Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

15,000 കോടി രൂപ വില വരുന്ന ലഹരിമരുന്നുമായി പാക് ബോട്ട് പുറപ്പെട്ടത് ഇറാനിലെ മക്രാൻ തുറമുഖത്തു നിന്നും; ഇന്ത്യൻ സമുദ്രമേഖലയിൽ പ്രവേശിച്ചതോടെ സ്‌കെച്ചിട്ടു നാവികസേന; അരിച്ചാക്കുകളിൽ പാക്കിസ്ഥാൻ മുദ്രകൾ; ഒരു ചാക്കിൽ രേഖപ്പെടുത്തിയത് 'ഹാജി ദാവൂദ് ആൻഡ് സൺസ്' എന്ന്; ഓപ്പറേഷൻ സമുദ്രഗുപ്ത അന്താരാഷ്ട്ര ഡ്രഗ് കാർട്ടലുകളുടെ നട്ടെല്ലൊടിച്ചപ്പോൾ

15,000 കോടി രൂപ വില വരുന്ന ലഹരിമരുന്നുമായി പാക് ബോട്ട് പുറപ്പെട്ടത് ഇറാനിലെ മക്രാൻ തുറമുഖത്തു നിന്നും; ഇന്ത്യൻ സമുദ്രമേഖലയിൽ പ്രവേശിച്ചതോടെ സ്‌കെച്ചിട്ടു നാവികസേന; അരിച്ചാക്കുകളിൽ പാക്കിസ്ഥാൻ മുദ്രകൾ; ഒരു ചാക്കിൽ രേഖപ്പെടുത്തിയത് 'ഹാജി ദാവൂദ് ആൻഡ് സൺസ്' എന്ന്; ഓപ്പറേഷൻ സമുദ്രഗുപ്ത അന്താരാഷ്ട്ര ഡ്രഗ് കാർട്ടലുകളുടെ നട്ടെല്ലൊടിച്ചപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇന്ത്യൻ മഹാസമുദ്രം വഴി നടക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്നു മാഫിയയുടെ നട്ടെല്ലൊടിക്കുന്ന വിധത്തിലുള്ള ഓപ്പറേഷനായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യൻ നാവിക സേനയും എൻസിബിയും ചേർന്ന് നടത്തിയത്. ഇറാനിൽ നിന്നും പാക് ബോട്ടിൽ കടത്തി 15,000 കോടിയുടെ രാസലഹരിയാണ് ഓപ്പറേഷൻ സമുദ്രഗുപ്തയിലൂടെ പിടികൂടിയത്. ഈ മയക്കുമരുന്ന് വേട്ടയ്ക്ക് പിന്നിൽ കൃത്യമായ ആസൂത്രണവും ഏകോപനവും ഉണ്ടായിരുന്നു.

ഇറാനിലെ മക്രാൻ തുറമുഖത്തു നിന്ന്, 15,000 കോടി രൂപ വിലവരുന്ന 2500 കിലോഗ്രാം രാസലഹരി മരുന്നുമായി പുറപ്പെട്ട പാക്ക്‌ബോട്ട് ഇന്ത്യൻ സമുദ്രമേഖലയിൽ പ്രവേശിച്ചതോടെ നാവിക സേനയുടെ നിരീക്ഷണത്തിലായിരുന്നു. ഓപ്പറേഷൻ സമുദ്രഗുപ്തയുടെ ഭാഗമായി ഇതുവരെ പിടികൂടിയ ലഹരിമരുന്ന് പാക്കിസ്ഥാൻ ലഹരി സംഘമായ 'ഹാജി സലിം നെറ്റ്‌വർക്കിന്റേ'തായിരുന്നു. എന്നാൽ മറ്റു കാർട്ടലുകളുടെ മുദ്രകളും ഇത്തവണ പിടികൂടിയ ചാക്കുകളിൽ ആലേഖനം ചെയ്തിട്ടുണ്ട്.

ലഹരിയുടെ ഉറവിടം, ഉടമസ്ഥത എന്നിവ സംബന്ധിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. തേൾ, ബിറ്റ് കോയിൻ തുടങ്ങിയ മുദ്രകളാണ് ഇത്തവണ പിടികൂടിയ പാഴ്‌സലുകളിൽ ഉള്ളത്. ഇതിൽ തേൾ ഹാജി സലിം നെറ്റ്‌വർക്കിന്റെ വ്യാപാര മുദ്രയാണ്. പാക്കിസ്ഥാനിൽ ഉൽപാദിപ്പിക്കുന്ന 'അൽ ഹുസൈൻ' ബസുമതി അരി ബ്രാൻഡ് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ചാക്കുകൾ തുന്നിക്കൂട്ടിയാണു ലഹരിമരുന്നു പാഴ്‌സലുകൾ പൊതിഞ്ഞിട്ടുള്ളത്. കടലിൽ നിന്നു പിടികൂടിയ ലഹരിമരുന്ന് ഇന്നലെയാണു കൊച്ചി തുറമുഖത്ത് എത്തിച്ചത്.

അതേസമയം ഇന്ത്യൻ നാവികസേനയുടെ കപ്പലും ഹെലികോപ്റ്ററും പിന്തുടരുന്ന കാര്യം മനസ്സിലാക്കിയ ലഹരി കടത്തു സംഘം ലഹരിമരുന്നു കടത്തിക്കൊണ്ടുവന്ന മദർ ഷിപ്പ് മുക്കിയ ശേഷമാണു കടന്നുകളഞ്ഞതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. അല്ലാത്ത പക്ഷം ലഹരിവേട്ട ഇതിലും വലിയത് ആകുമായിരുന്നു. പിടിച്ചതിനെക്കാൾ കൂടുതൽ അളവ് കടലിൽ മുക്കിയതായാണ് സംശയം. ഇറാനിലെ ചാബഹാർ തുറമുഖത്തു നിന്നാണു മദർഷിപ്പ് പുറപ്പെട്ടത്. കടലിൽ മുങ്ങിയാലും വെള്ളം കയറാത്ത കണ്ടെയ്‌നറുകളിലാണ് രാസലഹരി അടക്കം ചെയ്തിട്ടുള്ളത്. മുക്കിയ ലഹരിമരുന്നു കണ്ടെത്താൻ നാവിക സേന ശ്രമിക്കുന്നുണ്ട്.

ലഹരിമരുന്നു പിടിച്ചതിനെ തുടർന്നുള്ള അന്വേഷണം ഏകോപിപ്പിക്കാൻ എൻസിബി ഡപ്യൂട്ടി ഡയറക്ടർ സഞ്ജയ് കുമാർ സിങ് കൊച്ചിയിൽ തങ്ങുന്നുണ്ട്. കപ്പലിൽ ഉണ്ടായിരുന്ന മറ്റു കടത്തുകാർ ചെറുബോട്ടുകളിൽ ലക്ഷദ്വീപിലെ ആളൊഴിഞ്ഞ തുരുത്തുകളിലേക്കു കടന്നുകളഞ്ഞതായുള്ള സംശയത്തെ തുടർന്നു കടലിലും കരയിലും തിരച്ചിൽ ശക്തമാക്കി. പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാൻ ഇറാൻ കേന്ദ്രീകരിച്ചും മ്യാന്മർ തായ്ലൻഡ് ലാവോസ് കേന്ദ്രീകരിച്ചും ലഹരി കാർട്ടലുകളുടെ 'മരണ ത്രികോണങ്ങൾ' കടത്തുന്ന ലഹരിമരുന്നാണു അറബിക്കടലിൽ നിന്നും ബംഗാൾ ഉൾക്കടലിൽ നിന്നു നാവികസേന മുൻപ് പിടികൂടിയിട്ടുള്ളത്.

ഈ കാർട്ടലുകളുടെ കണ്ണിൽ കരടാകുന്ന ഓപ്പറേഷനാണ് നടന്നിരിക്കുന്നത്. മെത്താംഫെറ്റമിൻ എന്ന രാസലഹരി കണ്ടെത്തിയത്. പേരില്ലാത്ത ബോട്ടിൽ നിന്നു പാക്കിസ്ഥാൻ സ്വദേശിയെന്നു സംശയിക്കുന്ന ആളെയും പിടികൂടി. പേരും മറ്റുവിവരങ്ങളും വെളിപ്പെടുത്തിയിട്ടില്ലാത്ത വിദേശിയായ പ്രതിയെ കൊച്ചി മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കിയ ശേഷം എൻസിബി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. പിടിച്ചെടുത്ത ലഹരിമരുന്നിനു രാജ്യാന്തര വിപണിയിലുള്ള വില കണക്കാക്കിയാണു 15,000 കോടി രൂപയെന്ന് മൂല്യം കണക്കാക്കുന്നത്.

സാംപിളിന്റെ രാസപരിശോധന പൂർത്തിയായാൽ മാത്രമേ യഥാർഥ വില വ്യക്തമാവൂ. അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ഇറാൻ എന്നീ രാജ്യങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വൻകിട റാക്കറ്റ് ഇന്ത്യൻ മഹാസമുദ്രം വഴി നടത്തുന്ന ലഹരി കടത്തു വർധിച്ചതോടെ 'ഓപ്പറേഷൻ സമുദ്രഗുപ്ത'യെന്ന പേരിൽ എൻസിബിയും നേവിയും കോസ്റ്റ് ഗാർഡും തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

ലഹരിമരുന്ന് കടത്താനുപയോഗിച്ച ചാക്കുകളിൽ നിറയെ പാക്കിസ്ഥാൻ മുദ്രകൾ കണ്ടെത്തിയിട്ടുണ്ട്. 'മെയ്ഡ് ഇൻ പാക്കിസ്ഥാൻ' എന്നെഴുതിയിട്ടുള്ള ബസ്മതി അരിച്ചാക്കുകളിലാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. 'ഖുശ്‌ബു ബസ്മതി റൈസ്' എന്ന് ഇംഗ്ലീഷിലെഴുതിയ ഒരു ചാക്കിൽ 'ഹാജി ദാവൂദ് ആൻഡ് സൺസ്' എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിലെ ക്യു.ആർ.കോഡ് സ്‌കാൻ ചെയ്താൽ കിട്ടുന്നത് 'അൽ ഹുസൈൻ ട്രേഡിങ് ഖുശ്‌ബു ബസ്മതി റൈസ് 25 കി.ഗ്രാം' എന്ന ഉറുദുവാചകമാണ്.

555 സ്പെഷ്യൽ ക്വാളിറ്റി എന്നെഴുതിയ മറ്റൊരു ചാക്കിൽ ഉണ്ടാക്കിയ വർഷവും കാലാവധി കഴിയുന്നതായി 03/2019 എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ചിലതിൽ ബിറ്റ്കോയിന്റെയും തേളിന്റെയും അടയാളങ്ങൾക്കൊപ്പം ഇംഗ്ലീഷ് വാചകങ്ങളെഴുതിയ സീലുമുണ്ടായിരുന്നു. 'വിജയിക്കുന്ന മനുഷ്യർ രണ്ട് കാര്യങ്ങൾ ചെയ്യുന്നു. ഒന്ന് നിശബ്ദരായിരിക്കുക, അല്ലെങ്കിൽ ചിരിക്കുക' എന്നായിരുന്നു ഒരു വാചകം. തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണ് ഇങ്ങനെയുള്ളവ രേഖപ്പെടുത്തിയിരുന്നതെന്ന് എൻ.സി.ബി. ഉദ്യോഗസ്ഥർ പറഞ്ഞു.

പാക്കിസ്ഥാനിൽ നിന്നുള്ള കപ്പലിൽനിന്ന് പിടിച്ചെടുത്ത മയക്കുമരുന്ന് വലിയ വാഹനത്തിലാണ് കൊച്ചി പോർട്ട് ട്രസ്റ്റ് ആസ്ഥാനത്തുകൊണ്ടുവന്നത്. സാമുദ്രിക ഹാളിൽ ഇത് മാധ്യമങ്ങൾക്കു മുന്നിൽ പ്രദർശിപ്പിച്ചു. 134 ചാക്കുകളിലായാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. തൊഴിലാളികൾ ഇവ വാഹനത്തിൽനിന്ന് തലച്ചുമടായി ഹാളിലേക്ക് മാറ്റുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP