Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആശ്വസിക്കാറായിട്ടില്ല; ചെന്നൈ നഗരത്തിൽ വീണ്ടും മഴ കനത്തു; 12 മണിക്കൂറിനുശേഷം മഴ പെയ്തത് വെള്ളമിറങ്ങുമെന്ന പ്രതീക്ഷ കെടുത്തി; ആശ്വാസമേകി ചെന്നൈയിൽ നിന്ന് കെഎസ്ആർടിസിയുടെ പ്രത്യേക സർവീസ്; വിമാനത്താവളവും നാളെ തുറക്കും

ആശ്വസിക്കാറായിട്ടില്ല; ചെന്നൈ നഗരത്തിൽ വീണ്ടും മഴ കനത്തു; 12 മണിക്കൂറിനുശേഷം മഴ പെയ്തത് വെള്ളമിറങ്ങുമെന്ന പ്രതീക്ഷ കെടുത്തി; ആശ്വാസമേകി ചെന്നൈയിൽ നിന്ന് കെഎസ്ആർടിസിയുടെ പ്രത്യേക സർവീസ്; വിമാനത്താവളവും നാളെ തുറക്കും

ചെന്നൈ: വെള്ളമിറങ്ങുമെന്ന പ്രദേശവാസികളുടെ പ്രതീക്ഷ തല്ലിക്കെടുത്തി ചെന്നൈയിൽ വീണ്ടും കനത്ത മഴ. മണിക്കൂറുകൾനേരത്തെ ശമനത്തിന് ശേഷമാണു ചെന്നൈയിൽ വീണ്ടും മഴ കനത്തത്.

ഇന്നലെ മുതൽ ഏകദേശം 12 മണിക്കൂറോളം ചെന്നൈയിൽ മഴ പെയ്തിരുന്നില്ല. അതിന് ശേഷമാണ് വീണ്ടും മഴ ആരംഭിച്ചത്. അതിനിടെ, കനത്ത മഴയെയും പ്രളയത്തെയും തുടർന്ന് അടച്ച ചെന്നൈ വിമാനത്താവളം നാളെ തുറക്കും. വിമാനത്താവളം തുറന്നു പ്രവർത്തിക്കാനുള്ള അനുമതി ഡിജിസിഎ നൽകി. പകൽസമയത്തു മാത്രമാണ് സർവീസ് ഉണ്ടാകുക.

ഉച്ചകഴിഞ്ഞു മൂന്നോടെയാണ് മഴ ആരംഭിച്ചത്. രാവിലെ മഴ കുറഞ്ഞപ്പോൾ നദികളിലെയും മറ്റും ജലനിരപ്പ് താഴുമെന്നും റോഡുകളിലും വീടുകളിലും കയറിയിരിക്കുന്ന വെള്ളം ഇറങ്ങുമെന്നും പ്രദേശവാസികൾക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, ആ പ്രതീക്ഷകളെ തകിടം മറിച്ചാണ് മഴ വീണ്ടും ശക്തിപ്പെട്ടത്. ചെന്നൈ നഗരത്തിന്റെ പ്രധാനഭാഗങ്ങളിലെല്ലാം വെള്ളക്കെട്ടുകൾ കൊണ്ട് ഒറ്റപ്പെട്ടു. സബ്‌വേകളിലും മറ്റും ഡ്രെയിനേജ് സംവിധാനം ഇല്ലാത്തത് വെള്ളക്കെട്ടു രൂക്ഷമാക്കി.

ദുരിതത്തിലായ ആളുകൾക്ക് തണലേകാൻ സർക്കാർ സംവിധാനങ്ങൾക്കൊപ്പം സ്വകാര്യ സ്ഥാപനങ്ങളും രംഗത്തുണ്ട്. കേരളത്തിൽനിന്ന് ഉൾപ്പെടെ ചെന്നൈയിലേക്ക് കുടിവെള്ളവും വസ്ത്രങ്ങളും ഭക്ഷണവും മറ്റും എത്തിച്ചു നൽകുന്നുണ്ട്. സന്നദ്ധസംഘടനകളും വ്യക്തികളും സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്.

മഴ കനത്ത് വെള്ളപ്പൊക്കം രൂക്ഷമായതിന് പിന്നാലെ ചെന്നൈയിലെ വിവിധ ഭാഗങ്ങളിൽനിന്നായി 50,000 ത്തോളം പേരെ രക്ഷപ്പെടുത്തുകയും മാറ്റി പാർപ്പിക്കുകയും ചെയ്തു. രക്ഷാപ്രവർത്തനത്തിന് കരസേനയും നാവികസേനയും ദേശീയദുരന്ത നിവാരണസേനയും രംഗത്തുണ്ട്. ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ നിന്ന് കേരളത്തിലേക്കുൾപ്പെടെ വിവിധ ഭാഗങ്ങളിലേക്കുള്ള സർവ്വീസുകൾ റദ്ദാക്കി. രണ്ടുദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ റിപ്പോർട്ട്.

ദുരിതാശ്വാസത്തിന്റെ ഭാഗമായി പ്രത്യേക സർവീസ് ഒരുക്കി കെഎസ്ആർടിസി

ചെന്നൈ: പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി ചെന്നൈയിൽനിന്നു കെഎസ്ആർടിസി പ്രത്യേക ബസ് സർവീസുകൾ നടത്തും. രാവിലെ ഒമ്പതു മുതൽ ചെന്നൈയിൽനിന്നു തിരുവനന്തപുരത്തേക്കും തൃശൂരിലേക്കും ഓരോ മണിക്കൂർ ഇടവിട്ടു സർവീസുണ്ടാകും. കോയമ്പേട്, സിഎംസി ഡിപ്പോകളിൽനിന്നാകും സർവീസ്. കൂടുതൽ വിവരങ്ങൾക്ക് 09449020305 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

ഈ സൗകര്യം ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്നവർ തമിഴ്‌നാട് സ്റ്റേറ്റ് എക്സ്‌പ്രസ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (എസ്.ഇ.റ്റി.സി) കോയംബേഡ് സി.എം.സി സ്റ്റാന്റിലെ നാല്, അഞ്ച് ബസ് ബേകളിൽ എത്തിച്ചേരണം. ഇതുമായി ബന്ധപ്പെട്ട വിശദാംശത്തിന് ചെന്നൈയിൽ ക്യാമ്പ് ചെയ്യുന്ന കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരുമായും തിരുവനന്തപുരം, തൃശൂർ ഡിപ്പോകളുമായും ബന്ധപ്പെടാം. കൂടാതെ തിരുവനന്തപുരം സെൻട്രൽ കൺട്രോൾ റൂമിലും വിശദാംശം ലഭിക്കും. ചെന്നൈ എഗ്‌മോറിലുള്ള കേരളാ ഹൗസിൽ പ്രത്യേക കൗണ്ടർ ആരംഭിച്ചു. മൊബൈൽ : 9444186238, ലാൻഡ് ഫോൺ 044 28293020. ബന്ധപ്പെടേണ്ട മറ്റ് നമ്പരുകൾ : തിരുവനന്തപുരം ഡി.റ്റി.ഒ 9495099902, തൃശൂർ ഡി.റ്റി.ഒ 9495099909, പാലക്കാട് ഡി.ടി.ഒ 9495099910, ചെന്നൈ ഇൻസ്‌പെക്ടർ ജയരാജ് 9449020305, തിരുവനന്തപുരത്തെ കൺട്രോൾ റൂം നമ്പർ 9447071014

ചെന്നൈയിലേക്കു പ്രത്യേക ട്രെയിൻ വൈകിട്ട് 5.15നും രാത്രി 9.10നും

കേരളത്തിൽനിന്നു ചെന്നൈയിലേക്കു രണ്ടു പ്രത്യേക ട്രെയിനുകൾ ദക്ഷിണ റെയിൽവേ സർവീസ് നടത്തും. വൈകിട്ട് 5.15നു തിരുവനന്തപുരത്തുനിന്നു കോട്ടയം വഴി ആരക്കോണത്തേക്കും ഗുരുവായൂരിൽനിന്നു രാത്രി 9.10നു തിരുനൽവേലി വഴി വില്ലുപുരം വരെയുമാകും ട്രെയിൻ സർവീസ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP