Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി; ആലപ്പുഴ പോർട്ട് ചീഫ് സർവേയർ കഴിഞ്ഞ മാസം ബോട്ട് സർവേ നടത്തി ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകിയതും അനധികൃതമായി; രാത്രിയിലെ സർവ്വീസിനൊപ്പം ലൈഫ് ജാക്കറ്റും ഉപയോഗിച്ചില്ല; തൂവൽ തീരത്തെ കണ്ണീരിലാക്കിയത് അനാസ്ഥകൾ; മുരളി തുമ്മാരുകുടി ഏപ്രിലിൽ പറഞ്ഞതൊന്നും ആരും കേട്ടില്ല

പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി; ആലപ്പുഴ പോർട്ട് ചീഫ് സർവേയർ കഴിഞ്ഞ മാസം ബോട്ട് സർവേ നടത്തി ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകിയതും അനധികൃതമായി; രാത്രിയിലെ സർവ്വീസിനൊപ്പം ലൈഫ് ജാക്കറ്റും ഉപയോഗിച്ചില്ല; തൂവൽ തീരത്തെ കണ്ണീരിലാക്കിയത് അനാസ്ഥകൾ; മുരളി തുമ്മാരുകുടി ഏപ്രിലിൽ പറഞ്ഞതൊന്നും ആരും കേട്ടില്ല

മറുനാടൻ മലയാളി ബ്യൂറോ

പൊന്നാനി: മുരളി തുമ്മാരുകുടി ഏപ്രിലിൽ പറഞ്ഞതൊന്നും ആരും കേട്ടില്ല. ഇതു തന്നെയാണ് താനൂരിലെ ദുരന്തത്തിനും കാരണം. താനൂരിൽ അപകടത്തിൽപെട്ട ബോട്ട്, മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തിയതെന്ന് ആരോപണം. രൂപമാറ്റം നടത്തിയത് പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ വച്ച്. ആലപ്പുഴ പോർട്ട് ചീഫ് സർവേയർ കഴിഞ്ഞ മാസം ബോട്ട് സർവേ നടത്തി ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകിയതായും സൂചന. ബോട്ടിന് ഫിറ്റ്‌നസ് നൽകുമ്പോൾ രൂപരേഖയുൾപ്പെടെ നിർമ്മാണത്തിന്റെ സകല വിവരങ്ങളും വ്യക്തമാക്കണം. എന്നാൽ ഇതൊന്നും ചെയ്തില്ല. താനൂരിലെ നാസർ എന്ന ആളിന്റെ അറ്റ്‌ലാന്റ എന്ന ബോട്ടാണ് ദുരന്തമുണ്ടാക്കിയത്.

ബോട്ടിന് റജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായിരുന്നില്ല. ഇതിനു മുൻപാണ് ബോട്ട് സർവീസിനിറങ്ങിയതെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു. മീൻപിടിത്ത ബോട്ട് ഒരു കാരണവശാലും രൂപമാറ്റം നടത്തി ഉല്ലാസ യാത്രയ്ക്ക് ഉപയോഗിക്കാൻ പാടില്ലാത്തതാണ്. സുരക്ഷാ സംവിധാനങ്ങൾ പാലിക്കുന്നതിലുണ്ടായ ഗുരുതര വീഴ്ചകളാണ് തൂവൽത്തീരം ബോട്ടപകടത്തിൽ മരണ സംഖ്യ ഉയർത്തിയത്. ലൈഫ് ജാക്കറ്റ് പോലും ആർക്കും ഉണ്ടായിരുന്നില്ല. വൈകിട്ട് 5 മണിക്കു ശേഷം സാധാരണ യാത്രാ ബോട്ടുകൾ സർവീസ് നടത്താറില്ല. സൂര്യാസ്തമനത്തിനു മുൻപ് മടങ്ങിയെത്താൻ കഴിയാത്തതാണ് കാരണം. എന്നാൽ ഇന്നലെ 7 മണിക്കാണ് അകടത്തൽപ്പെട്ട ബോട്ട് യാത്ര തിരിച്ചത്. അപ്പോഴേക്കും ഇരുട്ടു വീണിരുന്നു. ബോട്ടിന് അകത്ത് മതിയായ വെളിച്ചവും ഉണ്ടായിരുന്നില്ല. മൊബൈൽ ഫോണിലെ വെളിച്ചം ഉപയോഗിച്ചാണേ്രത ബോട്ട് ഓടിച്ചിരുന്നത്.

ബോട്ടിൽ എത്ര യാത്രക്കാരുണ്ടായിരുന്നുവെന്നത് വ്യക്തമല്ല. എന്നാൽ, 40 ടിക്കറ്റുകളെങ്കിലും വിറ്റിട്ടുണ്ട്. അമിത ഭാരം തന്നെയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബോട്ടിന്റെ ഒരു ഭാഗം ചെരിഞ്ഞതോടെ കുറച്ചു പേർ പുഴയിലേക്കു ചാടിയെന്നാണ് ആദ്യമായി അപകട സ്ഥലത്തെത്തിയവർ പറയുന്നത്. ബോട്ടിൽ അമ്പതോളം പേരുണ്ടാകാൻ സാധ്യത ഏറെയാണ്. പൂരപ്പുഴയിലെ ബോട്ടപകടം പുറത്തറിയുന്നത് രാത്രി 7.45നാണ്. വിവരം കേട്ടറിഞ്ഞതോടെ ഒട്ടുംപുറം തൂവൽതീരത്തേക്കു ജനത്തിന്റെ ഒഴുക്കായിരുന്നു.

അവധി ദിനമായതിനാൽ ഇന്നലെ വൈകിട്ട് വിനോദ സഞ്ചാരികൾ കടപ്പുറത്ത് നിറഞ്ഞിരുന്നു. അപകടം സംഭവിച്ച ബോട്ടിനു തുടക്കത്തിൽ തന്നെ ഉലച്ചിലുണ്ടായിരുന്നതായി തീരത്തുള്ള ദൃക്‌സാക്ഷികൾ പറയുന്നു. വള്ളംകളി നടക്കുന്ന തൂവൽതീരത്തിനു സമീപത്തെ പൂരപ്പുഴയിലായിരുന്നു ദുരന്തം. കൂരിരിട്ടും രക്ഷാ പ്രവർത്തനത്തെ സാരമായി ബാധിച്ചു. മറിഞ്ഞു രണ്ടര മണിക്കൂറിനു ശേഷമാണു ബോട്ട് ഉയർത്താനായത്. രാത്രി ഒൻപതോടെയാണു ദുരന്തമേഖലയിൽ വെളിച്ചമെത്തിച്ചത്. ഇതെല്ലാം മരണ നിരക്കുയർത്താൻ കാരണമായി. അപകടം സംഭവിച്ച് അധികം വൈകാതെ വെളിച്ചം മങ്ങിയത് പ്രശ്‌നമായി. നാട്ടുകാരും ഇവിടെയുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളുമാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. ചെറിയ തോണികളിലായിരുന്നു രക്ഷാപ്രവർത്തനത്തിന്റെ തുടക്കം. ബോട്ട് മറിഞ്ഞത് ചെളി നിറഞ്ഞ ഭാഗത്തായത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. ഇതിനിടെ അപകടവിവരമറിഞ്ഞ് സ്ഥലത്ത് ആളുകൾ തടിച്ചുകൂടിയതും പ്രശ്‌നം സൃഷ്ടിച്ചു. രക്ഷാപ്രവർത്തനം ആരംഭിക്കുമ്പോൾ ബോട്ട് തലകീഴായി മറിഞ്ഞ അവസ്ഥയിലായിരുന്നു. ഇതും തിരിച്ചടിയായി. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ബോട്ട് ഉയർത്താനായത്. ഇവിടെനിന്ന് ആളുകളെ പരപ്പനങ്ങാടി നഹാസ്, ജെ.എസ്.മിഷൻ, തിരൂരങ്ങാടി താലൂക്ക് ആശുപത്രി, കോട്ടക്കൽ, താനൂരിലെ വിവിധ ആശുപത്രികൾ എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

കേരളത്തിൽ പത്തിലേറെ പേർ ഒരു ഹൗസ് ബോട്ട് അപകടത്തിൽ മരിക്കാൻ പോകുന്നുവെന്ന പ്രവചനവുമായി ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി ദുരന്ത പ്രത്യാഘാത നിവാരണ വിഭാഗം തലവനും ബ്ലോഗറുമായ മുരളി തുമ്മാരുകുടി മലയാളിയോട് ചിലത് പറഞ്ഞത് ഏപ്രിൽ ഒന്നിനായിരുന്നു. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം അപകടസാധ്യതാ മുന്നറിയിപ്പ് നൽകിയത്. കേരളത്തിലെ ഏറ്റവും പ്രശസ്തമായ ടൂറിസം പ്രോഡക്ട് ആണ് ഹൗസ് ബോട്ട് എന്നും എന്നാൽ ഒരിക്കൽ പോലും ഹൗസ്‌ബോട്ടിൽ ചെല്ലുമ്പോൾ ഒരു സേഫ്റ്റി ബ്രീഫിങ്ങ് ലഭിക്കാറില്ലന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. താനൂരിലെ ദുരന്തം ഹൗസ് ബോട്ടിൽ അല്ല. അതും ടൂറിസത്തിനായുള്ള ബോട്ടാണ്. അതുകൊണ്ട് തന്നെ ഈ ദുരന്തത്തിലും മുരളി തുമ്മാരുകുടി പറഞ്ഞത് എല്ലാം പ്രസക്തമാണ്. എല്ലാ ചട്ടങ്ങളും ലംഘിച്ചു. അതു തന്നെയാണ് താനൂരിലും ദുരന്തമാകുന്നത്.

'ഹൗസ്ബോട്ടിലെ ഡ്രൈവർമാർക്ക് ആരെങ്കിലും സുരക്ഷാ പരിശീലനം നൽകിയിട്ടുണ്ടോ ? ഒരു വിമാനത്തിൽ കയറുമ്പോൾ അല്ലെങ്കിൽ ക്രൂസ് ഷിപ്പിൽ കയറുമ്പോൾ ലഭിക്കുന്ന സേഫ്റ്റി ബ്രീഫിങ്ങ് പോലെ ഒന്ന് എന്തുകൊണ്ടാണ് നമുക്ക് ഹൗസ്‌ബോട്ടിൽ ഇല്ലാത്തത്? നൂറിൽ ഏറെ ആളുകളുമായി ഒഴുകുന്ന പാർട്ടി ബോട്ടുകൾ ആലപ്പുഴയിൽ കണ്ടു, ഒരു അപകടം ഉണ്ടായാൽ എത്ര പേർ ബാക്കി ഉണ്ടാകും??'-ഇതായിരുന്നു മുരളി തുമ്മാരുകുടി ഉയർത്തിയ ചോദ്യം. ജലസുരക്ഷാ കാമ്പയിനിൽ സജീവമായിരുന്നു കുറച്ചു ദിവസമായി മുരളി തുമ്മാരുകുടി. ഇന്നിപ്പോൾ കേരളത്തിലെ ഏറ്റവും പ്രശസ്തമായ ടൂറിസം പ്രോഡക്ട് ആണ് ഹൗസ് ബോട്ട്. കോഴിക്കോട് മുതൽ കൊല്ലം വരെ ഉള്ള നദികളിലും കായലുകളിലും ഇപ്പോൾ ഹൗസ് ബോട്ടുകൾ ഉണ്ട്-തുമ്മാരുകുടി കുറിച്ചിരുന്നു.

കേരളത്തിൽ എത്ര ഹൗസ്‌ബോട്ടുകൾ ഉണ്ട് ? ആ?? ആർക്കും ഒരു കണക്കുമില്ല. ഒരു ടാക്സി വിളിക്കാൻ പോലും ഉബറും ഓലയും ഉള്ള നാട്ടിൽ കേരളത്തിലെ ഹൗസ്‌ബോട്ട് സംവിധാനങ്ങളെ ഒക്കെ കൂട്ടിയിണക്കി എന്തുകൊണ്ടാണ് ഒരു ബുക്കിങ്ങ് സംവിധാനം ഇല്ലാത്തത് ?-ഇതായിരുന്നു ഏപ്രിൽ 1ന് മുരളി തുമ്മാരുകുടി ഉയർത്തിയ ചോദ്യം. പക്ഷേ ഇതിന് ശേഷവും ആരും മതിയായ ഇടപെടൽ നടത്തിയില്ല. അതിന്റെ ബാക്കി പത്രമാണ് തൂവൽ തീരത്തെ ദുരന്തം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP