Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തുഗ്ലക് ലൈനിലെ ഔദ്യോഗിക വസതി ഒഴിയാൻ രാഹുൽ ഗാന്ധി; രണ്ടു ട്രക്കുകളിലായി വീട്ടു സാധനങ്ങൾ സോണിയ ഗാന്ധിയുടെ വീട്ടിലേക്ക് മാറ്റി; 19 വർഷമായി താമസിക്കുന്ന വീടൊഴിയുന്നത് അയോഗ്യനാക്കിയ കോടതി നടപടിക്ക് പിന്നാലെ; സന്തോഷകരമായ ഓർമ്മകൾക്ക് ജനങ്ങളോട് കടപ്പെട്ടിരിക്കുന്നുവെന്നും രാഹുൽ

തുഗ്ലക് ലൈനിലെ ഔദ്യോഗിക വസതി ഒഴിയാൻ രാഹുൽ ഗാന്ധി; രണ്ടു ട്രക്കുകളിലായി വീട്ടു സാധനങ്ങൾ സോണിയ ഗാന്ധിയുടെ വീട്ടിലേക്ക് മാറ്റി;  19 വർഷമായി താമസിക്കുന്ന വീടൊഴിയുന്നത് അയോഗ്യനാക്കിയ കോടതി നടപടിക്ക് പിന്നാലെ;  സന്തോഷകരമായ ഓർമ്മകൾക്ക് ജനങ്ങളോട് കടപ്പെട്ടിരിക്കുന്നുവെന്നും രാഹുൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അയോഗ്യനാക്കിയ കോടതിവിധിക്ക് പിന്നാലെ ഔദ്യോഗിക വസതി ഒഴിയാൻ രാഹുൽ ഗാന്ധി. വസതിയിലെ സാധനങ്ങൾ മാറ്റിത്തുടങ്ങി. ലോക്‌സഭാംഗത്വത്തിൽനിന്ന് അയോഗ്യനായതിനു പിന്നാലെ തുഗ്ലക് ലൈനിലെ ഔദ്യോഗിക വസതിയൊഴിയാൻ രാഹുൽ ഗാന്ധിക്കു ലോക്‌സഭ ഹൗസിങ് കമ്മിറ്റിയുടെ നിർദ്ദേശം ലഭിച്ചിരുന്നു.

രണ്ടു ട്രക്കുകളിലായി വീട്ടു സാധനങ്ങൾ മാതാവ് സോണിയ ഗാന്ധിയുടെ 10 ജനപഥിലുള്ള വീട്ടിലേക്ക് മാറ്റി. ഉടൻ തന്നെ രാഹുലും വസതി വിട്ടുപോകുമെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു.

എംപിയെന്ന നിലയിൽ രാഹുൽ താമസിക്കുന്ന 12 തുഗ്ലക് ലെയ്‌നിലെ വസതി ഒരു മാസത്തിനകം ഒഴിയണമെന്നാണ് ലോക്‌സഭാ സെക്രട്ടേറിയറ്റ് നിർദ്ദേശിച്ചത്. ഏപ്രിൽ 22 വരെ മാത്രമേ ഇവിടെ താമസിക്കാൻ അനുവദിക്കൂവെന്ന് രാഹുലിനയച്ച നോട്ടിസിൽ സെക്രട്ടേറിയറ്റ് വ്യക്തമാക്കിയിരുന്നു. എന്നാൽ അതിനു മുൻപ് തന്നെ രാഹുൽ വസതി ഒഴിയാൻ തീരുമാനിക്കുകയായിരുന്നു. അമ്മ സോണിയ ഗാന്ധിക്കൊപ്പം താമസിച്ചിരുന്ന രാഹുൽ 2004ലാണ് ഇവിടേക്കു താമസം മാറിയത്.

2004ൽ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് മുതൽ തുഗ്ലക് ലൈനിലെ ഈ വസതിയിലാണ് രാഹുൽ കഴിഞ്ഞിരുന്നത്. 2019ൽ കർണാടകയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ മോദി പരാമർശത്തിൽ സൂറത്ത് കോടതി രാഹുലിനെ രണ്ടു വർഷം തടവിന് ശിക്ഷിച്ചിരുന്നു.

ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ നൽകിയ അപ്പീലിൽ സൂറത്ത് സെഷൻസ് കോടതി ഈമാസം 20ന് വിധി പറയാനിരിക്കെയാണ് രാഹുൽ വീടൊഴിയുന്നത്. ഔദ്യോഗിക വസതി ഒഴിയാനാവശ്യപ്പെട്ട് മാർച്ച് 27നാണ് രാഹുലിന് കത്ത് നൽകിയത്. നേരത്തെ, എസ്‌പി.സി സുരക്ഷ ഒഴിവാക്കിയതിനു പിന്നാലെ പ്രിയങ്ക ഗാന്ധിയോടും ലോധി എസ്റ്റേറ്റിലെ വസതി ഒഴിയാൻ നിർദ്ദേശം നൽകിയിരുന്നു.

ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിനെ തുടർന്ന് വീടൊഴിയണമെന്നുള്ള നോട്ടീസിനോട് രാഹുൽ ഗാന്ധി പ്രതികരണമറിയിച്ചിരുന്നു. അറിയിപ്പ് ലഭിച്ച പ്രകാരം വീട് ഒഴിയുമെന്നായിരുന്നു രാഹുൽ നൽകിയ മറുപടി . നോട്ടീസിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ഉറപ്പായും പാലിക്കുമെന്ന് ലോക്‌സഭ സെക്രട്ടറിയേറ്റ് ഡെപ്യൂട്ടി സെക്രട്ടറി ഡോ. മോഹിത് രാജന് എഴുതിയ കത്തിൽ രാഹുൽ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ നാല് തവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗമെന്ന നിലയിൽ അവിടെ ചെലവഴിച്ച സമയത്തിന്റെ സന്തോഷകരമായ ഓർമ്മകൾക്ക് ജനങ്ങളോട് കടപ്പെട്ടിരിക്കുന്നുവെന്നും രാഹുൽ കുറിച്ചു. അയോഗ്യനാക്കപ്പെട്ടതോടെ രാഹുൽ ഗാന്ധിക്ക് കിട്ടിയിരുന്ന എല്ലാ ആനുകൂല്യങ്ങളും നഷ്ടമാകുമെന്ന് നേരത്തെ തന്നെ ലോക്‌സഭാ സെക്രട്ടേറിയേറ്റ് വ്യക്തമാക്കിയിരുന്നു. ലോക്‌സഭ ഹൗസിങ് കമ്മിറ്റിയാണ് രാഹുലിന് നോട്ടീസ് അയച്ചത്.

മാർച്ച് 23 നാണ് രാഹുൽ ഗാന്ധിയെ ലോക്‌സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയത്. ഒരു മാസത്തിനുള്ളിൽ വീടൊഴിയണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. 2004ൽ ആദ്യം എംപിയായത് മുതൽ രാഹുൽ ഗാന്ധി താമസിക്കുന്നത് തുഗ്ലക് ലൈനിലെ പന്ത്രണ്ടാം നമ്പർ വസതിയിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP