Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൊതുജനങ്ങൾ കൊണ്ടുവരുന്ന 2,000 രൂപയുടെ നോട്ട് സ്വീകരിക്കണോ? ആശയക്കുഴപ്പത്തിൽ ട്രഷറി വകുപ്പ്; സർക്കാർ തീരുമാനം കാത്തിരിക്കുന്നു; ബെവ്‌കോ ഔട്ലെറ്റുകളിൽ 2000 രൂപ നോട്ടുകൾ ഇനി മുതൽ സ്വീകരിക്കില്ല; 10 നോട്ടുകളിൽ കൂടുതലുണ്ടെങ്കിൽ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിനു തടസ്സമില്ലെന്ന് ആർബിഐ

പൊതുജനങ്ങൾ കൊണ്ടുവരുന്ന 2,000 രൂപയുടെ നോട്ട് സ്വീകരിക്കണോ? ആശയക്കുഴപ്പത്തിൽ ട്രഷറി വകുപ്പ്; സർക്കാർ തീരുമാനം കാത്തിരിക്കുന്നു; ബെവ്‌കോ ഔട്ലെറ്റുകളിൽ 2000 രൂപ നോട്ടുകൾ ഇനി മുതൽ സ്വീകരിക്കില്ല; 10 നോട്ടുകളിൽ കൂടുതലുണ്ടെങ്കിൽ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിനു തടസ്സമില്ലെന്ന് ആർബിഐ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 2000 രൂപ നോട്ടുകൾക്ക് നിരോധനം വന്നതോടെ ഈ നോട്ടുകൾ സ്വീകരിക്കുന്നതിൽ ആശയക്കുഴപ്പതത്തിൽ ട്രഷറി വകുപ്പ്. പൊതുജനങ്ങൾ കൊണ്ടുവരുന്ന 2,000 രൂപയുടെ നോട്ട് സ്വീകരിക്കണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിലാണ് ട്രഷറി വകുപ്പ്. ഇക്കാര്യത്തിൽ എന്തു നിലപാടെടുക്കണമെന്നു ട്രഷറി ഡയറക്ടർ ധനവകുപ്പിന്റെ ഉപദേശം തേടി.

ബവ്‌റിജസ് കോർപറേഷൻ അടക്കമുള്ള സർക്കാർ സ്ഥാപനങ്ങളിൽ നിന്നെത്തിയ 2,000 രൂപയുടെ നോട്ടുകൾ പരിധിയില്ലാതെ ഇന്നലെ ട്രഷറി ശാഖകളിൽ സ്വീകരിച്ചു. തുടർന്നും സ്വീകരിക്കും. എന്നാൽ, പൊതുജനങ്ങൾ കൈമാറിയ 2,000 രൂപയുടെ 10 നോട്ടുകൾ വരെ മാത്രമേ പല ട്രഷറി ശാഖകളും സ്വീകരിക്കാൻ തയാറായുള്ളൂ. ചില ട്രഷറികൾ 2,000 രൂപയുടെ ഒരു നോട്ടു പോലും സ്വീകരിച്ചില്ല.

സർക്കാർ തീരുമാനം വരുന്നതു വരെ പൊതുജനങ്ങളിൽ നിന്നു 2,000 രൂപയുടെ നോട്ടു സ്വീകരിക്കേണ്ടെന്ന് അനൗദ്യോഗിക നിർദ്ദേശം ലഭിച്ചതായി ട്രഷറി വൃത്തങ്ങൾ വ്യക്തമാക്കി. 10 നോട്ടുകളിൽ കൂടുതലുണ്ടെങ്കിൽ അവ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിനു തടസ്സമില്ലെന്നു റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഇതു ട്രഷറി ശാഖകൾക്കും ബാധകമാണോ എന്ന സംശയമാണു നിലനിൽക്കുന്നത്.

അതിനിടെ, പല സർക്കാർ സ്ഥാപനങ്ങളും 2000 രൂപ സ്വീകരിക്കുന്നതു നിർത്തി. ഇന്നലെ ഫീസുകളായും നികുതികളായും ഒക്കെ 2,000 രൂപയുമായി എത്തിയവരെ പലയിടത്തും ജീവനക്കാർ മടക്കി അയച്ചു. ബെവ്‌കോ ഔട്ലെറ്റുകളിൽ 2000 രൂപ നോട്ടുകൾ ഇനി മുതൽ സ്വീകരിക്കില്ല. 2000 നോട്ടുകൾ ആർ ബി ഐ പിൻവലിച്ചതിന് പിന്നാലെയാണ് ബെവ്‌കോ വിലക്കേർപ്പെടുത്തിയത്. ബെവ്‌കോ ജനറൽ ഓപ്പറേഷൻസ് മാനേജർ സർക്കുലറിലൂടെ എല്ലാ റീജിയണൽ, വെയർഹൗസ് മാനേജർമാർക്കും ഇതു സംബന്ധിച്ച നിർദ്ദേശം നൽകി. 2000 രൂപയുടെ നോട്ട് ഇനി മുതൽ സ്വീകരിക്കരുതെന്നാണ് നിർദ്ദേശം. കൂടാതെ 2000 രൂപ നോട്ട് സ്വീകരിച്ചാൽ അതാതു മാനേജർമാർക്കായിരിക്കും ഉത്തരവാദിത്തമെന്നും സർക്കുലറിൽ പറയുന്നു.

2000 രൂപ നോട്ടുകളുടെ വിതരണം അവസാനിപ്പിക്കുന്നതായി റിസർവ് ബാങ്ക് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബെവ്‌കോയുടെ നടപടി. അതേസമയം, നിലവിൽ വിനിമയത്തിലുള്ള 2000 രൂപ നോട്ടുകൾക്ക് തുടർന്നും മൂല്യമുണ്ടായിരിക്കുമെന്ന് ആർബിഐ അറിയിച്ചിരുന്നു. സെപ്റ്റംബർ 30 വരെ 2000 രൂപ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കുകയോ മാറ്റിയെടുക്കുകയോ ചെയ്യാമെന്നും അവർ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് ബവ്കോ ഔട്ലെറ്റുകളിൽ 2000ന്റെ നോട്ട് വിലക്കിയത്.

സ്വന്തം അക്കൗണ്ടിൽ നോട്ടുകൾ നിക്ഷേപിക്കുന്നതിന് നിയന്ത്രണമില്ല. എന്നാൽ, മാറ്റിയെടുക്കുന്നതിന് ഒരു സമയം പരമാവധി 20,000 രൂപയെന്ന നിയന്ത്രണമുണ്ട്. കള്ളപ്പണം ഇല്ലാതാക്കുമെന്ന അവകാശവാദത്തോടെ 2016 നവംബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിയാലോചനകൾ കൂടാതെ 500, 1000 രൂപ നോട്ടുകൾ പിൻവലിച്ചത്. ഇതേത്തുടർന്ന് പെട്ടെന്നുണ്ടായ നോട്ട് ക്ഷാമം മറികടക്കുന്നതിനാണ് 2000 രൂപ അച്ചടിച്ചത്.

ഉയർന്ന മൂല്യമുള്ള കറൻസിയുടെ വരവ് യഥാർഥത്തിൽ കള്ളപ്പണക്കാർക്ക് അനുഗ്രഹമായി. മാത്രമല്ല, കള്ളനോട്ടും പെരുകി. തീരുമാനം വിഡ്ഢിത്തമായെന്ന് വൈകാതെ സർക്കാരിനും ആർബിഐക്കുമെല്ലാം ബോധ്യപ്പെട്ടു. ഇതോടെ 2000 രൂപ നോട്ടുകളുടെ അച്ചടി ഘട്ടംഘട്ടമായി കുറച്ചു. 2019 മുതൽ 2000 രൂപ കറൻസി അച്ചടിക്കുന്നില്ല. 2016 നവംബർമുതൽ 2018-19 വരെയുള്ള കാലയളവിലായി 2000 രൂപയുടെ 371 കോടി നോട്ടാണ് അച്ചടിച്ചത്. ഇതിൽ 355 കോടിയും അച്ചടിച്ചത് 2016-17ൽ.

നിലവിൽ ലഭ്യമായിട്ടുള്ള 2000 രൂപ നോട്ടുകളിൽ 89 ശതമാനവും 2017 മാർച്ചിനുമുമ്പ് അച്ചടിച്ചതാണെന്നും നോട്ടുകളുടെ കാലപരിധിയായ 4-5 വർഷം പൂർത്തിയായെന്നും ആർബിഐ അറിയിച്ചു. 'ക്ലീൻ നോട്ട്' നയത്തിന്റെ ഭാഗമായാണ് പിൻവലിക്കൽ എന്നാണ് വ്യാഖ്യാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP