Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോറി കൊണ്ടുപോയത് ക്രെയിനിൽ കെട്ടിവലിച്ച്; മറ്റൊരു ലോറിയിലെ തകരാറിലായ എഞ്ചിന് പകരം മാറ്റി സ്ഥാപിക്കാൻ കടത്തിക്കൊണ്ട് വന്നതെന്ന് മോഷണത്തിന് അറസ്റ്റിലായവർ; മോഷ്ടിക്കപ്പെട്ട ലോറിയുടെ ഉടമയുടെ സ്ഥിതിയും ദയനീയം; ഒരിക്കൽ 12 ലോറികളുണ്ടായിരുന്നവർ ഇന്ന് കഴിയുന്നത് കടബാധ്യതകളിൽ

ലോറി കൊണ്ടുപോയത് ക്രെയിനിൽ കെട്ടിവലിച്ച്; മറ്റൊരു ലോറിയിലെ തകരാറിലായ എഞ്ചിന് പകരം മാറ്റി സ്ഥാപിക്കാൻ കടത്തിക്കൊണ്ട് വന്നതെന്ന് മോഷണത്തിന് അറസ്റ്റിലായവർ; മോഷ്ടിക്കപ്പെട്ട ലോറിയുടെ ഉടമയുടെ സ്ഥിതിയും ദയനീയം; ഒരിക്കൽ 12 ലോറികളുണ്ടായിരുന്നവർ ഇന്ന് കഴിയുന്നത് കടബാധ്യതകളിൽ

പ്രകാശ് ചന്ദ്രശേഖർ

തൊടുപുഴ: വർഷങ്ങളായി റോഡരികിൽ നിർത്തിയിട്ടിരുന്ന നാഷണൽ പെർമിറ്റ് ലോറി കടത്തിയത് സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. മൂവാറ്റുപുഴ മുളവൂർ പുന്നമറ്റം പാമ്പുംകര വീട്ടിൽ പി.എസ്. നിഷാദ് (40), പല്ലാരിമംഗലം പൈമറ്റം മണിക്കിണറിന് സമീപം താമസിക്കുന്ന കരിക്കണ്ണക്കുടി വീട്ടിൽ അബൂബക്കർ മൊയ്തീൻ (41) എന്നിവരെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തിൽ മോഷണം പോയ ലോറിയും ഇതുകൊണ്ടുപോകാൻ ഉപയോഗിച്ച ക്രെയിനും പിടികൂടി തൊടുപുയിലെത്തിച്ചു. വെള്ളിയാഴ്‌ച്ച പുലർച്ചെ രണ്ട് മണിയോടെയാണ് മോഷണം നടന്നത്. വെങ്ങല്ലൂർ - മങ്ങാട്ടുകവല ബൈപാസിൽ നിർത്തിയിട്ടിരുന്ന ലോറി പ്രതികൾ ക്രെയിനെത്തിച്ച് സ്ഥലത്ത് നിന്നും കെട്ടിവലിച്ച് കൊണ്ടുപോകുകയായിരുന്നു.

മോഷണം പോയ വിവരം അറിഞ്ഞ് വാഹനത്തിന്റ രജിസട്രേഡ് ഓണർ പരേതനായ തൊടുപുഴ വെങ്ങല്ലൂർ ചേറാടിയിൽ ഡി സുരേഷിന്റെ ഭാര്യ സോന സുരേഷ് തൊടുപുഴ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ വെള്ളിയാഴ്‌ച്ച തന്നെ മൂവാറ്റുപുഴ കാലാംപൂരിലെ ഗോഡൗണിൽ നിന്നും ക്രെയിനും ഉടമകളായ ഷാജഹാൻ, അൻസാർ എന്നിവരേയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.

എന്നാൽ മോഷണവുമായി ബന്ധമില്ലെന്നാണ് ഇവർ പൊലീസിന് മൊഴി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെരുമ്പള്ളിച്ചിറ വഴി വാഹനം കെട്ടിവലിച്ച് കൊണ്ടുപോകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഇതിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിൽ റോഡിൽ എന്തോ ഉരഞ്ഞ പാട് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. ഈ പാട് പിൻതുടർന്നെത്തിയപ്പോൾ നെല്ലിമറ്റത്തിന് സമീപം റബ്ബർത്തോട്ടത്തിലൂടെ കടന്നുപോകുന്ന റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ലോറി പൊലീസ് കണ്ടെത്തി. പിൻ ചക്രങ്ങൾ ഊരിയ നിലയിലായ ലോറിയുടെ ഡിസ്‌ക് ഉരഞ്ഞതിനെത്തുടർന്നാണ് ടാർറോഡിൽ പാട് രൂപപ്പെട്ടതെന്ന് പരിശോധനയിൽ വ്യക്തമായി.

തുടർന്ന് വെള്ളിയാഴ്‌ച്ച പിടികൂടിയ ക്രെയിൻ സ്ഥലത്തെത്തിച്ച് ലോറി കെട്ടി വലിച്ച് തൊടുപുഴയിലെത്തിച്ചു. നിലവിൽ കാഡ്‌സിന് സമീപമുള്ള ലോറി സ്റ്റാൻഡിലാണ് വാഹനം സക്ഷിച്ചിരിക്കുന്നത്. മറ്റൊരു ലോറിയിലെ തകരാറിലായ എഞ്ചിന് പകരം മാറ്റി സ്ഥാപിക്കുന്നതിനായാണ് തൊടുപുഴയിൽ നിന്നും ലോറി കടത്തിക്കൊണ്ട് വന്നതെന്നാണ് അറസ്റ്റിലായവർ പൊലീസിൽ വെളിപ്പെടുത്തിയിട്ടുള്ളത്.

2022 ഫെബ്രുവരിയിൽ ഇതേ ലോറിയുടെ സ്റ്റിയറിങും ചക്രങ്ങളും ഉൾപ്പെടെയുള്ളവ മോഷണം പോയിരുന്നു. അന്നും പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിരുന്നു എങ്കിലും പ്രതികളെ പിടികൂടിയിരുന്നില്ല. തൊടുപുഴ സർക്കിൾ ഇൻസ്പെക്ടർ വി സി.വിഷ്ണു കുമാറിന്റെ നേതൃത്വത്തിൽ എസ്‌ഐ ഇസ്മയിൽ കെ.പി, സി.പി.ഒ മാരായ വി. സനൂപ്,ജോബി എം.സി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.

ക്രെയിൻ ഉടമകളുടെ വർക്ക് ഷോപ്പിൽ ജോലിക്ക് നിന്നവരാണ് പ്രതികൾ. ക്രെയിനും താക്കോലും സൂക്ഷിച്ചിരിക്കുന്ന സ്ഥലം ഇവർക്ക് അറിയാമായിരുന്നു.രാത്രിയിലെത്തി താക്കോലുപയോഗിച്ച് ഉടമകൾ അറിയാതെ ക്രെയിനുമായി തൊടുപുഴയിലെത്തി, ലോറി മോഷ്ടിച്ച് കടത്തി തിരികെ ക്രെയിനും താക്കോലും ഗോഡൗണിൽ എത്തിക്കുകയായിരുന്നു എന്നാണ് ഇവർ പൊലീസിൽ അറയിച്ചിട്ടുള്ളത്. ക്രെയിൻ ഉടമകൾക്ക് വാഹനങ്ങൾ പൊളിച്ച് വിൽക്കുന്ന ജോലി കൂടി ഉള്ളതിനാൽ ഇവർക്കും ലോറി മോഷണത്തിൽ ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

മുമ്പ് 3 തവണ മോഷണം, ചക്രങ്ങളും സ്റ്റിയറിംഗും യന്ത്രഭാഗങ്ങളും കടത്തി

ലോറി മോഷണം പുറത്തുവന്നതോടെ ഉടമയുടെ കുടുംബത്തിന്റെ ദയനീയ സ്ഥിതിയും ചർച്ചയായിട്ടുണ്ട്. പരേതനായ തൊടുപുഴ വെങ്ങല്ലൂർ ചേറാടിയിൽ ഡി സുരേഷിന്റെ ഭാര്യയുടെ പരാതിയിലാണ് സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുള്ളത്. വർഷങ്ങൾക്ക് മുമ്പ് സുരേഷിന് 12 ലോറികളുണ്ടായിരുന്നു. ഇതരസംസ്ഥാനങ്ങളിൽ ലോഡുകൾ കേരളത്തിലേയ്ക്കും തിരച്ചും എത്തിച്ചിരുന്നു. സാമ്പത്തീകമായി തകർന്നതിനാൽ 2014-ൽ വാങ്ങിയ ഒരു ലോറി ഒഴികെ മറ്റെല്ലാം വിൽക്കേണ്ടി വന്നു. കിഡ്നി രോഗത്തിന് ചികിത്സയ്ക്കായി ഉണ്ടായിരുന്ന കിടപ്പേടം വിൽക്കേണ്ടി വന്നു.പിന്നീട് താമസം വാടക വീട്ടിലേയ്ക്ക് മാറി. ലോറി ഓടിക്കിട്ടുന്ന തുകയായിരുന്നു ആകെയുള്ള വരുമാനം.

കോവിഡ് കാലം എത്തിയതോടെ ലോറിക്ക് ഓട്ടം ഇല്ലാതായി.2021 ഒക്ടോബറിൽ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഉടമ ആശുപത്രിയിൽ ആയതോടെെൈ ഡ്രവർമാരെ കണ്ടെത്തി ലോറി ഓട്ടം വിടുന്നത് മുടങ്ങി.വെങ്ങല്ലൂരിൽ 4 വരി പാതയിൽ റോഡരുകിലായിരുന്നു സ്ഥിരമായി ലോറി പാർക്കുചെയ്തിരുന്നത്.ആശുപത്രിയിൽ പ്രവേശിപ്പിച്ച് ദിവസങ്ങൾക്കുള്ളിൽ സുരേഷ് മരണപ്പെട്ടു.

കടബാദ്ധ്യത 5 ലക്ഷത്തിലേറെ,സോനയും മക്കളും ദുരിതക്കയത്തിൽ

ഭാര്യയും വിദ്യാർത്ഥികളായ പെൺമക്കളും അടങ്ങുന്നതായിരുന്നു സുരേഷിന്റെ കുടുബം.സുരേഷിന്റെ മരണത്തിന് ശേഷം ശ്രീ പാർവ്വതി എന്ന പേരിലുള്ള ലോറി കിടന്നിടത്തുനിന്നും അനക്കിയിട്ടില്ല.ലോറി വാങ്ങിയ വകയിൽ 5 ലക്ഷത്തിൽ അധികം ബാധ്യത ബാക്കി നിന്നിരുന്നു.ഇത് പരിഹരിക്കുന്നതിനായി ലോറി വിൽക്കുന്നതിന് നീക്കം ആരംഭിച്ചിരുന്നു.വൈകിയാൽ വാഹനം ഫിനാൻസ് സ്ഥാപനത്തിന് വിട്ടുനൽകാനും കുടുബം ആലോചിച്ചിരുന്നു.

ഇതിനിടെ് 2022 ജനുവരിയിൽ വാഹനത്തിന്റെ ബാറ്ററി,പമ്പ് ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷണം പോയി.ഇത് സംബന്ധിച്ച് സുരേഷിന്റെ ഭാര്യ തൊടുപുഴ പൊലീസിൽ പരാതി നൽകി.തൊട്ടടുത്ത മാസം വാഹനത്തിന്റെ മുൻ ചക്രം,പടുത ഏതാനും യന്ത്രഭാഗങ്ങളും മോഷണം പോയി.ഈ സംഭവത്തിലും പൊലീസിൽ പരാതി എത്തിയിരുന്നു.ഏതാനും ദിവസങ്ങൾ പിന്നിട്ട് വീട്ടുകാർ വാഹനം പരിശോധിച്ചപ്പോൾ പിന്നിലെ 4 ചക്രങ്ങൾ മുന്നിലെ ഒരു ചക്രം,സ്റ്റിയറിങ്,ഇസിഎം,മീറ്റർ ബോർഡ് എന്നിവ നഷ്ടപ്പെട്ടതായി കണ്ടെത്തി.

അഴിച്ചെടുത്ത ചക്രങ്ങൾക്ക് പകരം മോഷ്ടാക്കൾ ഉപയോഗ ശൂന്യമായ ചക്രങ്ങൾ സ്ഥാപിച്ചതായും പരിശോധനയിൽ വ്യക്കതമായി.ഈ സംഭവത്തിലും തൊടുപുഴ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഈ സംഭവത്തിന് ഒരു വർഷം പിന്നിടുമ്പോൾ ലോറി മൊത്തമായി അപഹരിക്കപ്പെട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP