Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചക്കക്കൊമ്പന് മദപ്പാട് കാലം; ആനക്കൂട്ടത്തെ വിട്ടകന്ന അരിക്കൊമ്പനെ കണ്ടെത്തിയത് ശങ്കരപാണ്ഡ്യമേട് ഭാഗത്ത്; സ്ഥലം തിരിച്ചറിഞ്ഞത് ഇന്നത്തെ ദൗത്യം അവസാനിപ്പിച്ച ശേഷം; മേഖലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകത ദൗത്യത്തിന് തടസ്സം; ആനയെ ഓടിച്ച് താഴെയിറക്കുമെന്ന് വനം വകുപ്പ്

ചക്കക്കൊമ്പന് മദപ്പാട് കാലം; ആനക്കൂട്ടത്തെ വിട്ടകന്ന അരിക്കൊമ്പനെ കണ്ടെത്തിയത് ശങ്കരപാണ്ഡ്യമേട് ഭാഗത്ത്; സ്ഥലം തിരിച്ചറിഞ്ഞത് ഇന്നത്തെ ദൗത്യം അവസാനിപ്പിച്ച ശേഷം; മേഖലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകത ദൗത്യത്തിന് തടസ്സം; ആനയെ ഓടിച്ച് താഴെയിറക്കുമെന്ന് വനം വകുപ്പ്

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: ഒരു പകൽ നീണ്ട തിരച്ചിലിനൊടുവിൽ അരിക്കൊമ്പനെ കണ്ടെത്തി വനം വകുപ്പ്. ഇടുക്കി ശങ്കരപാണ്ഡ്യമേട് ഭാഗത്താണ് ആനയെ കണ്ടെത്തിയത്. ഇടതൂർന്ന ചോലയ്ക്കുള്ളിലാണ് അരിക്കൊമ്പനുള്ളത്. ശനിയാഴ്ച ആനയെ ഓടിച്ച് താഴെയിറക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. ശങ്കരപാണ്ഡ്യമേട്ടിൽ നിന്നും ഗോവിന്ദൻ എസ്റ്റേറ്റിലേക്ക് പോകുന്ന വഴിയിലാണ് ആനയെ കണ്ടെത്തിയത്. അരിക്കൊമ്പൻ കൂട്ടം വിടാൻ കാരണം ചക്കക്കൊമ്പന്റെ സാന്നിധ്യമാണെന്ന് വനം വകുപ്പ് പറയുന്നു.

ചക്കക്കൊമ്പന് മദപ്പാട് കാലം തുടങ്ങി. മദപ്പാടുള്ള ആന കൂട്ടത്തിലേക്ക് വന്നാൽ ഇവിടെയുള്ള കൊമ്പൻ കൂട്ടം വിടുന്നതാണ് പതിവെന്ന് വനം വകുപ്പ് അധികൃതർ പറയുന്നു. അരിക്കൊമ്പൻ കൂട്ടം വിടുകയും ചക്കക്കൊമ്പൻ കൂട്ടത്തിനൊപ്പം ചേരുകയുമായിരുന്നു. അരിക്കൊമ്പന് മദപ്പാട് കാലം കഴിഞ്ഞെന്നും വനം വകുപ്പ് അറിയിച്ചു. നാട്ടുകാരാണ് അരിക്കൊമ്പനെ ശങ്കരപാണ്ഡ്യമേട് ഭാഗത്ത് കണ്ടത്. ദൗത്യം ആരംഭിച്ച വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് ആനയെ നാട്ടുകാർ കണ്ടെത്തിയത്. ഉടൻ തന്നെ വനംവകുപ്പിനെ വിവരം അറിയിച്ചുവെന്ന് നാട്ടുകാർ പറഞ്ഞു.

അരിക്കൊമ്പൻ എവിടെയെന്ന് കൃത്യമായി കണ്ടെത്താൻ വനം വകുപ്പിന് കഴിയാതെ പോയതാണ് ഇന്നത്തെ ദൗത്യത്തിന്റെ പരാജയത്തിന് വഴിവച്ചത്. അരിക്കൊമ്പൻ ഉൾപ്പെട്ട ആനക്കൂട്ടം എന്നു കരുതി വനം വകുപ്പ് പിന്തുടർന്നത് ചക്കക്കൊമ്പൻ ഉൾപ്പെടെ മറ്റ് ചില ആനകളെയായിരുന്നു. ചിന്നക്കനാൽ മേഖലയിൽ നിന്ന് 15 കിലോമീറ്ററോളം അകലെ ശങ്കരപാണ്ഡ്യമേട്ടിലേക്ക് ബുധനാഴ്ച രാത്രി തന്നെ അരിക്കൊമ്പൻ കടന്നിരുന്നു.

അരിക്കൊമ്പൻ ചിന്നക്കനാലിനടുത്ത് വേസ്റ്റ് കുഴിയിലെ യൂക്കാലികാട്ടിൽ ഉണ്ടെന്ന അനുമാനത്തിലാണ് ഇന്ന് പുലർച്ചെ തന്നെ വനം വകുപ്പ് ആനയെ പിടിക്കാൻ ഇറങ്ങിയത്. വനംവകുപ്പിന്റെ കണക്കു കൂട്ടൽ ശരിയെന്നു തോന്നിപ്പിക്കും വിധം അതികാലത്ത് തന്നെ ഒരു ആനക്കൂട്ടം ചിന്നക്കനാൽ മേഖലയിൽ എത്തുകയും ചെയ്തു. കൂട്ടത്തിലെ കൊമ്പൻ അരിക്കൊമ്പൻ എന്ന നിഗമനത്തിൽ മയക്കു വെടി വയ്ക്കാൻ ഇറങ്ങിയ ദൗത്യസംഘം അവസാന നിമിഷമാണ് അത് ചക്കക്കൊമ്പനാണെന്ന അബദ്ധം തിരിച്ചറിഞ്ഞത്.

അരിക്കൊമ്പൻ ഇല്ലെന്ന് വ്യക്തമായതിന് പിന്നാലെയാണ് ആന ചിന്നക്കനാൽ നിന്ന് 15 കിലോമീറ്റർ അകലെ ശങ്കര പാണ്ഡ്യ മേട്ടിൽ ഉണ്ടെന്ന വിവരം നാട്ടുകാരിൽ നിന്ന് വനം വകുപ്പിന് കിട്ടി. ശങ്കരപാണ്ഡ്യ മേട്ടിൽ വച്ച് ദൗത്യം നടപ്പാക്കുക വനം വകുപ്പിന് വെല്ലുവിളിയാണ്. മേഖലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാണ് തടസം. കോടതിയുടെ കർശന മേൽനോട്ടത്തിൽ നടന്നൊരു ദൗത്യം പാളിയതിനെക്കാൾ, ഒരു മാസമായി പിന്തുടർന്ന ആനയെ കൃത്യമായി കണ്ടെത്താൻ പോലും കഴിയാതെ പോയതിന്റെ നാണക്കേടാണ് വനം വകുപ്പിനെ ഇപ്പോൾ അലട്ടുന്നത്.

വനം വകുപ്പിന്റെ അരിക്കൊമ്പൻ ദൗത്യം ശനിയാഴ്ച രാവിലെ എട്ടു മണിക്ക് പുനരാരംഭിക്കുമെന്ന് മൂന്നാർ ഡിഎഫ്ഒ രമേശ് ബിഷ്‌ണോയ് അറിയിച്ചിരുന്നു. ട്രാക്കിങ് സംഘം പുലർച്ചെ മുതൽ അരിക്കൊമ്പനെ നിരീക്ഷിക്കും. നാളെ പൂർത്തിയായില്ലെങ്കിൽ ഞായറാഴ്ചയും ദൗത്യം തുടരുമെന്നും ഡിഎഫ്ഒ അറിയിച്ചു.

വെള്ളിയാഴ്ച പുലർച്ചെ 4.30ന് ദൗത്യം ആരംഭിച്ചെങ്കിലും, ഉച്ചയ്ക്ക് 12 മണിയായിട്ടും അരിക്കൊമ്പനെ കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ തൽക്കാലത്തേക്ക് അവസാനിപ്പിച്ചിരുന്നു. ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാൽ പ്രദേശത്തുള്ള ഉദ്യോഗസ്ഥർക്ക് മടങ്ങാൻ ഔദ്യോഗികമായി നിർദ്ദേശം നൽകി. അരിക്കൊമ്പനെ കണ്ടെത്താനായി കൂടുതൽ പേരടങ്ങുന്ന സംഘം തിരച്ചിലിറങ്ങിയെങ്കിലും അതും വിഫലമായി. രാവിലെ ദൗത്യസംഘം കണ്ടതും ചാനലുകളിൽ ഉൾപ്പെടെ ദൃശ്യങ്ങൾ പ്രചരിച്ചതും മറ്റൊരു കാട്ടാനയായ ചക്കക്കൊമ്പന്റെയാണെന്നാണ് വനംവകുപ്പ് നൽകിയ വിശദീകരണം.

കാട്ടാനക്കൂട്ടത്തിനൊപ്പം അരിക്കൊമ്പൻ നിൽക്കുന്നുവെന്നായിരുന്നു വിവരമെങ്കിലും, ആനക്കൂട്ടത്തിനൊപ്പമുള്ളത് ചക്കക്കൊമ്പനാണെന്ന് വനം വകുപ്പ് അറിയിക്കുകയായിരുന്നു. ഈ മേഖലയിലുള്ള മറ്റു പ്രധാന ആനകളെയെല്ലാം കണ്ടെത്താൻ വനംവകുപ്പിന് സാധിച്ചെങ്കിലും, അരിക്കൊമ്പനെ മണിക്കൂറുകളോളം കണ്ടെത്താനായിരുന്നില്ല.

അരിക്കൊമ്പൻ ദൗത്യവുമായി ബന്ധപ്പെട്ട് ചിന്നക്കനാൽ പഞ്ചായത്തിലും ശാന്തൻപാറ പഞ്ചായത്തിലെ 1,2,3 വാർഡുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ദൗത്യം പൂർത്തിയാകും വരെയാണ് നിയന്ത്രണം. ഇന്നു പുലർച്ചെ നാലരയോടെയാണ് വനംവകുപ്പ് അരിക്കൊമ്പൻ ദൗത്യത്തിന് തുടക്കം കുറിച്ചത്.

വനം വകുപ്പ് ജീവനക്കാർ, മയക്കുവെടി വിദഗ്ധൻ ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിൽ വെറ്ററിനറി സർജന്മാർ, കുങ്കിയാനകളുടെ പാപ്പാന്മാർ ഉൾപ്പെടെ 150 പേരാണ് ദൗത്യത്തിൽ പങ്കെടുക്കുത്തത്. ആന നിൽക്കുന്ന സ്ഥലം നിർണയിക്കാൻ ചുമതലപ്പെടുത്തിയ ആദ്യസംഘം പുലർച്ചെ നാലേമുക്കാലോടെ കാട്ടിലേക്ക് തിരിച്ചു. ഈ സംഘം 6.20ഓടെ ആന നിൽക്കുന്ന സ്ഥലം നിർണയിച്ച് മയക്കുവെടി വയ്ക്കാനുള്ള രണ്ടാം സംഘം ദൗത്യത്തിനായി രംഗത്തിറങ്ങി. ആറരയോടെ കുങ്കിയാനകളും രംഗത്തിറങ്ങി.

ഇതിനിടെ ഇന്നു പുലർച്ചെ മുത്തമ്മ കോളനിക്കു സമീപം അരിക്കൊമ്പനെ കണ്ടതായി വാർത്തകൾ പ്രചരിച്ചു. പിന്നീട് സിമന്റ് പാലം പ്രദേശത്ത് അരിക്കൊമ്പൻ നിൽക്കുന്നുവെന്നായി പ്രചാരണം. ഇതോടെ മയക്കുവെടി വയ്ക്കാൻ ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിൽ വെറ്ററിനറി സർജന്മാർ അടങ്ങുന്ന സംഘം ബേസ് ക്യാംപിൽ നിന്ന് പുറപ്പെടുകയും ചെയ്തു. മയക്കുവെടി വയ്ക്കാനുള്ള സംഘം സജ്ജമായെങ്കിലും അരിക്കൊമ്പൻ മറ്റ് ആനകൾക്കൊപ്പം എത്തിയത് പ്രതിസന്ധി സൃഷ്ടിക്കുന്നതായി റിപ്പോർട്ടുകൾ വന്നു. ഇതിനിടെയാണ്, ഇതുവരെ കണ്ടത് ചക്കക്കൊമ്പനെയാണെന്ന് വനംവകുപ്പ് അറിയിച്ചത്.

ഒടുവിൽ ദൗത്യം അവസാനിച്ച് മണിക്കൂറുകൾക്കു ശേഷമാണ് അരിക്കൊമ്പൻ ഉള്ള സ്ഥലം തിരിച്ചറിയാനായത്. കഴിഞ്ഞ തവണ ദൗത്യം പ്രഖ്യാപിച്ചപ്പോഴും അരിക്കൊമ്പൻ ശങ്കരപാണ്ഡ്യമേട് മേഖലയിലേക്ക് പോയിരുന്നു.

ഇപ്പോൾ ആർ.ആർ.ടി സംഘങ്ങൾ ശങ്കരപാണ്ഡ്യമേട് പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്. സംഘാഗങ്ങളുടെ പൂർണ നിരീക്ഷണത്തിലാണ് കൊമ്പൻ. എന്നാൽ, ശങ്കരപാണ്ഡ്യമേട്ടിൽ വെച്ച് മയക്കുവെടിവെക്കുക എന്നത് അസാധ്യമാണ്. അതിനാൽ തന്നെ ദൗത്യമേഖലയിലേക്ക് ആനയെ എത്തിക്കുകയെന്ന ലക്ഷ്യമാണ് ഇനി വനംവകുപ്പിന് മുന്നിലുള്ളത്. സാധാരണഗതിയിൽ ശങ്കരപാണ്ഡ്യമേട്ടിലേക്കു കയറിയാൽ രണ്ടാഴ്ചയോളം അവിടെ ചെലവഴിക്കുകയാണ് അരിക്കൊമ്പന്റെ ശീലമെന്നാണ് പ്രദേശവാസികൾ വ്യക്തമാക്കിയത്. അതിനാൽ തന്നെ അരിക്കൊമ്പനെ 301 കോളനിയിലെത്തിക്കുക എന്ന കടമ്പ വനംവകുപ്പിന് ദുഷ്‌കരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP