Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുലായത്തിന്റെയും മായവതിയുടെയും കാലത്ത് ജംഗിൾരാജും ഗുണ്ടാരാജും; പക്ഷേ 2017നു ശേഷം നടന്നത്, 11,000ത്തോളം എൻകൗണ്ടറുകൾ; മരിച്ചത് ഇരുനൂറോളം ക്രിമിനലുകൾ; കണ്ടുകെട്ടിയത് 25,000ത്തോളം കോടി; വീടുകൾ ബുൾഡോസർവെച്ച് പൊളിക്കും; ഒടുവിൽ ആതിഖ് അഹമ്മദിനും മരണം; തോക്കെടുക്കുന്ന സന്യാസി! യോഗി യുപി ക്ലീനാക്കുമ്പോൾ

മുലായത്തിന്റെയും മായവതിയുടെയും കാലത്ത് ജംഗിൾരാജും ഗുണ്ടാരാജും; പക്ഷേ 2017നു ശേഷം നടന്നത്, 11,000ത്തോളം എൻകൗണ്ടറുകൾ; മരിച്ചത് ഇരുനൂറോളം ക്രിമിനലുകൾ; കണ്ടുകെട്ടിയത് 25,000ത്തോളം കോടി; വീടുകൾ ബുൾഡോസർവെച്ച് പൊളിക്കും; ഒടുവിൽ ആതിഖ് അഹമ്മദിനും മരണം; തോക്കെടുക്കുന്ന സന്യാസി! യോഗി യുപി ക്ലീനാക്കുമ്പോൾ

എം റിജു

'ക്രിമിനലുകളുടെ തല മണ്ണിൽ മുട്ടിക്കും'... 2017ൽ ആദ്യമായി അധികാരമേറ്റപ്പോൾ, അജയ്മോഹൻ ഭിഷ്ട് എന്ന പഴയ എസ്എഫ്ഐക്കാരനിൽനിന്ന്, യോഗി ആദിത്യനാഥ് എന്ന സന്യാസിയിലേക്ക് ജീവിതത്തെ വഴിതിരിച്ചുവിട്ട ആ മുഖ്യമന്ത്രി അങ്ങനെ പറഞ്ഞപ്പോൾ രാഷ്ട്രീയക്കാരുടെ പതിവ് ഡയലോഗ് എന്നേ പൊതുജനം കരുതിയുള്ളൂ. ജംഗിൾ രാജ് എന്നും ഗുണ്ടാരാജ് എന്നുമൊക്കെയായിരുന്നു അതുവരെ, യുപിയിലെ ഭരണം അറിയപ്പെട്ടിരുന്നത്. കോൺഗ്രസ് തൊട്ട് സമാജ്വാദി പാർട്ടിയുടെയും, മായാവതിയുടെയുമൊക്കെ ഭരണകാലത്ത് യുപിയിൽ മാഫിയകൾ തഴച്ചുവളർന്നു. അവസാനം ക്രിമിനൽ സംഘങ്ങൾക്ക് കപ്പം കൊടുക്കാതെ, ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനത്ത് ഒരു പരിപാടിപോലും നടക്കില്ല എന്ന അവസ്ഥയായി. അതുകൊണ്ടുതന്നെ ഗുണ്ടകളെ ഒതുക്കി യുപിയെ ക്ലീനാക്കും എന്ന യോഗിയുടെ പ്രസ്താവന ആരും അത്ര ഗൗരവത്തിൽ എടുത്തതുമില്ല.

പക്ഷേ ആറുവർഷം കൊണ്ട് കഥ മാറി. ഇന്ന് ക്രിമിനലുകളുടെ അന്തകൻ എന്നാണ് യോഗി അറിയപ്പെടുന്നത്. പൂർവാശ്രമത്തിൽ വിപ്ലവത്തിന്റെ ആരാധകനായ ഈ സന്യാസി വീണ്ടും തോക്കെടുത്തിരിക്കയാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യയടക്കമുള്ള മാധ്യമങ്ങൾ പറയുന്നത്. 2017ൽ യോഗി അധികാരത്തിലേറിയ ശേഷം യുപിയിൽ നടന്നത്, 11,000ത്തോളം ചെറുതും വലുതുമായ എൻകൗണ്ടറുകളാണ്. ഇതിൽ മരിച്ചത് ഇരുനൂറോളം ക്രിമിനലുകളാണ്. കണ്ടുകെട്ടിയത് 25,000 ത്തോളം കോടിരൂപയുടെ സ്വത്തുവകകളും. മിക്ക ഗുണ്ടകളുടെയും വീടുകൾ ബുൾഡോസർ വെച്ച് പൊളിച്ച് കളഞ്ഞു! ഈ ഏറ്റുമുട്ടലിന്റെ ഭാഗമായി 23,300 കുറ്റവാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. 5,046 പേർക്ക് പരിക്കേറ്റു. ഇതിൽ 1,443 പൊലീസുകാർക്ക് പരിക്കേറ്റതായും 13 പേർ കൊല്ലപ്പെട്ടതായും കണക്കുകൾ വ്യക്തമാക്കുന്നു.

എറ്റവും ഒടുവിലായി അതീഖ് അഹമ്മദ് എന്ന കൊടും ക്രിമിനലിന്റെ കൊലയാണ് ഇപ്പോൾ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്. പൊലീസ് സ്പോൺസേഡ് എൻകൗണ്ടറാണെന്നാണ് ഇതെന്ന് വിമർശനം ഉയർന്നിട്ടുണ്ട്. ഇവ കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് പരാതികൾ ഉയരുമ്പോൾ തന്നെ, യുപി ക്ലീനാക്കിയെന്ന് പറഞ്ഞ് മറുഭാഗത്ത് നിന്ന് യോഗിക്കുവേണ്ടി കൈയടികളും ഉയരുകയാണ്.

ആതിഖ് കൊല്ലപ്പെടുന്നു

സമാജ്വാദി പാർട്ടി മുൻ എംപിയും യുപിയിലെ ഗുണ്ടാത്തലവനുമായ ആതിഖ് അഹ്മദും സഹോദരൻ അഷ്‌റഫ് അഹ്മദും കൊല്ലപ്പെട്ടതാണ് രാജ്യത്തെ ഞെട്ടിച്ചത്. ജയിലിൽനിന്ന് മെഡിക്കൽ പരിശോധനയ്ക്ക് സഹോദരനൊപ്പം എത്തിച്ച ആതിഖ് ശനിയാഴ്ച രാത്രി പത്തുമണിയോടെ മാധ്യമങ്ങളോട് സംസാരിക്കാൻ തുടങ്ങുന്നതിനിടെയാണ് തൊട്ടടുത്ത് എത്തിയ മൂന്നു പേർ വെടിയുതിർത്തത്.

ആതിഖ് സംസാരിക്കുന്നതിനിടെ ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഒരാൾ ആതിഖിന്റെ തലയ്ക്കു ചേർത്തു തോക്ക് പിടിച്ച് വെടിവയ്ക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ആതിഖ് വെടിയേറ്റു വീണതിനു തൊട്ടുപിന്നാലെ സഹോദരൻ അഷ്‌റഫിനു നിരവധി തവണ വെടിയേറ്റു. അങ്ങനെ ആ രണ്ടു പേരും മരിച്ചു. ആതിഖിന്റെ മകനും ഉമേഷ് പാൽ വധക്കേസുമായി ബന്ധപ്പെട്ട കേസിൽ പ്രതിയുമായ ആസാദ് അഹ്മദും കൂട്ടാളി മുഹമ്മദ് ഗുലാമും യുപി സ്‌പെഷൽ ടാസ്‌ക് ഫോഴ്‌സ് ടീമുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട് രണ്ടു ദിവസം പിന്നിടുന്നതിനിടെയാണ് പൊലീസ് സുരക്ഷാവലയത്തിൽ ആതിഖും സഹോദരനും വെടിവയ്‌പ്പിൽ കൊല്ലപ്പെടുന്നത്. ആസാദിന്റെ സംസ്‌കാര ദിനത്തിലാണ് ഈ വെടിവയ്‌പ്പുണ്ടായത്്.

മകന്റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാനാകാത്തതു സംബന്ധിച്ച ചോദ്യത്തിനു മാധ്യമങ്ങളോട് മറുപടി പറയുന്നതിനിടെയാണ് ആതിഖിനു നേരെ വെടിവയ്‌പ്പുണ്ടായത്. ''അവർ കൊണ്ടു പോയില്ല, അതിനാൽ പോയില്ല'' എന്നായിരുന്നു മകന്റെ അന്ത്യകർമങ്ങളിൽ പോകാനാകാത്തത് സംബന്ധിച്ച് പ്രതികരണം. ആതിഖിന്റെയും സഹോദരന്റെയും കൊലപാതകത്തിനു ശേഷം അക്രമികൾ 'ജയ് ശ്രീറാം' വിളിക്കുകയും ചെയ്തു. ഇവർ 12 റൗണ്ടോളം വെടിയുതിർത്തതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. മാധ്യമപ്രവർത്തകരെന്ന വ്യാജേനെയാണ് ആതിഖിനും സഹോദരനും സമീപം ഇവരെത്തിയത്.

പക്ഷേ ഇപ്പോൾ പുറത്തുവരുന്ന മറ്റൊരു വിവരം ഇതും യുപി പൊലീസ് ആസൂത്രണം ചെയ്തത് ആണെന്നാണ്. ആതിഖിന്റെ എതിരാളികൾക്ക് എല്ലാവിവരവും പൊലീസ് ചോർത്തിക്കൊടുക്കയാണെന്നും, ഇത് ഒരു എൻകൗണ്ടർ കൊല തന്നെയാണെന്നാണ് വിമർശനം. സമാജ്വാദി പാർട്ടി അത്തരം ഒരു ആരോപണം ഉന്നയിച്ച് കഴിഞ്ഞിട്ടുണ്ട്. പക്ഷേ ബിജെപി ഇത് നിഷേധിക്കയാണ്. .'നിങ്ങൾ കുറ്റം ചെയ്തില്ലെങ്കിൽ ആരും നിങ്ങളെ തൊടില്ല. കുറ്റം ചെയ്താൽ ആരും രക്ഷപ്പെടില്ല, ഇത് ബിജെപി സർക്കാരാണെന്നും കുറ്റവാളികൾ രക്ഷപ്പെടുന്ന എസ്‌പി ഭരണമല്ല'- യോഗി ഒരു പൊതുവേദിയിൽ പറഞ്ഞു.


ജഡ്ജിമാർ പോലും ഭയക്കുന്ന ക്രിമിനൽ

അതീഖ് അഹമ്മദ് എന്ന ഗുണ്ടാ നേതാവിന്റെ വളർച്ച രാഷ്ട്രീയം കൂട്ടുപിടിച്ചായിരുന്നു. സമാജ്വാദി പാർട്ടി നേതാവ് മുലായംസിങ്ങ് യാദവിന്റെ സ്വന്തം ആളായിരുന്നു ഇയാൾ. മുലായം തനിക്ക് പിതാവിനെപ്പോലെയാണെന്ന് ഇയാൾ പല അഭിമുഖങ്ങളിലും പറയുന്നുണ്ട്. ഒന്നും രണ്ടുമല്ല, 76 കൊലപാതകക്കേസുകളാണ് അതീഖ് അഹമ്മദിന്റെ പേരിൽ ഉള്ളത്. എന്നിട്ടും ഇയാൾ അഞ്ചു പ്രാവശ്യം എംഎൽഎയായി. സമാജ് വാദി പാർട്ടിയുടെ എം പിയായി. നെഹ്റുവിന്റെ മണ്ഡലമായ ഫുൽപൂരിനിന്നാണ് ഇയാൾ ജയിച്ചത് എന്നാണ് എറ്റവും വിചിത്രം. പിന്നീട് മുലായത്തിന്റെ മകൻ അഖിലേഷ് യാദവ് അധികാരത്തിൽ വന്നപ്പോൾ, അതീഖ് അഹമ്മദുമായി ഒരു അകലം പാലിച്ചു. അതോടെ അയാൾ സ്വന്തമായി പാർട്ടിയുണ്ടാക്കി. ഇപ്പോൾ അതും വിട്ട് അസദുദ്ദീൻ ഉവൈസിയുടെ പാർട്ടിയിലാണ്.

ജയിലിൽ കിടന്നാലും ക്വട്ടേഷൻ എടുക്കുന്ന നേതാവാണ്, അതീഖ്. പലരെയും ഇയാൾ ജയിൽക്കിടക്കവേയാണ് തീർക്കാൻ ഉത്തരവിട്ടത്. രോഹിത്ത് എന്ന ബിസിനസുകാൻ വെടിയേറ്റ് കൊല്ലപ്പെടുന്നത് അങ്ങനെയാണ്. 2005- രാജുപാൽ എന്ന ബിഎസ്‌പി നേതാവിനെ കൊന്നകേസിലാണ് ഇയാൾ പിടിക്കപ്പെട്ടത്. അതീഖിന്റെ സഹോദരൻ അഷഹഫ് അഹമ്മദിനെ തെരഞ്ഞെടുപ്പിൽ തോൽപ്പിച്ചു എന്നതാണ് രാജുപാൽ ചെയ്ത കുറ്റം. ഈ കേസിൽ ദൃക്സാക്ഷിയായ ഉമേഷ്പാലിനെയാണ് കഴിഞ്ഞ ഫെബ്രുവരി 14ന് അതീഖ് സംഘം വെടിവെച്ച് കൊന്നത്. അതിന്റെ തുടർച്ചയാണ് ഇപ്പോൾ അതീഖിന്റെ മരണത്തിൽ കലാശിച്ച വെടിവെപ്പുകൾ. പലതും പൊലീസ് സ്പോൺസർ ചെയ്യുന്നതാണെന്ന് പരസ്യമായ രഹസ്യമാണ്.

ജഡ്ജിമാർക്കുപോലും അതീഖിനെ പേടിയായിരുന്നു. അലഹബാദ് ഹൈക്കോടതിയിലെ 11 ജഡ്ജിമാരാണ് ഇയാളുടെ കേസ് പരിഗണിക്കുന്നതിൽനിന്ന് പേടിച്ച് പിന്മാറിയത്. ഒടുവിൽ സുപ്രീം കോടതി ഇടപെട്ടാണ് ഇയാളെ യുപിയിലെ ജയിലിൽനിന്ന് ഗുജാറാത്ത് സബർമതി ജയിലിലേക്ക് മാറ്റിയത്. ജയിലിലും അതീഖിന് സുഖവാസം ആയിരുന്നു. ഇയാളുടെ ജാമ്യം റദ്ദാക്കിയ സംഭവവും ഏറെ ചർച്ചചെയ്തതാണ്. അഗ്രികൾച്ചർ യൂണിവേഴ്സിറ്റി പരീക്ഷയിൽ കോപ്പിയടിച്ച രണ്ട് കുട്ടികളെ സസ്പെൻഡ് ചെയ്ത ടീച്ചറെ അതീഖ് പോയി തല്ലി. അത് വലിയ വാർത്തയായതോടെയാണ് ജാമ്യം റദ്ദായത്.

യോഗി ആദിത്യനാഥ് എന്ന മുഖ്യമന്ത്രിയുടെ ഇഛാശക്തി ഒന്നുകൊണ്ട് മാത്രമാണ് ഈ ക്രമിനിലുകൾ ഒതുക്കപ്പെട്ടത്. ഇവരുടെ സ്വത്തുക്കൾ അദ്ദേഹം കണ്ടുകെട്ടി. വീടുകൾ ബുൾഡോസർ വെച്ച് തകർത്തു. ആതിഖ് അഹമ്മദിന്റെ സാമ്രാജ്യം യു പി സർക്കാർ തകർത്തത് 50 ദിവസംകൊണ്ടാണ്. സമാജ് വാദി പാർട്ടിയുടെ നേതാവായിരുന്ന ആതിഖ് അരനൂറ്റാണ്ടിലെ രാഷ്ട്രീയ, ക്രിമിനൽ പ്രവർത്തനങ്ങൾകൊണ്ട് നേടിയെടുത്തത് 1400 കോടി രൂപയുടെ സ്വത്തുവകകൾ സർക്കാർ കണ്ടുകെട്ടി. ആതിഖ് അഹമ്മദിന്റെ ഗുണ്ടാസംഘത്തെ ഉന്മൂലനം ചെയ്യുമെന്ന് യോഗി ആദിത്യനാഥ് നേരിട്ട് ജനങ്ങൾക്ക് ഉറപ്പുനൽകിയിരുന്നു. ഇതിനു പിന്നാലെയാണ് യുപി പൊലീസ് നടത്തിയ ഏറ്റുമുട്ടലിൽ മകൻ അസദ് മരിച്ചത്. പിന്നാലെ അച്ഛനും സഹോദരനും കൂടി കൊല്ലപ്പെട്ടുവെന്നതാണ് യാഥാർത്ഥ്യം. ആ കുടുംബംതന്നെ വേരോടെ പിഴുതെറിയപ്പെട്ടിരിക്കുന്നു. ഇങ്ങനെ ഗുണ്ടകളെ നുള്ളിക്കളയുക എന്നതാണ് യോഗിയുടെ രീതി.

'തട്ടിക്കളയൽ' നയമാവുമ്പോൾ

2017 -ൽ യോഗി സർക്കാർ അധികാരത്തിലേറിയപ്പോൾ ജനങ്ങൾക്ക് നൽകിയ ഒരു വാഗ്ദാനം, നാട്ടിലെ കുറ്റകൃത്യങ്ങൾക്ക് തടയിടും എന്നതായിരുന്നു. പക്ഷേ അതിന് സ്വീകരിച്ച കണ്ണിൽ ചോരയില്ലാത്ത നടപടികൾ കടുത്ത മനുഷ്യവകാശ ലംഘനങ്ങളായിരുന്നു. അക്കാലത്ത് യുപി പൊലീസ് ഗുണ്ടകളെ കണ്ടാൽ ഓടുന്ന പരുവത്തിൽ ആയിരുന്നു. അല്ലെങ്കിൽ, മാഫിയകളുടെ കിമ്പളം പറ്റുന്നവർ ആയിരുന്നു മിക്ക പൊലീസ് ഉദോഗസ്ഥരും. യോഗി അധികാരത്തിൽ ഏറിയതോടെ ആദ്യം നിർത്തിയത് ഈ പരിപാടിയായിരുന്നു.

പൊലീസ് ഒരു ക്രിമിനലിനെ അറസ്റ്റ് ചെയ്താൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടാവില്ല എന്ന് അദ്ദേഹം ഉറപ്പുകൊടുത്തു. മോശം ട്രാക്ക് റെക്കോർഡ് ഉള്ള ഉദ്യോഗ്ഥരെ ഒന്നടങ്കം സ്ഥലം മാറ്റി. ഇതിനെല്ലാം പുറമേ 'ഠോക്ക് ദോ'പോളിസി ( തട്ടിക്കളഞ്ഞേക്ക്...) എന്ന മറ്റൊരു സാധനത്തിന് യോഗി അനൗദ്യോഗികമായി രൂപം കൊടുത്തു. നീതിന്യായ വ്യവസ്ഥയ്ക്ക് മുന്നിലെത്തിക്കാൻ മിനക്കെടാതെ കുറ്റവാളികളെ എൻകൗണ്ടറുകളിൽ കൊല്ലുന്ന രീതിയാണിത്. എൻകൗണ്ടറിന് വിധേയനാക്കുന്നതിന് മുമ്പ് ആ കുറ്റവാളിയുടെ ചരിത്രം വിശദമായി മുതിർന്ന ഉദ്യോഗസ്ഥർ പഠിക്കും. എന്നിട്ടും ഇവർ സാമൂഹിക ശല്യമാണെന്ന് ബോധ്യപ്പെട്ടാലാണ് നടപടി.

കുറ്റവാളികളുടെ കാലിൽ വെടിവെച്ച് പരിക്കേൽപ്പിക്കുന്ന 'ഹാഫ് എൻകൗണ്ടർ' എന്ന പതിവും ഉത്തർപ്രദേശ് പൊലീസിൽ നിലവിലുണ്ട്. പല സ്റ്റേഷനുകളിലും ഇങ്ങനെ എൻകൗണ്ടർ/ഹാഫ് എൻകൗണ്ടറുകൾക്ക് മാസാമാസം ടാർഗെറ്റുകളും നൽകാറുണ്ട് എന്നും ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്തായാലും പണ്ട് ഗുണ്ടകളെ കണ്ടാൽ വിരണ്ടോടുന്ന പൊലീസ്, ആകെ മാറി. പൊലീസ് സ്്റ്റേഷനിൽനിന്ന് തങ്ങൾക്ക് നീതി കിട്ടുമെന്ന് ജനങ്ങൾക്കും തോന്നിത്തുടങ്ങുന്നു.

മാത്രമല്ല, കൊടും ക്രമിനലുകളുടെ സ്വത്ത് ഉടൻ കണ്ടുകെട്ടി അവരെ സാമ്പത്തികമായി പാപ്പരാക്കുക എന്ന പരിപാടിക്കും യോഗി രുപം കൊടുത്തു. ( നമ്മുടെ നാട്ടിൽ ഹർത്താൽ നടത്തി പൊതുമുതൽ നശിപ്പിച്ച പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടാൻ പോലും കോടതിക്ക് ഇടപെടേണ്ടി വന്നു.) ഇവരുടെ വീടുകളും ബുൾഡോസർ വെച്ച് ഇടിച്ചിടും. മിക്കവാറും ഈ കെട്ടിടങ്ങളിൽ പലതും അനിധകൃതമായിരിക്കും. നിയമത്തിന്റെ ആ പഴുതാണ് ഇവിടെ യോഗി ഉപയോഗിച്ചത്. സ്വത്ത് കണ്ടുകെട്ടപ്പെടുകയും, ബാങ്ക് അക്കൗണ്ട് ഫ്രീസ് ആവുകയും ചെയ്തതോടെ മാഫിയകൾ ശരിക്കും ട്രാപ്പിലാവുകയാണ്.


ബ്രാഹ്മിൺ ഗുണ്ടയെ തീർക്കുന്നു

ക്രമിനൽ ആക്റ്റിവിറ്റികളിൽ ഇടപെടുന്നവരെ മതത്തിന്റെ പേരിൽ രക്ഷപ്പെടാനും യോഗി അനുദവിച്ചില്ല. ബ്രാഹ്മിൺ തീവ്രവാദിയെന്ന് അറിയപ്പെട്ട, 8 പൊലീസുകാരെ ഒറ്റയടിക്ക് വെടിവെച്ച് കൊന്ന വികാസ് ദുബൈ എന്ന ക്രിമിനലിനെ യുപി പൊലീസ് വെടിവെച്ച് കൊന്നത് കഴിഞ്ഞവർഷം വാർത്തയായിരുന്നു. പരമ്പരാഗത പൂജാരി സമുദായമായ പണ്ഡിറ്റ് വിഭാഗത്തിൽ ജനിച്ച വികാസ് ദുബെ ബ്രാഹ്മിൺ സമുദായത്തിലെ ചെറുപ്പക്കാരെ സംഘടിപ്പിച്ചുകൊണ്ടാണ് വളർന്നത്. അന്ന് പൊലീസും മാറിമാറി ഭരിച്ച രാഷ്ട്രീയക്കാരുമാണ് അയാൾക്ക് എല്ലാ പിന്തുണയും കൊടുത്തത്.

ബ്രാഹ്മണരെ എല്ലാവരും അവഗണിക്കുന്നു അവർക്ക് ശക്തമായ സംഘടനകൾ ഇല്ല, പ്രതിരോധിക്കാൻ ആളില്ല തുടങ്ങിയ ചിന്തകളാണ് ദുബെയെ 17ാം വയസ്സിൽ യുവാക്കളെ സംഘടിപ്പിച്ച് ഒരു സേനയുണ്ടാക്കാൻ പ്രേരിപ്പിച്ചത്. മുളവടിയും കൊച്ചുപിച്ചാത്തിയുമായി തുടങ്ങിയ ഈ സംഘമാണ് പിന്നീട് എകെ 47 തോക്കുവരെ കൈവശമുള്ള യുപിയെ വിറപ്പിക്കുന്ന അധോലോകമായി വളർന്നത്. 80കളുടെ അവസാനം കലുഷിതമായ മണ്ഡൽ രാഷ്ട്രീയത്തിന്റെ ഉപോൽപ്പന്നമാണ് ഇത്തരം സംഘങ്ങൾ എന്ന് എഴുത്തുകാരൻ പ്രഭാഷ് കെ ദത്ത നിരീക്ഷിക്കുന്നു. 'ഉത്തരേന്ത്യയിൽ നടക്കുന്ന ഒട്ടുമിക്ക കുറ്റകൃത്യങ്ങൾക്കും ഒരു ജാതി അടിത്തറ ഉണ്ടായിരിക്കും. അതിനി ഫൂലൻ ദേവി ആയാലും, പാൻ സിങ് തോമർ ആയാലും, അല്ല വികാസ് ദുബൈ ആയാലും'- അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

1989 -ൽ വിപി സിങ് മണ്ഡൽകമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാൻ തീരുമാനിച്ചതോടെ ഉത്തരേന്ത്യയിൽ സവർണ സംഘടനകൾ ഇളകിമറിയുകയായിരുന്നു. നിലവിലെ സർക്കാർ ജോലികളുടെ 49.5 ശതമാനവും ജാതിയുടെ അടിസ്ഥാനത്തിൽ സംവരണം ചെയ്യണം എന്ന് പറയുന്ന ആ റിപ്പോർട്ട് വിപി സിങ് നടപ്പിലാക്കിയപ്പോൾ ഉത്തരേന്ത്യയിൽ ജാതി കാലുഷ്യവും ശക്തിപ്പെടുകയായിരുന്നു. ഉത്തർപ്രദേശിൽ കാൻഷിറാം, മുലായം സിങ് തുടങ്ങിയ നേതാക്കളുടെ ബലത്തിൽ അന്നുവരെ ബാക്ക് വേഡ് കാസ്റ്റ് എന്ന് വിളിക്കപ്പെട്ടിരുന്നവർ മുഖ്യധാരയിലേക്ക് വന്നുതുടങ്ങിയ കാലം.

ആ കാലം, ഉത്തർപ്രദേശിലെ കാൺപൂരിന്റെ പരിസരഗ്രാമങ്ങളിൽ ഭൂമി കയ്യേറ്റത്തിന്റെ കൂടി കാലമായിരുന്നു. ഭാവിയിലെ സ്വർണം സ്ഥലമാണ് എന്നറിഞ്ഞ പലരും കിട്ടാവുന്നത്ര ഏക്കർ ഭൂമി തുച്ഛമായ വില കൊടുത്തും, ഭീഷണിപ്പെടുത്തിയും ആളെക്കൊന്നും ഒക്കെ സ്വന്തമാക്കിയിരുന്ന കാലം. അന്നൊക്കെ യുപിയിലെ ഭൂമിയുടെ 90 ശതമാനവും മേൽ ജാതിക്കാരുടെ കയ്യിലായിരുന്നു. മണ്ഡൽ പൊളിറ്റിക്സിന്റെ ബലത്തിൽ അത് പതുക്കെ കീഴ് ജാതിക്കാർ കൈക്കലാക്കാൻ തുടങ്ങി. കയ്യൂക്കിന്റെ ബലത്തിൽ പ്രാദേശികമായി പുതിയ പല നേതാക്കളും ഉയർന്നുവന്നു.

ബീഹാറിലൊക്കെ സവർണ്ണർക്ക് രൺബീർ സേനയെപ്പോലുള്ള ശക്തമായ ഗുണ്ടാ സംഘങ്ങൾ ഉണ്ടായിരുന്നു. എന്നാൽ യുപിയിൽ അതൊന്നുമില്ലെന്നും ബ്രാഹ്മണർ ചാഞ്ഞ മരങ്ങളാണെന്നും അവർക്ക് ആരുമില്ലെന്നായിരുന്നു അവർ സ്വയം പറഞ്ഞിരുന്നത്. അങ്ങനെ ഇരിക്കെ ഒരു ദിവസം ചൗബേപ്പൂർ എന്ന പ്രദേശത്തെ ബിട്ട്രൂ ഗ്രാമത്തിലുള്ള വികാസ് ദുബെ എന്നൊരു ബ്രാഹ്മണ യുവാവ് സ്വജാതിക്കാരായ കുറച്ചുപേരെ ഒന്നിച്ചു കൂട്ടി, അയൽഗ്രാമമായ ദിപ്പ നിവാദയിൽ ചെന്ന് തല്ലുണ്ടാക്കി. ഒരു വശത്ത് ബ്രാഹ്മണന്മാർ, മറുവശത്ത് കീഴ്ജാതിക്കാർ. ദുബെയുടെ സംഘം എതിരാളികളെ അടിച്ചോടിച്ചു. ഇതാരു പ്രതിരോധ സേനയാണെന്നാണ് ദുബെ അവകാശപ്പെട്ടത്. അതോടെ ചൗബേപ്പൂരിന് പുതിയ ഒരു ദാദയെ കിട്ടി. ബ്രാഹ്മണപക്ഷത്തിന് വേണ്ടി തല്ലുണ്ടാക്കിയ ആ യുവാവിനെ ബ്രാഹ്മണർ പണ്ഡിറ്റ്ജി എന്ന് വിളിച്ചു. പിന്നെ പണ്ഡിറ്റ്ജി തിരിഞ്ഞുനോക്കിയിട്ടില്ല. പക്ഷേ യോഗി വന്നതോടെ അയാളുടെ കഷ്ടകാലമായി. കഴിഞ്ഞവർഷം പൊലീസ് ആയാളെയും തീർത്തും.

പൊലീസ് ക്വട്ടേഷനെടുക്കുന്നോ?

പക്ഷേ ഈ എൻകൗണ്ടറുകൾക്ക് മറുവശവുമുണ്ട്. പല ക്വട്ടേഷനകളും ഇപ്പോൾ പൊലീസ് തന്നെ എടുക്കയാണെന്നാണ് വിമർശനം. കഴിഞ്ഞവർഷം യുപിയിലെ മഹുറാണിപൂർ എസ്എച്ച്ഒ ആയ സുനീത് സിങ്, അവിടത്തെ അറിയപ്പെടുന്ന കുറ്റവാളിയായിരുന്ന ലേഖ് രാജ് യാദവിനെ വിളിച്ച് പറയുന്ന ഓഡിയോ വൈറൽ ആയിരുന്നു. ''നിങ്ങൾ ഇപ്പോൾ ലോക്കൽ പൊലീസിന് എൻകൗണ്ടർ ചെയ്യാൻ ഏറ്റവും ഫിറ്റായ കേസിലാണ് പെട്ടിരിക്കുന്നത്. അറസ്റ്റും കോടതിയുമായുള്ള നുലാമാലകളിൽ നടക്കാൻ ഞങ്ങൾക്ക് സമയമില്ല. ഒറ്റവെടിക്ക് കൊല്ലുകയാണ് ഇപ്പോഴത്തെ രീതി. തനിക്ക് ജീവിക്കണം എന്നുണ്ടെങ്കിൽ പിടിക്കേണ്ടവരെ പിടിച്ച്, ചെയ്യേണ്ടത് ചെയ്യണം'- ഈ ഓഡിയോ തെളിയിക്കുന്നത് എൻകൗണ്ടറുകളുടെ മറുവശമാണ്. ചെറിയ ഗുണ്ടകളെപ്പോലും എൻകൗണ്ടർ ചെയ്ത് കളയും എന്ന് പറഞ്ഞ് പൊലീസുകാർ കോഴ വാങ്ങുകയാണ്! ഇപ്പോൾ ക്രമിനലുകളെപ്പോലെ തന്നെ പൊലീസിനെയും ജനം ഭയന്നുതുടങ്ങിയിരിക്കുന്നു. അവർക്ക് പടി കൊടുത്തില്ലെങ്കിൽ എപ്പോഴാണ് വെടി വീഴുക എന്ന് അറിയില്ല.

പിടിക്കപ്പെടുന്ന ചില ക്രിമിനലുകൾ അവർക്ക് രാഷ്ട്രീയനേതാക്കളുമായുള്ള അവിശുദ്ധബന്ധങ്ങളുടെ തെളിവുകൾ വെളിപ്പെടുത്തും എന്ന് തോന്നുമ്പോൾ സ് അവർക്ക് വളഞ്ഞ വഴിക്ക് ജാമ്യം നൽകി ജയിലിനു പുറത്തെത്തിക്കുകയും, പിന്നീട് എൻകൗണ്ടറിൽ കൊലപ്പെടുത്തുകയും ചെയ്തതായി ആരോപണം ഉയർത്തിട്ടുണ്ട്. അതുപോലെ തന്നെ പല പൊലീസ് ഓഫീസർമാരും ക്രിമിനലുകളോട് 'എൻകൗണ്ടറിൽ തീർത്തുകളയും' എന്ന് ഭീഷണിപ്പെടുത്തുന്നതിന്റെ തെളിവുകളും കിട്ടിയിട്ടുണ്ട്.

ചിലപ്പോൾ എൻകൗണ്ടറിൽ കൊല്ലപ്പെടുന്ന പലർക്കും ക്രിമിനൽ പശ്ചാത്തലം ഉണ്ടാകാറില്ല എന്നത് ഒരു വസ്തുതയാണ്. ഉദാഹരണത്തിന്, ജയ്ഹിന്ദ് യാദവ്, മുകേഷ് രാജ്ഭർ തുടങ്ങിയ യുവാക്കളെ പൊലീസ് വീട്ടിലെത്തി കസ്റ്റഡിയിലെടുത്ത ശേഷം എൻകൗണ്ടറിൽ വധിച്ചതാണ്. തങ്ങളെ ആക്രമിക്കാൻ നോക്കിയപ്പോൾ പ്രാണരക്ഷാർത്ഥം പ്രത്യാക്രമണം നടത്തി എന്നാണ് പൊലീസ് ഭാഷ്യമെങ്കിലും ഈ മരണങ്ങളിലെ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ അനീതിക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ പരാതി ചെന്നിട്ടുണ്ട്. ഇവർ നിരപരാധികൾ ആണെന്നും ഗുണ്ടാ പശ്ചാത്തലം ഇല്ലാത്തവർ ആണെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

ക്രിമിനൽ സംഘങ്ങൾ ഉണ്ടാകുന്ന സാമൂഹിക സാഹചര്യം മാറ്റാതെ വെറുതെ വെടിവെച്ച് കൊന്നിട്ട് എന്താണ് കാര്യം എന്നാണ് ആശിഷ് നന്ദിയെപ്പോലുള്ള എഴുത്തുകാർ ചോദിക്കുന്നത്. ക്രിമിനലുകൾ ഉണ്ടാകാതിരിക്കാനുള്ള ജാതി സംഘർഷങ്ങളും, ദാരിദ്ര്യ നിർമ്മാർജ്ജനവും ഉത്തരേന്ത്യയിൽ വേണ്ടത്ര നടക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

'സ്റ്റേറ്റ് സ്‌പോൺസേർഡ് ടെററിസം'

2012 -ൽ, രാജ്യത്തു നടക്കുന്ന എൻകൗണ്ടർ കൊലകളെപ്പറ്റി സുപ്രീം കോടതി നടത്തിയ ശ്രദ്ധേയമായ ഒരു നിരീക്ഷണം ഇങ്ങനെയാണ്, 'ഒരു വ്യക്തി കൊടും ക്രിമിനലാണ് എന്ന കാരണത്താൽ അയാൾ കൊന്നുകളയാൻ പൊലീസിന് ഒരധികാരവുമില്ല. പൊലീസിൽ അർപ്പിതമായ കർത്തവ്യം അയാളെ തെളിവ് സഹിതം പിടികൂടി കോടതി സമക്ഷം ഹാജരാക്കുക എന്നത് മാത്രമാണ്. ഏറ്റുമുട്ടലിലൂടെ ക്രിമിനലുകളെ വധിക്കുന്ന പൊലീസുകാരോട് യാതൊരു ദാക്ഷിണ്യവും കാണിക്കുന്ന ചരിത്രം കോടതിക്കില്ല. അത്തരം കൊലപാതകങ്ങൾ തികച്ചും അപലപനീയമാണ്. അത് അംഗീകൃതമായ, നിയമപരമായ ക്രിമിനൽ ജസ്റ്റിസ് അഡ്‌മിനിസ്ട്രേഷൻ സിസ്റ്റത്തിന്റെ ഭാഗമല്ല. അങ്ങനെ നടക്കുന്നുണ്ടെങ്കിൽ അതിനെ വിശേഷിപ്പിക്കാൻ ഉപയോഗിക്കേണ്ട പദം 'സ്റ്റേറ്റ് സ്‌പോൺസേർഡ് ടെററിസം' എന്നാണ്. '

എന്നാൽ ഉത്തർ പ്രദേശ് സർക്കാർ അതിനോട് പ്രതികരിച്ചത്, എൻകൗണ്ടറുകളുടെ ഭാഗമാകുന്ന ടീമിന് അവരുടെ ധീരതയ്ക്കുള്ള പാരിതോഷികമായി ഒരു ലക്ഷം രൂപയുടെ ഗാലൻട്രി റിവാർഡ് പ്രഖ്യാപിച്ചു കൊണ്ടാണ്. ആ പ്രഖ്യാപനം തന്നെ 2010 -ലെ ദേശീയമനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശങ്ങളുടെ നഗ്നമായ ലംഘനമാണ്. ഒരു സംഭവം നടന്നാലുടൻ അതിൽ പങ്കെടുത്തർക്ക് പാരിതോഷികങ്ങൾ പ്രഖ്യാപിക്കാൻ പാടില്ല എന്നും, പ്രസ്തുത പൊലീസുകാരുടെ 'അനിതരസാധാരണമായ ധീരത' കൃത്യമായി തെളിയിക്കപ്പെട്ട ശേഷം മാത്രമേ പാരിതോഷികങ്ങൾ നൽകാൻ പാടുള്ളൂ എന്നുമായിരുന്നു ആ നിർദ്ദേശം.

അതുകൊണ്ടുതന്നെ ഉത്തർ പ്രദേശ് പൊലീസ് ഇന്നോളം നടത്തിയിട്ടുള്ള എല്ലാ എൻകൗണ്ടറുകളും പുനഃപരിശോധിക്കേണ്ടതുണ്ടെന്നാണ് മനുഷ്യാകാശ പ്രവർത്തകർ പറയുന്നത്. മാത്രമല്ല ഭരണകക്ഷിയായ ബിജെപിയുടെ ഗുഡ് ലിസ്റ്റിൽ കയറി നടപടികളിൽനിന്ന് രക്ഷപ്പെട്ടവരും ഗുണ്ടകളും ഉണ്ടെന്ന് ആരോപണമുണ്ട്. അതിനാലാണ് മനുഷ്യാവകാശ പ്രവർത്തകർ ഈ വിഷയത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെടുന്നത്.

ക്ലീൻ ഉത്തർ പ്രദേശ്

യോഗിയുടെ 'തട്ടിക്കളയൽ' നയങ്ങൾ വലിയ മനുഷ്യാവകാശ ലംഘനങ്ങൾ ആണെന്ന് പരാതികൾ വരുന്നുണ്ടെങ്കിലും, ഗുണ്ടാരാജിൽ പൊറുതിമുട്ടിയ സാധാരണ ജനം ഇതിനെ വലിയ രീതിയിൽ സ്വാഗതം ചെയ്യുകയാണ്. യോഗി യുപിയെ ക്ലീനാക്കിയെന്നാണ് പൊതുവെ ജനം പറയുന്നത്. മുമ്പ് സമാജ്വാദി പാർട്ടിയുടെ ഭരണകാലത്ത് ജംഗിൾ രാജ്, ഗുണ്ടാ രാജ് എന്നൊക്കെയാണ് ഭരണം അറിയപ്പെട്ടിരുന്നത്. യുപിയിൽ എന്ത് കാര്യം നടക്കണമെങ്കിലും ക്രിമിനൽ രാജാക്കന്മാർക്ക് പണം കൊടുക്കണം എന്നാണ് അവസ്ഥ. ഉദാഹരണമായി ഒരു വ്യവസായം തുടങ്ങണമെങ്കിൽ, പത്തുശതമാനം കമ്മീഷൻ ഇത്തരം സംഘങ്ങൾക്ക് കൊടുക്കണം. മുടക്കുമതലിന്റെ പത്തുശതമാനം ആണിത്. 'ടെൻ പേർസെന്റ് ക്രിമിനൽസ്' എന്നാണ് ഇവർ അറിയപ്പെട്ടിരുന്നത്. അല്ലെങ്കിൽ നിങ്ങൾക്ക് അവിടേക്ക് കയറാൻ കഴിയില്ല.

ഇപ്പോൾ ഗുണ്ടകളെ ഒതുങ്ങിയതോടെ യുപിയിലേക്ക് വ്യവസായങ്ങൾ നന്നായി വരികയാണ്. ആരെയും പേടിക്കാതെ ആർക്കും ഇവിടെ സ്വതന്ത്രമായി കച്ചവടം ചെയ്യാം എന്ന വ്യക്തമായ സന്ദേശമാണ് യോഗി നൽകുന്നത്. കഴിഞ്ഞ വർഷം ലക്നൗവിൽ ലുലു മാൾ ഉദ്ഘാടനം ചെയ്തതത് ഇതിന്റെ ഒരു തുടക്കം ആയിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സംസ്ഥാനത്തിന്റെ വ്യാവസായിക പുരോഗതിയിൽ 20 ശതമാനം വളർച്ചയുണ്ടായി എന്നാണ് കരുതുന്നത്.

അതുപോലെ തന്നെ യുവാക്കൾ ക്യാമ്പസ് ഡ്രോപ്പൗട്ടുകളായി മാറി, ഇത്തരം ക്രിമിനൽ സംഘങ്ങളിൽ ആകൃഷ്ടർ ആവുന്നത് യുപിയിൽ വ്യാപകമായി കണ്ട ഒരു പ്രവണതയായിരുന്നു. പൊലീസിനെയും, കോടതിയെയുമൊക്കെ നിയന്ത്രിക്കുന്ന മാഫിയാ തലവന്മാരോട് ചെറുപ്പക്കാരിൽ ഒരു വിഭാഗത്തിന് ആരാധന തോന്നുക സ്വാഭാവികം. മദ്യവും മയക്കുമരുന്നുമൊക്കെ കൊടുത്ത് യുവാക്കളെ സംഘത്തിൽ ഉറപ്പിച്ച് നിർത്തുകയും ഇവരുടെ രീതിയായിരുന്നു. എന്നാൽ ഗുണ്ടാ നേതാക്കൾക്ക് ഒന്നൊന്നായി കൊല്ലപ്പെടാൻ തുടങ്ങുകയും, പൊലീസ് അവരുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചിടുകയും ചെയ്തതോടെ, യുവാക്കളുടെ വീരാരാധനയും മാറി. ഇപ്പോൾ പേടി കാരണം പുതിയ ഗുണ്ടാ സംഘങ്ങൾ ഒന്നും ഉണ്ടാവുന്നില്ല. ഇത് വിദ്യാഭ്യാസ പുരോഗതി അടക്കമുള്ള സാമൂഹിക മാറ്റത്തിന് ഇടയാക്കുന്നുണ്ടെന്ന് വിലയിരുത്തലുണ്ട്.

മാത്രമല്ല ഫ്യൂഡിലിസവും ജാതി സമ്പ്രദായവും ഇനിയും പൂർണ്ണമായി മാറിയിട്ടില്ലാത്ത യുപിയിൽ ഈ ഗുണ്ടാരാജ് കൂടിയാവുന്നതോടെ പിന്നോക്കാവസ്ഥ പൂർണ്ണമാവുകയാണെന്നാണ് പല സാമൂഹിക നിരീക്ഷകരും ചുണ്ടിക്കാട്ടുന്നത്. ഫ്യൂഡലിസത്തെയും ജാതീയതയെയും ആധുനിക വിദ്യാഭ്യാസം കൊണ്ടും പുതിയ തൊഴിലവസരങ്ങൾ കൊണ്ടും, ഒരു പരിധിവരെ മാറ്റിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. അതോടൊപ്പം ഗുണ്ടാരാജും, ജംഗിൾ രാജും അവസാനിക്കുന്നത്, വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.

മുമ്പ് ഹത്രാസിൽ ദളിത് പെൺകുട്ടി ക്രൂരമായി ബലാൽസംഗത്തിനിരയായി കൊല്ലപ്പെടുമ്പോൾ, യുപി മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥിലേക്കാണ് വിമർശനത്തിന്റെ മുൾമുനകൾ നീണ്ടത്. പക്ഷേ ഇപ്പോൾ ഉത്തർപ്രദേശ് ക്ലീനാക്കിയെന്നും മുഖഛായ മാറ്റിയെന്നും വർത്തകൾ വന്നതോടെ, ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി ആരാണെന്ന ചർച്ചകളിലും ഉയർന്നു കേൾക്കുന്ന പ്രധാന പേരുകളിൽ ഒന്ന് യോഗിയുടേതാണ്.

ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പതാകവാഹകൻ എന്ന ഇമേജാണ് സംഘപരിവാർ വൃത്തങ്ങളിൽ യോഗിക്കുള്ളതെങ്കിലും, എതിരാളികൾ അദ്ദേഹത്തെ വെറുപ്പിന്റെ പ്രവാചകനായാണ് വിലയിരുത്തുന്നത്. മുസ്ലിം വിദ്വേഷം, ദലിത് വിരോധവുമൊക്കെയായി വിഷം ചീറ്റുന്ന ആ നാവ് മുഖ്യമന്ത്രിയായിട്ടും അടങ്ങിയിരുന്നില്ല. പക്ഷേ സാധാരണക്കാർ ത്വാത്വികമായിട്ടല്ല കാര്യങ്ങൾ കാണുന്നത്. തങ്ങളുടെ നാട് യോഗി ഭരണത്തിൽ ആകെ മാറിയെന്നാണ് അവർ പറയുന്നത്. ഗുജറാത്ത് വികസനം എന്ന മോദിയുടെ കാമ്പയിൻ പോലെ യുപി വികസനം എന്ന യോഗിയുടെ കാമ്പയിൻ ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള കുറുക്കുവഴിയാണോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

വാൽക്കഷ്ണം: മോദിക്കുശേഷം പ്രധാനമന്ത്രിയാവുമെന്ന് ന്യൂയോർക്ക് ടൈംസ് വിലയിരുത്തിയത് യോഗി ആദിത്യനാഥിനെയാണ്. സർവസംഗം പരിത്യാഗിയുടെ ഇമേജുമായി തുടങ്ങിയ യോഗി, പതുക്കെ തന്റെ ഇമേജ് മാറ്റിയെടുക്കയാണ്. ഈ എറ്റുമുട്ടൽ കൊലകൾ യുപിക്ക് പുറത്ത് അദ്ദേഹത്തിന്റെ ഇമേജ് ഇടിക്കയാണെങ്കിൽ, യുപിയിൽ കാര്യങ്ങൾ അങ്ങനെ അല്ല എന്ന് വ്യക്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP