Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജാമ്യം ലഭിക്കുമെന്നതിനാൽ കഞ്ചാവു കടത്തുന്നത് ഒരു കിലോയിൽ താഴെ വീതം; കടത്തുകാരുടെ എണ്ണം കൂടി; കൂടുതലും ദിവസക്കൂലിക്കു കടത്തുന്ന വിദ്യാർത്ഥികൾ; റെഡി ടു യൂസ് കഞ്ചാവ് പ്രിയങ്കരം

ജാമ്യം ലഭിക്കുമെന്നതിനാൽ കഞ്ചാവു കടത്തുന്നത് ഒരു കിലോയിൽ താഴെ വീതം; കടത്തുകാരുടെ എണ്ണം കൂടി; കൂടുതലും ദിവസക്കൂലിക്കു കടത്തുന്ന വിദ്യാർത്ഥികൾ; റെഡി ടു യൂസ് കഞ്ചാവ് പ്രിയങ്കരം

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: ചുവടുമാറ്റി കളം പിടിക്കാൻ കഞ്ചാവ് മാഫിയ. ശക്തമായ നടപടികളുമായി അധികൃതർ. കഴിഞ്ഞ ദിവസം ഒമ്പതു പേരാണു കഞ്ചാവുകടത്തുന്നതിനിടെ പിടിയിലായത്.

സംസ്ഥാനത്തെ പ്രധാന പാതകൾ വഴി കഞ്ചാവ് കടത്തു ശക്തമായതായുള്ള സൂചനകളേത്തുടർന്ന് ഇടുക്കി-എറണാകുളം ജില്ലകളിൽ എക്‌സൈസ് അധികൃതർ നടത്തിയ റെയ്ഡിൽ 9 പേർ പിടിയിലായി. കൊച്ചി കേന്ദ്രീകരിച്ചുള്ള കഞ്ചാവ് മാഫിയയിലെ കണ്ണികളാണ് പിടിയിലായിട്ടുള്ളതെന്നും ഇവരിൽനിന്നും മറ്റ് കഞ്ചാവ് കടത്തു സംഘങ്ങളേക്കുറിച്ചും ഇക്കാര്യത്തിൽ ഇക്കൂട്ടർ സ്വീകരിച്ചിട്ടുള്ള പുതിയമാർഗങ്ങളേക്കുറിച്ചും സുപ്രധാന വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും എക്‌സൈസ് അധികതർ അറിയിച്ചു.

വ്യത്യസ്ത സ്ഥലങ്ങളിലായി നടന്ന വാഹന പരിശോധനയിലാണ് 9 യുവാക്കൾ കുടുങ്ങിയത്. തിരച്ചിലിനിടയിൽ വാഹനത്തിൽ നിന്നും ഇറങ്ങിയോടി രക്ഷപ്പെട്ട രണ്ടു യുവാക്കളെ കുറിച്ചുള്ള വിവരങ്ങളും എക്‌സൈസ് സംഘത്തിന് ലഭിച്ചിട്ടുണ്ട് . വാഹന പരിശോധനക്കിടെ കെ.എസ്.ആർ.ടി.സി ബസിലും ഓട്ടോറിക്ഷയിലും കാറിലുമായി എത്തിയവരാണ് പിടിയിലായത്.

കുമളി-എറണാകുളം കെ.എസ്.ആർ.ടി.സി ബസിലെത്തിയ കോഴിക്കോട് കക്കാട് കാരശ്ശേരി ചാലിൽ റെനിഷ് (25)നെയും ഇയാളുടെ സുഹൃത്ത് മുക്കം താഴെക്കാട്ട് പുൽപറമ്പിൽ ജംഷിദ് (27)നെ കോതമംഗലം ബസ് സ്റ്റാന്റിൽ നിന്നുമാണ് ഉദ്യോഗസ്ഥ സംഘം കസ്റ്റഡിയിലെടുത്തത്. മൂന്നാറിൽ നിന്നും കഞ്ചാവുമായി ഓട്ടോ റിക്ഷയിൽ എറണാകുളത്തേക്ക് വരികയായിരുന്ന മൂന്നാർ കെ. ഡി.എച്ച് വില്ലേജ് അരുവിക്കാട് രഘു (25) കുന്നത്തുനാട് ഐക്കരനാട് വടക്കേതിൽ നിതിഷ്‌കുമാർ (24) എന്നിവരെ ശോഭനപ്പടിയിൽ നടത്തിയ തിരച്ചിലിലാണ് എക്‌സൈസ് സംഘം പിടികൂടിയത്. അറക്കപ്പടി തൊള്ളുകുടി സുജിത് (18) കുന്നത്തുനാട് മഴുവന്നൂർ വളയൻചിറങ്ങര കമ്മൻചേരി ശ്രിജിത്ത് (22) എന്നിവരാണ് ഓടി രക്ഷപ്പെട്ടത്. ബോഡിമെട്ട് ചെക്ക്‌പോസ്റ്റ് വഴി കഞ്ചാവ് കടത്താൻ ശ്രമിച്ച സംഭവത്തിലാണ് മറ്റ് മൂന്നു പേർ പിടിയിലായത്. എറണാകുളം സ്വദേശികളായ ഏകുന്നം കരിവിളക്കുടിയിൽഷാജി(21), അരീക്കൽ റസാഖ്(21) നെല്ലിക്കുഴി ഇടയാലിക്കുടിയിൽ അഷ്‌ക്കർ(21)എന്നിവരെയാണ് നെടുങ്കണ്ടത്ത് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. ഇവരിൽ നിന്നും 250 ഗ്രാം കഞ്ചാവ് കണ്ടെടുത്തിട്ടുണ്ട്. ഇവർ സഞ്ചരിച്ചിരുന്ന കെ.എൽ.-ക്യൂ 7859 ഐ-10 കാറും കസ്റ്റഡിയിലെടുത്തു. കമ്പത്ത് ചായ കുടിക്കുന്നതിനിടയിൽ പരിചയപ്പെട്ട തമിഴ്‌നാട് സ്വദേശിയിൽ നിന്നും രണ്ടായിരം രൂപക്കാണ് കഞ്ചാവ് വാങ്ങിയതെന്നും സ്‌കൂൾ പഠനകാലം മുതൽ ഉപയോഗിച്ചു ശീലിച്ചതിനാൽ കഞ്ചാവ് എവിടെ കിട്ടിയാലും വാങ്ങാറുണ്ടെന്നുമാണ് യുവാക്കളുടെ വെളിപ്പെടുത്തൽ. പിടിയിലാവുമ്പോൾ മൂവരും കഞ്ചാവ് ലഹരിയിലായിരുന്നെന്നാണ് എക്‌സൈസ് അധികൃതരിൽ നിന്നും ലഭിക്കുന്നവിവരം. സുഹൃത്തിന് പെണ്ണ് കാണാൻ പോകാനെന്ന് പറഞ്ഞാണ് മൂവർ സംഘം കൊല്ലത്തു നിന്നും കാർ വാടകക്കെടുത്തത്.

കഴിഞ്ഞ ദിവസം കോതമംഗലം ഭാഗത്തുനിന്ന് രണ്ട് യുവാക്കളെ ഊന്നുകൽ പൊലീസ് കഞ്ചാവുമായി പിടികൂടിയിരുന്നു. അടിമാലി കൊന്നത്തടി നെടിയാനിക്കൽ അനൂപ് (25) മലപ്പുറം നന്നമുക്ക് കണ്ടൻ കുളങ്ങര ശിഹാബ്(23) എന്നിവരെയാണ് കഴിഞ്ഞ ദിവസം തലക്കോട് ചെക്ക്‌പോസ്റ്റിനു സമീപം പൊലീസിന്റെ പിടിയിലായത്. വരും ദിവസങ്ങളിൽ ഇത്തരത്തിൽ റെയ്ഡുകൾ തുടരുമെന്നാണ് അധികൃതർ നൽകുന്ന സൂചന. തുടർച്ചയായ ഇത്തരം നീക്കം മൂലം കഞ്ചാവിന്റെ ഒഴുക്ക് ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിയുമെന്നാണ് ഉദ്യോഗസ്ഥ സംഘത്തിന്റെ കണക്കുകൂട്ടൽ

കൂടിയ അളവിനുപകരം കുറഞ്ഞ അളവിൽ കൂടുതൽ പേരെ നിയോഗിച്ച് കഞ്ചാവ് കടത്തുന്ന രീതിയാണ് മാഫിയസംഘങ്ങൾ ഇപ്പോൾ പിൻതുടരുന്നതെന്നാണ് പിടിയിലായവരിൽ നിന്നും അധികൃതർക്ക് ലഭിച്ച വിവരം. പിടികൂടുന്ന കഞ്ചാവ് ഒരുകിലോയിൽ താഴെയാണെങ്കിൽ കോടതിയിൽ നിന്നും ജാമ്യം ലഭിക്കും. ഇതാണ് ചെറിയ അളവിൽ കഞ്ചാവ് കടത്തൽ വ്യാപകമാവാൻ കാരണം. ദിവസക്കൂലിക്കും ട്രിപ്പുകളുടെ അടിസ്ഥാനത്തിലും വേതനം കൈപ്പറ്റിയാണ് വിദ്യാർത്ഥികളുൾപ്പെടുന്ന സംഘം കഞ്ചാവ് ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കുന്നത്. ആഡംബരവാഹനങ്ങൾ ഒഴിവാക്കി ബൈക്കുകളിലും ഓട്ടോറിക്ഷകളിലും സ്വകാര്യബസുകളിലും മറ്റുമാണ് ഇപ്പോൾ പ്രധാനമായും കഞ്ചാവ് കടത്തുന്നത്. വല്ലപ്പോഴും നടന്നിരുന്ന ഈ പ്രക്രീയ ഇപ്പോൾ അനുദിനമെന്ന രീതിയിലേക്ക് മാറിക്കഴിഞ്ഞെന്നും ഇതിനായി സ്‌കൂൾ വിദ്യാർത്ഥികളുൾപ്പെടുന്ന സംഘം സദാസമയവും സന്നദ്ധരായി രംഗത്തുണ്ടെന്നുമുള്ള വിവരങ്ങളും ഉദ്യോഗസ്ഥസംഘത്തിന് ലഭിച്ചിട്ടുണ്ട്.

കടത്തൽ സംവിധാനങ്ങളിൽ അടുത്തകാലത്ത് മാഫിയ സംഘങ്ങൾ വരുത്തിയ മാറ്റങ്ങളേക്കുറിച്ചും വിൽപ്പന തന്ത്രങ്ങളേക്കുറിച്ചും പുതിയവിവരങ്ങൾ ലഭിക്കുന്നതിനും റെയ്ഡ് സഹായകമായെന്നാണ് അധികൃതരുടെ വിലയിരുത്തൽ. നേരത്തെ ഇലയും കായും പൂവുമെല്ലാം ഒരുമിച്ച് ഉണക്കിയ തിരിരൂപത്തിലാണ് കഞ്ചാവ് ഉപയോക്താക്കളുടെ കൈകളിലെത്തിയിരുന്നത്. എന്നാൽ ഇന്ന് 'റെഡി റ്റു യൂസ്' തരത്തിൽ പൊടിരൂപത്തിലും ഇത് കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്നും ഗന്ധം കാര്യമായി പുറത്തുവരാത്തതിനാലാണ് കടത്തു സംഘങ്ങൾ ഈ രീതി പിൻതുടരാൻ കാരണമെന്നുമാണ് അധികൃതരുടെ വെളിപ്പെടുത്തൽ.

ജില്ലയിൽ കഞ്ചാവിന് അടിമപ്പെടുന്ന വിദ്യാർത്ഥികളുടെ എണ്ണം അതിവേഗം വർദ്ധിക്കുന്നുണ്ടെന്നാണ് പരക്കെയുള്ള വിലയിരുത്തൽ. കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ കഞ്ചാവ് കടത്തൽ, ഉപഭോഗം എന്നിവയുമായി ബന്ധപ്പെട്ട് പത്തോളം വിദ്യാർത്ഥികളെ എക്‌സൈസ് സംഘം പിടികൂടിയിട്ടുണ്ട്. ഹൈറേഞ്ചിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നുമാണ് പ്രധാനമായും കൊച്ചിയിലേക്ക് കഞ്ചാവ് എത്തുന്നത്. അന്യസംസ്ഥാനക്കാരായ തൊഴിലാളികൾ കഞ്ചാവ് എത്തിക്കുന്നതിലും ഉപയോഗിക്കുന്നതിലും ഒരുപടി മുന്നിലാണെന്ന കാര്യം ഏറെ ഗൗരവമുള്ളതാണെന്നും ഇക്കൂട്ടരെ നിയന്ത്രിക്കാൻ അടിയന്തിര നടപടികൾ ആവശ്യമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ബാർ നിരോധനം കഞ്ചാവ് മാഫിയക്ക് ചാകരക്കോളായി എന്നതാണ് വാസ്തവം. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കഞ്ചാവ് ഉപഭോഗം വൻതോതിൽ വർദ്ധിച്ചിട്ടുണ്ടെന്നാണ് എക്‌സൈസ് അധികൃതർ നൽകുന്ന സൂചന. വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കുമിടയിലാണ് പ്രധാനമായും ഉപഭോക്താക്കൾ ക്രമാതീതമായി വർദ്ധിച്ചിട്ടുള്ളത്. ഇടുക്കി ജില്ലയിലെ രാജാക്കാട്, അടിമാലി, കുമളി, മൂന്നാർ, മറയൂർ എന്നിവിടങ്ങളിൽ നിന്നാണ് മുഖ്യമായും കഞ്ചാവ് എത്തുന്നതെന്നാണ് എക്‌സൈസ് അധികൃതർക്ക് ലഭിച്ചിട്ടുള്ള വിവരം. ഹൈറേഞ്ചിൽ നിന്നുള്ള കഞ്ചാവിന്റെ ഒഴുക്ക് തടയാൻ എറണാകുളം അസി എക്‌സൈസ് കമ്മീഷണർ എ എസ്. രഞ്ജിത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച റെയ്ഡ് ഊർജ്ജിത ഫലം കണ്ടുതുടങ്ങിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP