി സർക്കാറെന്ന് കപിൽ സിബൽ കുറ്റപ്പെടുത്തി. ഭരണപരമായ കാര്യങ്ങളിലെ നിർണായക ചുമതലകളുടെ കടിഞ്ഞാൺ ഡൽഹി സർക്കാരിനാണെന്ന് സുപ്രീംകോടതി വിധിച്ചു. അത് കേന്ദ്രസർക്കാരിനുള്ള സന്ദേശമായിരുന്നു. എന്നാൽ, ഓർഡിനൻസിലൂടെ 'നിങ്ങൾ എതിർത്താലും ഞങ്ങൾ വിചാരിച്ചതേ ഈ രാജ്യത്ത് നടക്കുകയുള്ളു' എന്ന സന്ദേശം സർക്കാർ കോടതിക്ക് നൽകിയിരിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP