Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പഴമ്പിള്ളിച്ചാലിലും കാഞ്ഞിരവേലയിലും മരങ്ങൾ മുറിച്ചുകടത്തിയ സംഭവത്തിൽ പിടിപാടുള്ളവരെ രക്ഷിക്കാൻ ഗൂഡനീക്കം; തടി കടത്തൽ ആരംഭിച്ചത് മൂന്നുമാസം മുമ്പ്; 25 ലോഡ് കടത്തിയെന്ന് സൂചന; നേരമംഗലത്തെ കടത്തുകാർ രക്ഷപ്പെട്ടേക്കും

പഴമ്പിള്ളിച്ചാലിലും കാഞ്ഞിരവേലയിലും മരങ്ങൾ മുറിച്ചുകടത്തിയ സംഭവത്തിൽ പിടിപാടുള്ളവരെ രക്ഷിക്കാൻ ഗൂഡനീക്കം; തടി കടത്തൽ ആരംഭിച്ചത് മൂന്നുമാസം മുമ്പ്; 25 ലോഡ് കടത്തിയെന്ന് സൂചന; നേരമംഗലത്തെ കടത്തുകാർ രക്ഷപ്പെട്ടേക്കും

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ചിൽ പഴമ്പിള്ളിച്ചാലിലും കാഞ്ഞിരവേലയിലും മരങ്ങൾ മുറിച്ചുകടത്തിയ സംഭവത്തിൽ പിടിപാടുള്ളവരെ രക്ഷിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ കേസ് അട്ടിമറിച്ചതായി ആരോപണം. മേഖലയിലെ കൈവശ ഭൂമിയിൽ നിന്നും അനധികൃതമായി മരങ്ങൾ മുറിച്ചുകടത്തിയതിന് വാളറ ഫോറസ്റ്റ് സ്റ്റേഷനിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.നിലവിൽ കേസിൽ 6 പേരെ പ്രതി ചേർത്തിട്ടുണ്ടെന്നും അന്വേഷിച്ചുവരികയാണെന്നും നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ചോഫീസർ അറയിച്ചു.

എത്രമരങ്ങൾ മുറിച്ചുമാറ്റി എന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല.ഇക്കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകായാണെന്ന് മാത്രമാണ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം.മുട്ടിൽ മരം മുറിക്ക് സമാനമായതും മാസങ്ങൾക്ക് മുമ്പ് ആരംഭിച്ചതുമായ വനം കൊള്ള മറുനാടനാണ് പുറത്തുകൊണ്ടുവന്നത്.ഇതിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. കേസിൽ രാഷ്ട്രീയ-സാമ്പത്തീക സമ്മർദ്ദങ്ങളെ തുടർന്ന് വൻതോതിൽ മരങ്ങൾ മുറിച്ചുകടത്തിയവരെ ഒഴിവാക്കി,സാധാരണക്കാരിൽ ചിലരെ തിരഞ്ഞുപിടിച്ച് ഉദ്യോഗസ്ഥർ പ്രതിചേർത്തെന്നാണ് പരക്കെ ഉയരുന്ന ആരോപണം.

ദുർഘടമായ സ്ഥലങ്ങളിൽ വെട്ടിയിട്ട തടി മാത്രമാണ് ഇനി ഇവിടെ നിന്നും മാറ്റാനുള്ളതെന്നും ഇത്തരത്തിൽ കിടക്കുന്ന തടികളിൽ മാത്രം കേസെടുത്ത് നടപടികൾ അവസാനിപ്പിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ നീക്കം ആരംഭിച്ചതായും ആക്ഷേപം ഉയർന്നിട്ടുണ്ട്. ഇനി ഇത് സംബന്ധിച്ച് മറുനാടനിൽ വാർത്ത വന്നില്ലങ്കിൽ സഹായിക്കാമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥൻ ഉറപ്പുനൽകയിയതായി ഇത്തരത്തിൽ കേസിൽ അകപ്പെട്ടവരുടെ പ്രതിനിധിയാണെന്നും പറഞ്ഞ് മറുനാടനുമായി മൊബൈലിൽ ബന്ധപ്പെട്ട ഇരുമ്പുപാലം സ്വദേശി വെളിപ്പെടുത്തി.

തടി കടത്തൽ ആരംഭിച്ചത് മൂന്നുമാസം മുമ്പ്,25 ലോഡ് കടത്തിയെന്ന് സൂചന

ഏകദേശം 3 മാസം മുമ്പ് മേഖലയിൽ മരം മുറിക്കൽ ആരംഭിച്ചിരുന്നെന്നാണ് അന്വേഷണത്തിൽ ലഭിച്ചിട്ടുള്ള വിവരം.പ്ലാവ് ,ആഞ്ഞിലി , മാവ് തുടങ്ങിയ മരങ്ങളാണ് മുറിച്ചുമാറ്റിയതെന്നാണ് ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർ നൽകുന്ന വിവരം.25 ലോഡിലേറെ തടി ഇവിടെ നിന്നും കടത്തിയതായിട്ടാണ് സൂചന.

വനംവകുപ്പ് അധികൃതരുടെ മൗനസമ്മതത്തോടെയാണ് തടി ലോഡുകൾ കാടുകടത്തിയതെന്നാണ് മേഖലയിൽ മറുനാടൻ നടത്തിയ അന്വേഷണത്തിൽ നിന്നും ലഭിക്കുന്ന വിവരം. വാളറ ഫോറസ്റ്റ് സ്റ്റേഷന്റെയും നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ചോഫീസിന്റെയും മുന്നിലൂടെ കടന്നുപോകുന്ന കൊച്ചി- ധനുഷ്‌കോടി പാതയിലൂടെ,തലക്കോട് ഫോറസ്റ്റ് ചെക്കിങ് സ്റ്റേഷനും പിന്നിട്ടാണ് ലോഡുകൾ പെരുമ്പാവൂരിലെ തടി മാർക്കറ്റിൽ എത്തിച്ചിരുന്നത്. രേഖകൾ പ്രകാരം റിസർവ്വ് വനഭൂമിയായി നിലനിൽക്കുന്ന ഏക്കറുകണക്കിന് പ്രദേശത്ത് നിന്നിരുന്ന വിലപിടിപ്പുള്ള മരങ്ങൾ വ്യാപകമായി മുറിച്ചുമാറ്റിയിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം.

നിയമപ്രശ്നങ്ങൾ നേരിടേണ്ടിവരില്ലന്നുള്ള ആശ്വാസത്തിലാണ് കൈവശക്കാരിൽ ഒട്ടുമിക്കവരും മരങ്ങൾ മുറിച്ചുമാറ്റാൻ തീരുമാനിച്ചതെന്നാണ് സൂചന.ഉദ്യോഗസ്ഥരുടെ കാര്യം തങ്ങൾ നോക്കിക്കോളാം എന്ന് ഉറപ്പുനൽകി ഇടനിലക്കാർ സമീപിച്ചതും ഇവിടുത്തെ മരംമുറിക്കലിന് പ്രചോദമായെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.മരം വെട്ടി വീഴ്‌ത്തുന്നതിന് മുമ്പെ ഇടനിലക്കാർ എത്തി മരംവാങ്ങിയവരിൽ നിന്നും നിശ്ചിത തുക കൈപ്പറ്റിയിരുന്നതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്.

അപേക്ഷ നൽകി,പിന്നാലെ വെട്ടിവെളിപ്പിക്കലും

കൈവശ ഭൂമിയിലെ മരം മുറിക്കലിന്റെ മറവിൽ ജണ്ടയ്ക്കുള്ളിൽ നിന്നും വന്മരങ്ങൾ മുറിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ആന ശല്യം വ്യാപകമാണെന്നും അതിനാൽ വീടിന് ചുറ്റുമുള്ള മരങ്ങൾ മുറിച്ചുനീക്കാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് വനഭൂമി കൈവശത്തിലുള്ളവർ അപേക്ഷയുമായി എത്തിയിരുന്നെന്നും എന്നാൽ മരങ്ങൾ മുറിച്ചുമാറ്റാൻ രേഖമൂലം അനുമതി നൽകിയിട്ടില്ലന്നുമാണ് ഇപ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നൽകുന്ന വിവരം.

മരം മുറിക്ക് പിന്നിൽ ആസുത്രിത നീക്കം നടന്നെന്നും ഇതുമൂലമാണ് ഇക്കാര്യത്തിൽ വനംവകുപ്പ് ജീവനക്കാർ ശ്രദ്ധിക്കാതിരുന്നതെന്നും മറ്റുമുള്ള ആരോപണവും ശക്തമായിട്ടുണ്ട്.മേഖലയിൽ ആന ശല്യം നേരിടുന്ന പശ്ചാത്തലത്തിൽ വീടിന് സമീപത്തെ മരങ്ങൾ കൈവശക്കാർ സ്വന്തം നിലയിൽ മുറിച്ചുനീക്കിയിരുന്നു. പരാതികൾ ഇല്ലങ്കിൽ ഇത്തരം സംഭവങ്ങളിൽ വനംവകുപ്പ് കേസെടുക്കാറില്ല.ഈ സാഹചര്യം മുതലെടുത്താണ് തടിവ്യാപാരികൾ മരം മുറിക്കൽ പദ്ധതിക്ക് രൂപം നൽകിയതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

മാസങ്ങളായി ഇവിടെ മരം മറിക്കൽ നടന്നിട്ടും തങ്ങൾ അറിഞ്ഞില്ലന്ന ബന്ധപ്പെട്ട അധികൃതരുടെ വാദഗതി നാട്ടുകാർ പുച്ഛിച്ച് തള്ളുകയാണ്.ഉദ്യോഗസ്ഥരുടെ അറിവില്ലാതെ ഇവിടെ നിന്നും ചുള്ളികമ്പുകൾ പോലും എടുക്കാനാവില്ലന്നാണ് ഇവിടുത്തുകാരിൽ ഏറെപ്പേരുടെയും നിലപാട്.

നടന്നത് നിയമലംഘനമെന്ന് സ്ഥിരീകരിച്ച് വനംവകുപ്പ്

സർക്കാർ രേഖകളിൽ വനഭൂമിയെന്ന് രേഖപ്പെടുത്തിയിട്ടുള്ള മേഖലകളിൽ നിന്നും വ്യാപകമായി മരങ്ങൾ മുറിച്ചുകടത്തിയിട്ടുണ്ടെന്നും ഇത് നിയമലംഘനമാണെന്നും ഇതിനകം വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്.വഴിതെറ്റി വനത്തിൽ പ്രവേശിച്ചാൽ പോലും വനംവകുപ്പ് അധികൃതർ കേസെടുക്കുന്ന സാഹചര്യം നിലനിൽക്കെ ഇത്രയധികം മരങ്ങൾ മുറിച്ചുമാറ്റി എന്നത് ഏറെ ഗൗരവത്തോടെ കാണേണ്ട വസ്തുതയാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

കേസ് നടപടികൾ ഉദ്യോഗസ്ഥരെ വിശ്വസിച്ച് തടി വാങ്ങിയവരെ ദുരിതത്തിലാക്കിയിട്ടുണ്ട്. കൈയിലുള്ളതെല്ലാം നുള്ളിപ്പെറുക്കിയും പലരോടും കടം വാങ്ങിയും പലിശയ്‌ക്കെടുത്തും മറ്റുമാണ് ഇവരിൽ ചിലർ സ്ഥലം ഉടമകളിൽ നിന്നും മരം വാങ്ങിയത്.പണിക്കൂലിയും വനംവകുപ്പ് ഉദ്യോഗസ്ഥർക്കുള്ള വിഹിതവും കഴിച്ച് നാമമാത്രമായ തുക മാത്രമാണ് തങ്ങൾക്ക് ലഭിച്ചിട്ടുള്ളു എന്നാണ് ഇവരുടെ പരിതേവനം.

അധികൃതരുടെ വേട്ടയാടൽ ഭയന്ന് പേരുവിരങ്ങൾ വെളിപ്പെടുത്തരുത് എന്ന ആമുഖത്തോടെയാണ് ഇവരിൽ ചിലർ ഇടപാടിന് പിന്നിലെ വിവരങ്ങൾ മറുനാടനുമായി പങ്കിട്ടത്.ഇനി കേസ് നടപടികൾ നേരിടേണ്ടി വന്നാൽ കോടതി നടപടകൾക്കായും പണം കണ്ടെത്തേണ്ട ഗതികേടിലാണ് തങ്ങളെന്നും ഇവർ ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP