Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗ്ലോബൽ നഴ്സിങ് പുരസ്‌കാരം ഇക്കുറി ഡബ്ലിനിലെ മലയാളി നഴ്സിനോ? ജിൻസി ജെറി ഇന്ന് ലണ്ടനിലെ മത്സരവേദിയിൽ നിൽക്കുമ്പോൾ ചങ്കിടിപ്പോടെ മലയാളികളും; പ്രിയ കൂട്ടുകാരിയുടെ മരണം ഈ തൊടുപുഴക്കാരിയെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ച കഥ

ഗ്ലോബൽ നഴ്സിങ് പുരസ്‌കാരം ഇക്കുറി ഡബ്ലിനിലെ മലയാളി നഴ്സിനോ? ജിൻസി ജെറി ഇന്ന് ലണ്ടനിലെ മത്സരവേദിയിൽ നിൽക്കുമ്പോൾ ചങ്കിടിപ്പോടെ മലയാളികളും; പ്രിയ കൂട്ടുകാരിയുടെ മരണം ഈ തൊടുപുഴക്കാരിയെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ച കഥ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ലണ്ടനിൽ ഗ്ലോബൽ നഴ്സിങ് പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കുമ്പോൾ ചങ്കിടിപ്പോടെ മലയാളികളും കാത്തിരിക്കുകയാണ്. കാരണം, ഈ വർഷത്തെ ആസ്റ്റർ ഗാർഡിയൻസ് ഗ്ളോബൽ നഴ്സിങ് പുരസ്‌കാരജേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള പത്തംഗ ചുരുക്കപ്പട്ടികയിൽ ഇടം നേടിയ രണ്ട് ഇന്ത്യാക്കാരിൽ ഒരാൾ ഡബ്ലിനിലെ മലയാളി നഴ്സായ ജിൻസി ജെറിയാണ്. ഇടുക്കി തൊടുപുഴ സ്വദേശിയും ഡബ്ലിൻ മെറ്റർ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ അസിസ്റ്റന്റ് ഡയറക്ടർ ഓഫ് നഴ്സിങ് ആൻഡ് ഇൻഫെക്ഷൻ കൺട്രോളറുമാണ് ജിൻസി ജെറി. ലണ്ടനിലെ ക്വീൻ എലിസബത്ത് സെന്ററിൽ ഇന്നു നടക്കുന്ന ചടങ്ങിലാണ് വിജയിയെ പ്രഖ്യാപിക്കുന്നത്.

202ലേറെ രാജ്യങ്ങളിൽ നിന്നായി രജിസ്റ്റർ ചെയ്ത 52,000 നഴ്സുമാരിൽ നിന്ന് അവസാന 10 പേരിലാണ് ജിൻസി എത്തപ്പെട്ടിരിക്കുന്നത്. ലോകമെമ്പാടുമുള്ള നഴ്സുമാരുടെ പ്രവർത്തനങ്ങൾ അംഗീകരിക്കുന്നതിനായി ആസ്റ്റർ ഏർപ്പെടുത്തിയതാണ് ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ്ങ് പുരസ്‌കാരം. വിജയിക്ക് 250,000 പൗണ്ട് അതായത് രണ്ടു കോടി രൂപയാണ് സമ്മാനമായി ലഭിക്കുക.

അമ്മ നൽകിയ പ്രചോദനത്തിലൂടെയാണ് നഴ്സിങ് മേഖലയിലേക്ക് ജിൻസി എത്തിയത്. അദ്ധ്യാപികയായിരുന്നു അമ്മ. അതുകൊണ്ടു തന്നെ ചെറുപ്പം മുതൽക്കെ പൊതുജനങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും അമ്മ മകളെയും പങ്കാളിയാക്കിയിരുന്നു. സ്‌കൂളിൽ ആരെങ്കിലും ഓടിക്കളിച്ച് വീഴുമ്പോഴൊക്കെ പ്രാഥമിക ശുശ്രൂഷ നൽകുന്ന ജിൻസിയെ കണ്ട് നിന്നെ ഞാനൊരു നഴ്സാക്കുമെന്നായിരുന്നു അമ്മ പറഞ്ഞിരുന്നത്. പക്ഷെ അപ്പോഴൊന്നും ജിൻസി അതിനു വില കൽപ്പിച്ചിരുന്നില്ല. എന്നാൽ അപസ്മാര ബാധിതയായിരുന്ന അടുത്ത കൂട്ടുകാരി തന്റെ കൈകളിൽ കിടന്ന് മരിച്ചത് ജിൻസിക്ക് താങ്ങാൻ കഴിഞ്ഞിരുന്നില്ല.

അന്നു മുതലാണ് ചികിത്സ നൽകുന്നതിനോട് ജിൻസിക്ക് ഇഷ്ടം തോന്നിത്തുടങ്ങിയത്. പ്രീഡിഗ്രി പഠനം കഴിഞ്ഞ് ഡൽഹി ഹംദാദ് യൂണിവേഴ്സിറ്റി ജാമിയ ഹംദാദിൽ നിന്ന് ബിഎസ്സി നഴ്സിങ് നേടി. ശേഷം നാലുവർഷം നഴ്സിങ് ട്യൂട്ടറായി ഡൽഹിയിലും പഞ്ചാബിലും ജോലി ചെയ്തു. 2004ൽ ഡൽഹിയിൽ ജോലി ചെയ്യുന്ന സമയത്ത് അയർലൻഡിൽ നിന്നുള്ള ഒരുകൂട്ടം ഡയറക്ടേഴ്സ് ഓഫ് നഴ്സിങ് ഡൽഹിയിലെത്തുകയും അവർ ജിൻസി ജോലി ചെയ്യുന്ന ആശുപത്രി സന്ദർശിക്കുകയും ചെയ്തു. അന്ന് ഇവരുടെ ഓറിയന്റേഷൻ ഇൻചാർജ് ജിൻസിക്കായിരുന്നു.

ഓറിയന്റേഷൻ കഴിഞ്ഞപ്പോൾ അയർലൻഡിലേക്ക് വരുന്നുണ്ടോ എന്നു ചോദിക്കുകയും ജോലിയും ഉപരി പഠനവും അവർ വാഗ്ദാനം നൽകുകയും ചെയ്തു. അങ്ങനെ 2005ൽ ഡബ്ലിൻ നാഷനൽ മെറ്റേണിറ്റി ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സായി ജോലിയിൽ പ്രവേശിച്ചു. ഇതിനിടെ യൂണിവേഴ്സിറ്റി ഓഫ് മദ്രാസിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി. ബാക്കി പഠനമൊക്കെ ഡബ്ലിനിൽ എത്തിയശേഷമായിരുന്നു. കാൻസർ നഴ്സിങ്ങിൽ പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമയും നഴ്സിങ് ഇൻ ക്ലിനിക്കൽ പ്രാക്ടീസിൽ എംഎസ്സി ബിരുദവും നേടി. കൂടാതെ ഹെൽത്ത് കെയർ എജ്യുക്കേഷനിൽ ഗ്രാജുവേറ്റ് ഡിപ്ലോമയും ഇൻഫെക്ഷൻ പ്രിവൻഷൻ ആൻഡ് കൺട്രോൾ നഴ്സിങ്ങിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും കരസ്ഥമാക്കി.

നഴ്സിങ്ങിൽ പിഎച്ച്ഡിക്കു വേണ്ടി അയർലൻഡ് റോയൽ കോളജ് ഓഫ് സർജൻസിൽ പ്രപ്പോസൽ സമർപ്പിച്ചിരിക്കുകയാണ് ഇപ്പോൾ. ജോലിയും പഠനവും കൂടാതെ, റോയൽ കോളജ് ഓഫ് സർജൻസിലും ട്രിനിറ്റി കോളജ് ഓഫ് നഴ്സിങ്ങിലും പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാർത്ഥികൾക്ക് ക്ലാസും എടുക്കുന്നുണ്ട്. രാജ്യാന്തര സമ്മേളനങ്ങളിൽ പ്രസന്റേഷൻ സ്പീക്കറായും ദേശീയ അന്തർദേശീയ കോൺഫറൻസുകളുടെ ഓർഗനൈസിങ് കമ്മിറ്റി മെമ്പറായും പ്രവൃത്തിക്കുന്നുണ്ട്. ഏകദേശം എട്ടോളം ഇന്നവേറ്റീവ് പ്രോജക്ടിന്റെ ഭാഗവുമാണ്.

ഇതിനിടയിലാണ് കോവിഡിന്റെ സമയത്ത് ഇൻഫെക്ഷൻ കൺട്രോൾ ഡിപ്പാർട്ട്മെന്റിൽ റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ എന്നൊരു സംവിധാനം തുടങ്ങിയത്. അതു വളരെയധികം ശ്രദ്ധ നേടി. ഈ സംവിധാനത്തിലൂടെ ഇൻഫെക്ഷൻ കൺട്രോൾ നഴ്സുമാരുടെ തൊഴിൽ ക്ഷമത വർധിപ്പിക്കാനും ചികിത്സാപിഴവുകൾ കുറയ്ക്കാനും രോഗികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനും സാധിച്ചു. ആ നേട്ടങ്ങൾ കൂടിയാണ് ലണ്ടനിൽ ഗ്ലോബൽ നഴ്സിങ് പുരസ്‌കാര വേദിയിലേക്ക് ജിൻസിയെ എത്തിച്ചത്.

പരേതനായ എ.ടി.ജേക്കബിന്റെയും ചിന്നമ്മ ജേക്കബിന്റെയും മകളാണ്. ഐടി എഞ്ചിനീയറായ ജെറി സെബാസ്റ്റ്യൻ ആണ് ജിൻസിയുടെ ഭർത്താവ്. ക്രിസ്, ഡാരൻ, ഡാനിയേൽ എന്നിവർ മക്കളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP