Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റെയ്ഡുകളിലൂടെ ഗുണ്ടാ നേതാവിന്റെ 1400 കോടിയുടെ സാമ്രാജ്യം തകർത്തു; പിന്നാലെ മകനെ ഏറ്റുമുട്ടലിൽ കൊന്നു; മുൻ എംപിയെ ആശുപത്രിയിലേക്ക് കൊണ്ടു വരുമ്പോൾ വകവരുത്തിയവർ വിളിച്ചത് ജയ് ശ്രീറാം മുദ്രാവാക്യം; ആതിഖിന്റെ സാമ്പത്തിക കരുത്ത് തകർത്തത് വെറും 50 ദിവസം കൊണ്ട്; എസ് പി നേതാവിന്റെ കൊലയിൽ പൊലീസ് വീഴ്ച വ്യക്തം; യുപിയിൽ ഗുണ്ടാ വേട്ടയ്ക്ക് പുതിയ ട്വിസ്റ്റ്

റെയ്ഡുകളിലൂടെ ഗുണ്ടാ നേതാവിന്റെ 1400 കോടിയുടെ സാമ്രാജ്യം തകർത്തു; പിന്നാലെ മകനെ ഏറ്റുമുട്ടലിൽ കൊന്നു; മുൻ എംപിയെ ആശുപത്രിയിലേക്ക് കൊണ്ടു വരുമ്പോൾ വകവരുത്തിയവർ വിളിച്ചത് ജയ് ശ്രീറാം മുദ്രാവാക്യം; ആതിഖിന്റെ സാമ്പത്തിക കരുത്ത് തകർത്തത് വെറും 50 ദിവസം കൊണ്ട്; എസ് പി നേതാവിന്റെ കൊലയിൽ പൊലീസ് വീഴ്ച വ്യക്തം; യുപിയിൽ ഗുണ്ടാ വേട്ടയ്ക്ക് പുതിയ ട്വിസ്റ്റ്

മറുനാടൻ മലയാളി ബ്യൂറോ

ലക്നൗ: സമാജ്വാദി പാർട്ടി മുൻ എംപിയും യുപിയിലെ ഗുണ്ടാത്തലവനുമായ ആതിഖ് അഹ്‌മദും സഹോദരൻ അഷ്‌റഫ് അഹ്‌മദും കൊല്ലപ്പെട്ടതിനു പിന്നാലെ യുപിയിലെ എല്ലാ ജില്ലകളിലും നിരോധനാജ്ഞ. കനത്ത ജാഗ്രതയിലാണ് യുപി. ആതിഖിന്റെയും സഹോദരന്റെയും കൊലപാതകത്തിന് പിന്നിൽ വലിയ സുരക്ഷാ വീഴ്ചയുമുണ്ട്. മെഡിക്കൽ പരിശോധനയ്ക്ക് സഹോദരനൊപ്പം എത്തിച്ച ആതിഖ് ശനിയാഴ്ച രാത്രി പത്തുമണിയോടെ മാധ്യമങ്ങളോട് സംസാരിക്കാൻ തുടങ്ങുന്നതിനിടെയാണ് തൊട്ടടുത്ത് എത്തിയ മൂന്നു പേർ ഇവർക്കു നേരെ വെടിയുതിർത്തത്. സംഭവത്തിൽ ജ്യൂഡീഷ്യൽ അന്വേഷണം നടത്തും. ഗുണ്ടാ വേട്ടയുമായി ബന്ധപ്പെട്ട് യുപി പൊലീസ് അവകാശവാദം നടത്തുമ്പോഴാണ് പൊലീസ് കസ്റ്റഡിയിലെ ആതിഖിന്റെ മരണം.

ഉത്തർപ്രദേശിലെ കൊടുംക്രിമിനലുകളിൽ ഒന്നായ ആതിഖ് അഹമ്മദിന്റെ സാമ്രാജ്യം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സർക്കാർ തകർത്തത് 50 ദിവസംകൊണ്ടാണ്. സമാജ്വാദി പാർട്ടിയുടെ നേതാവായിരുന്ന ആതിഖ് അരനൂറ്റാണ്ടിലെ രാഷ്ട്രീയ, ക്രിമിനൽ പ്രവർത്തനങ്ങൾകൊണ്ട് നേടിയെടുത്തത് 1400 കോടി രൂപയുടെ സ്വത്തുവകകൾ. ഇതുൾപ്പെടെ ആതിഖിന്റെയും കൂട്ടാളികളുടെയും സ്വത്തുക്കൾ സർക്കാർ കണ്ടുകെട്ടി. ആതിഖ് അഹമ്മദിന്റെ ഗുണ്ടാസംഘത്തെ ഉന്മൂലനം ചെയ്യുമെന്ന് യോഗി ആദിത്യനാഥ് ഉറപ്പുനൽകിയിരുന്നു. ഇതിനു പിന്നാലെയാണ് യുപി പൊലീസ് നടത്തിയ ഏറ്റുമുട്ടലിൽ മകൻ അസദ് മരിച്ചത്. പിന്നാലെ അച്ഛനും സഹോദരനും കൂടി കൊ്ല്ലപ്പെട്ടുവെന്നതാണ് യാഥാർത്ഥ്യം.

മാധ്യമങ്ങളോട് ആതിഖ് സംസാരിക്കുന്നതിനിടെ ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഒരാൾ ആതിഖിന്റെ തലയ്ക്കു ചേർത്തു തോക്ക് പിടിച്ച് വെടിവയ്ക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ആതിഖ് വെടിയേറ്റു വീണതിനു തൊട്ടുപിന്നാലെ സഹോദരൻ അഷ്‌റഫിനു നേരെയും നിരവധി തവണ വെടിയുതിർത്തു. അങ്ങനെ ആ രണ്ടു പേരും തീർന്നു. ആതിഖിന്റെ മകനും ഉമേഷ് പാൽ വധക്കേസുമായി ബന്ധപ്പെട്ട കേസിൽ പ്രതിയുമായ ആസാദ് അഹ്‌മദും കൂട്ടാളി മുഹമ്മദ് ഗുലാമും യുപി സ്‌പെഷൽ ടാസ്‌ക് ഫോഴ്‌സ് ടീമുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട് രണ്ടു ദിവസം പിന്നിടുന്നതിനിടെയാണ് പൊലീസ് സുരക്ഷാവലയത്തിൽ ആതിഖും സഹോദരനും വെടിവയ്‌പ്പിൽ കൊല്ലപ്പെടുന്നത്. ആസാദിന്റെ സംസ്‌കാര ദിനത്തിലാണ് ഈ വെടിവയ്‌പ്പുണ്ടായതും. വലിയ സാമ്രാജ്യമാണ് ഇതോടെ തകരുന്നത്.

മകന്റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാനാകാത്തതു സംബന്ധിച്ച ചോദ്യത്തിനു മാധ്യമങ്ങളോട് മറുപടി പറയുന്നതിനിടെയാണ് ആതിഖിനു നേരെ വെടിവയ്‌പ്പുണ്ടായത്. ''അവർ കൊണ്ടു പോയില്ല, അതിനാൽ പോയില്ല'' എന്നായിരുന്നു മകന്റെ അന്ത്യകർമങ്ങളിൽ പോകാനാകാത്തത് സംബന്ധിച്ച് ആതിഖിന്റെ പ്രതികരണം. ആതിഖിന്റെയും സഹോദരന്റെയും കൊലപാതകത്തിനു ശേഷം അക്രമികൾ 'ജയ് ശ്രീറാം' വിളിക്കുകയും ചെയ്തു. ഇവർ 12 റൗണ്ടോളം വെടിയുതിർത്തതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. മാധ്യമപ്രവർത്തകരെന്ന വ്യാജേനെയാണ് ആതിഖിനും സഹോദരനും സമീപം ഇവരെത്തിയത്. പൊലീസും കബളിപ്പിക്കപ്പെട്ടു.

വെടിവയ്‌പ്പുമായി ബന്ധപ്പെട്ട് മൂന്നു പേർ യുപി പൊലീസ് പിടിയിലായി. സ്ഥിതി വിലയിരുത്താൻ ഉന്നതതല യോഗം വിളിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യരാജ് സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. വെടിവയ്‌പ്പുമായി ബന്ധപ്പെട്ട് മൂന്നംഗ കമ്മിഷന്റെ ജുഡീഷ്യൽ അന്വേഷണത്തിനും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ആതിഖിന്റെ സുരക്ഷാചുമതലയുണ്ടായിരുന്ന 17 പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു. സംഘർഷസാധ്യത ഒഴിവാക്കാൻ പ്രയാഗ്രാജിലെ ചില പ്രദേശങ്ങളിൽ ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചതായും റിപ്പോർട്ടുണ്ട്.

1400 കോടിയുടെ സ്വത്തുക്കളെക്കൂടാതെ 50ൽ പരം ഷെൽ കമ്പനികളിൽക്കൂടി ആതിഖ് അഹമ്മദും കൂട്ടരും വെളുപ്പിച്ചെടുത്ത 100 കോടി രൂപയും കണ്ടെടുത്തിട്ടുണ്ട്. ആതിഖ് അഹമ്മദിന്റെ ഗുണ്ടാ സാമ്രാജ്യം മാത്രമല്ല സാമ്പത്തിക സാമ്രാജ്യവും 50 ദിവസങ്ങൾക്കൊണ്ട് യുപി ഭരണകൂടം തകർത്തു. സഹോദരൻ അഷ്‌റഫ് അഹമ്മദും ആതിഖിന്റെ രണ്ടു ആൺമക്കളും ജയിലിൽ തുടരും. മൂന്നാമത്തെ മകനാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട അസദ്. പ്രായപൂർത്തിയാകാത്ത രണ്ട് ആൺമക്കൾ ജുവനൈൽ ഹോമിലും. ആതിഖിന്റെ ഭാര്യ ഷെയ്‌സത പർവീൺ ഒളിവിലാണ്'' ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയത് ഇങ്ങനെയാണ്. ഇതിന് പിന്നാലെയാണ് അതിഖും സഹോദരനും കൂടി കൊല്ലപ്പെടുന്നത്.

കോൺസ്റ്റബിളിനും മാധ്യമ പ്രവർത്തകനും പരിക്ക്‌

ലവ്ലേഷ് തിവാരി, സണ്ണി, അരുൺ മൗര്യ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരെ ചോദ്യംചെയ്തു വരികയാണെന്നു പൊലീസ് അറിയിച്ചു. ഇവർ എത്തിയതായി കരുതുന്ന രണ്ടു മോട്ടർ സൈക്കിളും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവസ്ഥലത്ത് ജില്ലാ മജിസ്‌ട്രേറ്റ് സഞ്ജയ് കുമാർ ഖത്രിയുടെ സാന്നിധ്യത്തിൽ പൊലീസ് ഫൊറൻസിക് പരിശോധന നടത്തി. ബഹളത്തിനിടെ ഓടിമാറിയ ഒരു മാധ്യമപ്രവർത്തകനും വീണ് പരുക്കേറ്റു.

ക്രിമിനലുകൾക്ക് അഴിഞ്ഞാടാനുള്ള സാഹചര്യമാണ് യുപിയിലേതെന്നും കുറ്റകൃത്യങ്ങൾ സംസ്ഥാനത്ത് അതിന്റെ പാരമ്യത്തിലാണെന്നും സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പ്രതികരിച്ചു. ''പൊലീസുകാരുടെ സുരക്ഷാവലയത്തിൽ പോലും ഇങ്ങനെ ചിലർ കൊല്ലപ്പെടുമ്പോൾ സാധാരണ ജനത്തിന്റെ സുരക്ഷ ഏങ്ങനെ ഉറപ്പാക്കാനാകും. ഈ സാഹചര്യത്തിൽ ഭീതിയുടെ അന്തരീക്ഷമാണ് പൊതുജനത്തിനുള്ളത്. ചിലർ ഇത്തരത്തിലുള്ള സാഹചര്യം സൃഷ്ടിക്കുകയാണോ എന്ന് സംശയിക്കുന്നു.'' അഖിലേഷ് ട്വീറ്റ് ചെയ്തു. ബിഎസ്‌പി എംഎൽഎയായ രാജുപാലിനെ 2005ൽ വധിച്ച കേസിലെ മുഖ്യസാക്ഷിയും അഭിഭാഷകനുമായ ഉമേഷ് പാലും 2 സുരക്ഷാ ഉദ്യോഗസ്ഥരും ഫെബ്രുവരി 24നു പട്ടാപ്പകൽ പ്രയാഗ്രാജിലെ ധൂമംഗഞ്ചിലെ വീടിനു പുറത്തു വെടിയേറ്റു കൊല്ലപ്പെട്ട കേസിലെ പ്രതികളായിരുന്നു ആതിഖിന്റെ മകൻ ആസാദും കൂട്ടാളി മുഹമ്മദ് ഗുലാമും. ആതിഖ് അഹ്‌മദും സഹോദരനും ഇതേ കേസിലാണ് ജയിലിലായതും.

ആതിഖിന് ഐഎസ്‌ഐയുമായും ലഷ്‌കറെ തയിബയുമായും ബന്ധമുണ്ടെന്ന് യുപി പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നു. ആതിഖും സഹോദരനും വെടിയേറ്റു കൊല്ലപ്പെട്ടതും ഉമേഷ് പാൽ കൊല്ലപ്പെട്ട ധൂമംഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലാണ്. അതിഖിനെതിരെ ആദ്യകേസ് ഫയൽ ചെയ്യുന്നത് 1979ലാണ്. അന്നും പിന്നീടും പല കേസുകളിലും സാക്ഷികൾ കൂറുമാറുകയോ അവരെ കാണാതാകുകയോ ചെയ്തതിനാൽ യുപിയിലെ ഒരു സർക്കാരിനും ഇയാളെ ഒരു കേസിലും ശിക്ഷിക്കാൻ കഴിഞ്ഞില്ല. ബിഎസ്‌പി എംഎൽഎ രാജുപാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയായ ഉമേഷ് പാലിനെ തട്ടിക്കൊണ്ടുപോയി വധിച്ച കേസിലാണ് ഇപ്പോൾ അതിഖ് അഹമ്മദ് ജയിലിൽ ആയിരിക്കുന്നത്. കഴിഞ്ഞ മാസം ഇയാൾ ഈ കേസിൽ ജീവപര്യന്തം തടവു ശിക്ഷ വിധിച്ചിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP