Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിഷുവിന് വാഹന യാത്രക്കാർക്ക് ആശ്വാസം; കണ്ണൂർ ജില്ലയിലെ പെട്രോൾ പമ്പ് തൊഴിലാളികളുടെ പണിമുടക്ക് പിൻവലിച്ചു

വിഷുവിന് വാഹന യാത്രക്കാർക്ക് ആശ്വാസം; കണ്ണൂർ ജില്ലയിലെ പെട്രോൾ പമ്പ് തൊഴിലാളികളുടെ പണിമുടക്ക് പിൻവലിച്ചു

മറുനാടൻ മലയാളി ബ്യൂറോ

തലശേരി: വിഷുമഹോത്സവത്തിന് ഇനി മണിക്കൂറുകൾ ബാക്കി നിൽക്കവെ കണ്ണൂർ ജില്ലയിലെ വാഹനയാത്രക്കാർക്ക് ആശ്വാസമേകി കൊണ്ടു ബോണസിനായി കണ്ണൂർ ജില്ലയിലെ പെട്രോൾ പമ്പ് തൊഴിലാളികൾ നടത്തിയ അനിശ്ചിതകാല പണിമുടക്ക് ഒത്തുതീർപ്പായി. കലക്ടറുടെ ചേംബറിൽ ജില്ലാകലക്ടർ എസ്. ചന്ദ്രശേഖറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് ജില്ലയിലെ പെട്രോൾ പമ്പ് തൊഴിലാളികൾ വ്യാഴാഴ്ച രാവിലെ മുതൽ തുടങ്ങിയ അനിശ്ചിതകാലസമരം ഒത്തുതീർപ്പായത്.

17ശതമാനം ബോണസ് വിഷുവിന് തൊഴിലാളികൾക്ക് അനുവദിക്കണമെന്നു ആവശ്യപ്പെട്ടായിരുന്നു സംയുക്ത സമരസമിതി പണിമുടക്ക് സമരം നടത്തിയത്. വ്യാഴാഴ്ച രാവിലെ നടന്ന ചർച്ചയിൽ പെട്രോൾ പമ്പ് ഉടമകൾ ഇതു അംഗീകരിച്ചില്ലെങ്കിലും വൈകുന്നേരം വീണ്ടും നടന്ന ചർച്ചയിൽ അംഗീകരിക്കുകയായിരുന്നു. സി. ഐ. ടി.യു, ഐ. എൻ. ടി.യു.സി, ബി. എം. എസ് പിൻതുണയോടെയാണ് തൊഴിലാളികൾ സമരം നടത്തിയത്. സമരം ഒത്തുതീർന്നതോടെ കണ്ണൂർ ജില്ലയിലെ പെട്രോൾ പമ്പുകൾ സാധാരണഗതിയിൽ പ്രവർത്തിച്ചു തുടങ്ങി.

സ്വകാര്യ പമ്പുകൾ പണിമുടക്കിയതോടെ കണ്ണൂർ സെൻട്രൽ ജയിലിനു മുൻപിലെ ജയിൽ വകുപ്പിന്റെ കീഴിലുള്ള പെട്രോൾ പമ്പിൽ രാവിലെ മുതൽ ഇന്ധനം നിറയ്ക്കാനായി വൻതിരക്കാണ് അനുഭവപ്പെട്ടത്. കണ്ണൂർ ജില്ലയിലെ പെട്രോൾ പമ്പുസമരം കാരണം മാഹിയിൽ വൻ വാഹനതിരക്കാണ് ഉണ്ടായത്. നീണ്ട ക്യൂ പലയിടങ്ങളിലും പ്രത്യക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ മുതൽ തലശേരി, കണ്ണൂർ ഭാഗത്തു നിന്നും ചെറുതും വലുതമായ വാഹനങ്ങളുടെ പ്രവാഹമാണ് മാഹിയിലേക്കുണ്ടായത്. ഫുൾടാങ്ക് ഇന്ധനം നിറച്ചും കന്നാസുകളിൽ വാങ്ങിയുമാണ് ഇവിടെ നിന്നും പലരും മടങ്ങിയത്.

പെട്രോൾ പമ്പുകൾക്ക് മുൻപിൽ വാഹനങ്ങളുടെ നീണ്ട നിര പ്രത്യേക്ഷപ്പെട്ടതോടെ തലശേരി, മാഹി ദേശീയ പാതയിൽ ഗതാഗതകുരുക്കും അനുഭവപ്പെട്ടു. മാഹി പൊലീസെത്തിയാണ് ഇതു നിയന്ത്രിച്ചത്. എന്നാൽ വൈകുന്നേരത്തോടെ കണ്ണൂർ ജില്ലയിലെ പെട്രോൾ പമ്പ് തൊഴിലാളികൾ നടത്തിവരുന്ന സമരം പിൻവലിച്ചത് കാരണം മാഹിയിലും വാഹനതിരക്ക് കുറച്ചിട്ടുണ്ട്. സാധാരണയിൽ കവിഞ്ഞ് മൂന്ന് ഇരട്ടിയിലേറെ വാഹനങ്ങൾ എത്തിയതുകാരണം മാഹിയിലെ ചില പെട്രോൾ പമ്പുകളിൽ ഇന്ധനം കാലിയായിട്ടുണ്ട്.

എന്നാൽ വൈകുന്നേരത്തോടെ ഇവിടെക്ക് ടാങ്കറുകളെത്തിയതോടെ ഈ പ്രശ്നം പരിഹരിക്കപ്പെട്ടിട്ടുണ്ട്. വിഷുതിരക്കിലമർന്ന മാഹിയിൽ വാഹനങ്ങളുടെ തള്ളിക്കയറ്റം കാരണം നിന്നുതിരിയാൻ പോലും ഇടമില്ലാതായി മാറിയിരിക്കുകയാണ്. വിലക്കുറവിൽ പടക്കം കിട്ടുന്നതിനാൽ ഇതുവാങ്ങുന്നതിനായും മാഹിയിലേക്ക് ജനങ്ങൾ കൂട്ടത്തോടെ എത്തിയിരുന്നു. ഇതോടൊപ്പം മദ്യത്തിന് വിലകുറവായതിനാൽ ഉത്സവാഘോഷ വേളകളിൽ മിനുങ്ങാനെത്തുന്ന മദ്യപരുടെ തിരക്കും മാഹിയെന്ന കൊച്ചു നഗരത്തെ ശ്വാസംമുട്ടിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP