Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചെപ്പോക്കിനെ ത്രസിപ്പിച്ച് തലയുടെ വെടിക്കെട്ട്; ഒപ്പം ജഡേജയും; വിജയത്തിന് അരികെ പൊരുതി വീണ് ചെന്നൈ; ധോണി നായകനായ 200ാം മത്സരത്തിൽ ആരാധകർക്ക് കണ്ണീർ; രാജസ്ഥാന്റെ ജയം മൂന്ന് റൺസിന്; സന്ദീപ് ശർമയുടെ 'തിരിച്ചുവരവ്'

ചെപ്പോക്കിനെ ത്രസിപ്പിച്ച് തലയുടെ വെടിക്കെട്ട്; ഒപ്പം ജഡേജയും; വിജയത്തിന് അരികെ പൊരുതി വീണ് ചെന്നൈ; ധോണി നായകനായ 200ാം മത്സരത്തിൽ ആരാധകർക്ക് കണ്ണീർ; രാജസ്ഥാന്റെ ജയം മൂന്ന് റൺസിന്; സന്ദീപ് ശർമയുടെ 'തിരിച്ചുവരവ്'

സ്പോർട്സ് ഡെസ്ക്

ചെന്നൈ: ഐപിഎല്ലിൽ അവസാന ഓവർ വരെ ആവേശം നിറഞ്ഞുനിന്ന ത്രില്ലർ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ മൂന്ന് റൺസിന് കീഴടക്കി രാജസ്ഥാൻ റോയൽസ് പോയിന്റ് പട്ടികയിൽ ഒന്നാമത്. ചെന്നൈ സൂപ്പർ കിങ്‌സ് നായകനായുള്ള മഹേന്ദ്രസിങ് ധോണിയുടെ 200ാം മത്സരത്തിൽ ജഡേജയ്ക്ക് ഒപ്പം അവസാന പന്ത് വരെ പൊരുതിയെങ്കിലും തലയ്ക്ക് ടീമിന്റെ ജയം ഉറപ്പിക്കാനായില്ല.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 175 റൺസ്. മറുപടി ബാറ്റിങ്ങിൽ നിശ്ചിത 20 ഓവറിൽ ചെന്നൈയ്ക്ക് നേടാനായത് ആറു വിക്കറ്റ് നഷ്ടത്തിൽ 172 റൺസ്. വിജയത്തോടെ രാജസ്ഥാൻ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം ലക്‌നൗ സൂപ്പർ ജയന്റ്‌സിൽനിന്ന് തിരിച്ചുപിടിച്ചു. നാലു മത്സരങ്ങളിൽനിന്ന് ആറു പോയിന്റാണ് രാജസ്ഥാന്റെ സമ്പാദ്യം. സീസണിലെ രണ്ടാം തോൽവി വഴങ്ങിയ ചെന്നൈ അഞ്ചാം സ്ഥാനത്തു തുടരുന്നു.

അവസാന രണ്ട് ഓവറിൽ ചെന്നൈയ്ക്ക് വിജയത്തിലേക്ക് വേണ്ടിയിരുന്നത് 40 റൺസാണ്. ജെയ്‌സൻ ഹോൾഡർ എറിഞ്ഞ 19ാം ഓവറിൽ ധോണിയും ജഡേജയും ചേർന്ന് അടിച്ചെടുത്തത് 19 റൺസ്. ഇതിൽ രണ്ടു സിക്‌സും ഒരു ഫോറും ഉൾപ്പെടുന്നു. സന്ദീപ് ശർമ എറിഞ്ഞ അവസാന ഓവറിൽ ചെന്നൈയ്ക്ക് വിജയത്തിലേക്ക് വേണ്ടിയിരുന്നത് 21 റൺസ്. രണ്ടു വൈഡുമായി തുടക്കമിട്ട സന്ദീപ് ശർമയ്‌ക്കെതിരെ ധോണി ഇരട്ട സിക്‌സർ നേടിയെങ്കിലും അവസാന പന്തിൽ വിജയത്തിലേക്കു വേണ്ടിയിരുന്ന അഞ്ച് റൺസ് നേടാനായില്ല. ചെന്നൈയ്ക്ക് മൂന്നു റൺസ് തോൽവി.

പിരിയാത്ത ഏഴാം വിക്കറ്റിൽ ധോണി ജഡേജ സഖ്യം അടിച്ചുകൂട്ടിയത് 59 റൺസാണ്. അതും വെറും 30 പന്തിൽനിന്ന്. അതിൽത്തന്നെ അവസാന 12 പന്തിൽനിന്ന് അടിച്ചെടുത്തത് 38 റൺസ്. ധോണി 17 പന്തിൽ ഒരു ഫോറും മൂന്നു സിക്‌സും സഹിതം 32 റൺസോടെയും ജഡേജ 15 പന്തിൽ ഒരു ഫോറും രണ്ടു സിക്‌സും സഹിതം 25 റൺസോടെയും പുറത്താകാതെ നിന്നു.

രാജസ്ഥാൻ ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്ക് തുടക്കത്തിലെ തിരിച്ചടിയേറ്റു. 10 പന്തിൽ എട്ട് റൺസുമായി റുതുരാജ് ഗെയ്ക്ൾവാദ് മടങ്ങി. സന്ദീപ് ശർമയ്ക്കായിരുന്നു വിക്കറ്റ്. പിന്നാലെ മുംബൈ ഇന്ത്യൻസിനെ ഞെടിച്ച വീര്യവുമായി എത്തിയ അജിൻക്യ രഹാനെയും ഡെവോൺ കോൺവെയും ഒന്നിച്ചതോടെ റോയൽസിനെ പോലെ തന്നെ രണ്ടാം വിക്കറ്റിൽ ചെന്നൈയും കൂട്ടുക്കെട്ടുണ്ടാക്കി. ആറ് ഓവർ പവർ പ്ലേയിൽ സ്പിന്നർമാരെ അടക്കം അഞ്ച് ബൗളർമാരെ ഉപയോഗിച്ചാണ് രാജസ്ഥാൻ ട്രെൻഡ് ബോൾട്ടിന്റെ അഭാവം ബാധിക്കാതെ നോക്കിയത്.

ഓവറിൽ ഒരു ബൗണ്ടറിയെങ്കിലും നേടാൻ ശ്രമിച്ച് കൊണ്ട് രഹാനെയും കോൺവെയും പരസ്പരം കൃത്യമായ ധാരണയോടെയാണ് കളിച്ചത്. പക്ഷേ, ജഡേജയെ ധോണി ഉപയോ?ഗിച്ച അതേ തന്ത്രം സഞ്ജവും പ്രയോഗിച്ചാണ് രഹാനെയും ചെറുത്തുനിൽപ്പ് അവസാനിച്ചു. 19 പന്തിൽ 31 റൺസാണ് രഹാനെ ഇതിനകം പേരിൽ ചേർത്തിരുന്നത്. തന്റെ അടുത്ത ഓവറിൽ ശിവം ദുബൈയെയും അശ്വിൻ തന്നെ വിക്കറ്റിന് മുന്നിൽ കുടുക്കി.

അടുത്തതായി വന്ന മോയിൻ അലിയെ ആദം സാംപ സന്ദീപ് ശർമയുടെ കൈകളിൽ എത്തിച്ചതോടെ മത്സരത്തിൽ നേരിയ ആധിപത്യം രാജസ്ഥാനായി. അപ്പോഴും ഒരറ്റത്ത് കോൺവെ പിടിച്ച് നിന്നിരുന്നു. അടുത്ത ഊഴം ഇംപാക്ട് പ്ലെയറായി വന്ന അമ്പാട്ടി റായിഡുവിന്റേതായിരുന്നു. ചഹാലിനെ അതിർത്തിക്കപ്പുറം കടത്താനുള്ള റായിഡുവിന്റെ പരിശ്രമം ഹെറ്റ്‌മെയറിന്റെ കൈകളിൽ ഒതുങ്ങി. രാജസ്ഥാൻ ബാറ്റിങ് സംഭവിച്ച അതേ അവസ്ഥയിലൂടയായിരുന്നു ചെന്നൈയുടെയും പോക്ക്. അർധ സെഞ്ചുറി കുറിച്ചതിന് പിന്നാലെ ചഹാലിന് വിക്കറ്റ് നൽകി കോൺവെ മടങ്ങി.

തുടർന്ന് ചെന്നൈയുടെ നായകനായി 200-ാം മത്സരം കളിക്കുന്ന ധോണിയെ ആരവത്തോടെയാണ് ചെപ്പോക്ക് വരവേറ്റത്. ധോണി - ജഡേജ എന്ന ചെന്നൈയുടെ സൂപ്പർ സഖ്യം ഒത്തുചേർന്നതോടെ ചെന്നൈ ആഘോഷം തുടങ്ങി. ആദ്യം ഒന്ന് പതറിയെങ്കിലും ആദം സാംപയെ ഫോറടിച്ച് 17-ാം ഓവറിന് ധോണി തുടക്കമിട്ടു. അതേ ഓവറിൽ ഒരു സിക്‌സ് കൂടി പായിച്ച് ധോണി ചെപ്പോക്കിനെ ഹരം കൊള്ളിച്ചു. അവസാന രണ്ട് ഓവറിൽ 40 റൺസ് വേണമെന്ന നിലയിലായിരുന്നു ചെന്നൈ. ?
ഹോൾഡറിനെതിരെ ഒരു ഫോറും രണ്ട് സിക്‌സും നേടി കിം?ഗ്‌സിന്റെ പ്രതീക്ഷയേറ്റി. അവസാന ഓവറിൽ ഇതോടെ വിജയലക്ഷ്യം 21 റൺസായി. അവസാന ഓവറിൽ എം എസ് ധോണിയുടെ ഷോയ്ക്ക് മുന്നിൽ സന്ദീപ് ശർമയ്ക്ക് ആദ്യം മറുപടികൾ ഉണ്ടായിരുന്നില്ല. വൈഡുകളും രണ്ട് സിക്‌സും വന്നപ്പോൾ ചെന്നൈ വിജയം നേടുമെന്ന് കരുതി. പക്ഷേ, ആത്മവിശ്വാസം വീണ്ടെടുത്ത സന്ദീപിന്റെ യോർക്കറുകൾ സൂപ്പർ കിം?ഗ്‌സിന്റെ സൂപ്പർ വിജയത്തെ തടഞ്ഞു.

ചെന്നൈ ഇന്നിങ്‌സിൽ അജിൻക്യ രഹാനെയെ പുറത്താക്കിയ അശ്വിൻ, ഐപിഎലിൽ ഏറ്റവും കൂടുതൽ തവണ രഹാനെയെ പുറത്താക്കുന്ന രണ്ടാമത്തെ ബോളറായി. ആറു തവണ പുറത്താക്കിയ ഭുവനേശ്വർ കുമാറാണ് ഒന്നാമൻ. അശ്വിൻ ഏറ്റവും കൂടുതൽ തവണ പുറത്താക്കുന്ന രണ്ടാമത്തെ താരമാണ് രഹാനെ. ക്രിസ് ഗെയ്‌ലിനെയും അശ്വിൻ അഞ്ച് തവണ പുറത്താക്കിയിട്ടുണ്ട്. ഏഴു തവണ പുറത്താക്കിയ റോബിൻ ഉത്തപ്പയാണ് അശ്വിന്റെ 'ഇരകളിൽ' ഒന്നാമൻ. പൊള്ളാർഡ്, അമ്പാട്ടി റായുഡു, പാർഥിവ് പട്ടേൽ, ക്വിന്റൻ ഡികോക്ക് എന്നിവരെ അശ്വിൻ നാലു തവണ വീതം പുറത്താക്കി.

രാജസ്ഥാനായി രവിചന്ദ്രൻ അശ്വിൻ നാല് ഓവറിൽ 25 റൺസ് വഴങ്ങിയും യുസ്വേന്ദ്ര ചെഹൽ നാല് ഓവറിൽ 27 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി. സന്ദീപ് ശർമ മൂന്ന് ഓവറിൽ 30 റൺസ് വഴങ്ങിയും ആദം സാംപ നാല് ഓവറിൽ 43 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് സ്വന്തമാക്കി.

മലയാളി താരം സഞ്ജു സാംസൺ ഒരിക്കൽക്കൂടി സം'പൂജ്യ'നായി പുറത്തായ മത്സരത്തിൽ, ചെന്നൈ സൂപ്പർ കിങ്‌സിനു മുന്നിൽ 176 റൺസ് വിജയലക്ഷ്യമുയർത്തി രാജസ്ഥാൻ റോയൽസ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ, നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 175 റൺസെടുത്തത്. അർധസെഞ്ചറി നേടിയ ജോസ് ബട്ലറാണ് ഒരിക്കൽക്കൂടി രാജസ്ഥാന്റെ രക്ഷകനായത്. 36 പന്തുകൾ നേരിട്ട ബട്‌ലർ ഒരു ഫോറും മൂന്നു സിക്‌സും സഹിതം 52 റൺസെടുത്ത് പുറത്തായി. ബാറ്റിങ് ഓർഡറിൽ സ്ഥാനക്കയറ്റം ലഭിച്ച ദേവ്ദത്ത് പടിക്കൽ (26 പന്തിൽ 38), രവിചന്ദ്രൻ അശ്വിൻ (22 പന്തിൽ 30) എന്നിവരും രാജസ്ഥാനായി തിളങ്ങി. ഷിമ്രോൺ ഹെറ്റ്‌മെയർ 18 പന്തിൽ രണ്ടു വീതം സിക്‌സും ഫോറും സഹിതം 30 റൺസുമായി പുറത്താകാതെ നിന്നു.

രണ്ടാം വിക്കറ്റിൽ ജോസ് ബട്‌ലറും ദേവ്ദത്ത് പടിക്കലും ചേർന്ന് പടുത്തുയർത്തിയ അർധസെഞ്ചറി കൂട്ടുകെട്ടാണ് രാജസ്ഥാൻ ഇന്നിങ്‌സിന്റെ നട്ടെല്ല്. 41 പന്തിൽ ഇരുവരും കൂട്ടിച്ചേർത്തത് 77 റൺസാണ്. സീസണിലെ മൂന്നാം അർധസെഞ്ചറി കുറിച്ച ബട്‌ലർ, ഐപിഎലിൽ 3000 റൺസ് എന്ന നേട്ടവും പിന്നിട്ടു. കളിച്ച ഇന്നിങ്‌സുകൾ കണക്കാക്കിയാൽ ഏറ്റവും വേഗത്തിൽ ഈ നാഴികക്കല്ല് പിന്നിടുന്ന മൂന്നാമത്തെ താരമാണ് ബട്‌ലർ. ക്രിസ് ഗെയ്ൽ (75), കെ.എൽ.രാഹുൽ (80) എന്നിവർ മാത്രം മുന്നിൽ. പിന്നിലാക്കിയത് ഡേവിഡ് വാർണർ, ഫാഫ് ഡുപ്ലേസി എന്നിവരെ. ഇരുവരും 94ാം ഇന്നിങ്‌സിലാണ് 3000 റൺസ് തികച്ചത്.

മാത്രമല്ല, ഇതുവരെ ഐപിഎലിൽ 3000 റൺസ് പിന്നിട്ട 21 താരങ്ങളിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്‌ട്രൈക്ക് റേറ്റും ബട്‌ലറിന്റെ പേരിലാണ്. 151.08 സ്‌ട്രൈക്ക് റേറ്റുള്ള ബട്‌ലറിനു മുന്നിലുള്ളത് 151.68 സ്‌ട്രൈക്ക് റേറ്റുള്ള എ.ബി.ഡിവില്ലിയേഴ്‌സ് മാത്രം.

രാജസ്ഥാൻ നായകൻ കൂടിയായ മലയാളി താരം സഞ്ജു സാംസൺ തുടർച്ചയായ രണ്ടാം മത്സരത്തിലും ഡക്കായി. നേരിട്ട രണ്ടാം പന്തിൽ രവീന്ദ്ര ജഡേജയാണ് സഞ്ജുവിനെ വീഴ്‌ത്തിയത്. ഇതോടെ, ഐപിഎലിൽ രാജസ്ഥാൻ റോയൽസിനായി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ പൂജ്യത്തിന് പുറത്താകുന്ന താരമെന്ന നാണക്കേട് സഞ്ജുവിന്റെ പേരിലായി. എട്ടാം തവണയാണ് രാജസ്ഥാൻ ജഴ്‌സിയിൽ സഞ്ജു പൂജ്യത്തിന് പുറത്താകുന്നത്. ഏഴു തവണ വീതം പൂജ്യത്തിന് പുറത്തായ ഷെയ്ൻ വോൺ, സ്റ്റുവാർട്ട് ബിന്നി എന്നിവർ പിന്നിലായി. അജിൻക്യ രഹാനെ അഞ്ച് തവണ രാജസ്ഥാൻ ജഴ്‌സിയിൽ പൂജ്യത്തിന് പുറത്തായിട്ടുണ്ട്.

ആദ്യ ഓവറിൽ ഇരട്ട ഫോറുകളുമായി മികച്ച തുടക്കമിട്ട ഓപ്പണർ യശസ്വി ജയ്‌സ്വാൾ, അടുത്ത ഓവറിൽ പുറത്തായത് രാജസ്ഥാന് നിരാശയായി. എട്ടു പന്തിൽ രണ്ടു ഫോറുകൾ സഹിതം 10 റൺസെടുത്താണ് ജയ്‌സ്വാൾ മടങ്ങിയത്. ധ്രുവ് ജുറൽ ആറു പന്തിൽ നാലു റൺസെട്ത്ത് 19ാം ഓവറിലെ അവസാന പന്തിൽ പുറത്തായി. ജെയ്‌സൻ ഹോൾഡർ അവസാന ഓവറിൽ ഗോൾഡൻ ഡക്കായപ്പോൾ, ആദം സാംപ ഇന്നിങ്‌സിലെ അവസാന പന്തിൽ ഒരു റണ്ണുമായി റണ്ണൗട്ടായി. ചെന്നൈയ്ക്കായി നാല് ഓവറിൽ 21 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയുടെ പ്രകടനം ശ്രദ്ധേയമായി. ആകാശ് സിങ്ങും രണ്ടു വിക്കറ്റെടുത്തെങ്കിലും നാല് ഓവറിൽ 40 റൺസ് വഴങ്ങി. തുഷാർ ദേശ്പാണ്ഡെ നാല് ഓവറിൽ 37 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീഴ്‌ത്തി. മൊയീൻ അലി രണ്ട് ഓവറിൽ 21 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP