Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്രിക്കറ്റിനായി മുംബൈയിലേക്ക് 'കുടിയേറിയത്' പതിനൊന്നാം വയസ്സിൽ; താമസം ആസാദ് മൈതാനിയിലെ ടെന്റിൽ; ജീവിത ചെലവിന് പാനിപൂരി വിറ്റു; സച്ചിൻ തിളങ്ങിയ ടൂർണമെന്റിൽ പേരെടുത്തു; അണ്ടർ 19 ലോകകപ്പിലെ മിന്നും താരം; ഒടുവിൽ 'ഹോം ഗ്രൗണ്ടിൽ' മുംബൈയെ 'വിരട്ടിയ' യശ്വസി ജയ്‌സ്‌വാൾ

ക്രിക്കറ്റിനായി മുംബൈയിലേക്ക് 'കുടിയേറിയത്' പതിനൊന്നാം വയസ്സിൽ; താമസം ആസാദ് മൈതാനിയിലെ ടെന്റിൽ; ജീവിത ചെലവിന് പാനിപൂരി വിറ്റു; സച്ചിൻ തിളങ്ങിയ ടൂർണമെന്റിൽ പേരെടുത്തു; അണ്ടർ 19 ലോകകപ്പിലെ മിന്നും താരം; ഒടുവിൽ 'ഹോം ഗ്രൗണ്ടിൽ' മുംബൈയെ 'വിരട്ടിയ' യശ്വസി ജയ്‌സ്‌വാൾ

സ്പോർട്സ് ഡെസ്ക്

മുംബൈ: വാംഖഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിനെ വിറപ്പിച്ചു വിട്ട രാജസ്ഥാൻ റോയൽസിന്റെ ഓപ്പണർ യശസ്വി ജയ്‌സ്വാളാണ് ഐപിഎൽ സീസണിലെ ഏറ്റവും ശ്രദ്ധേയമായ ഇന്ത്യൻ യുവതാരങ്ങളിൽ ഒരാൾ. കഴിഞ്ഞ ദിവസം മുംബൈക്കെതിരെ യശസ്വിയുടെ മനോഹരമായ സെഞ്ചുറിയാണ് ആരാധകർക്ക് ഇടയിൽ ചർച്ചയാകുന്നത്. രാജസ്ഥാൻ ഇന്നിങ്‌സിന്റെ ആദ്യ പന്തുമുതൽ ക്രീസിലുണ്ടായിരുന്ന ജയ്‌സ്‌വാൾ രാജസ്ഥാൻ ഇന്നിങ്‌സ് അവസാനിപ്പിക്കാൻ രണ്ട് പന്തുകൾ മാത്രം ബാക്കിയുള്ളപ്പോഴാണു പുറത്തായത്.

അതിനിടെ ഗാലറിയിലേക്കു സിക്‌സുകൾ മൂളിപ്പറന്നത് എട്ടുവട്ടം. 16 ഫോറുകൾ ബൗണ്ടറി കടന്നു. ഐപിഎല്ലിൽ എതിരാളികളുടെ ഗ്രൗണ്ടിൽ കളിക്കുകയാണെന്നതിന്റെ ഒരു സമ്മർദവും വാംഖഡെയിൽ രാജസ്ഥാൻ താരത്തിനുണ്ടായിരുന്നില്ല. കാരണം മുംബൈ യശസ്വി ജയ്‌സ്വാളിന്റെ സ്വന്തം കളിമൈതാനം കൂടിയായിരുന്നു. രാജസ്ഥാൻ താരത്തിന്റെ ഇന്നിങ്‌സിന് വാംഖഡെ വലിയ വരവേൽപ്പാണ് നൽകിയത്.

വാങ്കഡേ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസ് ആരാധകരെ സാക്ഷിയാക്കി ജയ്‌സ്‌വാൾ നടത്തിയ ബാറ്റിങ് പ്രകടനം കരിയറിലെ ആദ്യ ഐപിഎൽ സെഞ്ചറിയെന്ന നേട്ടവുമായാണ് അവസാനിപ്പിച്ചത്. 21 വയസ്സുകാരനായ യുവതാരം 62 പന്തുകളിൽനിന്നു നേടിയത് 124 റൺസ്.

മത്സരത്തിൽ മുംബൈ ഇന്ത്യൻസ് തകർപ്പൻ ജയം നേടിയെങ്കിലും എതിർ ടീമിന്റെ യുവ ഓപ്പണർ യശസ്വി ജയ്‌സ്‌വാളിനെ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കൂടിയായ രോഹിത് ശർമ പ്രശംസകൾ കൊണ്ട് മൂടി. ''യശസ്വി ജയ്‌സ്‌വാൾ പ്രതിഭയുള്ള താരമാണ്. ആഭ്യന്തര ക്രിക്കറ്റിലെ ഫോം അതേപടി ഐപിഎല്ലിലേക്കും കൊണ്ടുവരികയാണ് അദ്ദേഹം ചെയ്തത്. അത് യശസ്വിക്ക് നല്ലതാണ്. ഇന്ത്യൻ ക്രിക്കറ്റിനും രാജസ്ഥാൻ റോയൽസിനും ഗുണം ചെയ്യും.'' എന്നായിരുന്നു രോഹിത്തിന്റെ വാക്കുകൾ.

ക്രിക്കറ്റിനായി മുംബൈയിലേക്ക് കുടിയേറ്റം

ഇടം കയ്യനായ ഈ യുവതാരത്തിന്റെ കന്നി ഐപിഎൽ സെഞ്ചുറി നിലവിലെ സീസണിലെ ഏറ്റവും ഉയർന്ന സ്‌കോർ മാത്രമല്ല. എന്നാൽ പ്രീമിയർ ലീഗിന്റെ 2023 ബാറ്റിങ് റാങ്കിംഗിൽ അത് അദ്ദേഹത്തെ ഒന്നാമതെത്തിക്കുകയും ചെയ്തു.

എന്നാൽ ക്രിക്കറ്റിന്റെ വഴിയിലേക്കെത്തുന്നതിന് മുൻപ് ജയ്സ്വാൾ കടന്നു വന്ന വഴികൾ ആർക്കും പരിചിതമായിരിക്കില്ല. തെരുവിൽ ഭക്ഷണം വിറ്റും, ടെന്റുകളിൽ താമസിച്ചും നടന്ന ഒരു കാലമുണ്ട് ഈ താരത്തിന്. നിശ്ചയ ദാർഢ്യം കൊണ്ടും, കഠിന പരിശ്രമം കൊണ്ടും ക്രിക്കറ്റ് എന്ന സ്വപ്നം സഫലമാക്കാനായി നടന്ന ജയ്സ്വാളിലൂടെ ഇന്ന് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ യശസ്സ് ഉയർത്തപ്പെട്ടിരിക്കുകയാണ്.

ഉത്തർപ്രദേശിലെ ഒരു ദരിദ്രകുടുംബത്തിൽ ജനിച്ച ജയ്സ്വാൾ ചെറിയ കുട്ടി ആയിരിക്കെ തന്നെ മുംബൈ നഗരത്തിലേയ്ക്ക് കുടിയേറി. തന്റെ പതിനൊന്നാം വയസിൽ മാതാപിതാക്കൾ ഒപ്പമില്ലാതെയാണ് ആ ബാലൻ മുംബൈ നഗരത്തിൽ എത്തിപ്പെടുന്നത്.

അമ്മാവന്റെ സ്ഥലത്തുള്ള കാലിത്തൊഴുത്തിലായിരുന്നു ആ കാലങ്ങളിൽ ഉറങ്ങിയതെന്നും എന്നാൽ അവിടെ സ്ഥലമില്ലാതിരുന്നതിനാൽ മറ്റൊരു സ്ഥലത്തേയ്ക്ക് മാറി താമസിക്കാൻ അമ്മാവൻ ആവശ്യപ്പെട്ടതായും ഒരിക്കൽ താരം വ്യക്തമാക്കിയിരുന്നു. അതിനു ശേഷം ആസാദ് മൈതാനത്തിനടുത്തുള്ള ഒരു ടെന്റിലായിരുന്നു യശ്വസിയുടെ താമസം. പകൽ സമയത്ത് മുംബൈയിലെ സ്പോർട്സ് ഗ്രൗണ്ടിൽ ആയിരുന്നു ആ യുവാവ് ക്രിക്കറ്റ് കളിച്ചിരുന്നത്. ഭക്ഷണത്തിനുള്ള പണം കണ്ടെത്താനായി രാത്രിയിൽ പാനി പൂരി വിറ്റും നടന്നു

ആസാദ് മൈതാനത്തെ ജീവനക്കാർക്കൊപ്പമാണ് കുട്ടിക്കാലത്ത് യശസ്വി ഭക്ഷണം കഴിച്ചിരുന്നത്. ക്രിക്കറ്റ് പരിശീലകനായ ജ്വാല സിങ്ങിനൊപ്പം ചേർന്നതോടെയാണ് യശസ്വിയുടെ കരിയർ മാറിയത്. പരിശീലനത്തോടൊപ്പം യശസ്വിക്ക് താമസിക്കാനുള്ള സൗകര്യവും ജ്വാല സിങ് ഒരുക്കിനൽകി.

സച്ചിൻ തിളങ്ങിയ ടൂർണമെന്റിലൂടെ പേരെടുത്തു

ഹാരിസ് ഷീൽഡ് സ്‌കൂൾ ക്രിക്കറ്റ് ടൂർണമെന്റിൽ പുറത്താകാതെ 319 റൺസും 13 വിക്കറ്റും വീഴ്‌ത്തിയതോടെയാണ് യശസ്വി ജയ്‌സ്‌വാൾ ആദ്യമായി ആളുകളുടെ ശ്രദ്ധയിൽപെട്ടത്. ഇതേ ടൂർണമെന്റിൽ തിളങ്ങിയ മറ്റൊരാൾ പിന്നീട് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസമായി മാറിയിട്ടുണ്ട്, സാക്ഷാൽ സച്ചിൻ തെൻഡുൽക്കർ. ഹാരിസ് ഷീൽഡിൽ തിളങ്ങിയതോടെ യശസ്വിക്ക് ക്രിക്കറ്റിൽ തിരിഞ്ഞുനോക്കേണ്ടിവന്നില്ല. 2019ൽ ആഭ്യന്തര ക്രിക്കറ്റിൽ മുംബൈ ടീമിൽ ചേർന്നു. 15 മത്സരങ്ങളിൽനിന്ന് 1845 റൺസാണു താരം നേടിയത്. ഫസ്റ്റ് ക്ലാസിൽ ഒൻപതു സെഞ്ചറികളും രണ്ട് അർധ സെഞ്ചറികളുമുണ്ട്.

അണ്ടർ 19 ലോകകപ്പിലെ മിന്നുംതാരം

ലിസ്റ്റ് എ ക്രിക്കറ്റിൽ ഡബിൾ സെഞ്ചറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി. 17 വയസ്സായിരുന്നു ഡബിൾ സെഞ്ചറിയടിക്കുമ്പോൾ യശസ്വിയുടെ പ്രായം. പടവുകൾ ഓരോന്നായി ചവിട്ടിക്കയറിയ താരം 2020 അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ ടീമിലും കളിച്ചു. ലോകകപ്പിലെ പ്ലേയർ ഓഫ് ദ് ടൂർണമെന്റും അണ്ടർ 19 ഇന്ത്യൻ ടീമിന്റെ ടോപ് സ്‌കോററുമായി. ഇന്ത്യ ഫൈനലിൽ ബംഗ്ലാദേശിനോടു തോറ്റെങ്കിലും ആറു മത്സരങ്ങളിൽനിന്ന് യശസ്വി 400 റൺസെടുത്തു. ഒരു സെഞ്ചറിയും നാല് അർധ സെഞ്ചറികളും അതിലുൾപ്പെടും.

ബട്‌ലറെയും മറികടന്ന് യശസ്വി

2019ലെ ഐപിഎൽ താരലേലത്തിൽ 2.4 കോടി രൂപ ചെലവഴിച്ചാണ് യശസ്വിയെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. ഏതാനും സീസണുകൾക്കു ശേഷം ഇംഗ്ലിഷ് ക്യാപ്റ്റൻ ജോസ് ബട്‌ലർക്കൊപ്പം രാജസ്ഥാൻ ഓപ്പണിങ്ങിലെ വിശ്വസ്തനായി യശസ്വി ജയ്സ്‌വാൾ മാറി. ഒൻപതു മത്സരങ്ങളിൽനിന്ന് 428 റൺസുമായി, ഐപിഎൽ റൺവേട്ടക്കാരിൽ ഏറ്റവും മുന്നിലാണ് യശസ്വി ജയ്‌സ്‌വാൾ ഉള്ളത്. മുംബൈയ്‌ക്കെതിരായ സെഞ്ചറിയോടെ സൂപ്പർ താരങ്ങളായ വിരാട് കോലി, ഫാഫ് ഡുപ്ലേസി എന്നിവരെ പിന്തള്ളിയാണ് യശസ്വിയുടെ മുന്നേറ്റം.

53 പന്തുകളിൽനിന്നാണ് യശസ്വി ജയ്‌സ്‌വാൾ കരിയറിലെ ആദ്യ ഐപിഎൽ സെഞ്ചറി സ്വന്തമാക്കിയത്. താരത്തിന്റെ കരിയറിലെ 32 മത്സരത്തിലായിരുന്നു ഇത്. 2023 ഐപിഎല്ലിലെ ഇതുവരെയുള്ളതിൽ ഉയർന്ന വ്യക്തിഗത സ്‌കോറും ജയ്‌സ്വാളിന്റെ പേരിലായി. ഐപിഎൽ സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ നാലാമത്തെ താരമാണ് ജയ്‌സ്‌വാൾ. 21 വയസ്സുള്ള ജയ്‌സ്‌വാളിനെക്കാൾ ചെറു പ്രായത്തിൽ സെഞ്ചറി ഉറപ്പിച്ചത് മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, ദേവ്ദത്ത് പടിക്കൽ എന്നിവരാണ്.

ദേശീയ സീനിയർ ടീമിൽ കളിക്കാതെ ഒരു താരം ഐപിഎല്ലിൽ നേടുന്ന ഏറ്റവും ഉയർന്ന സ്‌കോറാണ് യശസ്വി വാങ്കഡേ സ്റ്റേഡിയത്തിൽ അടിച്ചെടുത്തത്. ദേശീയ ടീമിൽ കളിക്കാതെ സെഞ്ചറി നേടുന്ന അഞ്ചാമത്തെ താരം കൂടിയായി ജയ്‌സ്‌വാൾ. ഐപിഎല്ലിൽ ഒരു രാജസ്ഥാൻ താരം നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ കൂടിയാണിത്. ജയ്‌സ്‌വാൾ പഴങ്കഥയാക്കിയത് സൺറൈസേഴ്‌സിനെതിരെ ജോസ് ബട്‌ലർ നേടിയ 124 റൺസെന്ന റെക്കോർഡ് സ്‌കോറാണ്.

യശസ്വിയിൽ എന്നെക്കാൾ പ്രായം കുറഞ്ഞ ഒരാളെയാണ് ഞാൻ കണ്ടത്. എന്റെ ജീവിതത്തിന്റെ രണ്ടാം ഇന്നിങ്സിൽ നന്നായി കളിക്കാനായി ദൈവം എനിക്ക് മറ്റൊരു അവസരം നൽകിയതായിട്ടാണ് എനിക്ക് അപ്പോൾ തോന്നിയത്',പരിശീലകൻ ജ്വാല സിങ്ങ് മാധ്യമങ്ങളോട് വ്യക്തമാക്കി. 'വലിയ കാര്യങ്ങൾ ചെയ്യാനായി വിധിക്കപ്പെട്ടയാളാണ് ജയ്സ്വാൾ എന്ന് തോന്നുന്നു', മുതിർന്ന സ്പോർട്സ് ജേണലിസ്റ്റ് അയാസ് മേമൻ ട്വീറ്റ് ചെയ്തു. നിങ്ങൾ കണ്ടേക്കാവുന്ന ഏറ്റവും മികച്ച സെഞ്ചുറിയെന്നാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ് ഈ ഇന്നിങ്സിനെ വിശേഷിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP