Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അയർലണ്ട് സീറോ മലബാർ സഭയുടെ നോക്ക് തീർത്ഥാടനം : ഒരുക്കങ്ങൾ പൂർത്തിയായി, ആയിരങ്ങൾ ശനിയാഴ്ച മാതൃസന്നിധിയിൽ ഒത്തുചേരും

അയർലണ്ട് സീറോ മലബാർ സഭയുടെ നോക്ക് തീർത്ഥാടനം : ഒരുക്കങ്ങൾ പൂർത്തിയായി, ആയിരങ്ങൾ ശനിയാഴ്ച മാതൃസന്നിധിയിൽ ഒത്തുചേരും

സ്വന്തം ലേഖകൻ

രിശുദ്ധ അമ്മയുടെ സാന്നിധ്യം നിറഞ്ഞുനിൽകുന്ന നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർത്ഥാടന കേന്ദ്രത്തിലേയ്ക്കുള്ള അയർലണ്ടിലെ സീറോ മലബാർ സഭയുടെ മരിയൻ തീർത്ഥാടനം മെയ് 13 ശനിയാഴ്‌ച്ച നടക്കും. ശനിയാഴ്ച രാവിലെ 10 മണിക്ക് നോക്ക് ബസലിക്കയിൽ ആരാധനയും ജപമാലയും. തുടർന്ന് ആഘോഷമായ സീറോ മലബാർ വിശുദ്ധ കുർബാനയും ഭക്തിനിർഭരമായ പ്രദക്ഷിണവും നടക്കും.

സീറോ മലബാർ സഭയുടെ യൂറോപ്പ്യൻ അപ്പസ്‌തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് മുഖ്യകാർമ്മികനായിരിക്കും. സീറോ മലബാർ സഭയുടെ അയർലണ്ട് നാഷണൽ കോർഡിനേറ്റർ ഫാ. ജോസഫ് ഓലിയക്കാട്ടും അയർലണ്ടിലെ മുഴുവൻ സീറോ മലബാർ വൈദീകരും തീർത്ഥാടനത്തിൽ പങ്കെടുക്കും.

1879 ഓഗസ്റ്റ് 21 നു വൈകുന്നേരം കൗണ്ടി മയോയിലെ നോക്ക് ഗ്രാമത്തിലെ സ്‌നാപക യോഹന്നാന്റെ പേരിലുള്ള ദേവാലയത്തിന്റെ പുറകിൽ നടന്ന മരിയൻ പ്രത്യക്ഷീകരണത്തിന് പതിനഞ്ചിലേറെ ആളുകൾ സാക്ഷികളായിരുന്നു.. പരിശുദ്ധ കന്യകാ മാതാവിനൊപ്പം സെന്റ് ജോസഫും, യോഹന്നാൻ ശ്ലീഹായും പ്രത്യക്ഷപ്പെട്ടതായി ദൃക്‌സാക്ഷ്യകൾ സാക്ഷ്യപ്പെടുത്തുന്നു. ഇവരോടോപ്പം ഒരു ബലിപീഠവും ഒരു കുരിശും ആട്ടിൻകുട്ടിയും ദൂതന്മാരും ഉണ്ടായിരുന്നു. ഏകദേശം രണ്ട് മണിക്കൂറോളം ഈ ദർശനം നീണ്ടുനിന്നു. സഭ നിയോഗിച്ച രണ്ട് കമ്മീഷനുകളും ഈ ഗ്രാമത്തിൽ നടന്ന സംഭവങ്ങൾ വിശ്വാസയോഗ്യമാണെന്ന് കണ്ടെത്തി. വി. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയും, ഫ്രാൻസീസ് മാർപാപ്പായും നോക്ക് ദേവാലയം സന്ദർശിച്ചിട്ടുണ്ട്. വി. മദർ തെരേസായും നോക്ക് സന്ദർശിച്ച് പ്രാർത്ഥിച്ചിരുന്നു. ഈ വർഷം അയർലണ്ട് സന്ദർശിച്ച അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഈ പുണ്യസ്ഥലത്ത് ഏതാനും മണിക്കൂറുകൾ ചെലവഴിച്ചു. വർഷംതോറും ആയിരക്കണക്കിന് അന്താരാഷ്ട്ര തീർത്ഥാടകർ നോക്ക് സന്ദർശിക്കാറുണ്ട്.

റിപ്പബ്ലിക്ക് ഓഫ് അയർലണ്ടിലേയും നോർത്തേൺ അയർലണ്ടിലേയും സീറോ മലബാർ വിശ്വാസികൾ ഒത്തുചേരുന്ന അയർലണ്ടിലെതന്നെ ഏറ്റവും വലിയ തീർത്ഥാടനങ്ങളിൽ ഒന്നാണ് മെയ്മാസം നടത്തപ്പെടുന്ന സീറോ മലബാർ സഭയുടെ ദേശീയ നോക്ക് തീർത്ഥാടനം. അയർലണ്ടിലെ ത്തുന്ന മലയാളികുടുംബങ്ങൾ പതിവായി നോക്ക് സന്ദർശിച്ചു പ്രാർത്ഥിച്ച് അനുഗ്രഹം പ്രാപിക്കാറുണ്ട്. എല്ലാ രണ്ടാം ശനിയാഴ്ചയും ഉച്ചയ്ക്ക് 12 മണിമുതൽ മലയാളത്തിൽ കുമ്പസാരവും ആരാധനയും സീറോ മലബാർ വിശുദ്ധ കുർബാനയും നടന്നുവരുന്നു. സീറോ മലബാർ സഭയുടെ വൈദീകൻ ഈ തീർത്ഥാടനകേന്ദ്രത്തിൽ സേവനം ചെയ്യുന്നുണ്ട്.

 

കൊടികളും മുത്തുക്കുടകളും സ്വർണ, വെള്ളി കുരിശുകളും മാതാവിന്റേയും വിശുദ്ധരുടേയും തിരുസ്വരൂപങ്ങളും വഹിച്ചു കൊണ്ട് പ്രാർത്ഥനഗാനങ്ങൾ ആലപിച്ച് വിശ്വാസികൾ അണിചേരുന്ന പ്രദക്ഷിണം അയർലണ്ടിലെ സീറോ മലബാർ പ്രവാസി സമൂഹത്തിന്റെ വിശ്വാസ പ്രഘോഷണമായിരിക്കും. അയർലണ്ട് സീറോ മലബാർ സഭയുടെ ഭക്തസംഘടനകളായ മാതൃവേദി, പിതൃവേദി, അൾത്താര ബാലസഖ്യം, സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് എന്നിവർ പ്രദക്ഷിണത്തിൽ അണിചേരും. അയർലണ്ടിലെ വിവിധ കുർബാന സെന്ററുകളിൽനിന്ന് ഈ വർഷം ആദ്യ കുർബാന സ്വീകരിച്ച കുട്ടികൾ നോക്ക് തീർത്ഥാടനത്തിൽ ഒരുമിച്ചുകൂടും.

കാറ്റിക്കിസം സ്‌കോളർഷിപ്പ് പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികളേയും, അയർലണ്ടിലെ ലിവിങ് സെർട്ട് പരീക്ഷയിലും ജൂനിയർ സെർട്ട് (GCSE -Northen Ireland) പരീക്ഷയിലും ഉന്നതവിജയം നേടിയ കുട്ടികളേയും അഞ്ചോ അതിലധികമോ മക്കളുള്ള അയർലണ്ടിലെ വലിയ കുടുംബങ്ങളേയും ആദരിക്കും.

സീറോ മലബാർ സഭ നാഷണൽ പാസ്റ്ററൽ കൗൺസിലിന്റെ നേതൃത്വത്തിൽ നോക്ക് മരിയൻ തീർത്ഥാടനത്തിന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

നോക്ക് മരിയൻ തീർത്ഥാടനത്തിൽ പങ്കെടുക്കുവാൻ അയർലണ്ടിലെ മുഴുവൻ വിശ്വാസികളേയും പ്രാർത്ഥനാപൂർവ്വം സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP