Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭിന്നിച്ചു നിന്നാൽ രാജസ്വത്തുകൾ നഷ്ടമാകുമെന്ന് തിരിച്ചറിവ്; 'ഒളിച്ചോടിയ' മഹാറാണിയുടെ അനന്തരാവകാശികളും കവടിയാറിലെ തലമുറയും ഭിന്നതകൾ മാറ്റി വച്ച് ഒരുമിച്ചു! ഡൽഹിയിലെ ട്രാവൻകൂർ ഹൗസും കപൂർത്തല പ്ലോട്ടും വിൽക്കാൻ വീണ്ടും തിരുവിതാംകൂർ രാജകുടുംബത്തിന്റെ കരുനീക്കം; വീണ്ടും കരാർ ഒപ്പിട്ടു; ശതകോടികളുടെ ഡൽഹി സ്വത്ത് കേരളത്തിന് നഷ്ടമാകുമോ?

ഭിന്നിച്ചു നിന്നാൽ രാജസ്വത്തുകൾ നഷ്ടമാകുമെന്ന് തിരിച്ചറിവ്; 'ഒളിച്ചോടിയ' മഹാറാണിയുടെ അനന്തരാവകാശികളും കവടിയാറിലെ തലമുറയും ഭിന്നതകൾ മാറ്റി വച്ച് ഒരുമിച്ചു! ഡൽഹിയിലെ ട്രാവൻകൂർ ഹൗസും കപൂർത്തല പ്ലോട്ടും വിൽക്കാൻ വീണ്ടും തിരുവിതാംകൂർ രാജകുടുംബത്തിന്റെ കരുനീക്കം; വീണ്ടും കരാർ ഒപ്പിട്ടു; ശതകോടികളുടെ ഡൽഹി സ്വത്ത് കേരളത്തിന് നഷ്ടമാകുമോ?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേരള സർക്കാരിന്റെ കൈവശമുള്ള ഡൽഹിയിലെ ട്രാവൻകൂർ ഹൗസ് വിൽക്കാൻ നീക്കം തകൃതി. ഇതുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ രാജുകുടുംബത്തിലെ രണ്ട് ഗ്രൂപ്പുകൾ തമ്മിലെ തർക്കം പരിഹരിച്ചതായാണ് സൂചന. തിരുവനന്തപുരത്തേയും ബംഗ്ലൂരുവിലേയും രാജ കുടുംബങ്ങൾ ചേർന്നാണ് ഇപ്പോൾ നീക്കം നടത്തുന്നത്. സംസ്ഥാന സർക്കാരിന്റെ കൈവശമുള്ള ട്രാവൻകൂർ ഹൗസും കപൂർത്തല പ്ലോട്ടും വിൽക്കാനാണ് നീക്കം. ശതകോടികളുടെ കരാറിൽ രാജകുടുംബത്തിലെ ബന്ധപ്പെട്ടവർ വീണ്ടും ഒപ്പിട്ടെന്നാണ് സൂചന. ചെന്നൈ ആസ്ഥാനമായ റിയിൽ എസ്റ്റേറ്റ് ഗ്രൂപ്പാകും ഈ കണ്ണായ സ്ഥലം വാങ്ങാനുള്ള കരുനീക്കങ്ങള്ക്ക് പിന്നിൽ. ശതകോടികളുടെ സ്വത്തിൽ അടിയന്തര ഇടപെടലുകൾ സംസ്ഥാന സർക്കാർ നടത്തിയില്ലെങ്കിൽ കൈമോശം വരാൻ സാധ്യത ഏറെയാണ്.

ബംഗ്ലൂരുവിലുള്ള രാജകുടുംബം ഇതിന് നേരത്തെ ശ്രമിച്ചിരുന്നു. എന്നാൽ തിരുവനന്തപുരത്തുള്ള രാജ കുടുംബാംഗങ്ങൾ എതിർപ്പുമായി എത്തി. ഇതിനിടെ രാജകുടുംബത്തിന്റെ നീക്കം സംസ്ഥാന സർക്കാർ അംഗീകരിക്കില്ലെന്നും വ്യക്തമാക്കി. സാംസ്‌കാരിക കേന്ദ്രമാക്കാൻ സംസ്ഥാന സർക്കാർ പദ്ധതിയിട്ട സ്ഥലമാണ് അനുമതിയില്ലാതെ വിൽക്കാൻ മുൻ രാജകുടുംബം ശ്രമിച്ചത്. ഇതിനെതിരായ വാർത്തകൾ സജീവമായി. ഇതിനൊപ്പം രാജകുടുംബത്തിലെ ഭിന്നതയും. ഇത് പരിഹരിക്കാൻ ചിലർ മുന്നിലെത്തി. ഇതോടെ രാജകുടുംബാംഗങ്ങൾക്കിടയിലുള്ള പ്രശ്‌നങ്ങൾ പരിഹരിച്ചു. ഇപ്പോൾ സംയുക്തമായാണ് വിൽപ്പനയ്ക്കുള്ള ശ്രമമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

ഡൽഹിയിലെ ട്രാവൻകൂർ ഹൗസിന്റേയും കപൂർത്തല പ്ലോട്ടിന്റേയും ഉടമസ്ഥാവകാശം തിരികെ ലഭിക്കാൻ ഇടപെടലാവശ്യപ്പെട്ട് തിരുവിതാംകൂർ രാജകുടുംബം നടത്തുന്ന ഇടപെടൽ വിജയത്തിലേക്കെന്ന് സൂചന നേരത്തെ പുറത്തു വരുന്നിരുന്നു. ഇതു സംബന്ധിച്ച് രാജകുടുംബത്തിന് അനുകൂലമായ നിലപാട് കേന്ദ്ര സർക്കാരിനെ കേരളം അറിയിച്ചുവെന്നാണ് സൂചന മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. കൊട്ടാരം പ്രതിനിധി ആദിത്യ വർമയാണ് ദേശീയ ലാന്റ് ഡെവലപ്മെന്റ് ഓഫിസറെ സമീപിച്ചത്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ അഭിപ്രായം കേന്ദ്ര സർക്കാർ ആരാഞ്ഞു. അനുകൂല തീരുമാനം കേന്ദ്ര സർക്കാരിൽ നിന്നുണ്ടാകാൻ വേണ്ടിയാണ് തിരുവിതാംകൂർ രാജകുടുംബത്തിലെ രണ്ട് ചേരികളും ഒരുമിച്ചതെന്നും സൂചനയുണ്ട്. രണ്ടു പേരും അവകാശ വാദം ഉന്നയിച്ചാൽ ഒന്നും നടക്കില്ലെന്ന സ്ഥിതി ഉണ്ടാകുമായിരുന്നു.

മാസങ്ങൾക്ക് മുമ്പ് ഡൽഹിയിലെ ട്രാവൻകൂർ ഹൗസ് വിൽക്കാൻ തിരുവിതാംകൂർ രാജകുടുംബത്തിൽപെട്ട ചിലർ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തു വരുമ്പോൾ നിറഞ്ഞത് തിരുവിതാംകൂർ രാജകുടംബത്തിലെ പുതിയ അവകാശ തർക്കമായിരുന്നു. തിരുവിതാംകൂർ രാജകുടുംബത്തിന്റെ തലവൻ താമസിക്കുന്നത് കവടിയാറിലാണ്. തിരുവിതാംകൂർ രാജകുടുംബത്തിന്റെ ശാഖയായ പഴയ റീജന്റ് രാജ്ഞിയുടെ കുടുംബാംഗങ്ങളാണ് കരാർ ഒപ്പിട്ടതെന്നും ആ വസ്തുവിന്മേൽ അവർക്ക് അവകാശം ഉണ്ടെന്ന് ആരെയെങ്കിലും തെറ്റിദ്ധരിപ്പിച്ചിരിക്കാമെന്നും കവടിയാർ കൊട്ടാരത്തിലെ രാജകുടുംബാംഗം പ്രതികരിച്ചിരുന്നു.

ശ്രീമൂലം തിരുനാൾ രാമവർമ്മയുടെ മരണ സമയത്ത് യുവരാജാവായ ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയ്ക്ക് പന്ത്രണ്ടു വയസ്സ് മാത്രമായിരുന്നു പ്രായം. അദ്ദേഹത്തിന് പതിനെട്ടു വയസ്സാകുന്നതുവരെ തിരുവിതാംകൂറിന്റെ ചുമതല സേതു ലക്ഷ്മിഭായി രാജപ്രതിനിധി (റീജെന്റ്) എന്ന നിലയിൽ ഏറ്റെടുത്തത്. തിരുവിതാംകുറിൽ മൃഗബലി അവസാനിപ്പിച്ചതും ചേർത്തല പൂരപാട്ട് നിരോധിച്ചും ദേവദാസിസമ്പ്രദായം പൂർണ്ണമായി നിരോധിച്ചതും വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേനട വഴി ഒഴികെ മറ്റു മൂന്നു നടവഴികളും ദളിതർക്കും കൂടി സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ചതും സേതു ലക്ഷ്മിഭായിയുടെ ഭരണകാലത്തായിരുന്നു. ഇന്ത്യ സ്വതന്ത്രമായ ശേഷം 1958 ൽ സേതു ലക്ഷ്മിഭായി ബംഗളൂരുവിലേക്ക് താമസം മാറ്റി. പിന്നീട് ഒരിക്കലും അവർ കേരളത്തിലേക്ക് മടങ്ങി വന്നിട്ടില്ല. 1985-ൽ തൊണ്ണൂറാം വയസ്സിൽ ബംഗളൂരുവിൽ വച്ച് അവർ അന്തരിച്ചു. തിരുവിതാംകൂർ രാജകുടുംബത്തിലെ ചില സമ്മർദ്ദങ്ങൾ കാരണമാണ് അവർ നാടുവിട്ടതെന്ന വ്യാഖ്യാനവും ഉണ്ട്.

മാവേലിക്കര ഉത്സവമഠം കൊട്ടാരത്തിലെ ആയില്യം നാൾ മഹാപ്രഭ തമ്പുരാട്ടിയുടെയും കിളിമാനൂർ കോവിലകത്തെ കേരള വർമ്മ കോയിത്തമ്പുരാന്റെയും മകളായി 1895 നവംബർ 19-നു ജനനം. ലോകപ്രശസ്തനായ ചിത്രകാരൻ രാജാ രവിവർമ്മയുടെ പുത്രിയാണ് മഹാപ്രഭ. രാജകുടുംബത്തിന് അനന്തരാവകാശികളില്ലാതെ വന്നതിനാൽ സേതു ലക്ഷ്മിഭായിയെയും സേതു പാർവതിഭായിയെയും മാവേലിക്കര ഉത്സവമഠം കൊട്ടാരത്തിൽ നിന്നും ദത്തെടുത്തതാണ്. അങ്ങനെയാണ് തിരുവിതാംകൂർ രാജകുടുംബത്തിന്റെ ഭാഗമായത്. സേതുലക്ഷമീഭായിതമ്പുരാട്ടി വിവാഹം ചെയ്തത് ഹരിപ്പാട് അനന്തപുരം കൊട്ടാരത്തിലെ രാമവർമ്മ കോയിത്തമ്പുരനെയാണ്. അദ്ദേഹം കേരള വർമ വലിയകോയിതമ്പുരാന്റെ അനന്തിരവനാണ്. ദത്തെടുക്കലിലൂടെ തന്നെ സേതു ലക്ഷ്മിഭായിയും തിരുവിതാംകൂർ രാജകുടുംബത്തിന്റെ ഭാഗമായി. ഈ സാഹചര്യത്തിലാണ് അവരുടെ തലമുറയും അവകാശം ഉന്നയിക്കുന്നത്. രണ്ടു കൂട്ടരും ഭിന്നിച്ച് നിന്നാൽ ഒന്നും നടക്കില്ലെന്ന ബോധ്യം അവർക്കിടയിലുണ്ടായി. അങ്ങനെയാണ് അവർ ഒരുമിച്ച് ഡൽഹിയിലെ വസ്തു വിൽക്കാനുള്ള നീക്കം സജീവമാക്കുന്നത്.

ഡൽഹിയുടെ ഹൃദയഭാഗത്ത് ബ്രിട്ടീഷ് കാലത്ത് നിർമ്മിച്ച ട്രാവൻകൂർ ഹൗസും അതിനോട് ചേർന്ന എട്ട് ഏക്കർ ഭൂമിയുമാണ് വിൽക്കാൻ ശ്രമിക്കുന്നത്. കവിടയാറിലാണ് തിരുവിതാംകൂർ രാജകുടുംബം കേന്ദ്രീകരിക്കുന്നത്. 2019ൽ ട്രാവൻകൂർ ഹൗസിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് രാജകുടുംബം അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ സർക്കാർ ഇത് അനുവദിച്ചു നൽകിയിരുന്നില്ല. ഇക്കാര്യത്തിൽ മാറ്റങ്ങളൊന്നുമില്ലാതിരിക്കെയാണ് റിയൽ എസ്റ്റേറ്റ് കമ്പനിയുമായി കരാറുണ്ടാക്കിയിരിക്കുന്നത്. രാജകുടുംബത്തിലെ രണ്ടു വിഭാഗങ്ങളും ഒരുമിച്ചതോടെ വിൽപ്പന എളുപ്പമാകുമെന്നാണ് വിലയിരുത്തൽ.

1930ലാണ് ട്രാവൻകൂർ ഹൗസ് നിർമ്മിച്ചത്. സ്വാതന്ത്ര്യത്തിന് ശേഷം ടെറിട്ടോറിയൽ ആർമിക്ക് ഉപയോഗിക്കാൻ വേണ്ടി കേന്ദ്ര സർക്കാരിന് കൈമാറിയിരുന്നു. ഇത് പിന്നീട് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന് നൽകുകയായിരുന്നു. ഹൗസിലെ പുനരുദ്ധാരണപ്രവർത്തനങ്ങളടക്കം സംസ്ഥാന സർക്കാരാണ് ചെയ്യുന്നത്. കഴിഞ്ഞ വർഷം കരാർ ഒപ്പിട്ടത് വാർത്ത ആയതിന് പിന്നാലെ ട്രാവൻകൂർ ഹൗസ് പൂർണ്ണമായി സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും ഇത് കൈമാറ്റാൻ ചെയ്യാൻ തീരുമാനിച്ചിട്ടില്ലെന്നും അതിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും വ്യക്തമാക്കി സംസ്ഥാന സർക്കാർ വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. ഇതിന് ശേഷവും വിൽപ്പന ശ്രമങ്ങളിൽ നിന്നും രാജകുടുംബം പിന്മാറുന്നില്ല.

ട്രാവൻകൂർ ഹൗസിന്റെ തനിമ നിലനിർത്തി കേരളീയ സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചുവരികയാണെന്നും സർക്കാർ വിശദീകരിച്ചു. കസ്തൂർബാ ഗാന്ധി മാർഗിൽ സ്ഥിതി ചെയ്യുന്ന ട്രാവൻകൂർ ഹൗസ് പൂർണമായും സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലും കൈവശത്തിലുമുള്ളതാണെന്നും കെട്ടിടത്തിന്റെ ൈപതൃകത്തനിമ നിലനിർത്തി കേരളീയ സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കാൻ നടപടി പുരോഗമിക്കുകയാണെന്നും പൊതുഭരണ വിഭാഗം വിശദീകരിച്ചിരുന്നു.

സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചു 2019 ൽ തിരുവിതാംകൂർ രാജകുടുംബം അവകാശവാദം ഉയർത്തിയിരുന്നു. ഡൽഹിയിലെ കപൂർത്തല പ്ലോട്ടിന്റെയും ട്രാവൻകൂർ ഹൗസിന്റെയും ഉടമസ്ഥാവകാശം തിരികെ ആവശ്യപ്പെട്ട് തിരുവിതാംകൂർ രാജകുടുംബം കേന്ദ്ര സർക്കാരിനു കത്തു നൽകിയെങ്കിലും ഈ സ്ഥലങ്ങളുടെ ഉടമസ്ഥാവകാശം സംസ്ഥാന സർക്കാരിനു തന്നെയാണെന്നായിരുന്നു അന്നും ഔദ്യോഗിക വിശദീകരണം. പട്ടയം അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള കത്തിൽ കേന്ദ്രം സംസ്ഥാന സർക്കാരിന്റെ വിശദീകരണം തേടിയിരുന്നു.

14 ഏക്കറോളം വരുന്ന 2 ഭൂമിയിലും സർക്കാരിനു കൈവശാവകാശം മാത്രമേയുള്ളൂവെന്നാണ് കൊട്ടാരത്തിന്റെ നിലപാട്. കേരള സർക്കാരിന് ഉടമസ്ഥാവകാശമില്ലാത്തതിനാൽ 2011 ലും 2014 ലും ഡൽഹി മുനിസിപ്പൽ കൗൺസിൽ ഈ ഭൂമിയിലുള്ള നിർമ്മാണ അപേക്ഷകൾ തള്ളിയിരുന്നുവെന്നും കേന്ദ്ര സർക്കാരിനു നൽകിയ അപേക്ഷയിൽ വിശദീകരിച്ചിരുന്നു. 1930 ലാണു ട്രാവൻകൂർ ഹൗസ് നിർമ്മിക്കുന്നത്. സ്വാതന്ത്ര്യത്തിനു ശേഷം കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലായിരുന്നു.

1948 മുതൽ 1965 വരെ സോവിയറ്റ് എംബസി പ്രവർത്തിച്ചിരുന്നതു ട്രാവൻകൂർ ഹൗസിലാണ്. ഇതിനോടു ചേർന്നുള്ള കപൂർത്തല പ്ലോട്ടിൽ നിന്നു കുറച്ചു സ്ഥലം കേരള എജ്യുക്കേഷൻ സൊസൈറ്റിക്കു കൈമാറിയതോടെ ട്രാവൻകൂർ ഹൗസും കപൂർത്തല പ്ലോട്ടും രണ്ടായി വിഭജിക്കപ്പെട്ടു. നിയമപോരാട്ടങ്ങൾക്കൊടുവിൽ 1973 ൽ കേന്ദ്രം ട്രാവൻകൂർ ഹൗസിന്റെ ഉടമസ്ഥാവകാശം കേരള സർക്കാരിനു കൈമാറി. 1993 ലാണ് കപൂർത്തല പ്ലോട്ടിന്റെ അവകാശം കൈമാറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP