Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പച്ച യൂണിഫോം അണിഞ്ഞ സുരക്ഷാഭടന്മാരുടെ അകമ്പടിയിൽ വരുന്ന നേതാവ്; ഇസ്ലാമിക്ക് സ്റ്റേറ്റിനായി ഉണ്ടാക്കിയ ഐഎസ്എസ്; പിഡിപിയുണ്ടാക്കി ലീഗിനെ വിറപ്പിച്ചു; ഇഎംഎസ് ഉപമിച്ചത് ഗാന്ധിജിയോട്; പ്രവാചകനിന്ദക്ക് കൈയല്ല തലയാണ് വെട്ടേണ്ടതെന്ന് പ്രഖ്യാപനം; രണ്ടുപതിറ്റാണ്ടിലേറെ ജയിലിൽ; ഇരയോ, ഭീകരനോ? മദനി എന്ന പ്രഹേളിക!

പച്ച യൂണിഫോം അണിഞ്ഞ സുരക്ഷാഭടന്മാരുടെ അകമ്പടിയിൽ വരുന്ന നേതാവ്; ഇസ്ലാമിക്ക് സ്റ്റേറ്റിനായി ഉണ്ടാക്കിയ ഐഎസ്എസ്; പിഡിപിയുണ്ടാക്കി ലീഗിനെ വിറപ്പിച്ചു; ഇഎംഎസ് ഉപമിച്ചത് ഗാന്ധിജിയോട്; പ്രവാചകനിന്ദക്ക് കൈയല്ല തലയാണ് വെട്ടേണ്ടതെന്ന് പ്രഖ്യാപനം; രണ്ടുപതിറ്റാണ്ടിലേറെ ജയിലിൽ; ഇരയോ, ഭീകരനോ? മദനി എന്ന പ്രഹേളിക!

എം റിജു

ച്ച യൂണിഫോം അണിഞ്ഞ സുരക്ഷാഭടന്മാരുടെ നിയന്ത്രണത്തിൽ വന്നിറങ്ങുന്ന ഒരു നേതാവ്. അദ്ദേഹത്തെ കാണുമ്പോൾ തന്നെ തക്‌ബീർ മുഴുക്കുന്ന ജനം. മൈക്കിലുടെ തീ തുപ്പുന്ന പ്രസംഗം. അനർഗള നിർഗളം ഒഴകുന്ന ആ വാഗ്ധോരണിക്കൊടുവിൽ അതിനാടകീയമായ തന്റെ അറ്റുപോയ കാൽ, മുണ്ട് നീക്കി കാണിക്കുന്നു. തുടർന്ന് ജനത്തിനോട് ഒരു ചോദ്യം. 'ഈ കാൽ കൊടുത്തത് ആർക്ക് വേണ്ടിയാണ്''. 'ദീനിനുവേണ്ടിയെന്ന്' പറഞ്ഞ് ആൾക്കൂട്ടം ഇളകി മറിയുന്നു. കാറിൽ കയറി പ്രാസംഗികൻ മടങ്ങുമ്പോഴും പുരുഷാരം പിറകെ പായുന്നു. കാന്തക്കല്ലുപോലെ പതിനായിരങ്ങളെ ആകർഷിക്കുന്ന ആ പ്രാസംഗികന്റെ പേര് അബ്ദുൽ നാസർ മദനി എന്നായിരുന്നു. 90 കളിൽ മലബാറിൽ മദനി പങ്കെടുത്ത ഒരു പൊതുയോഗം അങ്ങനെയായിരുന്നു. 92ലെ ബാബറി മസ്ജിദിന്റെ തകർച്ചയെ തുടർന്നുണ്ടായ അരക്ഷിതാവസ്ഥയിൽ കഴിഞ്ഞുവരുന്ന മുസ്ലിം ചെറുപ്പക്കാർ ആ വാക്കുകളിൽ ആകൃഷ്ടനായി അദ്ദേഹത്തിന്റെ പാർട്ടിയായ പിഡിപിയിലേക്ക് കുത്തിയൊഴുകി.

ഒറ്റപ്പാലം ലോക്സഭാ ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മദനിയെ മഹാത്മാഗാന്ധിയോട് ഉപമിച്ച് സാക്ഷൽ ഇഎംഎസ് ലേഖനം എഴുതി. ഗുരുവായുർ നിയസഭാ തെരഞ്ഞെടുപ്പിൽ, ലീഗിലെ അബ്ദുസമദ് സമദാനിയുടെ തോൽവിക്ക് പ്രധാന കാരണമായത് പിഡിപി പിടിച്ച വോട്ടുകൾ ആയിരുന്നു. മുസ്ലിം ലീഗിന് ബദലായി പിഡിപിയെന്ന പാർട്ടിയും, പാണക്കാട് തങ്ങന്മാർക്ക് ബദലായി അബ്ദുൽനാസർ മദനിയും ഉയർന്നുവരുന്നുന്നെന്ന് 'ദ വീക്ക്' പോലുള്ള ദേശീയ മാധ്യമങ്ങൾ എഴുതിയ കാലം!

90കളിൽനിന്ന് കാലം 2023ൽ എത്തിയപ്പോൾ, പ്രമേഹം അതിവേഗം വ്യാപിക്കുന്നതിനാൽ കണ്ണിന്റെ കാഴ്ച കുറഞ്ഞു വരുന്ന, നൂറുകിലോയിൽ നിന്ന് വെറും 48 കിലോയിലേക്ക് ശരീരഭാരം കുറഞ്ഞ, വർഷങ്ങളായി വിചാരണത്തടവുകാരനായി കഴിയുന്ന രോഗിയായ ഒരു മനുഷ്യന്റെ ദയനീയ ചിത്രമാണ് മദനിയിൽ കാണാനാവുന്നത്. ഒരു വിഭാഗം ഇപ്പോഴും ലക്ഷണമൊത്ത ഭീകരനായാണ് ഇയാളെ വിലയിരുത്തുന്നത്. മറുവിഭാഗം ഭരണകൂട ഭീകരതയുടെ ഇരയായും. ശരിക്കും ആരാണ് അബ്ദുൽ നാസർ മദനി എന്നത്, ഇന്നും പ്രഹേളികയാണ്.

4 വർഷം ജയിലിലും, 9 വർഷം വീട്ട് തടങ്കലിനുംശേഷം മദനി ഇപ്പോൾ കേരളത്തിലേക്ക് എത്തുകയാണ്. സുപ്രീംകോടതി ജൂലൈ പത്ത് വരെയാണ് കേരളത്തിൽ തുടരാൻ മദനിക്ക് അനുമതി നൽകിയത്. ഇതോടെ മദനിയുടെ ജീവിതവും വീണ്ടും ചർച്ചയാവുകയാണ്.

 

അബ്ദുൽ നാസർ, മദനിയാവുന്നു

1966 ജനുവരി 18-ന് കൊല്ലം ജില്ലയിലെ മൈനാഗപ്പള്ളി പഞ്ചായത്തിൽ തോട്ടുവാൽ മൻസിലിൽ അബ്ദുസമദ് മാസ്റ്ററുടെയും അസ്മാബീവിയുടെയും മകനായാണ് ജനനം. അബ്ദുൾ നാസർ എന്നാണ് യഥാർത്ഥ പേര്. വേങ്ങ വി എംഎ‍ൽഎസിലെ വിദ്യാഭ്യാസശേഷം, കൊല്ലൂർവിള മഅ്ദനുൽഉലൂം അറബികോളജിൽ നിന്ന് മ്അദനി ബിരുദം നേടി. അങ്ങനെ അദ്ദേഹം അബ്ദുൾ നാസർ മ്അദനിയായി. പക്ഷേ ജനം അദ്ദേഹത്തെ മദനി എന്ന ചുരുക്കപ്പേരിൽ വിളിച്ചു. ചെറുപ്പത്തിൽ തന്നെ പ്രസംഗത്തിൽ മികവ് കാട്ടിയ മദനി പതിനേഴാം വയസ്സിൽ തന്നെ അറിയപ്പെടുന്ന ഒരു മതപ്രഭാഷകനായി മാറി.

മൈനാഗപ്പള്ളി മിലദേശരിഫ് ഹൈസ്‌കൂളിൽ ആറാം ക്ലാസ്സ് വിദ്യാർത്ഥിയായിക്കേ, കൊല്ലം ജില്ലാ കലോത്സവത്തിൽ പ്രസംഗമത്സരത്തിൽ അബ്ദുൽ നാസർ ഒന്നാം സ്ഥാനം നേടിയിരുന്നു. അന്നത്തെ ജില്ലാ കളക്ടർ ബാബുജേക്കബ് ആണ് അദ്ദേഹത്തിന് സമ്മാനം നൽകിയത്.

ഈ ഫോട്ടോ ഈയിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചപ്പോൾ മദനി ഇങ്ങനെ പ്രതികരിച്ചു. 'എന്റെ പ്രസംഗ രംഗത്തെ ഏക ഗുരു എന്റെ പ്രിയ വാപ്പ അബ്ദുസ്സമദ് മാസ്റ്റർ ആയിരുന്നു. ഓരോ മത്സരങ്ങൾക്കും പ്രസംഗം പഠിപ്പിച്ച ശേഷം വീട്ടിലെ ഹാളിൽ ഒരു സ്റ്റൂളിന്റെ മുകളിൽ എന്നെ കയറ്റിനിർത്തി പ്രസംഗിപ്പിക്കും. എന്റെ പ്രിയ ഉമ്മായും അനുജനുമായിരുക്കും ശ്രോതാക്കൾ. മത്സരങ്ങൾക്കെല്ലാം വാപ്പായും കൂടെയുണ്ടാകും. ഉമ്മായ്ക്കായിരിക്കും എന്നേക്കാൾ ടെൻഷൻ. സമ്മാനവുമായി തിരിച്ചുവരുമ്പോഴാണ് ഉമ്മാക്ക് ആശ്വാസമാവുക. അന്നും എന്നും എന്റെ പ്രിയ ഉമ്മാടെ പ്രാർത്ഥനയായിരുന്നു എന്റെ ശക്തി. എന്റെ പ്രിയ പിതാവിന്റെ ദീർഘായുസിനും എന്റെ ഉമ്മായുടെ പരലോക സന്തോഷത്തിനും ഈ പോസ്റ്റ് കാണുന്ന ഓരോരുത്തരും പ്രാർത്ഥിക്കണം.''- മദനി ഫേസ്‌ബുക്കിൽ കുറിച്ചത് അങ്ങനെയാണ്. പിൽക്കാലത്ത് മൈനാഗപ്പള്ളിയിലെ അൻവാർശേരി യത്തീംഖാനയുടെ ചെയർമാൻ സ്ഥാനവും മദനി ഏറ്റെടുത്തു.

ഐഎസ്എസിൽനിന്ന് പിഡിപിയിലേക്ക്

ഒരു പ്രാസംഗികൻ എന്ന നിലയിൽ മദനി വളരെ പെട്ടെന്ന് അറിയപ്പെട്ടു തുടങ്ങി. ശരിക്കും രക്തം തിളപ്പിക്കുന്ന പ്രസംഗങ്ങളായിരുന്നു അത്. മുസ്ലിം സമുദായത്തിന് സ്വയം പ്രതിരോധമെന്ന മുദ്രാവാക്യമുയർത്തി 1990ൽ ഇസ്ലാമിക് സേവക് സംഘ് അഥവാ ഐഎസ്എസ് എന്ന സംഘടന അദ്ദേഹം രൂപവത്കരിച്ചു. പക്ഷേ സിമി കഴിഞ്ഞാൽ കേരളത്തിലെ ലക്ഷണമൊത്ത ഇസ്ലാമിക തീവ്രാവാദ സംഘടന ഇതായിരുന്നവെന്ന് വിമർശനമുണ്ട്. കേരളമെങ്ങും ചുറ്റി സഞ്ചരിച്ച് പ്രഭാഷണം നടത്തിയ മദനിക്ക് പിന്തുണയേറി. ഒപ്പം ഐഎസ്എസിൽ അംഗങ്ങളും. സിആർപിഎഫിൽനിന്ന് റിട്ടയർ ചെയ്തവർ പരിശീലനം നൽകുന്ന, കരിമ്പൂച്ച ബോഡിഗാർഡുകളെ കേരള രാഷട്രീയത്തിൽ പരിചയപ്പെടുത്തിയത് മദനി ആയിരുന്നു. പക്ഷേ ഐഎസ്എസിനൊപ്പം ഈ കരിമ്പൂച്ചകളും ഇല്ലാതായി.

1992 ഓഗസ്റ്റ് 6-ന് അദ്ദേഹത്തിനെതിരെ വധശ്രമം നടക്കുകയും വലതുകാൽ നഷ്ടമാവുകയും ചെയ്തു. ആർആർഎസ്എസുകാരാണ് ഈ വധശ്രമത്തിന് പിന്നിലെന്ന് ആരോപണം ഉയർന്നു. പക്ഷേ മദനി പറഞ്ഞത്, താൻ അവരോട് ക്ഷമിച്ചുവെന്നാണ്. കേസിന്റെ വിചാരണ കൊല്ലം ഫാസറ്റ് ട്രാക്ക് കോടതിയിൽ ആരംഭിച്ചപ്പോൾ പ്രതികൾക്ക് കോടതി മാപ്പ് കൊടുക്കണമെന്നും സാക്ഷി പറയാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം എഴുതി നൽകി.

1992ൽ ബാബരി മസ്ജിദ് തകർക്കപ്പെട്ടതിനെ തുടർന്നുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ഐഎസ്എസ്. നിരോധിക്കുകയും മഅദനി അറസ്റ്റിലാവുകയും ചെയ്തു. നിരോധനം നീക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ പാളി. അങ്ങനെയാണ് 93ൽ പിഡിപി എന്ന രാഷ്ട്രീയ പാർട്ടിയുണ്ടാക്കുന്നത്. ഒരിടക്ക് കേരളത്തിലെ പല മണ്ഡലങ്ങളിലും ജയപരാജയങ്ങൾ നിർണയിക്കാൻ മാത്രം സ്വാധീനമുണ്ടായിരുന്നു പിഡിപിക്ക്. അതോടെയാണ് ഇടതുപക്ഷത്തിന്റെ കണ്ണ് മദനിയിൽ ഉടക്കുന്നത്. അതുവരെ 'ആർഎസ്എസും ഐഎസ്എസും രണ്ടും നാട്ടിന്നാപത്ത്' എന്ന മുദ്രാവാക്യം മുഴുക്കി നടന്ന സിപിഎമ്മുകാർ പതുക്കെ മദനിയോട് ഒട്ടി. കാരണം മുസ്ലിം ലീഗിനെ അടിക്കാൻ അവർക്ക് ഒരു ഇസ്ലാമിക രാഷ്ട്രീയ പാർട്ടിയുടെ അവശ്യമുണ്ടായിരുന്നു.

ഇഎംഎസ് ഉപമിച്ചത് ഗാന്ധിജിയോട്

93ലെ ഒറ്റപ്പാലം ലോക്സഭാ ഉപതെരഞ്ഞെടുപ്പിന്റെ സമയത്താണ് സാക്ഷൽ ഇഎംഎസ് മദനിയെ താരതമ്യം ചെയ്തത്, രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുമായിട്ടായിരുന്നു. 'മഹാത്മാ ഗാന്ധി രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരം വിജയിപ്പിക്കാൻ രാമരാജ്യം എന്ന സങ്കൽപ്പം എങ്ങനെ വിനിയോഗിച്ചുവോ അതുപോലെയാണ് അബ്ദുൾ നാസർ മദനി ഇസ്ലാമിക വിശ്വാസത്തെ ഒരു മഹത്തായ ആവശ്യത്തിന് വിനിയോഗിക്കുന്നത്'' എന്നാണ് ഇഎംഎസ് എഴുതിയത്. ഇത് അക്കാലത്തുതന്നെ വൻ വിവാദമായി.

ഇസ്ലാമിക മത തീവ്രവാദത്തിലൂടെ ഇസ്ലാമിക രാജ്യസ്ഥാപനം ലക്ഷ്യമിട്ട് ഐഎസ്എസ് സ്ഥാപിച്ചയാളിനെ എങ്ങനെയാണ്, ഗാന്ധിജിയുമായി താരതമ്യം ചെയ്യുക എന്നത് വലിയ ചർച്ചയായി. എന്നാൽ, ഒറ്റപ്പാലം തെരഞ്ഞെടുപ്പിൽ, ഒരു ലക്ഷം വോട്ടിന്റെ ചരിത്ര ഭൂരിപക്ഷം നേടി സിപിഎം സ്ഥാനാർത്ഥി എം. ശിവരാമൻ ജയിച്ചു. എന്നാൽ, ഇഎംഎസിനെ സിപിഎം ജനറൽ സെക്രട്ടറി ഹർകിഷൻ സിങ് സുർജിത് പിന്നീട് തള്ളിപ്പറഞ്ഞു. 16 വർഷത്തിന് ശേഷം 2009 ഏപ്രിലിൽ, പാർട്ടി ജനറൽ സെക്രട്ടറി സുർജിത്, പാർട്ടിയുടെ ഔദ്യോഗിക മുഖപത്രമായ പീപ്പിൾസ് ഡെയ്ലിയിൽ, ഇഎംഎസ് മദനിയെ മഹാത്മാഗാന്ധിയോട് തുലനം ചെയ്തത് പാർട്ടി നിലപാടല്ലെന്ന് ലേഖനമെഴുതി. പക്ഷേ അപ്പോഴേക്കും ഇഎംഎസ് മരിച്ചിരുന്നു. പക്ഷേ ഇഎംഎസ് മഹാനാക്കിയ ഇതേ നേതാവിനെ തൊട്ടുടത്ത നായനാർ സർക്കാർ ഭീകരനാക്കി പിടിച്ചു തമിഴ്‌നാട് പൊലീസിന് കൈമാറിയെന്നതും കാലത്തിന്റെ കാവ്യ നീതി.

അതുപോലെ ഗുരുവായുർ, തിരുരങ്ങാടി ഉപതെരഞ്ഞെടുപ്പുകളിലും പിഡിപി വൻ തോതിൽ വോട്ടുപിടിച്ചു. ഗുരുവായൂരിലെ സിറ്റിങ് സീറ്റിൽ അബ്ദുസമദ് സമാദാനി തോൽക്കാനും, ഇടതുസ്വതന്ത്രൻ പി ടി കുഞ്ഞുമുഹമ്മദ് ജയിക്കാനും ഇടയാക്കിയത് പി ഡി പി പിടിച്ച വോട്ടുകൾ ആയിരുന്നു. അതുപോലെ 95ൽ മുഖ്യമന്ത്രിയായിരിക്കെ എ കെ ആന്റണി മത്സരിച്ച മലപ്പുറത്തെ തിരൂരങ്ങാടിയിലും, പിഡിപി നന്നായി വോട്ടുപിടിച്ചു. ഇവിടെയാക്കെ ക്യാമ്പ് ചെയ്തുകൊണ്ടുള്ള മദനിയുടെ പ്രസംഗങ്ങൾ ആയിരുന്നു ഏറെ ശ്രദ്ധേയം. അതോടെ മുസ്ലിം ലീഗിന് ബദൽ വെക്കാവുന്ന ഒരു ന്യൂനപക്ഷ മുസ്ലിം രാഷ്ട്രീയ പാർട്ടി എന്ന നിലയിലേക്ക് പിഡിപി ചർച്ചചെയ്യപ്പെടാൻ തുടങ്ങി. ആ നിലക്ക് പോവുകയാണെങ്കിൽ പിഡിപി ഇടതുമുന്നണിയിൽ എത്തുമായിരുന്നു. പക്ഷേ വി എസ് എന്ന ഒറ്റമനുഷ്യൻ അന്നും ഇന്നും പിഡിപിയെ എതിർത്തു. അതിനിടെ ഇടിത്തീയായി കോയമ്പത്തുർ കേസുമെത്തി.

1992-ൽ മുതലക്കുളം മൈതാനത്ത് നടത്തിയ സാമുദായിക സ്പർധ വളർത്തുന്ന പ്രസംഗത്തിന്റെ പേരിൽ 1998 മാർച്ച് 31-ന് എറണാകുളത്ത് കലൂരിലെ വസതിയിൽ നിന്ന് മഅദനിയെ പൊലീസ് അറസ്റ്റ് ചെയ്തു.കോഴിക്കോട് പൊലീസ് കമ്മീഷണർ ഓഫീസിൽ ചോദ്യം ചെയ്യലിനു ശേഷം കണ്ണൂർ ജയിലിൽ അടച്ചു. പക്ഷേ ഈ കേസ് തെളിയിക്കാനായില്ല. ഇതിന് പിന്നാലെയാണ് കോയമ്പത്തുർ കേസ് എത്തുന്നത്.

കോയമ്പത്തൂർ കേസിൽ അകത്ത്

1998-ലെ കോയമ്പത്തൂർ സ്ഫോടനക്കേസിൽ പങ്കുണ്ടെന്നാരാപിച്ച് തമിഴ്‌നാട് പൊലീസ് എത്തിയതോടെ കളിമാറി. ഏപ്രിൽ നാലിന് കേരളാ പൊലീസ് അൻവാറുശ്ശേരി മദ്രസ റെയ്ഡ് ചെയ്ത മദനിയെ പിടികുടി കോയമ്പത്തൂർ പൊലീസിന് കൈമാറി. അന്ന് അവിടെനിന്ന് ഗർഭനിരോധന ഉറകൾ വരെ കിട്ടിയതും വാർത്തയായിരുന്നു. എന്നാൽ ഇത് പൊലീസ് തങ്ങളെ അപമാനിക്കാൻ കൊണ്ടിട്ടതാണെന്നാണ് മദനിയെ അനുകൂലിക്കുന്നവർ പറഞ്ഞത്. നായനാർ സർക്കാർ മദനിയെ പിടികൂടിയത് വലിയ നേട്ടമായി അവതരിപ്പിച്ച് പിആർഡി റിലീസ് വരെ ഇറക്കി. അതേ മദനിയുമായി ഇടതുപക്ഷം വീണ്ടും കൂട്ടുകൂടിയതും ചരിത്രം.

കോയമ്പത്തുർ ജയിലിലായ മദനി സുപ്രീം കോടതിയെ സമീപിച്ചതിനെ തുടർന്ന് ദേശീയ സുരക്ഷാ നിയമ പ്രകാരമുള്ള കുറ്റത്തിൽനിന്ന് മോചിതനാക്കി. പക്ഷേ സെഷൻസ് കോടതിയിൽ കുറ്റപത്രം ഫയൽ ചെയ്തു. പിന്നാലെ കോയമ്പത്തൂരിനിന്ന് മദനിയെ സേലം സെൻട്രൽ ജയിലിലേക്ക് മാറ്റി. അവിടെയാണ് ഏറെ പീഡനങ്ങൾക്ക് ഇരയായത്. ജാമ്യത്തിനായി നിരവധി തവണ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. കേസ് കേരളത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയും തള്ളപ്പെട്ടു. വിചാരണ നടത്തി കേസ് തീർപ്പാക്കാനാണ് സുപ്രീം കോടതി സെഷൻസ് കോടതിക്ക് നൽകിയ നിർദ്ദേശം. 16,683 പേജുള്ള തമിഴിലുള്ള കുറ്റപത്രം മലയാളത്തിലാക്കി നൽകണമെന്ന ആവശ്യവും നിരാകരിക്കപ്പെട്ടു. 2,500 സാക്ഷികളുള്ള കേസിന്റെ വിചാരണ മന്ദഗതിയിലാണ് നീങ്ങിയത്.

ജയിൽ വാസത്തിനിടെ മറ്റ് നിരവധി കുറ്റങ്ങളും മദനിയുടെ മേൽ ചുമത്തപ്പെട്ടു. സേലം ജയിലിൽ പൊലീസുമായി ഏറ്റുമുട്ടി എന്നതായിരുന്നു ഒരു കുറ്റം. പ്രമേഹവും ഹൃദ്രോഗവും നട്ടെല്ലിന് തേയ്മാനവും അനുഭവപ്പെട്ടിരുന്ന മദനിക്ക് മതിയായ ചികിത്സ നൽകണമെന്ന ആവശ്യവും നിരാകരിക്കപ്പെട്ടു. അതിനിടെ മദനി അനുകൂലികൾ മുഖ്യമന്ത്രി നായനാരെ വധിക്കാൻ ശ്രമിച്ചതായി വാർത്തകൾ വന്നു. 2005ലെ കളമശ്ശേരിയിലെ ബസ്‌കത്തിക്കൽ കേസും, വലിയ വിവാദമായി. മദനിക്കുവേണ്ടി ഭാര്യ സൂഫിയ മദനിയും, പിഡിപി നേതാവ് പുന്തുറ സിറാജുമായിരുന്നു അന്ന് പ്രക്ഷോഭം നയിച്ചത്. 9 വർഷത്തെ വിചാരണ നടപടികൾ പൂർത്തിയായതിനെ തുടർന്നു 2007 ഓഗസ്റ്റ് 1-ന് കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കോടതി മദനിയെ വിട്ടയച്ചു. അതോടെ മദനിക്ക് രക്തസാക്ഷി പരിവേഷമായി. കേരളത്തിൽ അങ്ങോളമിങ്ങോളം വൻ സ്വീകരണങ്ങളാണ് അദ്ദേഹത്തിന് കിട്ടിയത്.

വീണ്ടും ഇടതുമായി അടുക്കുന്നു

ജയിലിൽനിന്ന് ഇറങ്ങിയ മദനിക്ക് അഭിമുഖങ്ങളുടെയും സ്വീകരണങ്ങളുടെയും പ്രവാഹമായിരുന്നു യുഡിഎഫ് നേതാക്കളും എൽഡിഎഫ് നേതാക്കളും അദ്ദേഹത്തിന്റെ രക്തസാക്ഷി ഇമേജ് വോട്ടാകുമെന്ന് കണ്ട് ഓടിക്കുടി. പക്ഷേ ഇടത് നേതാക്കളായിരുന്നു ഇക്കാര്യത്തിൽ ഏറെ മുന്നിട്ട് നിന്നത്. മദനിയും വൈകാതെ ഇടതുപക്ഷത്തോട് അടുത്തു. പക്ഷേ വി എസ് അച്യുതാനന്ദൻ എന്നും ഈ ബാന്ധവത്തിന് എതിരായിരുന്നു.

2009-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിനായി പി ഡി പി ചെയർമാൻ അബ്ദുൾ നാസർ മദനി കേരളയാത്ര നടത്തി. 2009 ഏപ്രിൽ 3 മുതൽ 13 വരെ മഅദനിയുടെ നേതൃത്വത്തിൽ 'സത്യമേവ ജയതേ' എന്ന മുദ്രാവാക്യമുയർത്തിപ്പിടിച്ച്, തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്കായിരുന്നു യാത്ര. സാധാരണ കാസർകോട് നിന്ന് തുടങ്ങുന്ന യാത്രയാണ് കേരളത്തിന് പരിചയം. പക്ഷേ മദനി യാത്ര തിരുവനന്തപുരത്ത് നിന്ന് തുടങ്ങി. അങ്ങനെയാണ്, പൊന്നാനിയിലും മറ്റും പിഡിപിയുടെ പിന്തുണയോടെ ഇടത് സ്ഥാനാർത്ഥിയായത്. പക്ഷേ ഈ ബന്ധം കൊണ്ട് ഇടതുമുന്നണിക്ക് രാഷ്ട്രീയമായി ഗുണം ഉണ്ടായില്ല. പാർട്ടിക്ക് അകത്തും പറത്തും ഈ ബന്ധം വലിയ ബാധ്യതയായി.

മദനിയുടെ പഴയ പ്രസംഗങ്ങൾ കുത്തിപ്പൊക്കിയായിരുന്നു അദ്ദേഹം വർഗീയവാദിയാണെന്ന് സ്ഥാപിക്കപ്പെട്ടത്. എന്നാൽ തന്റെ നിലപാടുകൾ മാറിയെന്ന് മദനി പലയിടത്തും പറഞ്ഞിട്ടുണ്ട്. പക്ഷേ ഒന്നും മാറിയിട്ടില്ല എന്നായിരുന്നു, ചോദ്യപേപ്പർ വിവാദകാലത്തെ മദനിയുടെ നിലാപാടുകൾ തെളിയിച്ചത്.

'കൈയല്ല തലയാണ് വെട്ടേണ്ടത്'

അബുദുൽ നാസർ മദനി പണ്ട് പുനലൂരിൽ നടത്തിയ പഴയ ഒരു പ്രസംഗമാണ് ഇപ്പോഴും സോഷ്യൽ മീഡിയയിൽ ഉണ്ട്. അതിൽ ചോദ്യപേപ്പർ വിവാദത്തെ തുടർന്ന് കൈ വെട്ടിമാറ്റപ്പെട്ട, ജോസഫ് മാഷിനെ അതിഭീകരമായി മദനി നിന്ദിക്കുന്നുണ്ട്. മദനി പറയുന്നു, 'പരിശുദ്ധ ഖൂർആൻ പഠിപ്പിക്കുന്നത് എന്താ, ഏതെങ്കിലും ഒരു വ്യക്തിയോടുള്ള ബന്ധമല്ല, ഈ നിൽക്കുന്ന വിശ്വാസികൾക്ക്, പ്രവാചകനുമായിട്ടുള്ളത്. ഭാര്യയോടുള്ള ബന്ധം പോലല്ല, മക്കളോടുള്ള ബന്ധം പോലെ അല്ല, മാതാപിതാക്കളുമായുള്ള ബന്ധം പോലെയോ രാഷ്ട്രീയ മേലാളന്മാരോടുള്ള ബന്ധം പോലെയൊ അല്ല വിശ്വാസികൾക്ക് പ്രവാചകനുമായുള്ള ബന്ധം.''

തുടർന്ന് അല്ലാഹുവിനെയും അവന്റെ പ്രവാചകൻ മുഹമ്മദ് നബിയെയും, അവഹേളിക്കുകയും, അധിക്ഷേപിക്കുകയും ചെയ്യുന്നവരോട് സന്ധിയാകാൻ ഒരിക്കലും വിശ്വാസികളെ കൊണ്ട് കഴിയില്ല എന്ന് മദനി ചൂണ്ടിക്കാട്ടുന്നു. 'പ്രവാചകനെ അധിക്ഷേപിക്കുന്നത് ന്യൂമാൻ കോളേജിലെ നക്കാപ്പിച്ച വാങ്ങി ജീവിക്കുന്ന ഏങ്കെിലും നാലാംകിട എമ്പോക്കി പ്രൊഫസർ ആയാലും പത്തനംതിട്ടയിലെ ചുങ്കപ്പാറയിൽ തെണ്ടി നടന്ന് പുസ്തകം വിറ്റ് ആ കാശുകൊണ്ട് അരിവാങ്ങുന്ന ളോഹധാരിയായ പാസ്റ്റർ ആയാലും പൊറുക്കാൻ സാധിക്കില്ല. നബിയെ ആക്ഷേപിക്കുന്നത് സ്വന്തം പിതാവായാലും, മക്കളായും, കുടുംബക്കാർ ആയാലും, ബന്ധുക്കൾ ആയാലും അതിനെ പൊറുക്കാൻ സാധിക്കില്ല.''- മദനി പറയുന്നു.

തുടർന്ന് പ്രവാചകനെ അധിക്ഷേപിച്ച സ്വന്തം പിതാവിന്റെ തലവെട്ടിയ കഥയും മദനി പറയുന്നുണ്ട്. മുഹമ്മദ് നബിയെ അധിക്ഷേപിച്ച പിതാവിനെ 'ജിൽ ജിൽ' ശബ്ദത്തോടെ തലവെട്ടിയ പ്രവാചക ശിഷ്യന്റെ കഥയാണ് മദനി പൊതുയോഗത്തിൽ പ്രസംഗിച്ചത്. തല ഫുട്ബോൾ പോലെ പറന്നുവെന്ന വിശേഷണത്തോടെയാണ് മദനിയുടെ പ്രസംഗം. അള്ളാഹുവിന്റെ പ്രവചകനെ അധിക്ഷേപിച്ചവന്റെ തല പറന്നുപോയി. എന്നാണ് മദനി ആവശത്തോടെ പറയുന്നത്. അപ്പോൾ സദസ്യരിൽനിന്ന് വൻ കൈയടികൾ ഉയരുന്നതും കാണാം.

ഈ വീഡിയോ കണ്ട് നിരവധി പേരാണ് കമന്റുകൾ രേഖപ്പെടുത്തിയത്. അക്രമത്തിന് ആഹ്വാനം ചെയ്യുന്ന വിധത്തിലുള്ള ഈ പ്രസംഗം കേരളത്തിൽ അന്നുതന്നെ അലയൊലികൾ ഉണ്ടാക്കുകയും ചെയ്തു. ക്ഷേത്രോൽസവങ്ങളേയും മദനി വിമർശിക്കുന്ന വീഡിയോയും വൈറലായിരുന്നു. എന്നാൽ ഇത്തരത്തിലൊരു പ്രസംഗം നടത്തിയിട്ടില്ലെന്നാണ് പിന്നീട് മദനി തന്നെ പറഞ്ഞത്. പക്ഷേ വിഷ്വലുകൾ കള്ളം പറയുകയില്ലല്ലോ.

ബംഗലൂരു കേസിൽ വീണ്ടും

പക്ഷേ മദനിയുടെ സ്വാതന്ത്ര്യകാലം വീണ്ടും പെട്ടന്നുതന്നെ അവസാനിച്ചു. ബംഗലൂരു സ്‌ഫോടനത്തിൽ മദനിക്ക് പങ്കുണ്ടെന്നാണ് ആരോപിച്ച് അദ്ദേഹത്തെ കർണാടക പൊലീസ് 2010 ഓഗസ്റ്റ് 17ന് അറസ്റ്റ് ചെയ്തു. 2011 ഫെബ്രുവരി 11-നു കർണാടക ഹൈക്കോടതി അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ നിരസിച്ചു. പ്രധാന പ്രതി തടിയന്റവിടെ നസീർ തീവ്രവാദത്തിലേക്കെത്തിയത് മദനിയിലൂടെയായിരുന്നു എന്നാണ് കർണാടക പൊലീസിന്റെ കണ്ടെത്തൽ.

ബാംഗ്ലൂരിൽ ബോംബ് സ്ഫോടനം നടക്കുന്നതിന് തൊട്ട് മുമ്പും ശേഷവും തടിയന്റവിട നസീർ മദനിയെ വിളിച്ചിരുന്നു. ഭാര്യ സൂഫിയയുടെ ഫോണിലൂടെയാണ് നസീറുമായി മദനി സംസാരിച്ചത്. ആർക്കും നിഷേധിക്കാനാവാത്ത ഈ ഡിജിറ്റൽ തെളിവാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. ബോംബ് സ്ഫോടനത്തിന് ശേഷം മുങ്ങിയ തടിയന്റവിട നസീർ മദനിയുടെ അൻവാരശ്ശേരിയിലെ ഓഫീസിൽ ഒളിവിൽ താമസിച്ചതായും പൊലീസ് കണ്ടെത്തി. പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ വിചാരണക്കോടതി മുതൽ സൂപ്രീംകോടതി വരെ പരിശോധിച്ചതിന് ശേഷമാണ് മദനിയെ ജയിലിൽ അടച്ചത്.

ബാംഗ്ലൂരിൽ ജാമ്യത്തിൽ കഴിയവേ, കൂടുതൽ ഇളവ് തേടി സുപ്രീംകോടതിയെ സമീപിച്ചപ്പോൾ, ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ഡേഞ്ചറസ് മാൻ എന്നാണ് മദനിയെ വിശേഷിപ്പിച്ചത്. ബിജെപി കർണ്ണാടക ഭരിക്കുന്ന കാലത്താണ് മദനി അറസ്റ്റ് ചെയ്യപ്പെട്ടത്. പക്ഷേ യെദിയൂരപ്പയ്ക്ക് ശേഷം അധികാരമേറ്റെടുത്ത കടുത്ത സംഘപരിവാർ വിമർശകനായ സിദ്ധരാമയ്യയും, മദനിക്കെതിരെ കർക്കശമായ നിലപാടാണ് സ്വീകരിച്ചത്. പ്രോസിക്യൂഷന്റെ കൈവശമുള്ള സ്വയം സംസാരിക്കുന്ന തെളിവുകളെ അവഗണിക്കുവാൻ അന്നത്തെ കോൺഗ്രസ് സർക്കാരിനും കഴിയുമായിരുന്നില്ല. അതുകൊണ്ടാണ് മണിക്കുറിന് കോടികൾ ഫീസ് വാങ്ങുന്ന വക്കീലന്മാരെ ഇറക്കി തീപ്പൊരി വാദം നടത്തിയിട്ടും മദനിക്ക് ജാമ്യം കിട്ടാത്തത് എന്ന് അദ്ദേഹത്തെ എതിർക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.

സ്വതന്ത്രചിന്തകനും സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുമായ സജീവ് ആല ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. '

'കേരളത്തിൽ ഇസ്ലാമിക സ്റ്റേറ്റ് സ്ഥാപിക്കാൻ കളത്തിലിറങ്ങിയ കൊടും തീവ്രവാദിയാണ് അബ്ദുൽ നാസർ മദനി. കേരളത്തിന്റെ അങ്ങോളമിങ്ങോളം നടന്ന് വർഗീയതയും ഭിന്നതയും വമിക്കുന്ന ഹേറ്റ് സ്പീച്ച് നടത്തി പോപ്പുലർ ഫ്രണ്ട് പോലെയുള്ള ഭീകരപ്രസ്ഥാനങ്ങൾക്ക് പൂണ്ട് വിളയാടാനുള്ള ഗ്രൗണ്ട് ഒരുക്കിനല്കിയതും ഈ മഹാനുഭാവനാണ്. സുരക്ഷാസേനയും രഹസ്യാന്വേഷണ വിഭാഗവും അതീവ ജാഗ്രതയോടെ കാവലിരിക്കുന്നതുകൊണ്ടാണ് നമുക്ക് ട്രെയിനിലും ബസ്സിലും ജീവഭയമില്ലാതെ സഞ്ചരിക്കാൻ കഴിയുന്നത്. മാർക്കറ്റിൽ പോയി പച്ചക്കറിയും മീനും വാങ്ങി ജീവനോടെ വീട്ടിൽ തിരിച്ചെത്താൻ കഴിയുന്നത് ശക്തമായ പൊലീസിംങ് സംവിധാനം നിലവിലുള്ളതിനാലാണ്.

ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടവരിൽ ഹിന്ദുവും മുസ്ലിമും സിഖും ക്രിസ്ത്യാനിയും എല്ലാമുണ്ടായിരുന്നു. ടെററിസ്റ്റുകൾക്ക് മതമുണ്ടാകും പക്ഷെ ഇരകൾക്ക് ജാതിയുമില്ല മതവുമില്ല. തെരുവുകളിൽ ചിന്നിച്ചിതറപ്പെടുന്ന മനുഷ്യരുടെ വേദനയേക്കാൾ നിങ്ങളെ ആകുലപ്പെടുത്തുന്നതുകൊലയാളികളുടെ മുട്ടുവേദനയും പ്രമേഹവുമാണെങ്കിൽ നിങ്ങൾ ഭീകരതയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നവർ തന്നെയാണ്.'' -സജീവ് തന്റെ പോസ്റ്റിൽ വ്യക്തമാക്കുന്നു.

മകൻ അഭിഭാഷകനായി

അബ്ദുന്നാസർ മദനിക്ക് ആദ്യ ഭാര്യ ഷഫറുന്നീസയിൽ സമീറ ജൗഹർ എന്ന ഒരു മകളുണ്ട്. 1993ലാണ് സൂഫിയയെ വിവാഹം കഴിച്ചത്. അതിൽ രണ്ട് ആൺ മക്കളുണ്ട് ഉമർ മുക്താർ, സലാഹുദ്ദീൻ അയൂബി. ഇവർ രണ്ടുപേരും പിതാവിനെ മോചിപ്പിക്കാനുള്ള സമരങ്ങളിൽ സജീവമായിരുന്നു.

ബംഗലൂരു സ്ഫോടനക്കേസിൽ ജാമ്യത്തിലിരിക്കെ 2013ൽ മദനിയുടെ മകളുടെ വിവാഹവും കേമമാണ് കഴിഞ്ഞത്. മദനിയുടെ മകൾ ഷമീറ ജൗഹറും കരുനാഗപ്പള്ളി നമ്പരുവികാല മേടയിൽ വീട്ടിൽ നിസാമും തമ്മിലുള്ള വിവാഹച്ചടങ്ങിന്, അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയായ പിണറായി വിജയൻ അടക്കമുള്ളർ എത്തിയിരുന്നു. പിണറായിയെ മദനി തന്റെ വലതുഭാഗത്തും, ഇ.ടി. മുഹമ്മദ് ബഷീർ എംപിയെ ഇടത് ഭാഗത്തും, ഇരുത്തിയതും രാഷ്ട്രീയ കൗതുകം എന്ന നിലയിൽ വാർത്തയായിരുന്നു. അതിനിടെ വിവാഹ വേദിയിലെ മദനിയുടെ പ്രസംഗവും വിവാദമായി. ഇത് ജാമ്യവ്യവസ്ഥകളുടെ ലംഘനം ആണെന്നായിരുന്നു ആരോപണം. പ്രസംഗം കർണാടക ഹൈക്കോടതിയുടെ ശ്രദ്ധയിൽ പെടുത്തണമെന്ന് കർണാടക സർക്കാരിനോട് ആവശ്യപ്പെടുമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരൻ പറഞ്ഞിരുന്നു. മദനി വിവാഹവേദിയിലെ പ്രസംഗ കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിക്കുന്നതാണോ എന്ന് മാധ്യമപ്രവർത്തകർ എടുത്ത് ചോദിച്ചപ്പോൾ അതൊക്കെ കോടതി പരിശോധിക്കട്ടെ എന്നായിരുന്നു വി.എസിന്റെ പ്രതികരണം.

ഈയിടെ മദനിയുടെ മകൻ സ്വലാഹുദ്ദീൻ അയ്യൂബി അഭിഭാഷകനായി ഈയിടെ എന്റോൾ ചെയ്തത് വാർത്തയായിരുന്നു. മകൻ എന്റോൾ ചെയ്യുന്ന ചടങ്ങിന് സാക്ഷിയാവാനും മദനിക്ക് കഴിഞ്ഞില്ല. 'അവകാശ നിഷേധം അനുഭവിച്ചുകൊണ്ടിരിക്കുന്ന മുഴുവൻ നിസ്സഹായർക്കും കൈത്താങ്ങായി മാറാൻ അയ്യൂബിയുടെ നിയമബിരുദം കരുത്തേകട്ടെയൊണ്' മദനി മകന്റെ പുതിയ നിയോഗത്തെക്കുറിച്ച് ഫേസബുക്ക് പോസ്റ്റിട്ടത്.

ഇതും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി. ഇസ്ലാമിക രാജ്യം സൃഷ്ടിക്കാൻ നടന്ന പിതാവിന്റെ മകൻ, ഇന്ത്യൻ ഭരണഘടനയിൽ ആകൃഷ്ടനായതും, ഇന്ത്യൻ നിയമങ്ങളുടെ വ്യാഖ്യാതാവ് ആവുന്നതും, ചരിത്രത്തിന്റെ കാവ്യ നീതിയെന്നാണ് പലരും ചൂണ്ടിക്കാണിച്ചത്.

നമ്മുടെ നിയമവ്യവസ്ഥ ഇങ്ങനെയോ?

നീണ്ട രണ്ടുപതിറ്റാണ്ട് ജയിലിൽ കിടന്ന ഒരാൾ. അതും വിചാരണത്തടുവു കാരനായിട്ട്. ഇത് നമ്മുടെ നീതിന്യായവ്യവസ്ഥയിലെ ശോചനീയമായ അവസ്ഥ സൂചിപ്പിക്കയാണ്. 'കുറ്റക്കാരനാണെങ്കിൽ എന്നെ തൂക്കിക്കൊല്ലൂ നിരപരാധിയാണെങ്കിൽ വെറുതെ വിടൂ' എന്ന് മദനി പലതവണ പറഞ്ഞതാണ്. പക്ഷേ ഇവിടെ വിചാരണയും വിധിയും അനന്തമായി നീളുകയാണ്. ഇത് ശരിക്കും അതിഗുരുതരമായ ഒരു മനുഷ്യാവകാശ പ്രശ്നം തന്നെയാണ്.

ഇപ്പോൾ ചികിത്സയടക്കം വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് അബ്ദുൾ നാസർ മദനി ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയത്. കേരളത്തിലേക്ക് പോകാൻ അനുവദിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. പിതാവിന്റെ ആരോഗ്യ നില വഷളായതിനാൽ അദ്ദേഹത്തെ കാണാൻ അനുവദിക്കണമെന്നും മദനി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ അപേക്ഷയെ കർണാടക സർക്കാർ ശക്തമായി എതിർത്തു. വ്യവസ്ഥയിൽ ഇളവ് നൽകിയാൽ മദനി ഒളിവിൽ പോകുമെന്നായിരുന്നു സർക്കാരിന്റെ വാദം.

എന്നാൽ മദനി ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവാണെന്നും ഇളവ് അനുവദിച്ചാൽ ഏങ്ങോട്ടും ഓടിപ്പോകില്ലെന്നും മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, അഭിഭാഷകൻ ഹാരീസ് ബീരാൻ എന്നിവർ വാദിച്ചു. തുടർന്നാണ് ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ച് കേരളത്തിലേക്ക് പോകാൻ അനുമതി നൽകിയത്. കർണാടക പൊലീസിന്റെ നിരീക്ഷണത്തിൽ കേരളത്തിൽ കഴിയാനാണ് മദനിക്ക് അനുമതിയുള്ളത്. കർണാടക പൊലീസിനുള്ള ചെലവ് മദനി വഹിക്കേണ്ടി വരും. നോക്കുക, അതിന് എത്ര ലക്ഷങ്ങൾ വരും എന്ന് കണ്ടറിയേണ്ടതാണ്. മദനി ഭീകരനാണോ അല്ലയോ എന്നത് കോടതി തീരുമാനിക്കട്ടെ. പക്ഷേ ഇന്ത്യൻ നീതിന്യായവ്യവസ്ഥയുടെ ഒച്ചിഴയുന്ന വേഗം നമ്മെ ഞെട്ടിക്കുന്നതാണ്. ഇനി ഈ കേസിലും കുറ്റക്കാരനല്ല എന്നാണ് കോടതിയുടെ കണ്ടെത്തലെങ്കിൽ, അദ്ദേഹത്തിന്റെ നഷ്ടപ്പെട്ട വർഷങ്ങൾ ആര് തിരിച്ചുതരും?

വാൽക്കഷ്ണം: ഈയിടെ ഇറങ്ങിയ 'സൗദി വെള്ളക്ക' എന്ന ചിത്രം കണ്ടാൽ അറിയാം ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ പ്രവർത്തന രീതി. മദനി കേസും വിരൽചൂണ്ടുന്നത് ജുഡീഷ്യൽ നടപടികളുടെ പരിഷ്‌ക്കരണങ്ങളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP