Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോർപ്പറേഷനിലെ ആദ്യ വിജയത്തിൽ തന്നെ പ്രതിപക്ഷ നേതാവായ പരിവാറിലെ ജനകീയൻ; ഇടതു കോട്ടയായ പിടിപിയും ബിജെപി പക്ഷത്ത് ഉറപ്പിച്ച നിർത്തിയ 'ബൗദ്ധിക് പ്രമുഖ്'; സീനിയർ മുഖങ്ങളെ വെട്ടി ബിജെപിയുടെ ജില്ലാ ജനറൽ സെക്രട്ടറിയാക്കിയതും ആർഎസ്എസ്; ആശ്രമം കത്തിക്കൽ അറസ്റ്റിൽ രാഷ്ട്രീയ പ്രതികാരമോ? വിജി ഗിരികുമാർ അകത്താകുമ്പോൾ

കോർപ്പറേഷനിലെ ആദ്യ വിജയത്തിൽ തന്നെ പ്രതിപക്ഷ നേതാവായ പരിവാറിലെ ജനകീയൻ; ഇടതു കോട്ടയായ പിടിപിയും ബിജെപി പക്ഷത്ത് ഉറപ്പിച്ച നിർത്തിയ 'ബൗദ്ധിക് പ്രമുഖ്'; സീനിയർ മുഖങ്ങളെ വെട്ടി ബിജെപിയുടെ ജില്ലാ ജനറൽ സെക്രട്ടറിയാക്കിയതും ആർഎസ്എസ്; ആശ്രമം കത്തിക്കൽ അറസ്റ്റിൽ രാഷ്ട്രീയ പ്രതികാരമോ? വിജി ഗിരികുമാർ അകത്താകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ മുഖ്യ സൂത്രധാരൻ ബിജെപി നേതാവ് വി.ജി.ഗിരികുമാറെന്ന് റിമാൻഡ് റിപ്പോർട്ടിൽ നിറയുന്നത് രാഷ്ട്രീയം മാത്രമോ? ശബരിമലയിലെ യുവതി പ്രവേശത്തെ അനുകൂലിച്ചതിനെ തുടർന്ന് ഉടലെടുത്ത വൈരാഗ്യമാണ് ആശ്രമം കത്തിക്കലിലേക്ക് നയിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. സന്ദീപാനന്ദഗിരിയെ പാഠം പഠിപ്പിക്കണമെന്ന് ഗിരികുമാർ നിർദ്ദേശിച്ചതായും പൊലീസ് കണ്ടെത്തി.

തിരുവനന്തപുരത്തെ ബിജെപിയുടെ ഭാവി മുഖമായി ആർഎസ്എസ് മുമ്പോട്ടു വയ്ക്കുന്ന നേതാവാണ് ഗിരി കുമാർ. ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയും തിരുവനന്തപുരം പിടിപി നഗർ വാർഡ് കൗൺസിലറുമാണ് ഗിരികുമാർ. ആർ എസ് എസിൽ നിന്നും ബിജെപിയിൽ നേരിട്ടെത്തിയ വ്യക്തിയാണ് ഗിരികുമാർ. ആർ എസ് എസിന്റെ ബൗദ്ധിക് പ്രമുഖായിരുന്നു ഒരു കാലത്ത് ഗിരിയെന്ന ഗിരികുമാർ. തിരുവനന്തപുരം കോർപ്പറേഷനിൽ കരുത്തു കാട്ടാനായി എട്ടു കൊല്ലം മുമ്പ് ആർഎസ്എസ് ചില പദ്ധതികൾ നടപ്പാക്കി. ഇതിന്റെ ഭാഗമായി വലിയവിളയിൽ ആർഎസ്എസ് നേതാവായിരുന്ന ഗിരികുമാറിനെ താമര ചിഹ്നത്തിൽ മത്സരിപ്പിച്ചു.

സ്ഥാനാർത്ഥി നിർണ്ണയവും പ്രചരണവുമെല്ലാം നടത്തിയത് ആർ എസ് എസായിരുന്നു. വലിയ ഭൂരിപക്ഷത്തിൽ ജയിച്ചു. അതിന് ശേഷം ബിജെപിയിലെ സീനിയറായ നേതാക്കളെ വെട്ടി തിരുവനന്തപുരം നഗരസഭയിലെ പാർട്ടി നേതാവുമാക്കി ഗിരിയെ. വലിയ വിളിയിൽ മത്സരിക്കും മുമ്പ് ബിജെപിയുടെ ഒരു പരിപാടിയിലും ഗിരി കുമാർ പങ്കെടുത്തിരുന്നില്ല. മറിച്ച് ആർ എസ് എസിന്റെ തിരുമല മേഖലയിലെ യുവ മുഖമായിരുന്നു ഗിരി. പ്രവർത്തകരുമായുള്ള അടുപ്പം മനസ്സിലാക്കിയാണ് വലിയവിളയിൽ ഗിരികുമാർ ആർഎസ്എസ് അന്ന് മത്സരിപ്പിച്ചത്. കഴിഞ്ഞ തവണ വലിയവിള വനിതാ സീറ്റായിരുന്നു. ഇതോടെ പിടിപി നഗറിൽ സ്ഥാനാർത്ഥിയാക്കി. ഇവിടേയും ഗിരി ജയിച്ചു.

മുൻ കോർപ്പറേഷൻ ഡെപ്യൂട്ടി മേയറെയാണ് ഗിരി തോൽപ്പിച്ചത്. ഇതോടെ ജനസമ്മതിയും ഉയർന്നു. പിടിപി വാർഡ് സിപിഐയുടെ കുത്തകയായിരുന്നു. 2015ൽ ഈ സീറ്റ് കോമള കുമാരിയിലൂടെ ബിജെപി നേടി. അന്ന് കോമളകുമാരി എന്ന അദ്ധ്യാപികയുടെ വ്യക്തിഗത മികവാണ് വനിതാ വാർഡിൽ തുണയായത്. 2020ൽ വീണ്ടും സിപിഐയ്ക്ക് വേണ്ടി ഹാപ്പികുമാർ എത്തുമ്പോൾ സീറ്റ് നഷ്ടമാകുമെന്ന് ബിജെപി പോലും വിലയിരുത്തി. ഈ സീറ്റാണ് ഗിരികുമാർ അനായാസം ബിജെപി പക്ഷത്ത് ഉറപ്പിച്ച് നിർത്തിയത്. ബിജെപിക്ക് നഗരസഭയിൽ അടുത്ത തവണ ഭൂരിപക്ഷം കിട്ടിയാൽ മേയറായി പരിഗണിക്കാൻ ആർഎസ്എസ് മനസ്സിൽ കണ്ട നേതാക്കളിൽ ഒരാൾ കൂടിയാണ് ഗിരികുമാർ.

ബിജെപിയുടെ കഴിഞ്ഞ പുനഃസംഘടനയിൽ ജില്ലാ ജനറൽ സെക്രട്ടറിയുമാക്കി. പല പ്രമുഖരേയും തഴഞ്ഞാണ് തിരുവനന്തപുരത്തെ പാർട്ടിയിലെ രണ്ടാമനായി ഗിരിയെ ഉയർത്തിയത്. ആർഎസ്എസ് നേതൃത്വത്തിന്റെ ആശിർവാദം മാത്രമായിരുന്നു ഇതിന് കാരണവും. തിരുവനന്തപുരത്തെ ബിജെപിയുടെ ഭാവി നേതാവ് ഗിരിയാണെന്ന സന്ദേശമാണ് പുനഃസംഘടനയിൽ ആർഎസ്എസ് നൽകിയത്. അത്തരമൊരു നേതാവാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കലിൽ കുടുങ്ങുന്നത്. ഇത് ആർ എസ് എസിനേയും ചൊടിപ്പിക്കുന്നുണ്ട്.

ഗിരികുമാറിനെ കഴിഞ്ഞ ദിവസമാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. 2018 ൽ ആശ്രമം കത്തിക്കപ്പെട്ടപ്പോൾ ആശ്രമം ഉൾപ്പെടുന്ന വലിയവിള വാർഡിലെ കൗൺസിലറായിരുന്നു ഗിരികുമാർ. ആർഎസ്എസ് നേതാവ് ശബരി എസ്.നായരെയും (29) ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തിരുന്നു. ആശ്രമം കത്തിക്കാനുള്ള ഗൂഢാലോചന നടത്തിയത് ഗിരികുമാറാണെന്നും ആശ്രമം തീയിട്ട രണ്ടു പേരിൽ ഒരാൾ ശബരിയാണെന്നും അന്വേഷണ സംഘം പറഞ്ഞു. ശബരിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതിനെത്തുടർന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഗിരികുമാറിനെ അറസ്റ്റ് ചെയ്തത് എന്ന് ക്രൈംബ്രാഞ്ച് പറയുന്നു. എന്നാൽ ബിജെപിയെ തകർക്കാനുള്ള ഗൂഢാലോചനയാണ് കേസെന്ന് പരിവാറും ആരോപിക്കുന്നു.

കേസിൽ പ്രധാന തെളിവുകളിൽ പലതും ആദ്യത്തെ അന്വേഷണ സംഘം നഷ്ടപ്പെടുത്തിയെങ്കിലും കൃത്യത്തിന് ഉപയോഗിച്ച ബൈക്ക് പൊളിച്ചുവിറ്റുവെന്നു കണ്ടെത്താനായത് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനു നിർണായകമായത്. 2011 ൽ പുറത്തിറക്കിയ 220 സിസി ബൈക്ക് ആണ് ആശ്രമം കത്തിച്ച സംഘം സഞ്ചരിക്കാൻ ഉപയോഗിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ, ഈ ബൈക്ക് കണ്ടെത്താനായിരുന്നില്ല. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ വട്ടിയൂർക്കാവ് സ്വദേശിക്ക് ഈ ബൈക്ക് പൊളിച്ചു വിൽക്കാൻ നൽകിയതായി കണ്ടെത്തി. വെറും 2500 രൂപയ്ക്കാണ് ബൈക്ക് വാങ്ങിയതെന്ന് കടയുടമ അന്വേഷണ സംഘത്തിനു മൊഴി നൽകി. ആശ്രമം കത്തിച്ച കേസിൽ ഒന്നാം പ്രതിയായിരുന്ന ആർഎസ്എസ് പ്രവർത്തകൻ പ്രകാശ് ആത്മഹത്യ ചെയ്തിരുന്നു.

അതിനു ശേഷം പ്രകാശിന്റെ സഹോദരൻ പ്രശാന്ത് നടത്തിയ വെളിപ്പെടുത്തലാണ് നാലു വർഷത്തോളം തെളിവില്ലാതെ കിടന്ന കേസിൽ നിർണായകമായത്. സുഹൃത്തുക്കളോടൊപ്പം ചേർന്ന് ആശ്രമം കത്തിച്ചെന്നു ആത്മഹത്യയ്ക്കു മുൻപ് പ്രകാശ് തന്നോടു പറഞ്ഞെന്നായിരുന്നു പ്രശാന്തിന്റെ വെളിപ്പെടുത്തൽ. ലോക്കൽ പൊലീസ് അന്വേഷിച്ചിട്ടും തുമ്പുകണ്ടെത്താനാകാതെ അന്വേഷണം നീണ്ടുപോകുന്നതിൽ സർക്കാരിന് ഏറെ പഴികേൾക്കേണ്ടി വന്നിരുന്നു. പൂജപ്പുര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആദ്യം കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണറും പിന്നീട് കൺട്രോൾ റൂം അസിസ്റ്റന്റ് കമ്മീഷണറും അന്വേഷിച്ചിരുന്നു. അഞ്ച്മാസം കഴിഞ്ഞിട്ടും യാതൊരു തുമ്പും കിട്ടാതെ വന്നതോടെയാണ് കേസ് ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത്.

ശബരിമല യുവതി പ്രവേശന വിവാദം കത്തിനിൽക്കവേയാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് മുന്നിൽ കിടന്നിരുന്ന വാഹനങ്ങൾക്ക് അക്രമികൾ തീയിട്ടത്. കേസിൽ ആദ്യം അന്വേഷിച്ച സംഘത്തിന്റെ പക്കൽ നിന്ന് പ്രധാന തെളിവുകൾ നഷ്ടപ്പെട്ടിരുന്നു എന്ന കണ്ടെത്തൽ ഏറെ വിവാദമായിരുന്നു. പ്രതികൾ ആശ്രമത്തിന് നേരെ ആക്രമണം നടത്തിയ സമയത്ത് സന്ദീപാനന്ദഗിരിക്കെതിരെ വധഭീഷണി ഉയർത്തുന്ന തരത്തിൽ റീത്ത് വെച്ചിരുന്നു. ഇതിലെ കയ്യെഴുത്ത് രേഖ തെളിവായി എടുത്തിരുന്നെങ്കിലും പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറിയ സമയത്ത് നഷ്ടപ്പെട്ടു. മഹസ്സറിൽ രേഖപ്പെടുത്തിയ തെളിവ് ഇപ്പോൾ കേസ് ഫയലിനൊപ്പമില്ല എന്നാണ് വിവരം.

ഇത് മാത്രമല്ല പ്രതികളുടെ മൊബൈൽഫോൺ ടവർ ലൊക്കേഷൻ വിവരങ്ങൾ, ഫോൺ കോൾ വിവരങ്ങൾ, ആശ്രമം ആക്രമിക്കപ്പെട്ട സമയത്ത് സമീപത്തുനിന്ന് ശേഖരിച്ച സി.സി.ടി.വി. ദൃശ്യങ്ങളിൽ പ്രതികളുടെ ബൈക്ക് കൃത്യമായി പതിഞ്ഞ ദൃശ്യങ്ങളും കേസ് ഫയലിൽ ഇപ്പോഴില്ല.അറസ്റ്റിലായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP