Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തങ്കക്കുടത്തിൽ കൈയിട്ട കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് കിട്ടിയത് എട്ടിന്റെ പണി! അറബിപ്പൊന്ന് കേരളത്തിലേക്ക് ഒഴുകുമ്പോൾ ഒത്താശ ചെയ്തത് 11 കസ്റ്റംസ് ഉദ്യോഗസ്ഥർ; രണ്ട് കസ്റ്റംസ് സൂപ്രണ്ടുമാരെ സർവീസിൽ നിന്നും പിരിച്ചുവിട്ടു; മറ്റൊരു സൂപ്രണ്ടിന്റെ രണ്ട് ഇൻക്രിമെന്റ് തടയും; വിരമിച്ച ഒരു സൂപ്രണ്ടിന്റെ റിട്ടയർമെന്റ് ആനുകൂല്യങ്ങൾ റദ്ദാക്കും; കടുത്ത നടപടികളുമായി കേന്ദ്ര ഏജൻസി

തങ്കക്കുടത്തിൽ കൈയിട്ട കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് കിട്ടിയത് എട്ടിന്റെ പണി! അറബിപ്പൊന്ന് കേരളത്തിലേക്ക് ഒഴുകുമ്പോൾ ഒത്താശ ചെയ്തത് 11 കസ്റ്റംസ് ഉദ്യോഗസ്ഥർ; രണ്ട് കസ്റ്റംസ് സൂപ്രണ്ടുമാരെ സർവീസിൽ നിന്നും പിരിച്ചുവിട്ടു; മറ്റൊരു സൂപ്രണ്ടിന്റെ രണ്ട് ഇൻക്രിമെന്റ് തടയും; വിരമിച്ച ഒരു സൂപ്രണ്ടിന്റെ റിട്ടയർമെന്റ് ആനുകൂല്യങ്ങൾ റദ്ദാക്കും; കടുത്ത നടപടികളുമായി കേന്ദ്ര ഏജൻസി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഗൾഫ് നാടുകളിൽ നിന്നും കേരളത്തിലേക്ക് ഒഴുകുന്ന കള്ളക്കടത്ത് സ്വർണത്തിന്റെ കണക്ക് ശരിക്കുള്ള കണക്കുകൾക്കും എത്രയോ മുകളിലാണ്. പിടിക്കപ്പെടുന്ന സംഭവങ്ങൾ തുലോം തുച്ഛമായിരിക്കുമ്പോൾ കടത്തി കൊണ്ടുപോകുന്നത് വലിയ അളവിലുള്ള സ്വർണമാണ്. ഇതിന് ഒത്താശ ചെയ്യുന്നവരിൽ കള്ളക്കടത്ത് തടയേണ്ട ഉദ്യോഗസ്ഥരുമുണ്ടെന്നതാണ് വസ്തുത. കുറച്ചുകാലമായി സ്വർണക്കടത്തിന് കൂട്ടുനിന്ന കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുമായി കേന്ദ്ര ഏജൻസി രംഗത്തുവന്നു.

കോഴിക്കോട് വിമാനത്താവളംവഴി സ്വർണം കടത്താൻ സഹായിച്ചെന്ന കേസിൽ 11 കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെയാണ് കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്. 2 സൂപ്രണ്ടുമാരെ പിരിച്ചുവിടാനും 5 ഇൻസ്പെക്ടർമാരെയും 2 ഹെഡ് ഹവിൽദാർമാരെയും കസ്റ്റംസ് സർവീസിൽനിന്ന് നീക്കാനും മറ്റൊരു സൂപ്രണ്ടിന്റെ 2 ഇൻക്രിമെന്റ് തടയാനും നിർദേശിച്ച് വകുപ്പുതല ഉത്തരവിറങ്ങി. കേസിന്റെ കാലയളവിൽ സർവീസിൽനിന്നു വിരമിച്ച ഒരു സൂപ്രണ്ടിന്റെ റിട്ടയർമെന്റ് ആനുകൂല്യങ്ങൾ റദ്ദാക്കും. 2 വർഷം മുൻപത്തെ കേസിലാണ് വകുപ്പുതല അന്വേഷണം പൂർത്തിയാക്കി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറുടെ നടപടി. പിരിച്ചുവിട്ട 2 സൂപ്രണ്ടുമാർക്ക് ഭാവിയിൽ സർക്കാർ ജോലികൾക്ക് അപേക്ഷിക്കാനാകില്ല.

കരിപ്പൂരിൽ സൂപ്രണ്ടുമാരായിരുന്ന എസ്.ആശ, ഗണപതി പോറ്റി എന്നിവരെയാണു സർവീസിൽനിന്നു പിരിച്ചുവിട്ടത്. ഇവർക്ക് സ്വർണക്കടത്തുകാരുമായി സജീവമായ ബന്ധം ഉണ്ടായിരുന്നു എന്ന് വ്യക്തമായിട്ടുണ്ട്. ഇത് കൂടാതെ ഇൻസ്‌പെക്ടർമാരായ യോഗേഷ്, യാസർ അറാഫത്ത്, സുധീർ കുമാർ, നരേഷ് ഗുലിയ, മിനിമോൾ, ഹെഡ് ഹവിൽദാർമാരായ അശോകൻ, ഫ്രാൻസിസ് എന്നിവരെ കസ്റ്റംസ് സർവീസിൽനിന്നു നീക്കാനും സൂപ്രണ്ട് സത്യമേന്ദ്ര സിങ്ങിന്റെ 2 ഇൻക്രിമെന്റുകൾ തടയാനുമാണ് ഉത്തരവ്. കെ.എം.ജോസ് ആണ് സർവീസിൽനിന്നു വിരമിച്ച സൂപ്രണ്ട്. എല്ലാവരും സസ്‌പെൻഷനിൽ ആയിരുന്നു.

സ്വർണം കടത്താൻ കള്ളക്കടത്തു സംഘത്തിനു കസ്റ്റംസ് സഹായം ലഭിക്കുന്നുവെന്ന വിവരത്തെത്തുടർന്നു 2021 ജനുവരി 12,13 തീയതികളിലാണ് വിമാനത്താവളത്തിൽ സിബിഐ പരിശോധന നടത്തിയത്. ഡിപ്പാർട്മെന്റ് ഓഫ് റവന്യു ഇന്റലിജൻസുമായി (ഡിആർഐ) ചേർന്നായിരുന്നു പരിശോധന. 11 കസ്റ്റംസ് ഉദ്യോഗസ്ഥരും കള്ളക്കടത്തു സംഘത്തിൽപെട്ട 17 പേരും ഉൾപ്പെടെയുള്ളവർക്കെതിരെയാണു സിബിഐ കോടതിയിൽ കുറ്റപത്രം നൽകിയത്.

രണ്ട് വർഷം മുമ്പ് കണ്ണൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിൽ മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടിരുന്നു. കസ്റ്റംസ് ഇൻസ്പെക്ടർമാരായ രോഹിത് ശർമ, സാകേന്ദ്ര പസ്വാൻ, കൃഷൻ കുമാർ എന്നിവരെയാണ് പിരിച്ചു വിട്ടത്. 2019 ഓഗസ്റ്റിൽ 4.5 കിലോ സ്വർണം കടത്താൻ കൂട്ടുനിന്നതിനാണ് നടപടി. കേസിൽ മുഖ്യപ്രതി കസ്റ്റംസ് ഇൻസ്പെക്ടർ രോഹിത് പണ്ഡിറ്റിനെ നേരത്തെ പിരിച്ചുവിട്ടിരുന്നു. കോഴിക്കോട് ജോലിചെയ്തിരുന്ന രാഹുൽ പണ്ഡിറ്റിന്റെ നിർദേശപ്രകാരം മറ്റ് മൂന്ന്പേരും പ്രവർത്തിക്കുകയായിരുന്നു വെന്ന് കണ്ടെത്തിയിട്ടുണ്ട്. കാരിയർമാരിൽനിന്ന് പിടിച്ചെടുത്ത സ്വർണം വിമാനത്താവളം വഴി കടത്താൻ കള്ളക്കടത്തുകാരെ സഹായിച്ചുവെന്നാണ് കേസ്.

അതേസമയം സംസ്ഥാനത്ത് സ്വർണ്ണക്കടത്ത് സംഘങ്ങളും കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ദൃഢ ബന്ധമെന്ന് ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ടും അടുത്തിടെ പുറത്തുവന്നിരുന്നു. ഇത് ശരിവെക്കുന്നതാണ് ഇപ്പോഴത്തെ വകുപ്പുതല നടപടി. വിമാനത്താവളങ്ങളിലെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി നിശ്ചയിക്കുന്നതിലും സ്വർണ്ണക്കടത്ത് സംഘം ഇടപെടുന്നതായുള്ള റിപ്പോർട്ട് ഐ ബി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി. കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് റിസോർട്ടുകളിൽ സ്വർണ്ണക്കടത്ത് സംഘം പാർട്ടി നടത്തിയതിന്റെ തെളിവുകളും ഐബിക്ക് ലഭിച്ചതായാണ് സൂചന.

സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ സ്വർണ്ണ കടത്ത് സംഘത്തിന് കവചം ഒരുക്കുന്നത് കസ്റ്റംസ് ഉദ്യോഗസ്ഥരാണെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഐബി റിപ്പോർട്ടിലുള്ളത്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി നിശ്ചയിക്കുന്നതിനും സ്വർണ്ണക്കടത്ത് സംഘത്തിന്റെ ഇടപെടലുണ്ട്. ഡ്യൂട്ടി പട്ടിക പ്രതിദിനം സ്വർണക്കടത്ത് സംഘങ്ങൾക്ക് ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥനാണ് കൈമാറുന്നതെന്നാണ് ഐ ബി യുടെ മറ്റൊരു കണ്ടെത്തൽ.സ്വർണം കടത്തുന്ന യാത്രികന്റെ പാസ്പോർട്ടും മറ്റ് വിവരങ്ങളും സ്വർണ്ണക്കടത്ത് സംഘം കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് കൈമാറും. സ്വർണ്ണവുമായി എത്തുന്ന ഈ യാത്രികനെ സുരക്ഷിതമായി വിമാനത്താവളത്തിന് പുറത്ത് എത്തിക്കുക എന്നതാണ് കസ്റ്റസ് ഉദ്യോഗസ്ഥരുടെ ചുമതല.

സ്വർണ്ണക്കടത്തിന് തടസ്സം നിൽക്കുന്ന ഉദ്യോഗസ്ഥരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റാനും ഉന്നത തലങ്ങളിൽ സ്വർണക്കടത്ത് സംഘത്തിന് ബന്ധമുണ്ട്.സ്വർണ്ണക്കടത്തിന് സഹായം നൽകുന്ന ഉദ്യോഗസ്ഥർക്ക് പാരിതോഷികത്തിന് പുറമേ വയനാട്ടിലും മൂന്നാറിലും പാർട്ടി നൽകിയതിന്റെ തെളിവും ഐബി ശേഖരിച്ചിരുന്നു. സംസ്ഥാനത്തേക്ക് ദിനംപ്രതി കിലോ കണക്കിന് സ്വർണം കടത്തുന്നു എന്നാണ് ഐ ബിയുടെ അന്വേഷണത്തിലെ കണ്ടെത്തൽ. ദുബായ്, ഷാർജ വിമാനത്താവളങ്ങൾ വഴിയാണ് കേരളത്തിലേക്ക് ഏറ്റവും കൂടുതൽ സ്വർണം എത്തുന്നത്.

വിമാനത്തിലെ ക്യാബിൻ ക്രൂ മുതൽ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ വരെ വൻ മാഫിയ സംഘമാണ് സംസ്ഥാനത്ത് സ്വർണ്ണക്കടത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്.ഇടയ്ക്കൊക്കെ സ്വർണം പിടിക്കപ്പെടുമ്പോൾ സംഘത്തലവനും സഹായം നൽകുന്നവരും കാണാമറയത്ത് സുരക്ഷിതരാണ്. രാജ്യത്തിന് കോടിക്കണക്കിന് രൂപയുടെ നികുതി നഷ്ടമുണ്ടാക്കുന്ന സ്വർണക്കടത്തിനാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നത്. അതീവ ഗൗരവമുള്ള ഐ ബി റിപ്പോർട്ടിന് പിന്നാലെയാണ് കർശന നടപടികളുമായി കസ്റ്റംസ് രംഗത്തുവന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP