Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശുഭ്ര സാഗരമായി മലപ്പുറം സ്വലാത്ത് നഗർ; റമദാൻ 27-ാം രാവ് പ്രാർത്ഥനാ സമ്മേളനത്തിന് പതിനായിരങ്ങൾ

ശുഭ്ര സാഗരമായി മലപ്പുറം സ്വലാത്ത് നഗർ; റമദാൻ 27-ാം രാവ് പ്രാർത്ഥനാ സമ്മേളനത്തിന് പതിനായിരങ്ങൾ

ജംഷാദ് മലപ്പുറം

മലപ്പുറം: വിശുദ്ധറമദാനിലെ ഇരുപത്തിയേഴാം രാവായ ഇന്ന് പ്രാർത്ഥനാസാഗരമായി സ്വലാത്ത് നഗർ. ഇരുപത്തിയേഴാം രാവിൽ മക്ക മദീന കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ വിശ്വാസികൾ ഒരുമിച്ച് കൂടുന്ന പ്രാർത്ഥനാ നഗരിയാണ് സ്വലാത്ത്നഗർ. മാസന്തോറും നടത്തിവരാറുള്ള സ്വലാത്ത് മജ്ലിസിന്റെ വാർഷികം കൂടിയാണിത്.

ഇന്നു പുലർച്ചെ മുതൽ തന്നെ വിശ്വാസികൾ ചെറു സംഘങ്ങളായി സ്വലാത്ത് നഗറിലേക്ക് ഒഴുകിയിരുന്നു. വൈകുന്നേരത്തോടെ പ്രധാന ഗ്രൗണ്ടും മഅദിൻ ഗ്രാന്റ് മസ്ജിദും നിറഞ്ഞ് കവിഞ്ഞു. ഉച്ചക്ക് 1 മുതൽ നടന്ന അസ്മാഉൽ ബദ്രിയ്യീൻ മജ്ലിസോടെ പരിപാടികൾക്ക് തുടക്കമായി.

തുടർന്ന് പതിനായിരങ്ങൾ സംബന്ധിച്ച മെഗാ ഇഫ്ത്വാർ നടന്നു. മഗ്രിബ്, ഇശാഅ്, അവ്വാബീൻ, തസ്ബീഹ്, തറാവീഹ്, വിത്‌റ് നിസ്‌കാരങ്ങൾ പ്രധാന വേദിയിലും ഗ്രാന്റ് മസ്ജിദിലും വിവിധ ഓഡിറ്റോറിയങ്ങളിലും നടന്നു. രാത്രി 9 ന് സമസ്ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാരംഭ പ്രാർത്ഥനയോടെ സമാപന പരിപാടികൾക്ക് തുടക്കമായി. ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്്‌ലിയാർ ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്്‌ലിയാർ അദ്ധ്യക്ഷത വഹിച്ചു. മഅദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി പ്രതിജ്ഞക്കും സമാപന പ്രാർത്ഥനക്കും നേതൃത്വം നൽകി. അമ്പത് ലക്ഷം ആളുകളിലേക്ക് ലഹരിവിരുദ്ധ സന്ദേശമെത്തിക്കുന്നതിന്റെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു.

മഹാസംഗമത്തിലേക്കൊഴുകിയ വിശ്വാസി സമൂഹത്തെ സ്വീകരിക്കാനായി മഅദിൻ അക്കാദമി പൂർണ സജ്ജമായിരുന്നു. ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും ഫയർഫോഴ്സിന്റെയും സഹകരണത്തോടെ 5555 അംഗ വളണ്ടിയർ കോറിന്റെ പ്രവർത്തനം നിസ്തുലമായി. അടിയന്തിരാവശ്യങ്ങൾക്കായൊരുക്കിയ സൂപ്പർ സ്പെഷ്യാലിറ്റി ഇന്റൻസീവ് കെയർ യൂണിറ്റ്, മൊബൈൽ ടെലി മെഡിസിൻ യൂനിറ്റ്, ഭിന്നശേഷിക്കാർക്കായി പ്രത്യേക സജ്ജീകരണങ്ങൾ എന്നിവ വിശ്വാസികൾക്കനുഗ്രഹമായി. പ്രാർത്ഥനാ സമ്മേളനത്തിനെത്തിയ വിശ്വാസികൾക്ക് മഅ്ദിൻ മിംഹാറിന് കീഴിൽ സൗജന്യ ചികിത്സാ സൗകര്യമൊരുക്കി. ഭിന്നശേഷി സുഹൃത്തുക്കളുടെ സൗകര്യത്തിനായി പ്രത്യേക ക്രമീകരണങ്ങളുമൊരുക്കി.

പ്രധാനവേദിക്ക് പുറമെ പരിസരത്തെ മൈതാനങ്ങളും ഓഡിറ്റോറിയങ്ങളും തിരക്ക് നിയന്ത്രിക്കാൻ നിമിത്തമായി. പ്രാർത്ഥനാ സംഗമത്തിനെത്തിയ ലക്ഷങ്ങൾക്കായുള്ള നോമ്പ്തുറക്കും അംഗസ്നാനത്തിനും നമസ്‌കാരങ്ങൾക്കും പ്രാഥമിക കർമങ്ങൾക്കുമായി ഏർപ്പെടുത്തിയ പ്രത്യേക സൗകര്യങ്ങൾ ഏറെ ആശ്വാസം പകരുന്നതായിരുന്നു. ആത്മീയവേദിയുടെ പുണ്യം നുകരാനെത്തിയ സ്ത്രീകൾക്കുള്ള സൗകര്യവുമൊരുക്കിയിരുന്നു.

സ്വലാത്ത്, തഹ്ലീൽ, ഖുർആൻ പാരായണം, തൗബ, പ്രാർത്ഥന എന്നിവ പരിപാടിയിൽ നടന്നു. സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്്‌ലിയാർ, പേരോട് അബ്ദുറഹ്‌മാൻ സഖാഫി, ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, സമസ്ത ട്രഷറർ കോട്ടൂർ കുഞ്ഞമ്മു മുസ്്‌ലിയാർ, സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്‌മാൻ സഖാഫി, കെ.കെ അഹ്‌മദ് കുട്ടി മുസ്്‌ലിയാർ കട്ടിപ്പാറ, കെ.പി അബൂബക്കർ മുസ്്‌ലിയാർ പട്ടുവം, കൂറ്റമ്പാറ അബ്ദുറഹ്‌മാൻ ദാരിമി, സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി, പ്രൊഫ. എ.കെ അബ്ദുൽ ഹമീദ്, ഫിർദൗസ് സഖാഫി കടവത്തൂർ, ചാലിയം എ.പി അബ്ദുൽ കരീം ഹാജി എന്നിവർ പ്രസംഗിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP