Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുലർച്ചെ 5.10ന് തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും പുറപ്പെട്ടു; 5.59ന് കൊല്ലത്ത് എത്തി; പരീക്ഷണ ഓട്ടവുമായി വന്ദേ ഭാരത് എക്സ്‌പ്രസ്; കണ്ണൂർ ലക്ഷ്യമാക്കി ട്രെയിനിന്റെ കുതിപ്പു തുടരുന്നു; ഉന്നത റെയിൽവേ ഉദ്യോഗസ്ഥരും ജീവനക്കാരും ട്രെയിനിൽ; ട്രെയിനിന്റെ ഷെഡ്യൂളും റെയിൽവെ ഔദ്യോഗികമായി ഇന്ന് പ്രഖ്യാപിച്ചേക്കും

പുലർച്ചെ 5.10ന് തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും പുറപ്പെട്ടു; 5.59ന് കൊല്ലത്ത് എത്തി; പരീക്ഷണ ഓട്ടവുമായി വന്ദേ ഭാരത് എക്സ്‌പ്രസ്; കണ്ണൂർ ലക്ഷ്യമാക്കി ട്രെയിനിന്റെ കുതിപ്പു തുടരുന്നു; ഉന്നത റെയിൽവേ ഉദ്യോഗസ്ഥരും ജീവനക്കാരും ട്രെയിനിൽ; ട്രെയിനിന്റെ ഷെഡ്യൂളും റെയിൽവെ ഔദ്യോഗികമായി ഇന്ന് പ്രഖ്യാപിച്ചേക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലേക്ക് എത്തിയ വന്ദേ ഭാരത് എക്സ്‌പ്രസ് പരീക്ഷണ ഓട്ടം തുടങ്ങി. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കാണ് പരീക്ഷണ ഓട്ടം നടക്കുന്നത്. ഇന്ന് രാവിലെ 5.10 ന് തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്നാണ് ട്രെയിൻ യാത്ര പുറപ്പെട്ടത്. ചെറിയ പൂജകൾക്ക് ശേഷമാണ് ട്രെയിൻ പുറപ്പെട്ടത്. ഏഴ് മണിക്കൂർ കൊണ്ട് ട്രെയിൻ കണ്ണൂരിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 12.10 നാണ് കണ്ണൂരിൽ എത്തേണ്ട സമയം. തിരുവനന്തപുരത്തു നിന്നും പുറപ്പെട്ട ട്രെയിൻ 50 മിനിറ്റെടുത്ത് 5.59ന് കൊല്ലത്ത് എത്തി. കോട്ടയം വഴിയാണ് ട്രെയിനിന്റെ യാത്ര.

ഉന്നത റെയിൽവേ ഓഫിസർമാർക്കു പുറമേ വന്ദേഭാരത് ട്രെയിനിൽ പോകേണ്ട എല്ലാ ജീവനക്കാരും നാളെ ട്രെയിനിലുണ്ട്. ഉച്ചയ്യ് 12.20 ഓടെ കണ്ണൂരിൽ നിന്ന് തിരിച്ച് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന ട്രെയിൻ ഏഴ് മണിക്കൂറിന് ശേഷം തിരുവനന്തപുരത്ത് എത്തുമെന്നാണ് കരുതുന്നത്. അതേസമയം ട്രെയിനിന്റെ ഷെഡ്യൂളും റെയിൽവെ ഔദ്യോഗികമായി ഇന്ന് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

തിരുവനന്തപുരത്ത് നിന്ന് ട്രെയിൻ പുറപ്പെടുന്ന സമയം, സ്റ്റോപ്പുകൾ, നിരക്കുകൾ എന്നിവയുടെ ഔദ്യോഗിക പ്രഖ്യാപനം ഈ അറിയിപ്പിലുണ്ടാകും. ഈ മാസം 25നാണ് പ്രധാനമന്ത്രി ഔദ്യോഗികമായി കേരളത്തിന്റെ വന്ദേ ഭാരത് എക്സ്‌പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്യുന്നത്. അതിനിടെ കണ്ണൂർ വരെയുണ്ടാകുമെന്ന് ആദ്യം പ്രഖ്യാപിച്ച വന്ദേഭാരത് ഇപ്പോൾ കോഴിക്കോടു വരെ ചുരുക്കുന്നുവെന്ന അഭ്യുഹങ്ങളും രാഷ്ട്രീയ വിവാദങ്ങൾക്കു വഴിതുറന്നിരുന്നു. എന്നാൽ, കണ്ണൂർ വരെയാണ് ട്രയൽ റൺ നടത്തുന്നത്.

എന്നാൽ സർവീസ് സംബന്ധിച്ചു റെയിൽവേ ബോർഡിന്റെ അന്തിമ റൂട്ട് വരാതെ ഇക്കാര്യത്തിൽ അധികൃതർ മറുപടി പറയില്ല. ട്രെയിൻ ക്രൂ ചേഞ്ച് നടത്തേണ്ടത് എറണാകുളത്താണ്. ഇതിനു 10 മിനിറ്റു സമയം നഷ്ടപ്പെടുമെന്നതിനാലാണ് ഒരു ട്രിപ്പ് ഒരു ക്രൂ തന്നെ സർവീസ് നടത്തുക എന്ന ഉദ്ദേശ്യത്തോടെ കോഴിക്കോട് വരെ സർവീസ് ചുരുക്കാൻ ലക്ഷ്യം വെക്കുന്നത്. തിരികെ സർവീസിനു പുതിയ ക്രൂവാണു കയറുന്നത്.

അതേസമയം ആധുനിക സൗകര്യങ്ങളുള്ള വന്ദേ ഭാരത് എക്സ്‌പ്രസ് ട്രെയിൻ കേരളത്തിന് അനുവദിച്ചെങ്കിലും വളരെ കുറഞ്ഞ വേഗതയിലാകും ഇത് സഞ്ചരിക്കുകയെന്നാണ് റെയിൽവെ അധികൃതർ നൽകുന്ന വിവരം. നിലവിൽ ഈ റൂട്ടിലുള്ള മറ്റു ട്രെയിനുകളുമായി താരതമ്യം ചെയ്യുമ്പോൾ 25 മിനിറ്റ് മുതൽ രണ്ട് മണിക്കൂർ വരെ മാത്രമാണ് ലാഭിക്കാൻ കഴിയുക. ടിക്കറ്റ് നിരക്കിന്റെ കാര്യത്തിലും അവ്യക്തത തുടരുകയാണ്.

മണിക്കൂറിൽ 160 കിലോമീറ്ററാണ് രാജ്യത്തെ വന്ദേ ഭാരതിന്റെ പ്രഖ്യാപിത വേഗത. എന്നാൽ 500 കി.മീ ദൈർഘ്യമുള്ള കണ്ണൂർ -തിരുവനന്തപുരം റൂട്ട് പിന്നിടാൻ വന്ദേ ഭാരതിന് 7.30 മണിക്കൂർ എടുക്കുമെന്നാണ് ഇപ്പോൾ ലഭ്യമായ വിവരം. യാത്രാ ഷെഡ്യൂൾ റെയിൽവെ പുറത്തുവിട്ടാൽ മാത്രമേ ഇക്കാര്യം അന്തിമമായി പറയാൻ കഴിയൂ.

നിലവിൽ ലഭ്യമായ വിവരമനുസരിച്ച് ഈ റൂട്ടിൽ മണിക്കൂറിൽ ശരാശരി 66.66 കിലോമീറ്റർ വേഗതയിലാണ് വന്ദേ ഭാരത് സഞ്ചരിക്കുക. അതായത് പ്രഖ്യാപിത വേതയുടെ പകുതി പോലും ട്രെയിൻ കൈവരിക്കില്ല. വർഷങ്ങളായി രാജധാനി എക്സ്‌പ്രസ് ഈ റൂട്ടിൽ മണിക്കൂറിൽ 62.5 കി.മീ വേഗതയിൽ സഞ്ചരിക്കുമ്പോഴാണ്, അഡ്വാൻസ്ഡ് സെമി-സ്പീഡ് ട്രെയിൻ എന്ന് കൊട്ടിഘോഷിച്ച് കൊണ്ടുവരുന്ന വന്ദേ ഭാരത് ഇതിനോടടുത്ത വേഗതയിൽ മാത്രം സഞ്ചരിക്കുന്നത്.

നിലവിലുള്ള രാജധാനി എക്സ്‌പ്രസാവട്ടെ, 7.57 മിനുട്ട് കൊണ്ട് ഈ ദൂരം പിന്നിടുന്നുണ്ട്. ഗരീബ് രഥ് എക്സ്‌പ്രസ് 8.42 മണിക്കൂറും കണ്ണൂർ -തിരുവനന്തപുരം ജനശതാബ്ദി എക്സ്‌പ്രസ് 9.35 മണിക്കൂറുമാണ് ഈ ദൂരം പിന്നിടാൻ എടുക്കുന്ന സമയം. ജനശതാബ്ദിയിൽ കണ്ണൂർ -തിരുവനന്തപുരം യാത്രക്ക് സെക്കൻഡ് സിറ്റിങ്ങിന് 220 രൂപയും എ.സി ചെയർ കാറിന് 755 രൂപയുമാണ് ടിക്കറ്റ് നിരക്ക്. എന്നാൽ, വന്ദേഭാരതിൽ ശരാശരി 1300 രൂപയും (എ.സി ചെയർ കാർ) 2400 രൂപയും (എക്‌സിക്യൂട്ടീവ് ചെയർ കാർ) നൽകേണ്ടി വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP