Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആനശല്യത്തിന്റെ മറവിൽ നേര്യമഗലം റെയ്ഞ്ചിൽ വെട്ടിവെളുപ്പിച്ചത് ഏക്കറുകണക്കിന് വനം; ഒരുലോഡ് മരത്തടിക്ക് വനം വകുപ്പ് ജീവനക്കാർക്ക് 15,000 വരെ കൈമടക്ക്; രാഷ്ട്രീയ സ്വാധീനമുള്ള ഇടനിലക്കാരുടെ ആസൂത്രണത്തിൽ രണ്ടുമാസത്തിൽ ഏറെയായി മരംമുറി നടന്നിട്ടും ഒന്നും അറിഞ്ഞില്ലെന്ന ഭാവത്തിൽ വനംവകുപ്പ്; വിവാദ മരംമുറിയിൽ അന്വേഷണം തുടങ്ങിയിടത്ത് തന്നെ അവസാനിക്കും

ആനശല്യത്തിന്റെ മറവിൽ നേര്യമഗലം റെയ്ഞ്ചിൽ വെട്ടിവെളുപ്പിച്ചത് ഏക്കറുകണക്കിന് വനം; ഒരുലോഡ് മരത്തടിക്ക് വനം വകുപ്പ് ജീവനക്കാർക്ക് 15,000 വരെ കൈമടക്ക്; രാഷ്ട്രീയ സ്വാധീനമുള്ള ഇടനിലക്കാരുടെ ആസൂത്രണത്തിൽ രണ്ടുമാസത്തിൽ ഏറെയായി മരംമുറി നടന്നിട്ടും ഒന്നും അറിഞ്ഞില്ലെന്ന ഭാവത്തിൽ വനംവകുപ്പ്; വിവാദ മരംമുറിയിൽ അന്വേഷണം തുടങ്ങിയിടത്ത് തന്നെ അവസാനിക്കും

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ചിൽ പഴമ്പിള്ളിച്ചാൽ കാഞ്ഞിരവേലി എന്നിവിടങ്ങളിൽ നിന്നും വൻതോതിൽ മരങ്ങൾ മുറിച്ചുകടത്തിയ സംഭവത്തിൽ വനംവകുപ്പിന്റെ അന്വേഷണം തുടങ്ങിയിടത്തുതന്നെ അവസാനിക്കാൻ സാധ്യത. കേസിൽ പ്രതി സ്ഥാനത്തുള്ള രാഷ്ടട്രീയ പാർട്ടി നേതാക്കളും ഇവർക്ക് കൂട്ടുനിന്ന വനംവകുപ്പ് ജീവനക്കാരും അന്വേഷണം അവസാനിപ്പിക്കാൻ അണിയറയിൽ ആസൂത്രിത നീക്കം നടത്തിവരുന്നതായിട്ടാണ് അറിയുന്നത്.

വൻ തോതിൽ തടി മുറിച്ച് കടത്തിയവരെ ഒഴിവാക്കി, മേഖലയിലെ സാധാരണക്കാരിൽ ചിലരുടെ പേരിൽ നിസാര വകുപ്പിട്ട് കേസ് ചാർജ്ജുചെയ്ത് , നടപടികൾ പൂർത്തിയാക്കി ഫയൽ അടച്ചുപൂട്ടാൻ അധികൃതർ നീക്കം ആരംഭിച്ചതായിട്ടാണ് സൂചന. വാളറ ഫോറസ്റ്റ് സ്റ്റേഷനിൽ ഇത് സംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്തെങ്കിലും നടപടികൾ കാര്യമായി മുന്നോട്ടുനീങ്ങിയിട്ടില്ലന്നാണ് അറിയുന്നത്. മേഖലയിലെ കൈവശ ഭൂമിയിൽ നിന്നും അനധികൃതമായി മരങ്ങൾ മുറിച്ചുകടത്തിയതിനാണ് വാളറ ഫോറസ്റ്റ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മരം മുറിക്കൽ സംബന്ധിച്ച് മറുനാടൻ മലയാളി ചിത്രങ്ങൾ സഹിതം വാർത്ത റിപ്പോർട്ടുചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് കേസ് ചാർജ്ജ് ചെയ്ത്, അന്വേഷണം ആരംഭിച്ചിട്ടുള്ളത്.

രാഷ്ട്രീയ പാർട്ടി പ്രവർത്തകരായ ഇടനിലക്കാരും വനംവകുപ്പുജീവനക്കാരിൽ ചിലരും ചേർന്നാണ് വനംകൊള്ള ആസൂത്രണം ചെയ്തതെന്നാണ് പരക്കെ പ്രചരിച്ചിട്ടുള്ള വിവരം. വിവരം പുറത്തുവന്നതോടെ പിടിച്ചുനിൽക്കാൻ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്്തെങ്കിലും നടപടികൾക്ക് ഒച്ചിഴയും വേഗം മാത്രമാണെന്നാണ് അന്വേഷണത്തിൽ നിന്നും ലഭിച്ച വിവരം. കേസിൽ എത്ര പ്രതികൾ ഉണ്ട്, എത്ര മരങ്ങൾ മുറിച്ചുമാറ്റി, മുറച്ചുമാറ്റിയ മരങ്ങൾ എങ്ങോട്ട് കടത്തി എന്നീ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്ന കാര്യത്തിൽ വനംവകുപ്പ് കുറ്റകരമായ അനാസ്ഥ തുടരുന്നതായി ആക്ഷേപം ഉയർന്നിട്ടുണ്ട്.

മരം മുറിക്കലിന്റെ വിശദാംശങ്ങൾ തേടി നേര്യമംഗലം സ്വദേശി ശ്രീജിത്ത് വിജയൻ വിവരാവകാശ നിയമപ്രകാരം നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ചോഫീസർക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇതിന് മറുപടി ലഭിച്ചു. മരങ്ങൾ മുറിച്ചുകടത്തിയതായും കേസ് എടുത്തതായും അന്വേഷണം നടക്കുന്നതായും മറുപടിയിൽ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും പ്രതികളെക്കുറിച്ചോ മുറിച്ചുകടത്തിയ മരങ്ങളുടെ എണ്ണത്തെക്കുറിച്ചോ ഒരു സൂചനയും നൽകിയിട്ടില്ല. സംഭവം മറുനാടനിലൂടെ പുറത്തുവന്നതോടെ ഒതുക്കി തീർക്കാൻ ഇടനിലക്കാർ ശക്തമായ നീക്കം നടത്തിയതായിട്ടാണ് ലഭ്യമായ വിവരം. 25 ലേറെ ലോഡ് തടി പഴമ്പിള്ളിച്ചാൽ മേഖലയിൽ നിന്നും മാത്രം വെട്ടിക്കടത്തിയതായി ഇടനിലക്കാരുമായി അടുത്ത ബന്ധമുള്ള രാഷ്ട്രീയ നേതാവ് മറുനാടനോട് സ്ഥിരീകരിച്ചിരുന്നു.

മറുനാടൻ വാർത്ത റിപ്പോർട്ടുചെയ്യുമ്പോൾ ഏകദേശം 10 ലോഡ് തടി പാതയോരങ്ങളിലും പുരയിടങ്ങളിലുമായി വെട്ടിയിട്ടിരുന്നു. നേര്യംമംഗലം ഫോറസ്റ്റ് റെയിഞ്ചോഫീസറെ വിളിച്ച് വിവരശേഖരണം നടത്തിയപ്പോൾ മരംമുറിക്കലിനെക്കുറിച്ച് കൂടുതൽ ഒന്നും അറിയില്ലെന്നും അന്വേഷിക്കുന്നുണ്ടെന്നുമായിരുന്നു പ്രതികരണം. ദിവസങ്ങൾക്ക് ശേഷം വീണ്ടും പഴമ്പിള്ളിച്ചാലിൽ ആളെ വിട്ട് അന്വേഷിച്ചപ്പോൾ മുറിച്ചിട്ട മരങ്ങൾ മുഴുവൻ കടത്തിയെന്ന് വ്യക്തമായി. പണം നൽകിയ ഇടനിലക്കാർ വനംവകുപ്പ്് ഉദ്യോഗസ്ഥരുടെ അറിവോടെ തടി ഇവിടെ നിന്നും കടത്തുകയായിരുന്നെന്നാണ് സൂചന.

തടിവെട്ടിയത് ആനശല്യത്തിന്റെ മറവിൽ

ആന ശല്യം നിലനിൽക്കുന്നതിനാൽ വീടിന് ചുറ്റുമുള്ള മരങ്ങൾ മുറിച്ചുമാറ്റാൻ അനുവദിക്കണമെന്ന് കാണിച്ച് കൈവശക്കാർ മൂന്നാർ ഡിഎഫ്ഒയ്ക്ക് അപേക്ഷ സമർപ്പിരുന്നു.ഇതെക്കുറിച്ച് അന്വേഷിച്ച്, വേണ്ട നടപടികൾ സ്വീകരിക്കണമെന്ന കുറിപ്പോടെ ഡിഎഫ്ഒ അപേക്ഷ നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ചോഫീസർക്ക് കൈമാറി. പഴമ്പിള്ളിച്ചാലിലും കാഞ്ഞിരവേലിയിലും ദശാബ്ദങ്ങളായി താമസക്കാരുണ്ട്.ചിലരുടെ കൈവശത്തിൽ ഏക്കറുകണക്കിന് ഭൂമിയുണ്ട്. എന്നാൽ ഇവർക്ക് ഇതുവരെ പട്ടയം അനുവദിച്ച് നൽകിയിട്ടില്ല. നിലവിൽ ഇവരുടെ കൈവശത്തിലിരിക്കുന്ന ഭൂമി രേഖകൾ പ്രകാരം റിസർവ്വ് വനമാണ്.

ഇവിടെ നിന്നും വൻതോതിൽ മരങ്ങൾ മുറിച്ചുമാറ്റാൻ വനംവകുപ്പിന് അനുമതി നൽകാൻ നിയമം അനുവദിക്കുന്നില്ല എന്നതാണ് വാസ്തവം.ഈ സാഹചര്യത്തിലാണ് നിശ്ചിത തുക നൽകിയാൽ മരങ്ങൾ മുറിച്ചുവിൽക്കാൻ സഹായിക്കാമെന്ന് വാഗ്ദാനവുമായി ഇടനിലക്കാർ കൈവശക്കാരെ സമീപിക്കുന്നത്.

ലോഡിന് 15000, നക്കാപ്പിച്ച നൽകി കബളിപ്പിച്ചെന്നും ആരോപണം

വനംവകുപ്പ് അധികൃതരുടെ മൗനസമ്മതത്തോടെയാണ് തടി ലോഡുകൾ കാടുകടത്തിയതെന്നാണ് മേഖലയിൽ മറുനാടൻ നടത്തിയ അന്വേഷണത്തിൽ നിന്നും ലഭിക്കുന്ന വിവരം. ഒരു ലോഡിന് 15000 രൂപ എന്ന കണക്കിൽ തങ്ങൾ ഉദ്യോഗസ്ഥർക്ക് നൽകിയെന്ന് മരം മുറിച്ച് കടത്തിയവരിൽ ചിലർ രഹസ്യമായി സമ്മതിക്കുന്നുണ്ട്. എന്നാൽ കൈക്കലാക്കിയ തുകയൽ ഒട്ടുമുക്കാലും ഇടനിലക്കാർ കീശയിലാക്കിയെന്നും നാമമാത്രമായ തകയാണ് തങ്ങൾക്ക് ലഭിച്ചതെന്നും മറ്റും ഉദ്യോഗസ്ഥരിൽ ചിലർ അടുപ്പക്കാരോട് വെളിപ്പെടുത്തിയതായിട്ടാണ് സൂചന.

ഇടനിലക്കാർ രാഷ്ട്രീയ ബന്ധമുള്ളവരായതിനാൽ ജീവനക്കാർ ഇവരെ പിണക്കാതെ കിട്ടുന്നത് വാങ്ങി തടി കടത്തലിന് ഒത്താശ ചെയ്യുകയായിരുന്നെന്നാണ് ആരോപണം ഉയർന്നിട്ടുള്ളത്. തടിവെട്ടുന്ന കാര്യം തങ്ങൾ വനംമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും പ്രശ്നങ്ങൾക്ക് സാധ്യതയില്ലെന്നും മറ്റുമുള്ള ഇക്കൂട്ടരുടെ ഉറപ്പ് അതിക്രമത്തിന് കൂട്ടുനിൽക്കാൻ ജീവനക്കാർ പ്രചോദനമായി.

ജണ്ടയ്ക്കുള്ളിൽ നിന്നും മരം മുറിച്ചു ?

കൈവശ ഭൂമിയിലെ മരം മുറിക്കലിന്റെ മറവിൽ ജണ്ടയ്ക്കുള്ളിൽ നിന്നും വന്മരങ്ങൾ മുറിച്ചിട്ടുണ്ടെന്ന് സംശയം ഉയർന്നിട്ടുണ്ട്. മരം മുറിക്ക് പിന്നിൽ ആസുത്രിത നീക്കം നടന്നെന്നും ഇതുമൂലമാണ് ഇക്കാര്യത്തിൽ വനംവകുപ്പ് ജീവനക്കാർ ശ്രദ്ധിക്കാതിരുന്നതെന്നും ആരോപണം ഉയർന്നിട്ടുണ്ട്. മേഖലയിൽ ആന ശല്യം നേരിടുന്ന പശ്ചാത്തലത്തിൽ വീടിന് സമീപത്തെ മരങ്ങൾ കൈവശക്കാർ സ്വന്തം നിലയിൽ മുറിച്ചുനീക്കിയിരുന്നു.

പരാതികൾ ഇല്ലങ്കിൽ ഇത്തരം സംഭവങ്ങളിൽ വനംവകുപ്പ് കേസെടുക്കാറില്ല. ഈ സാഹചര്യം മുതലെടുത്താണ് ഇടനിലക്കാർ മരം മുറിക്കൽ പദ്ധതിക്ക് രൂപം നൽകിയതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. രണ്ടുമാസത്തിലേറെയായി മരം മറിക്കൽ നടന്നിട്ടും തങ്ങൾ അറിഞ്ഞില്ലന്ന ബന്ധപ്പെട്ട അധികൃതരുടെ വാദഗതി നാട്ടുകാർ പുച്ഛിച്ച് തള്ളുകയാണ്. ഉദ്യോഗസ്ഥരുടെ അറിവില്ലാതെ ഇവിടെ നിന്നും ചുള്ളികമ്പുകൾ പോലും എടുക്കാനാവില്ലന്നാണ് ഇവിടുത്തുകാരിൽ ഏറെപ്പേരുടെയും നിലപാട്.

സർക്കാർ രേഖകളിൽ വനഭൂമിയെന്ന് രേഖപ്പെടുത്തിയിട്ടുള്ള മേഖലകളിൽ നിന്നും വ്യാപകമായി മരങ്ങൾ മുറിച്ചുകടത്തിയിട്ടുണ്ട്. വഴിതെറ്റി വനത്തിൽ പ്രവേശിച്ചാൽ പോലും വനംവകുപ്പ് അധികൃതർ കേസെടുക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിലാണ് ഏക്കറുകണക്കിന് വനഭൂമി വെട്ടി വെളിപ്പിച്ച്, ലോഡുകണക്കിന് തടി കടത്തിയിട്ടുള്ളത്. ഉദ്യോഗസ്ഥരെ വിശ്വസിച്ച് തടി വാങ്ങിയവർ ഇപ്പോൾ വെട്ടിലായിരിക്കുകയാണ്. കൈയിലുള്ളതെല്ലാം നുള്ളിപ്പെറുക്കിയും പലരോടും കടം വാങ്ങിയും പലിശയ്‌ക്കെടുത്തും മറ്റുമാണ് ഇവരിൽ ചിലർ സ്ഥലം ഉടമകളിൽ നിന്നും മരം വാങ്ങിയത്. പണിക്കൂലിയും വനംവകുപ്പ് ഉദ്യോഗസ്ഥർക്കുള്ള വിഹിതവും കഴിച്ച് നാമമാത്രമായ തുക മാത്രമാണ് തങ്ങൾക്ക് ലഭിച്ചിട്ടുള്ളു എന്നതാണ് യാഥാർത്ഥ്യം.

അധികൃതരുടെ വേട്ടയാടൽ ഭയന്ന് പേരുവിരങ്ങൾ വെളിപ്പെടുത്തരുത് എന്ന ആമുഖത്തോടെയാണ് ഇവരിൽ ചിലർ ഇടപാടിന് പിന്നിലെ വിവരങ്ങൾ മറുനാടനുമായി പങ്കിട്ടത്.ഇനി കേസ് നടപടികൾ നേരിടേണ്ടി വന്നാൽ കോടതി നടപടികൾക്കായും പണം കണ്ടെത്തേണ്ട ഗതികേടിലാണ് തങ്ങളെന്നും ഇവർ ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP