Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കുന്നംകുളം മെത്രാപ്പൊലീത്ത മഹാദുരന്തമെന്ന് വീണാ ജോർജിന്റെ ഭർത്താവ്; സഭയിലെ ആർക്കും താങ്ങാൻ പറ്റാത്ത ഒരാളായി മാറി; നിയന്ത്രിക്കാൻ ആരുമില്ലാതെ കയറൂരി വിട്ടിരിക്കുന്ന സ്ഥിതിയെന്നും ജോർജ് ജോസഫിന്റെ വിമർശനം; ഓർത്തഡോക്‌സ് സഭ മുൻ സെക്രട്ടറി ഭാര്യക്ക് വേണ്ടി കളത്തിലിറങ്ങിയത് പോസ്റ്റർ ഒട്ടിക്കൽ വിവാദം മുറുകവേ; മറുപടി അർഹിക്കുന്നില്ലെന്ന് മെത്രാപ്പൊലീത്തയും

കുന്നംകുളം മെത്രാപ്പൊലീത്ത മഹാദുരന്തമെന്ന് വീണാ ജോർജിന്റെ ഭർത്താവ്; സഭയിലെ ആർക്കും താങ്ങാൻ പറ്റാത്ത ഒരാളായി മാറി; നിയന്ത്രിക്കാൻ ആരുമില്ലാതെ കയറൂരി വിട്ടിരിക്കുന്ന സ്ഥിതിയെന്നും  ജോർജ് ജോസഫിന്റെ വിമർശനം; ഓർത്തഡോക്‌സ് സഭ മുൻ സെക്രട്ടറി ഭാര്യക്ക് വേണ്ടി കളത്തിലിറങ്ങിയത് പോസ്റ്റർ ഒട്ടിക്കൽ വിവാദം മുറുകവേ; മറുപടി അർഹിക്കുന്നില്ലെന്ന് മെത്രാപ്പൊലീത്തയും

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണ ജോർജ്ജിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോസ്റ്റർ ഒട്ടിച്ച സംഭവത്തെ ചൊല്ലിയുള്ള വിവാദങ്ങൾ മുറുകുന്നു. ഈ വിഷയം ഓർത്തഡോക്‌സ് സഭയ്ക്കുള്ളിലും പുതിയ വിവാദങ്ങൾക്ക് വഴി തെളിക്കുന്ന വിധത്തിലാണ് കാര്യങ്ങളുടെ പോക്ക്. പോസ്റ്റർ വിവാദത്തിലെ പൊലീസ് നടപടിയെ വിമർശിച്ച ഓർത്തഡോക്‌സ് സഭയുടെ കുന്നംകുളം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പൊലീത്തക്കെതിരെ വീണയുടെ ഭർത്താവ് ജോർജ്ജ് ജോസഫ് രംഗത്തുവന്നതാണ് ഏറ്റവും ഒടുവിലെസംഭവം.

ഓർത്തഡോക്‌സ് സഭയുടെ കുന്നംകുളം ഭദ്രാസനാധിപൻ മഹാദുരന്തമാണെന്നാണ് മുൻ സഭാ സെക്രട്ടറിയും മന്ത്രി വീണാ ജോർജിന്റെ ഭർത്താവുമായ ജോർജ് ജോസഫ് അഭിപ്രായപ്പെട്ടത്. മന്ത്രി വീണാജോർജിന് എതിരേ പത്തനംതിട്ടയിൽ ഓശാന ഞായർ ദിവസം പുലർച്ചെ പോസ്റ്റർ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ ഉണ്ടായ പൊലീസ് നടപടിയെ ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പൊലീത്ത വിമർശിച്ച പശ്ചാത്തലത്തിലാണ് ഒരു ഓൺലൈൻ മാധ്യമത്തിലൂടെ ജോർജിന്റെ പ്രതികരണം പുറത്തുവന്നത്.

പോസ്റ്റർ ഒട്ടിച്ച സംഭവത്തിൽ ഓർത്തഡോക്‌സ് യുവജന പ്രസ്ഥാനം പ്രവർത്തകന്റെ വീട്ടിൽനിന്ന് കാർ പിടിച്ചെടുക്കാൻ 70 പൊലീസുകാർ രാത്രി ചെന്നത് മനുഷ്യാവകാശ ലംഘനമാണെന്നായിരുന്നു മെത്രാപ്പൊലീത്തയുടെ വിമർശനം. കെട്ടടങ്ങിയിരുന്ന കേസ് വീണ്ടും കത്തിക്കാനുള്ള ശ്രമമാണ് മെത്രാപ്പൊലീത്ത നടത്തിയതെന്നാണ് ജോർജിന്റെ ആരോപണം.

'സഭയിലെ ആർക്കും താങ്ങാൻ പറ്റാത്ത ഒരാളായി ഇദ്ദേഹം മാറിയിരിക്കുകയാണ്. ഇദ്ദേഹത്തെ നിയന്ത്രിക്കാൻ ആരുമില്ലാത്ത സ്ഥിതിയാണ്. കയറൂരിവിട്ടിരിക്കുകയാണ്. പോസ്റ്റർ ഒട്ടിച്ച സംഭവത്തിൽ ബന്ധമില്ലെന്ന് സഭ വ്യക്തമാക്കിയതാണ്. എന്നാൽ, സഭയെ ഇതിലേക്ക് വലിച്ചിഴക്കാൻ കോൺഗ്രസുകാർ പല തിരുമേനിമാരുമായും ബന്ധപ്പെട്ടിരുന്നു. എല്ലാവരും കൈയൊഴിഞ്ഞപ്പോഴാണ് കുന്നംകുളം മെത്രാപ്പൊലീത്ത രക്ഷകനായെത്തിയത്..-ജോർജ് ജോസഫ് പറയുന്നു.

അതേസമയം മന്ത്രിയുടെ ഭർത്താവ് ഉന്നയിക്കുന്ന ആരോപണങ്ങൾ മറുപടി അർഹിക്കുന്നതല്ലെന്ന് ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പൊലീത്ത പറഞ്ഞു. പോസ്റ്റർ ഒട്ടിച്ച സംഭവത്തിൽ വ്യക്തിപരമായി ആരെയും കുറ്റപ്പെടുത്തിയിട്ടില്ല. ഓർത്തഡോക്‌സ് യുവജന പ്രസ്ഥാനത്തിലെ പ്രവർത്തകനെതിരെയുള്ള പൊലീസ് രാജിനെതിരേയാണ് പ്രതികരിച്ചത്. ജനാധിപത്യവ്യവസ്ഥയിൽ അതിനുള്ള സ്വാതന്ത്ര്യമില്ലേയെന്നും മെത്രാപ്പൊലീത്ത ചോദിച്ചു.

നേരത്തെ ആരോഗ്യമന്ത്രി വീണ ജോർജിനെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണവും തള്ളി കുന്നംകുളം മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ യൂലിയോസ് തള്ളിയിരുന്നു. താൻ സ്ഥാനമാനങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്ന ആളാണ് എന്ന ആരോപണത്തെയും അദ്ദേഹം എതിർത്തു. താൻ വീടുകളിൽ സന്ദർശനം നടത്തുകയോ ബൂത്തിൽ പോയിരിക്കുകയോ ചെയ്തിട്ടില്ലെന്നും തിരഞ്ഞെടുപ്പുള്ള സമയത്ത് പള്ളിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് അവിടെ പോയിട്ടുണ്ടാകാമെന്നും ഗീവർഗീസ് മാർ യൂലിയോസ് പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിൽ അഭിപ്രായം പറയുന്നതിന് പല തലങ്ങളുണ്ട്. അത് അഭിപ്രായം പറയുന്ന വ്യക്തിയുടെ നിലവാരത്തെയും സാഹചര്യത്തെയും അടിസ്ഥാനപ്പെടുത്തിയിരിക്കും. പോസ്റ്റർ പതിച്ചതിന്റെ പേരിൽ ഒരു വ്യക്തിയെ വേട്ടയാടുന്നത് മാന്യതയുള്ള കാര്യമാണോ എന്നും അദ്ദേഹം ചോദിച്ചു.

നേരത്തെ വീണ ജോർജിനെതിരെ പള്ളിമുറ്റത്ത് പോസ്റ്റർ പതിപ്പിച്ച കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഓർത്തഡോക്സ് യുവജന പ്രസ്ഥാനം അടൂർ കടമ്പനാട് ഭദ്രാസനം ജനറൽ സെക്രട്ടറി റെനോ പി രാജൻ, സജീവ പ്രവർത്തകൻ ഏബൽ ബാബു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രണ്ടു പേരെയും കേസിൽ പ്രതി ചേർത്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഏബൽ ബാബുവിന്റെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കരുവാറ്റ ഓർത്തഡോക്സ് പള്ളിക്ക് മുന്നിലാണ് മന്ത്രി വീണാ ജോർജിനെതിരെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ഒസിവൈഎം പ്രവർത്തകർക്ക് നേരെയുള്ള അതിക്രമം അവസാനിപ്പിക്കുക, ചർച്ച് ബില്ല് വിഷയത്തിൽ മന്ത്രി വീണാ ജോർജ്ജ് മൗനം വെടിയുക, ഈസ്റ്റർ രാത്രിയിലെ പൊലീസ് അതിക്രമത്തിൽ മന്ത്രി വീണാ ജോർജ് മറുപടി പറയുക എന്നിങ്ങനെയായിരുന്നു പോസ്റ്ററിലെ വാചകങ്ങൾ.

ഒസിവൈഎം പ്രവർത്തകർ എന്ന പേരിലാണ് പോസ്റ്റർ പതിപ്പിച്ചിരുന്നത്. ഓർത്തഡോക്സ് സഭയുടെ യുവജന സംഘടനയാണ് ഒസിവൈഎം. പത്തനംതിട്ടയിലെ വിവിധ പള്ളികളുടെ മുറ്റത്തും ഓർത്തഡോക്സ് യുവജന പ്രസ്ഥാനം മന്ത്രിക്കെതിരെ പോസ്റ്റർ പതിപ്പിച്ചിരുന്നു. സംഭവത്തിൽ പൊലീസ് കലാപാഹ്വാനത്തിന് കേസെടുത്തിട്ടുണ്ട്. പെതുജനമധ്യത്തിൽ അപകീർത്തിപ്പെടുത്തുക, കലാപാഹ്വാനം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP