Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചീഫ് ജസ്റ്റിസ് എസ് മണികുമാർ കഴിഞ്ഞാൽ കേരള ഹൈക്കോടതിയിലെ ഏറ്റവും സീനിയർ ജഡ്ജി; ജസ്റ്റിസ് എസ് വി ഭട്ടിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിക്കാൻ കൊളീജിയം ശുപാർശ; വിരമിക്കുന്ന ചീഫ് ജസ്റ്റീസിനെ കേരളം മനുഷ്യാവകാശ കമ്മീഷനിൽ നിയമിച്ചേക്കും

ചീഫ് ജസ്റ്റിസ് എസ് മണികുമാർ കഴിഞ്ഞാൽ കേരള ഹൈക്കോടതിയിലെ ഏറ്റവും സീനിയർ ജഡ്ജി; ജസ്റ്റിസ് എസ് വി ഭട്ടിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിക്കാൻ കൊളീജിയം ശുപാർശ; വിരമിക്കുന്ന ചീഫ് ജസ്റ്റീസിനെ കേരളം മനുഷ്യാവകാശ കമ്മീഷനിൽ നിയമിച്ചേക്കും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ജസ്റ്റിസ് എസ് വി ഭട്ടിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു. നിലവിലെ ചീഫ് ജസ്റ്റിസ് എസ്.മണികുമാർ 24ന് വിരമിക്കുന്ന പശ്ചാത്തലത്തിലാണിത്. ശുപാർശ ഇനി കേന്ദ്രസർക്കാർ അംഗീകരിക്കണം. ഇതുടനുണ്ടാകുമെന്നാണ് സൂചന. മണികുമാർ ഇനി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനാകാനാണ് സാധ്യത.

ആന്ധ്രയിലെ ചിത്തൂർ സ്വദേശിയായ ജസ്റ്റിസ് ഭട്ടി ബെംഗളൂരു ജെആർ കോളജിൽ നിന്നാണു നിയമബിരുദം നേടിയത്. 1987ൽ ആന്ധ്ര ഹൈക്കോടതിയിൽ അഭിഭാഷകനായി എന്റോൾ ചെയ്തു. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ കഴിഞ്ഞാൽ കേരള ഹൈക്കോടതിയിലെ ഏറ്റവും സീനിയർ ജഡ്ജിയാണ് എസ്.വി. ഭട്ടി. ആന്ധ്രാപ്രദേശ് സ്വദേശിയായ ജസ്റ്റിസ് ഭട്ടി, 2019 മാർച്ച് 19 മുതൽ കേരള ഹൈക്കോടതി ജഡ്ജിയായി സേവനം അനുഷ്ഠിച്ചുവരികയാണ്. അതിന് മുമ്പ് ആന്ധ്രാപ്രദേശ് ഹൈക്കോടതിയിലെ ജഡ്ജി ആയിരുന്നു. 1987 മുതൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന ജസ്റ്റിസ് ഭട്ടിയെ 2013-ലാണ് ആന്ധ്ര പ്രദേശ് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിക്കുന്നത്.

നിലവിൽ ആന്ധ്ര ഹൈക്കോടതിയിൽ നിന്നുള്ള ജഡ്ജിമാർ ആരും രാജ്യത്തെ ഹൈക്കോടതികളിൽ ചീഫ് ജസ്റ്റിസുമാരായി സേവനമനുഷ്ടിക്കുന്നില്ല. ഇത് കൂടി കണക്കിലെടുത്താണ് ജസ്റ്റിസ് എസ്.വി. ഭട്ടിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാൻ കൊളീജിയം ശുപാർശ ചെയ്തത്. ഈ മാസം 24ന് വിരമിക്കുന്ന കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.മണികുമാറിനു പുതിയ പദവി കിട്ടുമെന്നാണ് സൂചന. മണികുമാറിന് ഹൈക്കോടതിയിൽ യാത്രയയപ്പു നൽകിയിരുന്നു. വിവിധ ജ്യൂഡീഷ്യൽ പദവികൾ മണികുമാറിന് വേണ്ടി സംസ്ഥാന സർക്കാർ പരിഗണിക്കുന്നുണ്ട്.

എസ്.മണികുമാർ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷനായേക്കുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. നിലവിലെ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമനിക്കിന്റെ കാലാവധി അവസാനിക്കുകയാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും സ്പീക്കറും ഉൾപ്പെട്ട സമിതിയാണ് മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷനെ ശുപാർശ ചെയ്യേണ്ടത്. ഇത് ഗവർണർ അംഗീകരിക്കണം. മണികുമാർ മനുഷ്യാവകാശ കമ്മീഷനിൽ എത്തുമെന്ന് തന്നെയാണ് സൂചന.

കേന്ദ്രത്തിന്റെ ചട്ടഭേദഗതി പ്രകാരം അദ്ധ്യക്ഷന്റെ കാലാവധി അഞ്ചിൽ നിന്ന് മൂന്നു വർഷമാക്കി കുറച്ചിട്ടുണ്ടെങ്കിലും ഒന്നിലേറെ തവണ നീട്ടാം. 70 വയസാണ് പ്രായപരിധി. ചീഫ്ജസ്റ്റിസ് 62 വയസിലാണ് വിരമിക്കുന്നത്. ഇതിനു മുമ്പ് മലയാളിയല്ലാത്ത ഏക അദ്ധ്യക്ഷൻ ആന്ധ്രയിൽ ജനിച്ച് ചെന്നൈയിൽ വളർന്ന ജസ്റ്റിസ് എൻ. ദിനകർ ആയിരുന്നു. ജാർഖണ്ഡ് ഹൈക്കോടതി ചീഫ്ജസ്റ്റിസായിരുന്നു അദ്ദേഹം. ഇതിന് ശേഷമാണ് മലയാളിയല്ലാത്ത മണികുമാറിനെ പരിഗണിക്കുന്നത്.

മദ്രാസ് ഹൈക്കോടതിയിൽ ജഡ്ജിയായിരുന്ന എസ്.മണികുമാർ 2019 ഒക്ടോബർ 11നാണ് കേരള ഹൈക്കോടതി ജഡ്ജിയായത്. കോവിഡ് ഭീഷണിക്കിടയിലും ഹൈക്കോടതിയുടെ പ്രവർത്തനം മുടങ്ങാതെ നടപടികൾക്ക് ചുക്കാൻ പിടിച്ചു. ഓൺലൈൻ ഫയലിങ്, വിഡിയോ കോൺഫറൻസിങ് സംവിധാനങ്ങൾ നടപ്പാക്കി. കീഴ്ക്കോടതിയുടെ പ്രവർത്തനങ്ങൾ ആധുനികീകരിക്കുന്നതിനും മുൻകയ്യെടുത്തു. എല്ലാം വമ്പൻ വിജയവുമായി. പ്രാദേശിക ഭാഷയിലേക്ക് കോടതിയെ മാറ്റുന്നതിനും മുൻകൈയെടുത്തു.

ഏത് അഭിഭാഷകനെയും സ്വതസിദ്ധമായ ശൈലിയിൽ 'സർ' എന്ന് അഭിസംബോധന ചെയ്തിരുന്നത് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. ട്രെയിൻ യാത്രക്കാരുടെ സുരക്ഷ, മാരകരോഗങ്ങൾ ബാധിച്ച കുട്ടികൾക്കു വേണ്ടിയുള്ള പ്രത്യേക ഫണ്ട് രൂപീകരണം, ലോകായുക്തയുടെ അധികാരം നിർണയിച്ചുകൊണ്ടുള്ള വിധികൾ, വിസി നിയമനത്തിന്റെ മാനദണ്ഡം, സ്‌കൂളുകളിൽ വിദ്യാർത്ഥികൾക്കായി പരാതിപ്പെട്ടികൾ സ്ഥാപിക്കണം തുടങ്ങിയ ശ്രദ്ധേയമായ വിധികൾ പുറപ്പെടുവിച്ചു. അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ ആയി പ്രവർത്തിച്ചിരുന്ന അദ്ദേഹം 2006 ജൂലൈയിലാണു മദ്രാസ് ഹൈക്കോടതി ജഡ്ജിയായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP