Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കിലോക്ക് ആറുകോടി രൂപ വരുന്ന 'മേൽത്തരം' ഹെറോയിന്റെ ആഗോള വ്യാപാരി; താലിബാൻ അഫ്ഗാനിൽ ഉണ്ടാക്കുന്ന ഓപ്പിയം രാസലഹരിയാക്കി കടൽ കടത്തും; വരുമാനത്തിന്റെ പകുതി തീവ്രവാദത്തിന്; സ്വന്തമായി കോഡുഭാഷയും ഫോഴ്സും; പാബ്ലോ എസ്‌കോബാറിനെ വെല്ലുന്ന മാഫിയാ തലവൻ; നാർക്കോട്ടിക്ക് ജിഹാദി ഹാജി സലീമിന്റെ കഥ!

കിലോക്ക് ആറുകോടി രൂപ വരുന്ന 'മേൽത്തരം' ഹെറോയിന്റെ ആഗോള വ്യാപാരി; താലിബാൻ അഫ്ഗാനിൽ ഉണ്ടാക്കുന്ന ഓപ്പിയം രാസലഹരിയാക്കി കടൽ കടത്തും; വരുമാനത്തിന്റെ പകുതി തീവ്രവാദത്തിന്; സ്വന്തമായി കോഡുഭാഷയും ഫോഴ്സും; പാബ്ലോ എസ്‌കോബാറിനെ വെല്ലുന്ന മാഫിയാ തലവൻ; നാർക്കോട്ടിക്ക് ജിഹാദി ഹാജി സലീമിന്റെ കഥ!

എം റിജു

ലോകത്തെ ഏറ്റവും വലിയ ലഹരി മാഫിയ തലവൻ ആരാണെന്ന് ചോദിച്ചാൽ, ഗൂഗിൾ തൊട്ട് നമ്മുടെ നാട്ടിലെ പൊലീസുകാർക്ക് വരെ ഒരുപേരേ ഉണ്ടാവൂ. കൊളംബിയൻ ഡ്രഗ് മാഫിയാ തലവൻ പാബ്ലോ എസ്‌ക്കോബാർ. 80കളിൽ അമേരിക്കയിലേക്കുള്ള മയക്കുമരുന്നിന്റെ 90 ശതമാനവും നിയന്ത്രിച്ചിരുന്നത്, 21.9 മില്യൺ ഡോളറിന്റെ ആസ്തിയുമായി ഫോബ്സ് മാസികയുടെ പട്ടികയിൽ സ്ഥാനം പിടിച്ച ഈ മയക്കുമരുന്ന് രാജാവ് ആയിരുന്നു. ലോകത്തിലെ ഏറ്റവും സമ്പന്നനായ ക്രിമിനൽ എന്നും പാബ്ലോ അറിയപ്പെട്ടു. പത്താംക്ലാസും ഗുസ്തിയുമായി കൊളംമ്പിയയുടെ തെരുവുകളിൽ അരപ്പൊതി കഞ്ചാവ് വിറ്റുനടന്ന പാബ്ലോ, വെറും 22ാമത്തെ വയസ്സിൽ ശതകോടീശ്വരനായത് രക്തം ചിന്തി തന്നെയാണ്. 1993ൽ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെടുമ്പോൾ നൂറിലേറെ കേസുകളായിരുന്നു അയാളുടെ പേരിൽ ഉണ്ടായിരുന്നത്. പൊലീസ് വേട്ട ശക്തമാക്കിയപ്പോൾ, ഭൂമിക്കടിയിലൂടെ സ്വന്തമായി തുരങ്കം ഉണ്ടാക്കി പെരുച്ചാഴിയെപ്പോലെയായിരുന്ന പാബ്ലോയുടെ യാത്ര!

പാവങ്ങളെ കൈയയച്ച് സഹായിക്കുന്നതിലൂടെ റോബിൻഹുഡ് പരിവേഷമുണ്ടായിരുന്നു എസ്‌ക്കോബാർ, മരിച്ചിട്ടും നാട്ടുകാരുടെ ഹീറോയാണ്. പക്ഷേ എസ്‌ക്കോബാറിനെ മാതൃകയാക്കി പിന്നീട് ലാറ്റിൻ അമേരിക്കയിലും, മെക്സിക്കോവിലും ധാരാളം ഡ്രഗ് കാർട്ടലുകൾ ഉയർന്നുവന്നു. അമേരിക്കയടക്കമുള്ള രാജ്യങ്ങൾക്ക് അത് ഇന്നും തലവേദനയാണ്.

ഇപ്പോഴിതാ പാബ്ലോ എസ്‌ക്കോബാറിനെ വെല്ലുന്ന 'പ്രതിഭാശാലിയായ' ഒരു മയക്കമരുന്ന് കടുത്തുകാരൻ ലോകത്ത് ഉദയം കൊണ്ടിരിക്കുന്നുവെന്നാണ്, സിഎൻബിസി ചാനലും, ഡെയിലി മെയിലുമൊക്കെ എഴുതുന്നത്. അതാണ്, പാക്കിസ്ഥാനിയായ ജിഹാദി ഡ്രഗ് ഡോൺ എന്ന് വിളിക്കുന്ന ഹാജി സലീം. അഫ്ഗാന്റെയും പാക്കിസ്ഥാന്റെയും മലമടക്കുകളിൽ താലിബാൻ ഉണ്ടാക്കുന്ന കറുപ്പ്, ഹെറോയിനാക്കി വാറ്റിയെടുത്ത, വീണ്ടും മുല്യവർധിത രാസലഹരിയാക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് ഇന്ത്യയിൽ എത്തിക്കയാണ് ഇദ്ദേഹത്തിന്റെ രീതി. പാബ്ലോ കിട്ടുന്നതിൽ ഒരു വിഭാഗം നാട്ടുകാർക്ക് കൊടുത്ത് ജനപ്രിയനായെങ്കിൽ, ഹാജി സലീം തന്റെ വരുമാനത്തിന്റെ പകുതി കൊടുക്കുന്നത് തീവ്രവാദത്തിനാണ്!

പാക്കിസ്ഥാൻ ചാരസഘനായായ ഐസ്ഐയാണ് ഇയാളെ സ്പോൺസർ ചെയ്യുന്നത് എന്നാണ് മാധ്യമ റിപ്പോർട്ട്. ഇങ്ങനെ ഒരു വ്യക്തി തന്നെ ഇല്ലെന്നും അത് ഒരു കൂട്ടം ഹിഡൻ ആയ ക്രിമിനലുകളുടെ നിക്ക് നെയിമാണെന്നുവരെ ആരോപണം ഉയരുന്നുണ്ട്. പക്ഷേ ഇന്ത്യൻ നാർക്കോട്ടിക്ക് ബ്യറോ അധികൃതർ പറയുന്നത്, ഇങ്ങനെ ഒരു ക്രിമിനൽ ഉണ്ടെന്നാണ്. പാക്ക് -അഫ്ഗാൻ സർക്കാറന്റെ സഹായത്തോടെ, ലൊക്കേഷനുകൾ കൃത്യമായി മാറിാ അയാൾ ഇന്ത്യയെ അടക്കം ലക്ഷ്യമിട്ടുള്ള മയക്കുമരുന്ന് യുദ്ധം തുടരുകയാണെന്നാണ് പറയുന്നത്.

ഇന്ത്യക്കു നേരെ നർക്കോട്ടിക്ക് വാർ

ദിവസങ്ങൾക്ക് മുമ്പ്, കൃത്യമായി പറഞ്ഞാൽ 2023 മെയ് 13ന് കൊച്ചിക്ക് സമീപത്തെ ആഴക്കടലിൽ നിന്ന് 15,000 കോടി രൂപയുടെ ലഹരി മരുന്ന് പിടികൂടിയതോടെയാണ് ഹാജി സലിം വീണ്ടും വാർത്തകളിൽനിറയുന്നത്. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ലഹരിക്കടത്ത് തടയുന്നതിനുള്ള ഓപ്പറേഷൻ സമുദ്രഗുപ്തിന്റെ ഭാഗമായിട്ടാണ് പരിശോധന നടത്തിയത്. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ലഹരി വേട്ടയും, ഏറ്റവും വലിയ മെത്താഫെറ്റമിൻ വേട്ടയുമാണിതെന്നാണ് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ ( എൻസിബി) പറയുന്നത്. എൻസിബിക്കു പുറമേ എൻഐഎയും, ഐബിയും കേസിൽ അന്വേഷണം നടത്തുന്നുണ്ട്.

ഇന്ത്യക്ക് നേരെയുള്ള കൃത്യമായ നാർക്കോട്ടിക്ക് വാർ ആയാണ് എൻസിബി ഇതിനെ കണക്കാക്കുന്നത്. ഇതിന്റെ സുത്രധാരനായി കണക്കാക്കുന്നത് ഹാജി സലിം നെറ്റ്‌വർക്കിനെയാണ്. പാക്കിസ്ഥാനിൽനിന്നും അഫ്ഗാനിസ്ഥാനിൽനിന്നും വരുന്ന ലഹരിയുടെ വിപണന കേന്ദ്രമാണ് ഇന്ത്യയെന്ന് നമ്മുടെ അന്വേഷണ ഏജൻസികൾക്ക് നേരത്തെ പിടികിട്ടിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഓപ്പറേഷൻ ഓപ്പറേഷൻ സമുദ്രഗുപ്ത് എന്ന പേരിൽ കടലിലെ മയക്കുമരുന്ന് വേട്ട തുടങ്ങിയത്. ഈ ഓപ്പറേഷനിലാണ് കൊച്ചി തീരത്തുനിന്ന് കപ്പൽ പിടികൂടിയത്. 2021 മാർച്ച് 18ന് ഇന്ത്യൻ തീരത്ത് എകെ 47 തോക്കുകളും ആയിരത്തോളം വെടിയുണ്ടകളുമായി ശ്രീലങ്കൻ ബോട്ട് പിടികൂടിയ സംഭവത്തിനുപിന്നിൽ ഹാജി സലിമായിരുന്നന്നൊണ് വിലയിരുത്തൽ. ഇതിന് ശേഷം കഴിഞ്ഞ വർഷവും ഗുജറാത്ത്- കൊച്ചി തീരത്ത് നിരവധി തവണ മയക്കുമരുന്ന് പിടികൂടിയിരുന്നു.

ആരാണ് ഹാജി സലിം എന്ന് ഇന്നും കൃത്യമായി ആർക്കും അറിയില്ല. ഇയാളുടേത് എന്ന് പുർണ്ണമായി സ്ഥിരീകരിച്ച ഒരു ചിത്രംപോലുമില്ല. പക്ഷേ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ഇയാൾ കടന്നുവരുന്നത് ഡി കമ്പനിയിൽ നിന്നാണ്. നാൽപ്പത് വയസ്സിന് മുകളിൽ പ്രായമുള്ള ഇയാൾ ദാവൂദിന് വേണ്ടി പല ഓപ്പറേഷനുകളും നടത്തിയിട്ടുണ്ടെന്നും, അങ്ങനെ ദാവൂദ് വഴിയാണ് ഐഎസ്ഐയുമായി അടുക്കുന്നത് എന്നുമാണ്, ചില ലേഖനങ്ങളിൽ കാണുന്നത്. പിന്നെ ഐസ്ഐയുടെ പിന്തുണയോടെയാണ് ആണ് ഇയാൾ നാർക്കോട്ടിക്ക് ജിഹാദിലേക്ക് കടക്കുന്നത് എന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്.

യഥാർഥ നാർക്കോട്ടിക്ക് ജിഹാദ്!

കേരളത്തിൽ കുറച്ചുകാലം മുമ്പ് ഏറെ ചർച്ചയായ ഒരു വാക്കായിരുന്നു നാർക്കോട്ടിക്ക് ജിഹാദ്. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെതായിരുന്നു വിവാദ വാക്കുകൾ. പക്ഷേ യഥാർത്ഥ നാർക്കോട്ടിക്ക് ജിഹാദിനെക്കുറിച്ച് അറിയാതെ ബിഷപ്പ് വെറുതെ കേരളത്തിലെ ചില ചെറുപ്പക്കാരെ സംശയത്തിന്റെ നിഴലിലാക്കുകയാണെന്നാണ് ഹാജി സലീമിന്റെ 'ഭീകര ജീവിതം' മനസ്സിലാക്കിയാൽ അറിയുക.

നാർക്കോട്ടിക്സിന്റെ അസംസ്‌കൃത വസ്തുക്കൾ പാക്കിസ്ഥാനും അഫ്ഗാനും ഉണ്ടാക്കും. ഇത് ലോകത്ത് മുഴുവൻ പ്രത്യേകിച്ച് ഇന്ത്യയിലേക്ക് കടത്തിയെത്തിക്കാനുള്ള ചുമതല ഹാജി സലീമിനാണ്. വരുമാനത്തിന്റെ പകുതി അയാൾ ഈ രാജ്യങ്ങൾ ആവശ്യപ്പെടുന്ന സംഘടകൾക്ക് നൽകും. ഒരു ഉദാഹരണത്തിന് അഫ്ഗാനിൽ തഴച്ചുവരുന്ന ഓപ്പിയത്തിന് ഒരു കിലോക്ക് വെറും ഒരുലക്ഷം രൂപയാണ് കിട്ടുക. അത് ഹെറോയിനും മറ്റ് രാസലഹരിയുമായി മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റിയാൽ വില കിലോക്ക് ആറുകോടി രൂപവരെ പോകും!

അഫ്ഗാനിലെ താലിബാന്റെ അടക്കം പ്രധാന വരുമാനമാർഗം ഓപ്പിയം കൃഷിയാണ്. കേരളത്തിന് ബിവറേജ് കോർപ്പറേഷൻ പോലെയാണ് താലിബാന് ഹെറോയിൻ കടത്ത്! ഇന്ന് പോപ്പി വിത്തുകൾ താലിബാൻ നേരിട്ട് വിതരണം ചെയ്ത് പലേടത്തും കൃഷി നടക്കയാണ്. ഒരു രാജ്യം നേരിട്ട് ലഹരിവസ്തുവിന്റെ കൃഷി പ്രോൽസാഹിപ്പിക്കുന്നത് ചരിത്രത്തിൽ ആദ്യമാവും.

മലയാളത്തിൽ കറുപ്പ് എന്നും ഇംഗ്ലീഷിൽ ഓപ്പിയം എന്നും ഉർദുവിൽ അഫീം എന്നും പറയുന്ന വസ്തു, കുപ്രസിദ്ധമായ ഒരു ലഹരി പദാർത്ഥമാണ്. ഇതേ ചെടിയിൽ നിന്നാണ് നമ്മൾ പാചകത്തിനുപയോഗിക്കുന്ന കസ്‌കസ് എന്നുപറയുന്ന സാധനം കിട്ടുന്നത്. ഓപ്പിയം ചെടിയുടെ വിത്താണ് കസ്‌കസ്. ഇതേ ചെടിയുടെ പൂക്കൾ കൊഴിഞ്ഞു വീണശേഷം ബാക്കി നില്ക്കുന്ന വിത്തുകളടങ്ങിയിരിക്കുന്ന ഞെട്ടിന്റെ പുറംന്തോടിൽ നിന്ന് ശേഖരിക്കുന്ന കറയിൽ നിന്നാണ് കറുപ്പ് എന്ന ലഹരി വേർതിരിച്ചെടുക്കുന്നത്. ഈ ഓപ്പിയം സിറപ്പിൽ നിന്ന് ഹെറോയിൻ വാറ്റിയെടുക്കയാണ് ഇന്ന് താലിബാന്റെ പ്രധാന വരുമാന മാർഗം.

ലോകത്ത് ഉപയോഗിക്കപ്പെടുന്ന കറുപ്പിന്റെ 85 ശതമാനവും ഉത്പാദിപ്പിക്കുന്നത് താലിബാൻ നേരിട്ടാണ്. ഓപ്പിയം സിറപ്പ് മറ്റു ലോകരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തുകിട്ടുന്ന പണമുപയോഗിച്ചാണ് താലിബാൻ തങ്ങളുടെ പ്രവർത്തനങ്ങൾക്ക് വേണ്ട ഫണ്ട് കണ്ടെത്തുന്നത്. അഫ്ഗാൻ താലിബാന്റെ നിയന്ത്രണത്തിലായതോടെ ഹെറോയിൻ വാറ്റ് കുടിൽ വ്യവസായം പോലെയായി. എന്നാൽ ഹറാമായതുകൊണ്ട് താലിബാൻ ഇതൊന്നും സ്വന്തം രാജ്യത്ത് ഉപയോഗിക്കില്ല. വിദേശരാജ്യങ്ങളിലേക്ക് മയക്കുമരുന്ന് മാഫിയ വഴി കടത്തുകയാണ് ചെയ്യുക. ഈ കടത്തിന്റെയും മറ്റ് രാസലഹരിയാക്കുന്നതിന്റെ ചുമതലയാണ്, ഹാജി സലീമിന്. അതുവഴി അയാൾക്കുകിട്ടുന്ന ശതകോടികളുടെ പകുതി ജിഹാദി സംഘടനകൾക്ക് കൂടിയാണ് പോകുന്നത്.

കാനഡയിലെ തെരുവുകളിലെത്തുന്ന ഹെറോയിന്റെ 90 ശതമാനവും, ബ്രിട്ടന്റെ തെരുവുകളെ അക്രമാസക്തമാക്കുന്ന ഹെറോയിന്റെ 85 ശതമാനവും പുറപ്പെടുന്നത് അഫ്ഗാനിസ്ഥാനിലെ താലിബാനി ഹെറോയിൻ ലാബുകളിൽ നിന്നാണ് കണക്കുകൾ. ഭീകരതയുടെ വിത്തിനൊപ്പം ലഹരിയുടെ വിത്തുകളും അങ്ങനെ ലോകമാസകലം എത്തിക്കയാണ് താലിബാൻ. പക്ഷേ അത് കടൽ കടത്തേണ്ട ചുമതല ഹാജി സലിം നെറ്റ്‌വർക്ക് ഗ്രൂപ്പിനാണ്. തീവ്രവാദ സംഘടകൾക്ക് പണം നൽകുന്നതിന് പകരം ലഹരിമരുന്ന് നൽകുന്ന രീതിയാണ് ഹാജിയുടേത്. സൗജന്യമായി നൽകുന്ന ലഹരിമരുന്ന് വിറ്റശേഷം ലാഭത്തിന്റെ പകുതി നൽകിയാൽ മതിയെന്നാണ് പുതിയ രീതി. ശരിക്കും ഡബിൽ എഞ്ചിൻ ഭീകരത! ലഹരികൊണ്ടും തീവ്രവാദം കൊണ്ടും നാടുമുടിയും.

കടലിലും രഹസ്യവഴികൾ

പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിയാണ് ഹാജി സലീം നെറ്റ്‌വർക്കിന്റെ മയക്കുമരുന്ന് പ്രോസസിങ്് യൂണിറ്റുകൾ ഉള്ളത് എന്നാണ് വിദേശ മാധ്യമങ്ങൾ എഴുതുന്നത്. ഇവിടെ നിരവധി രഹസ്യ ലബോറട്ടറികൾ പ്രവർത്തിപ്പിക്കുന്നുണ്ട്. ഇനി പരസ്യമായും ആരും ഒരു നടപടിയും എടുക്കില്ല. ഐഎസ്ഐയുടെ പിന്തുണയോടെയാണ് ഈ പരിപാടിയെന്ന് എല്ലാവർക്കും അറിയാം. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഹെറോയിൻ വ്യത്യസ്ത ചിഹ്നങ്ങളോ ലിഖിതങ്ങളോ ഉപയോഗിച്ച് ലേബൽ ചെയ്യുന്നത് ഇവിടെ വച്ചാണ്.

എൻസിബിയുടെ റിപ്പോർട്ടിൽ പറയുന്ന ചില വിവരങ്ങൾ ഇങ്ങനെയാണ്. ജമ്മു കശ്മീരിലെ ലഷ്‌കർ-ഇ-തൊയ്ബയും നുഴഞ്ഞുകയറ്റത്തിനിടെ മയക്കുമരുന്നും കടത്തുന്നുണ്ട്. ലഷ്്ക്കറിനും ഇങ്ങനെ നാർക്കോ ജിഹാദി പണം ലഭിക്കുന്നുണ്ട്. ഇന്ത്യ, മാലിദ്വീപ്, ശ്രീലങ്ക , ചില ഗൾഫ് രാഷ്ട്രങ്ങൾ, ഓസ്ട്രേലിയ, എന്നിവടങ്ങളിലേക്കാണ് ഇവർ കാര്യമായി മയക്കുമരുന്ന് എത്തിക്കുന്നത്. ഇന്ത്യയിലെ മൊത്തം മയക്കുമരുന്ന് കടത്തിന്റെ 70 ശതമാനാവും കടൽ വഴിയാണ് നടക്കുന്നത്. ഹാജി സലീമിന്റെ ശൃംഖലയാണ് ഭൂരിഭാഗം ചരക്കുകളുടെയും പിന്നിലെന്നാണ് എൻസിബി പറയുന്നത്. സമുദ്രറൂട്ടുകളെപ്പറ്റി നന്നായി അറിയാവുന്ന ഇയാൾക്ക്, കടലിലും രഹസ്യവഴികൾ ഉണ്ടെന്നാണ് ചില റിപ്പോർട്ടുകളിൽ കാണുന്നത്.

2021 സെപ്റ്റംബറിൽ പിടികൂടിയ ഏകദേശം 21,000 കോടി രൂപ വിലമതിക്കുന്ന ഏകദേശം 3,000 കിലോ അഫ്ഗാൻ ഹെറോയിൻ നമ്മുടെ അദാനിയുടെ മുന്ദ്ര തുറമുഖത്ത് പിടികൂടിയിരുന്നു. ഈ പണം തീവ്രവാദ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ളതാണെന്ന് എൻഐഎ കണ്ടെത്തിയിട്ടുണ്ട്. കടൽ വഴിയും മറ്റും ഏറ്റവും കൂടുതൽ കടത്തപ്പെടുന്ന മയക്കുമരുന്നാണ് വൈറ്റ് ഹെറോയിൻ. മറ്റ് രാസലഹരികളും നിരവധിയായി പിടിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും ഉൾപ്പെടുന്ന ഗോൾഡൻ ക്രസന്റ് എന്ന് അറിയപ്പെടുന്ന ഭാഗം ഇന്ന് ലോകത്തിന്റെ മയക്കുമരുന്ന് ഉത്ഭവത്തിന്റെ തലസ്ഥാനമാണ്. ഇറാനിനും ഈ വിഷയത്തിൽ വലിയ റോൾ ഉണ്ട്. ഹാജി സലീം നെറ്റ്‌വർക്കിൽനിന്ന് ആ രാജ്യത്തിനും വൻ പിന്തുണ കിട്ടുന്നുണ്ട്. കപ്പൽ ഇറാൻ തീരത്ത് എത്തിച്ചാണ് പലപ്പോഴും യാത്ര തുടരുക.

സ്വന്തമായി കോഡ്ഭാഷയും സൈന്യവും

കൊച്ചി തീരത്തെ ലഹരിവേട്ടയിൽ, മെത്താഫെംറ്റമിൻ എത്തിച്ച പ്ലാസ്റ്റിക് പെട്ടികളിൽ ഉത്പാദന കേന്ദ്രങ്ങളുടെ അടയാളങ്ങൾ ഉണ്ടായിരുന്നു. ലഹരി പാക്കറ്റുകൾ തയാറാക്കിയത് അതീവ വൈദഗ്ധ്യത്തോടെയെന്ന് എൻസിബി വക്തമാക്കി. പ്ലാസ്റ്റിക് പെട്ടികളിൽ ഈർപ്പത്തെ പ്രതിരോധിക്കാൻ പഞ്ഞിയുൾപ്പെടെ വെച്ച് ഭദ്രമായിട്ടാണ് പാക്കിങ്. ദിവസങ്ങളോളം കടലിൽ സൂക്ഷിക്കാൻ കഴിയും. ഓരോ പെട്ടികൾക്ക് മുകളിൽ ഉത്പാദിപ്പിച്ച കേന്ദ്രങ്ങളുടെ അടയാളമായി മുദ്രകകളുണ്ട്. തേളിന്റെ ചിത്രമടങ്ങിയ മുദ്രയ്ക്ക് പുറമെ ബിറ്റ് കോയിൻ, റോളക്‌സ് മുദ്രകളും ഉണ്ട്.

ഇങ്ങനെയുള്ള മുദ്രകളും അടയാളവാക്യങ്ങളും കോഡ് ഭാഷകളുമൊക്കെ ഹാജി സലിം നെറ്റ്‌വർക്കിന്റെ രീതിയാണ്്. സ്വന്തമായി ഒരു കോഡ് ഭാഷ ഇവർക്കുണ്ട്. അതുപോലെ പ്രതിരോധത്തിനായി സ്വന്തമായി സൈന്യവും. പാക്ക് ചാരസംഘടനയായ ഐസ്ഐയാണ് ഇവർക്ക് പരിശീലനം നൽകുന്നത് എന്നാണ് പറയുന്നത്.

ഇന്ത്യൻ ഏജൻസികൾ പിടിച്ചെടുത്ത 2,525 കിലോഗ്രാമിലും കൂടുതൽ രാസലഹരി അറബിക്കടലിൽ മുക്കിയതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡിയിലുള്ള പാക്കിസ്ഥാൻ സ്വദേശിയെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. കൂടാതെ, പിടിച്ചെടുത്ത ലഹരിമരുന്നിന്റെ വിപണി വില 25,000 കോടി രൂപ കവിയുമെന്നു പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. 15,000 കോടി രൂപയുടെ ലഹരിമരുന്നു പിടിച്ചതായാണ്, നർകോട്ടിക് കൺട്രോൾ ബ്യൂറോ ആദ്യദിവസം റിപ്പോർട്ട് ചെയ്തതെങ്കിലും തുടർന്നു നടത്തിയ പരിശോധനയിലാണു വിപണിവില 25,000 കോടി രൂപ കവിയാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലെത്തിയത്.

എൻസിബിക്കു ലഭിച്ച രഹസ്യവിവരത്തെ തുടർന്നു നാവികസേനയുടെ കപ്പലുകളും ഹെലികോപ്റ്ററും പിൻതുടർന്നപ്പോഴാണ്, വെള്ളംകയറാത്ത രീതിയിൽ പൊതിഞ്ഞ ലഹരി പാഴ്‌സലുകൾ റാക്കറ്റ് കടലിൽ തള്ളിയത്. ഈ പാഴ്‌സലുകൾ ജിപിഎസ് സംവിധാനം ഉപയോഗിച്ച്, റാക്കറ്റിനു വീണ്ടെടുക്കാൻ കഴിയുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. അതിനു മുൻപ് അതു കണ്ടെത്തി കസ്റ്റഡിയിലെടുക്കാനുള്ള നീക്കം നാവിക സേനയുടെ സഹായത്തോടെ എൻസിബിയും നടത്തുന്നുണ്ട്. ലഹരിമരുന്നു കടലിൽ എറിഞ്ഞ ശേഷം ഇവരുടെ സംഘത്തിലുണ്ടായിരുന്ന ആറുപേർ സ്പീഡ് ബോട്ടുകളിൽ കടന്നതായാണു മൊഴി.

അടിമുടി കോഡ് ഭാഷയാണ് ഈ സംഘത്തിന്റെ രീതി. ആളുകളുടെ പേരുകൾ പോലും വ്യാജമാണ്. ഇവർ തമ്മിൽ പരസ്പരം അറിയുക പോലുമില്ല. പിടിയിലായ പാക്കിസ്ഥാൻ സ്വദേശി ചോദ്യം ചെയ്യലിൽ 'സുബൈർ' 'സുബാഹിർ' തുടങ്ങിയ പേരുകൾ മാറിമാറി പറയുന്നുണ്ട്. സാധാരണ അഫ്ഗാനിസ്ഥാനിൽ ഉൽപാദിപ്പിച്ചു പാഴ്‌സൽ ചെയ്യുന്ന രാസലഹരി മരുന്നാണു പാക്കിസ്ഥാൻ ലഹരി റാക്കറ്റ് മറ്റു രാജ്യങ്ങളിലേക്കു കടത്തുന്നത്. എന്നാൽ കഴിഞ്ഞ ദിവസം പിടിച്ചെടുത്ത ലഹരി മരുന്ന് പായ്ക്കുചെയ്ത പ്ലാസ്റ്റിക് കണ്ടെയ്‌നറും ചാക്കും പാക്കിസ്ഥാനിൽ തന്നെ നിർമ്മിക്കപ്പെട്ടവയാണെന്നു തെളിഞ്ഞിട്ടുണ്ട്.

ബസുമതി അരിയുടെ മറവിൽ

അഫ്ഗാനിൽ നിന്ന് ഹെറോയിൻ വാങ്ങി പാക്കിസ്ഥാൻ അല്ലെങ്കിൽ ഇറാൻ അതിർത്തിയിൽ എത്തിക്കും. ഇവിടുത്തെ ചെറു തുറമുഖങ്ങളിൽ നിന്ന് ബോട്ടുകളിലേക്ക് ഇത് മാറ്റും. അതിന് ശേഷം കടലിൽ വച്ച് ചെറിയ ഉരുകളിലേക്ക് കൈമാറും. ഇത് സുരക്ഷിതമായി ശ്രീലങ്കയിൽ എത്തിക്കും. അവിടെ നിന്ന് ഇന്ത്യയിലേക്കും ഓസ്ട്രേലിയയിലേക്കും കടത്തും. ഇങ്ങനെയാണ് ഈ സംഘത്തിന്റെ പ്രവർത്തന രീതി.

ആംബുലൻസിൽ വ്യാജ മദ്യം കടത്തുന്നതുപോലെയാണ് ഈ ടീമിന്റെ പ്രവർത്തനം. കൊച്ചി തീരത്ത് പിടികൂടിയ ലഹരി കപ്പലിന്റെ കാര്യം തന്നെ നോക്കുക. ഇറാനിലെ മക്രാൻ തുറമുഖത്തു നിന്നാണ്, 2500 കിലോഗ്രാം രാസലഹരിമരുന്നുമായി പാക്ക് കപ്പൽ പുറപ്പെട്ടത്. ഇന്ത്യൻ സമുദ്രമേഖലയിൽ പ്രവേശിച്ചതോടെ നാവിക സേന അവരെ നോട്ടമിടുകയായിരുന്നു. പാക്കിസ്ഥാനിൽ ഉൽപാദിപ്പിക്കുന്ന 'അൽ ഹുസൈൻ' ബസുമതി അരി ബ്രാൻഡ് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ചാക്കുകൾ തുന്നിക്കൂട്ടിയാണു ലഹരിമരുന്നു പാഴ്‌സലുകൾ പൊതിഞ്ഞിട്ടുള്ളത്. ഇന്ത്യൻ നാവികസേനയുടെ കപ്പലും, ഹെലികോപ്റ്ററും പിന്തുടരുന്ന കാര്യം മനസ്സിലാക്കിയ ലഹരി കടത്തു സംഘം, ലഹരിമരുന്നു കടത്തിക്കൊണ്ടുവന്ന മദർ ഷിപ്പ് മുക്കിയ ശേഷമാണു കടന്നുകളതെന്നും സംശയമുണ്ട്. മറ്റു കടത്തുകാർ ചെറുബോട്ടുകളിൽ ലക്ഷദ്വീപിലെ ആളൊഴിഞ്ഞ തുരുത്തുകളിലേക്കു കടന്നുകളഞ്ഞതായും സംശയമുണ്ട്.

ലഹരിമരുന്ന് കടത്താനുപയോഗിച്ച ചാക്കുകളിൽ നിറയെ പാക്കിസ്ഥാൻ മുദ്രകൾ കണ്ടെത്തിയിട്ടുണ്ട്. 'മെയ്ഡ് ഇൻ പാക്കിസ്ഥാൻ' എന്നെഴുതിയിട്ടുള്ള ബസുമതി അരിച്ചാക്കുകളിലാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. 'ഖുശ്‌ബു ബസുമതി റൈസ്' എന്ന് ഇംഗ്ലീഷിലെഴുതിയ ഒരു ചാക്കിൽ 'ഹാജി ദാവൂദ് ആൻഡ് സൺസ്' എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിലെ ക്യു.ആർ.കോഡ് സ്‌കാൻ ചെയ്താൽ കിട്ടുന്നത് 'അൽ ഹുസൈൻ ട്രേഡിങ് ഖുശ്‌ബു ബസുമതി റൈസ് 25 കി.ഗ്രാം' എന്ന ഉറുദുവാചകമാണ്.

555 സ്പെഷ്യൽ ക്വാളിറ്റി എന്നെഴുതിയ മറ്റൊരു ചാക്കിൽ ഉണ്ടാക്കിയ വർഷവും കാലാവധി കഴിയുന്നതായി 03/2019 എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ചിലതിൽ ബിറ്റ്കോയിന്റെയും തേളിന്റെയും അടയാളങ്ങൾക്കൊപ്പം ഇംഗ്ലീഷ് വാചകങ്ങളെഴുതിയ സീലുമുണ്ടായിരുന്നു. 'വിജയിക്കുന്ന മനുഷ്യർ രണ്ട് കാര്യങ്ങൾ ചെയ്യുന്നു. ഒന്ന് നിശബ്ദരായിരിക്കുക, അല്ലെങ്കിൽ ചിരിക്കുക' എന്നായിരുന്നു ഒരു വാചകം. ഇതൊക്കെ കൃത്യമായ കോഡ് ഭാഷയാണെന്നാണ് എൻസിബി ഉദ്യോഗ്ഥർ പറയുന്നത്. ചിലതൊക്കെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി ഉണ്ടാക്കിയതുമാണ്.

പണം കൈ കൊണ്ട് തൊടില്ല

കൊളംബിയൻ മയക്കുമരുന്ന് പ്രഭുവായ പാബ്ലോ എസ്‌കോബാറിനേക്കാൾ രഹസ്യമായാണ് സലീം പ്രവർത്തിക്കുന്നതെന്ന് എൻസിബി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യൻ എക്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. ഇറാൻ, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യകൾ എന്നിവയ്ക്ക് ഇടയിലാണ് സലീം മാറിത്താമസിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എകെ 47 ഉം മറ്റ് അത്യാധുനിക ആയുധങ്ങളും വഹിക്കുന്ന അംഗരക്ഷകരും സലീമിന് ഉണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഒരു മിനി കമാൻഡോ സൈന്യം തന്നെ ഇയാൾക്ക് ഒപ്പമുണ്ടാവും. ആശയവിനിമയത്തിനായി പാക്കിസ്ഥാൻ മുതൽ മാലിദ്വീപ് വരെയുള്ള സാറ്റലൈറ്റ് ഫോണുകളാണ് ഉപയോഗിക്കാറ്. ലൊക്കേഷൻ മാറ്റുന്നതിൽ പാക്കിസ്ഥാന്റെ ഐഎസ്‌ഐയിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും സഹായം ലഭിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഇന്ത്യൻ ഏജൻസികൾ സലീമിന്റെ വിശദാംശങ്ങൾ ഇറാൻ, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവരുമായി പങ്കുവെച്ചെങ്കിലും നാളിതുവരെ നടപടിയൊന്നും ആരംഭിച്ചിട്ടില്ലെ. അതുകൊണ്ട് ഇന്ത്യയിലേക്കുള്ള മയക്കുമരുന്ന് കള്ളക്കടത്തിൽ സലീമിന്റെ പങ്കാളിത്തത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി ഈ മൂന്ന് രാജ്യങ്ങളിലേക്ക് ഇന്ത്യൻ സർക്കാർ പുതിയ രേഖകൾ അയയ്ക്കാൻ ഒരുങ്ങുകയാണ്.

മറ്റ് ചില അപദാന കഥകൾ പ്രകാരം ആറാം തമ്പുരാനിലെ ജഗന്നാഥനെപ്പോലെ ഇയാൾ പണം കൈകൊണ്ട് തൊടില്ലത്രേ. സ്വന്തമായി ഒന്നുമില്ല. എല്ലാം ബിനാമികൾക്ക്. വിവിധ കാർട്ടലുകൾക്ക് ഹെറോയിൻ നൽകുന്നതിന് ഹാജി സലീം മുൻകൂറായി പണം വാങ്ങാറില്ല. ഇവ വിറ്റ് അവർക്ക് പണം സുരക്ഷിതമായി കട്ടിയാൽ തനിക്ക് ഹവാല വഴി അയക്കാൻ പറയുകയാണ് ഇയാളുടെ രീതി. അതുകൊണ്ട് തന്നെ ലോകത്തിന്റെ എത് കോണിലും അയാൾക്ക് കാരിയർമാരെ നിഷ്പ്രയാസം ഉണ്ടാക്കാം. മുന്ദ്ര തുറമുഖ കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് പണം അയയ്ക്കുന്ന ഇന്ത്യയിലെ ചില ആളുകളെ എൻഐഎ അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു.

തമിഴ് പുലികളും സംഘത്തിൽ

തമിഴ് പുലികളേയും ഹാജി സലിം ഡ്രഗ് നെറ്റ്‌വർക്ക്' നന്നായി ഉപയോഗിക്കുന്നുണ്ട്. പാക്കിസ്ഥാനി ഡ്രഗ് സിൻഡിക്കേറ്റും പഴയ തമിഴ് പുലികളും തമ്മിലുള്ളത് അടുത്ത ബന്ധമാണ്. കഴിഞ്ഞ വർഷം കേരളത്തിലെ തീരത്ത് ശ്രീലങ്കൻ ബോട്ടിലെ ഹെറോയിൻ കടത്ത് പിടിച്ചിരുന്നു. അന്ന് കുടുങ്ങിയവർക്ക് ഹാജി സലിമുമായി നേരിട്ട് ബന്ധമുണ്ടായിരുന്നു. ശ്രീലങ്കയിലേക്ക് എകെ 47 തോക്ക് കടത്തിയ കേസിലും ഇയാൾ സംശയ നിഴലിലാണ്. എൽടിടിഇയെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശ്രീലങ്കയിലെ തമിഴ് വംശജരിലെ തീവ്രവാദ സ്വഭാവമുള്ളവർ ഡ്രഗ് ഡീലിൽ പങ്കാളിയാകുന്നത്. പ്രഭാകരൻ വീണതോടെ വെടിതീർന്ന എൽടിടിഇലെ എക്സ് പുലികളും ഇപ്പോൾ ഹാജി സലിം ഗ്രൂപ്പിനൊപ്പമുണ്ട്. കാരണം അവർക്ക് മറ്റ് വഴിയില്ല. ഇവരിലൂടെ കൊച്ചി വഴി കേരളത്തിലേക്കും ഡ്രഗ്സ് എത്തുന്നു.

ഗുണ എന്ന സി ഗുണശേഖരൻ, പൂക്കുട്ടി കണ്ണ എന്ന പുഷ്പരാജ എന്നിവരുടെ നേതൃത്വത്തിലുള്ള ശ്രീലങ്കൻ മയക്കുമരുന്ന് മാഫിയയുമായി ചേർന്ന് സലിമിന്റെ ശൃംഖല ശ്രീലങ്കയിലേക്കും മയക്കുമരുന്ന് വിതരണം ചെയ്യുന്നതായി എൻഐഎ നേരത്തെ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എൽടിടിഇ പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കാൻ മയക്കുമരുന്നും ആയുധങ്ങളും കടത്തിയതിന് തിരുച്ചിറപ്പള്ളിയിലെ ശ്രീലങ്കൻ തമിഴ് അഭയാർഥികൾക്കായുള്ള പ്രത്യേക ക്യാമ്പിൽ നിന്ന് ഒമ്പത് ശ്രീലങ്കൻ പൗരന്മാരെ തീവ്രവാദ വിരുദ്ധ അന്വേഷണ ഏജൻസി കഴിഞ്ഞവർഷം അറസ്റ്റ് ചെയ്തിരുന്നു. സലിം ഇവർക്ക് ചരക്കുകൾ അയക്കുന്നതായി തെളിഞ്ഞിട്ടുണ്ട്.

ഇന്ത്യയിലേക്ക് പോകുന്ന ഈ ബോട്ടുകളിൽ പലതും കൊച്ചിയെ ടാർജറ്റ് ചെയ്യുന്നുണ്ട്. പ്രാദേശിക സഹായവും ഇവർക്ക് നന്നായി കിട്ടുന്നുണ്ട്. ഇന്ത്യൻ നാവികസേനയുടെ സാന്നിധ്യമുണ്ടായാൽ സലീമിന്റെ ആളുകൾ സാധാരണയായി മാലിദ്വീപിലേക്കോ ശ്രീലങ്കയിലേക്കോ ആണ് രക്ഷപ്പെടുക. അവിടെ അവരെ സംരക്ഷിക്കാൻ ആളുണ്ട്.

കേരളത്തിലും ഭീഷണി

മുമ്പ് പഞ്ചാബിൽ ഉണ്ടായിരുന്നതുപോലെ രാസലഹരിയുടെ ഹബ്ബായി മാറുകയാണ് കേരളം എന്ന് സംശയമുണ്ട്. സ്‌കുൾ കുട്ടികൾ തൊട്ട് സിനിമാക്കാർ വരെയുള്ളവരിൽ നമ്മുടെ ചർച്ച ചെന്ന് നിൽക്കുന്നത് ലഹരിയിലാണ്. രാസലഹരി ഉപയോഗിക്കുന്ന ന്യജൻ താരങ്ങൾ ആരൊക്കെ എന്ന് ചോദിച്ച് വലിയ ചർച്ച നടക്കുന്ന സമയമാണ്. അതിനിടെ ഹാജി സലിം നെറ്റ്‌വർക്കി'ന്റെ ഏജന്റുമാർ കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നതായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് സൂചനകളുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ എൻഐഎ പരിശോധനകൾ ശക്തമാക്കുന്നുണ്ട്. ഇവിടുത്തെ ചില സംഘടനകളും സംശയത്തിന്റെ നിഴലിലാണ്.

കുറച്ചു കാലം മുമ്പ് കൊച്ചിയിൽ പിടികൂടിയ 1,200 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്നു വിൽപനയിലൂടെ കിട്ടുന്ന തുക ആർക്കുള്ളതായിരുന്നെന്നു കണ്ടെത്തിയിട്ടില്ല. ഇതുകൊണ്ടുതന്നെ ദക്ഷിണേന്ത്യയിൽ എൻസിബിയുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ കൊച്ചി കേന്ദ്രീകരിച്ച് പ്രത്യേക ഇന്റലിജൻസ് വിങ് രൂപീകരിക്കാനും ആലോചനയുണ്ട്. വിദേശ പരിശീലനം ലഭിച്ച 10 ഉദ്യോഗസ്ഥരെ ഇതിനായി കൊച്ചിയിലേക്കു നിയോഗിക്കും. നേവൽ ഇന്റലിജൻസിന്റെ സഹകരണവും ഇവർക്കു ലഭിക്കും. രഹസ്യാന്വേഷണ വിഭാഗം എത്തുന്നതോടെ കൊച്ചിയിലെ പാർട്ടികൾ അടക്കം നിരീക്ഷണത്തിലാക്കും. അപ്രതീക്ഷിത റെയ്ഡുകളും നടത്തും. നിലവിൽ കിട്ടുന്ന രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എൻസിബി ഇടപെടലുകൾ കേരളത്തിൽ നടക്കുന്നത്. ഇതിന് അപ്പുറത്തേക്ക് ലഹരി മാഫിക്കുള്ളിലേക്ക് നുഴഞ്ഞു കയറാനാണ് എൻസിബിയുടെ തീരുമാനം. കടലിലെ സർജിക്കൽ സ്ട്രൈക്കുകളിലൂടെ ലഹരി മാഫിയയെ തകർക്കാനും നീക്കമുണ്ട്് . ഇതിന് വേണ്ടിയാണ് നിരീക്ഷണവും രഹസ്യ വിവരംതേടലും സജീവമാക്കുന്നത്. പക്ഷേ ഈ യഥാർത്ഥത്തിലുള്ള നാർക്കോട്ടിക്ക് ജിഹാദിനെതിരെ കേരളം ഇനിയും ഉണർന്നിട്ടില്ല എന്നതും യാഥാർത്ഥ്യമാണ്. മത്സ്യത്തൊഴിലാളികൾക്ക് അടക്കം ശക്തമായ ബോധവത്ക്കരണവും ഈ വിഷയത്തിൽ നടത്തേണ്ടതുണ്ട്.

വാൽക്കഷ്ണം: ഇസ്ലാം കർശനമായി വിലക്കിയ കാര്യമാണ് മദ്യവും മയക്കുമരുന്നുമന്നാണ് കേരളത്തിൽ അടക്കമുള്ള ഇസ്ലാമിസ്റ്റുകൾ പറയുക. പക്ഷേ ഇസ്ലാമിനെ അണുവിട തെറ്റാതെ പിന്തുടരുന്നുവെന്ന് അവകാശപ്പെടുന്ന ഇറാനോ, താലിബാനോ ഒന്നും ഡ്രഗ് മണിയോട് യാതൊരു എതിർപ്പുമില്ല. 'ബുഷിനോടെ ഞങ്ങൾക്ക് എതിർപ്പുള്ളൂ, ഡോളറിനോട് ഇല്ല' എന്ന് പണ്ട് ഒരു ലീഗ് നേതാവ് പറഞ്ഞതാണ് ഓർമ്മവരിക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP